പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ഏപ്രില്‍ 30
എന്‍ അശോകന്‍റെ മാധ്യമ ലോകം
എന്‍ അശോകന്‍ എന്നാല്‍ എന്‍റെ അശോകന്‍ എന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ പേര് തന്നെ വിളംബരം ചെയ്യുന്നതെന്നാണ് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഡല്‍ഹിയില്‍ പറഞ്ഞത്. എല്ലാവരേയും ഒരുപോലെ കാണുവാനും, എല്ലാവരോടും വിനയത്തോടെ സംസാരിക്കുവാനും അശോകന് സാധിക്കുന്നു. സ്വന്തം രാഷ്ട്രീയ വിശ്വാസത്തെ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ മാറ്റിവെച്ച് നിഷ്പക്ഷമായ എഴുത്ത് അശോകനെ വേറിട്ടു നിര്‍ത്തുന്നു. ഡല്‍ഹിയില്‍ 80 വയസ്സ് പൂര്‍ത്തിയാക്കുന്ന വേളയും മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായതിന്‍റെ 50 വര്‍ഷവും ആഘോഷിക്കുന്ന അദ്ദേഹത്തെ ആദരിക്കുന്നതിനായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം ഒരുക്കിയ സമ്മേളനത്തിലാണ് എം.എ. ബേബി ഇങ്ങനെ പറഞ്ഞത്. മലയാള മാധ്യമ ചരിത്രത്തില്‍ എന്‍ അശോകന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ വേറിട്ട് നില്‍ക്കുന്നത് തന്‍റെ മാധ്യമപ്രവര്‍ത്തനം മാതൃഭൂമി എന്ന പ്രസിദ്ധീകരണ സ്ഥാപനത്തോടൊപ്പം മാത്രം പൂര്‍ണ്ണമായും സമര്‍പ്പിച്ചു എന്നതിലാണ്. മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തകന്‍ എന്നുള്ള നിലയില്‍ 50 വര്‍ഷവും, ഏഴുവര്‍ഷത്തോളം മാതൃഭൂമിയില്‍ തന്നെ ലൈനര്‍ ആയി പ്രവര്‍ത്തിച്ച ചരിത്രമാണ് എന്‍. അശോകനുള്ളത്. ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ കേരളത്തിന്‍റെ ഡല്‍ഹിയുടെ പ്രത്യേക പ്രതിനിധിയും സ്വാഗതസംഘം ചെയര്‍മാനുമായ പ്രെഫ കെ വി തോമസായിരുന്നു അദ്ധ്യക്ഷന്‍. ദേശിയ വാര്‍ത്തകള്‍ മലയാളികള്‍ മാതൃഭൂമി പത്രത്തിലൂടെ അശോകന്‍ 50 വര്‍ഷം തുടര്‍ച്ചയായി അറിയിച്ചു എന്നത് ചെറിയ കാര്യമല്ല. രാഷ്ട്രീയത്തില്‍ പോലും അത്രകാലം തുടരുക പ്രയാസമാണ്. മാധ്യമ രംഗത്ത് ഇത്രകാലം പ്രവര്‍ത്തിച്ച എന്‍ അശോകന് ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടാകും. പ്രായം ഇത്ര ആയ സ്ഥിതിക്ക് എല്ലാം തുറന്നെഴുതേണ്ട സമയമാണ്. ഇത്രയും കാലത്തെ ഓര്‍മകളും അനുഭവങ്ങളും ഉള്‍പ്പെടുത്തി ഒരു പുസ്തകം രചിക്കണമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ശശി തരൂര്‍ അഭിപ്രായപ്പെട്ടു. അല്‍ഫോണ്‍സ് കണ്ണന്താനം, ആനി രാജ, ഇന്ത്യന്‍ എക്സ്പ്രസ് മാനേജിങ് എഡിറ്റര്‍ ഉണ്ണി രാജന്‍ ശങ്കര്‍, സുധീര്‍ നാഥ്, ഡോ ധനസുമോദ്, അനൂപ് ദാസ് എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ മുപ്പതാം തീയതി കേരള മീഡിയ അക്കാദമിയാണ് എന്‍ അശോകനെ ആദരിക്കുന്ന ചടങ്ങ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. എന്‍. അശോകന്‍റെ മാധ്യമ ലോകം എന്ന പേരിലായിരുന്നു ചടങ്ങ് നടന്നത്. അശോകന്‍റെ മാധ്യമ ലോകത്തെ സംഭാവനകളെ വിലയിരുത്തി നടന്ന സെമിനാര്‍ ഏറെ ശ്രദ്ധേയമായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ സഹകരണത്തില്‍ നടത്തിയ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ മുഖ്യാതിഥിയായി എത്തി. മുതിര്‍ന്ന മലയാള മാധ്യമ പ്രവര്‍ത്തകരുടെ സംഗമവേദിയായി തിരുവനന്തപുരത്തെ ചടങ്ങ് മാറി.
പവിത്രന്‍ കൊയിