ഇനി എ.ഐയുടെ കാലം

ഇനി എ.ഐയുടെ കാലം

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി എന്ന് നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നാളേറെ ആയിട്ടില്ല. എ.ഐ എന്ന ചുരുക്കപ്പേരില്‍ ഇത് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ചയുമാണ്. വെറുമൊരു സാങ്കേതിക പദത്തില്‍ നിന്ന് നിത്യ ജീവിതത്തില്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വാക്കായി എ.ഐ മാറിയിരിക്കുന്നു. എ.ഐ എന്നത് അത്ഭുതമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ എ.ഐ ക്രിയേഷന്‍ വഴി ഉണ്ടാക്കിയ ചലനങ്ങള്‍ വളരെ വലുതാണ്. അത് ഈ രംഗത്തിന്‍റെ പ്രചാരം വര്‍ദ്ധിപ്പിച്ചു. അന്തരിച്ച മാര്‍പാപ്പ സ്വര്‍ഗത്തില്‍ എത്തി മുന്‍പ് മരണപ്പെട്ട പ്രമുഖരുമായി സംവദിക്കുന്ന ചിത്രീകരണം സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. മരണപ്പെട്ടുപോയ പലരും വര്‍ത്തമാനകലത്തെ വിഷയങ്ങള്‍ സംസാരിക്കുന്നതും ഗ്രൂപ്പ് ഫോട്ടോകളില്‍ വന്നു നില്‍ക്കുന്നതുമായിട്ടുള്ള എത്രയോ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നമുക്ക് കാണുവാന്‍ സാധിച്ചത്. ഇതൊക്കെ എ.ഐയുടെ പ്രചാരം വര്‍ദ്ധിപ്പക്കുകയാണ് ഉണ്ടാക്കിയത്.

മനുഷ്യസഹജമായ പല കാര്യങ്ങളും ചെയ്യുവാന്‍ സാധിക്കുന്ന പ്രോഗ്രാമുകളാണ് എ.ഐയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. മനുഷ്യ ബുദ്ധി കമ്പ്യൂട്ടര്‍ എങ്ങനെ ഏറ്റെടുക്കും എന്നത് ശാസ്ത്ര ലോകത്തിന് വലിയ വെല്ലുവിളിയായിരുന്നു. ഇത് ഒരു തരത്തില്‍ സ്വീകാര്യമാണെങ്കിലും, മറ്റൊരു തരത്തില്‍ ആശങ്ക ഉളവാക്കുന്ന കാര്യമാണ് എന്നുള്ള കാര്യം സംശയമില്ല. 

സാങ്കേതിക വിദ്യയുടെ വളര്‍ച്ച ലോകത്തിന്‍റെ വളര്‍ച്ച കൂടിയാണ്. സാങ്കേതികവിദ്യ വളരുംതോറും ലോക നിലവാരം വളരുകയാണ്. അതിന്‍റെ വേഗത കൂടുകയാണ്. ടെലിഫോണ്‍ എന്ന മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളുടെ വലിയ രൂപമാണല്ലോ എല്ലാവരുടെ ക്കൈകളിലും കാണുന്ന മൊബൈല്‍ ഫോണുകള്‍. മാധ്യമങ്ങളില്‍ ഉണ്ടായ മാറ്റങ്ങളുടെ ഏറ്റവും വലിയ വിപ്ലവം ആണല്ലോ നാം ഇപ്പോള്‍ കാണുന്ന മാധ്യമ ലോകം. വാര്‍ത്തകള്‍ അതിവേഗം നിങ്ങളുടെ മൈാബൈലില്‍ എത്തുന്നു. വാര്‍ത്തകളുടെ ദ്യശ്യങ്ങള്‍ എത്തുന്നു. അച്ചടിയില്‍ മാത്രം ഒതുങ്ങിയിരുന്ന മാധ്യമം ഇപ്പോള്‍ ടെലിവിഷനും ഇന്‍റര്‍നെറ്റിലും കൂടെ വികസിച്ച് വലിയ മേഖലകളില്‍ എത്തിയിരിക്കുന്നു എന്ന് ചുരുക്കം. വാര്‍ത്തകള്‍ പരക്കുന്നത് ശരവേഗതയില്‍ ആയിരിക്കുന്നു. ചിത്രങ്ങള്‍ കാണുന്നത് തത്സമയമായിരിക്കുന്നു.

1950 ല്‍ ഗണിത ശാസ്ത്രജ്ഞനായ അലന്‍ ട്യൂറിംഗ് കമ്പ്യൂട്ടിംഗ് മിഷനറി ആന്‍ഡ് ഇന്‍റലിജന്‍സ് എന്ന പേരില്‍ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതോടെയാണ് എ.ഐ എന്ന ആശയരൂപം കൂടുതല്‍ ശക്തി പ്രാപിച്ചത്. 1956 ജോണ്‍ മക്കാര്‍ത്തിയാണ് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന പദം ഉപയോഗിച്ചത്. തുടര്‍ന്ന് അങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ എഐ എന്ന ആശയത്തിന് കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളും വികാസവും ഉണ്ടായി എന്നുള്ളത് ശാസ്ത്ര സത്യമാണ്. സ്പീച്ചിങ്ങ് റക്കഗ്നേഷന്‍, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, പ്രൊഡക്റ്റീവ് അനലിറ്റിക്സ് എന്നിവയെ ഉള്‍പ്പെടെ പലവിധത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

കമ്പ്യൂട്ടര്‍ എന്നുപറഞ്ഞാല്‍ കുറച്ചധികം നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രവര്‍ത്തിപ്പിക്കുന്ന ഒരു യന്ത്രം മാത്രമാണ്. കുറച്ചുനാള്‍ മുമ്പ് വരെയുള്ള കമ്പ്യൂട്ടറുകള്‍ അത് നിര്‍മ്മിക്കുന്ന സമയത്ത് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപോലെ അത് പ്രവര്‍ത്തിപ്പിക്കുന്നവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുമായിരുന്നു. കമ്പ്യൂട്ടറുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നുള്ള നിര്‍ദ്ദേശങ്ങളും അറിവും മനുഷ്യനില്‍ നിക്ഷിപ്തമായിരുന്നു. മനുഷ്യന്‍റെ ചിന്തകളെ അനുകരിക്കാന്‍ കഴിവുള്ള ബുദ്ധിപരമായ യന്ത്രങ്ങളും സംവിധാനങ്ങളും സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പ്യൂട്ടര്‍ ശാസ്ത്രത്തിന്‍റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അല്ലെങ്കില്‍ എ.ഐ. എ.ഐയുടെ ലളിതമായ വിവരണമാണ് ഇത്.

മാസ് ജനറല്‍ ബ്രിഗാമിലെ ഗവേഷകര്‍ 'ഫേസ് ഏജ്' എന്ന ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നു. ഒരു വ്യക്തിയുടെ പ്രായം കണക്കാക്കുന്നതിലൂടെ രോഗിയുടെ ആരോഗ്യത്തെക്കുറിച്ചും കാന്‍സര്‍ അതിജീവന സാധ്യതയെക്കുറിച്ചുമുള്ള വിലപ്പെട്ട വിവരങ്ങളാണ് ഇത് നല്‍കുന്നത്. 'ഫേസ് ഏജ്' എന്ന എ.ഐ ഉപകരണം കാന്‍സര്‍ കണ്ടെത്താന്‍ സഹായിക്കും. 6000 ത്തിലധികം കാന്‍സര്‍ രോഗികളെ ഉള്‍പ്പെടുത്തിയാണ് പഠനം നടന്നത്. കാന്‍സറിനെതിരായ പോരാട്ടത്തില്‍ കൃത്രിമ ബുദ്ധി മുന്‍പത്തേക്കളും വേഗത്തില്‍ മുന്നേറുകയാണ്. ഒരു ഫോട്ടോയിലൂടെ നിങ്ങളുടെ മുഖം വിശകലനം ചെയ്യുന്നതിലൂടെ എ.ഐയ്ക്ക് നിങ്ങളുടെ ജൈവിക പ്രായം ഊഹിച്ചെടുക്കാനും ആരോഗ്യ സംബന്ധമായ കാര്യങ്ങളുമായി സംയോജിപ്പിക്കുന്നത് രോഗീ പരിചരണത്തില്‍ വന്‍ വിപ്ലവം സൃഷ്ടിക്കും. ഫേസ് ഏജ് പോലെയുള്ള ഉപകരണങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ചികിത്സാ പദ്ധതികള്‍ മികച്ച രീതിയില്‍ ക്രമീകരിക്കാനും ഗുരുതരാവസ്ഥയിലുള്ള രോഗികളെ തിരിച്ചറിയാനും രോഗനിര്‍ണയത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും തീരുമാനങ്ങള്‍ വേഗത്തിലെടുക്കാനും സഹായിക്കും.

ഡ്രൈവറില്ലാതെ സ്വയം ഓടുന്ന കാറുകളുടെ ആവിര്‍ഭാവം ഗതാഗത രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനങ്ങളിലൊന്നാണ്. ഇത് വിദേശ രാജ്യങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ചു തുടങ്ങി. ടെസ്ല, യൂബര്‍, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ റോഡുകള്‍ നാവിഗേറ്റ് ചെയ്യുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതില്‍ വന്‍ നിക്ഷേപം നടത്തുന്നുണ്ട്. ഒളരെ താമസിയാതെ ഇത് ഇന്ത്യയിലേയ്ക്കും എത്തും.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവോടെ സമൂഹത്തില്‍ വലിയ ആശങ്ക ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍റെ ആശങ്കകളിലൊന്ന് ജോലികളിലും തൊഴില്‍ ശക്തിയിലും ഉണ്ടാകാനിടയുള്ള എ.ഐയുടെ സ്വാധീനമാണ്. വര്‍ദ്ധിച്ച ഓട്ടോമേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയും മുമ്പ് മനുഷ്യര്‍ നിര്‍വഹിച്ച ജോലികള്‍ ഏറ്റെടുക്കുന്നതോടെ, ഇത് വ്യാപകമായ തൊഴില്‍ നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്ന ഭയമുണ്ട്. ഇത് കാര്യമായ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 

രാജ്യത്ത് അനിമേഷന്‍ വ്യവസായത്തിന് വലിയ മാറ്റം സംഭവിച്ചിരിക്കുന്ന ഒരു സമയമാണ് ഇപ്പോള്‍. കുറച്ചുനാളുകളായി എ.ഐയുടെ വരവോടുകൂടി ആശങ്കകള്‍ ഉണ്ടായ മേഖലയാണ് അനിമേഷന്‍ രംഗം. പതിനായിരക്കണക്കിന് മലയാളികളായ ചിത്രകാരന്മാരാണ് അനിമേഷന്‍ രംഗത്ത് വലിയ പ്രതിഫലം ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍ ഈ രംഗത്തേക്ക് എത്തപ്പെട്ടത്. എ.ഐയേുടെ വരവോടെ ചിത്രകാരന്‍മാര്‍ക്കല്ലാത്തവര്‍ക്കും അനിമേറ്ററാകാം. ഈ രംഗമാണ് ഇപ്പോള്‍ പ്രവര്‍ത്താക്കുന്നവര്‍ എ.ഐ. ഉപയോഗിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. എ.ഐയുടെ വരവോടെ അനിമേഷന്‍ രംഗം വേഗതയിലായി എന്ന് ടൂണ്‍സ് അനിമേഷന്‍ വൈസ് ചെയര്‍മാന്‍ വിനോദ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. 

എ.ഐ തൊഴില്‍ നഷ്ടപ്പെടുത്തും എന്നുള്ള ആശങ്കകള്‍ക്ക് ഒരു യാഥാര്‍ത്ഥ്യവുമില്ല എന്നുള്ളതാണ് വിദഗ്ധരായ പലരും പറയുന്നത്. വരുന്ന കാലങ്ങളില്‍ എല്ലാ രംഗത്തും എ.ഐ ആധിപത്യം സ്ഥാപിക്കും എന്നുള്ളതും, അതിനോടൊപ്പം നീങ്ങുക എന്നുള്ള ദൗത്യം എല്ലാവരും ഏറ്റെടുക്കേണ്ടി ഇരിക്കുന്നു എന്നുള്ളതുമാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. 

ഒരു വ്യക്തിയുടെ കാരിക്കേച്ചര്‍ നിര്‍മ്മിക്കുന്നതിന് എ.ഐയ്ക്ക് ഇപ്പോള്‍ സാധിക്കും. പോട്രേറ്റ് ചെയ്യാന്‍ എ.ഐയക്ക് സാധിക്കും. ചിത്രകഥകള്‍ ചെയ്യാന്‍ എ.ഐയ്ക്ക് ഇപ്പോള്‍ സാധിക്കും.. ഇത്   കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ രംഗത്തുള്ളവരെ ആശങ്കപ്പെടുത്തുന്നുണ്ട്. പുസ്തകങ്ങളുടെ മുഖചിത്രം ഇപ്പോള്‍ കൂടുതലായും എ.ഐ. ചിത്രങ്ങളായി വന്നിരിക്കുന്നു എന്നുള്ളത് ചിത്രകാരന്മാരെയും ആശങ്കപ്പെടുത്തുന്നുണ്ട്. പത്രങ്ങളുടെ ഡിസൈനുകളും മറ്റും ഇപ്പോള്‍ എ.ഐ.സഹായത്താലായി വരുന്നു. 

എ.ഐയുടെ കടന്നുവരവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഏതു മേഖലയിലായാലും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സഹായകമായ സാഹചര്യമാണ് എ.ഐ. മുഖേന ഉണ്ടാകുന്നത്. ഓരോ രംഗത്തുള്ളവര്‍ക്കും അവരുടെ കഴിവ് കുറേകൂടി മികവുള്ളതാക്കി മാറ്റുവാന്‍ സാധിക്കൂ എന്നുള്ളതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.  ഓരോ മേഖലയിലുള്ളവരും ചെയ്യുന്ന പ്രവര്‍ത്തി വേഗതയും കൃത്യതയും ആക്കുന്നു. അതുകൊണ്ടുതന്നെ എ.ഐയുടെ ഒപ്പം സഞ്ചരിക്കുക തന്നെയാണ് വേണ്ടതെന്ന് എ.ഐ. രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉപദേശിക്കുന്നു.

എ.ഐയുടെ വരവോടെ എല്ലാ കാര്യങ്ങളിലും വേഗത കൂടുന്നു എന്നുള്ളത് മാത്രമാണ്  മാറ്റമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈദ്യരംഗത്തായാലും കലാരംഗത്തായാലും എ.ഐയുടെ വരവോടെ വേഗത വര്‍ധിച്ചിരിക്കുന്നു എന്നത് സമൂഹം അംഗീകരിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ മൊബൈല്‍ സ്വീകരിച്ചതും, വീഡിയോകളും ചിത്രങ്ങളും എടുത്ത് തുടങ്ങിയത് എത്ര വേഗത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ റീലുകള്‍ ഇട്ടു തുടങ്ങിയത് എത്ര വേഗതയിലാണ്. പണമിടപാുകെള്‍ ഡിജിറ്റലാക്കിയത് എത്ര വേഗതയിലാണ്. അതേ വേഗതയില്‍ തന്നെ സമൂഹം എ.ഐയും ഉപയോഗിച്ചു തുടങ്ങണം. 

ദൈനംദിന ജീവിതത്തില്‍ എ.ഐ കൊണ്ടുവരേണ്ട സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇനിയുള്ള കാലം എ.ഐയുടേതാണെന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാവണം. വിദ്യാഭ്യാസ രംഗത്തും, ബിസിനസ് രംഗത്തും എന്നുവേണ്ട എല്ലാ മേഖലകളിലും എ.ഐയുടെ സേവനം ഉപയോഗിച്ചു തുടങ്ങുകയും ഒപ്പം നിര്‍ത്തുകയും ചെയ്യേണ്ടത് വര്‍ത്തമാന കാലത്തിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ഇനിയുള്ള കാലം എ.ഐയുടേതാണ് എന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാവണം.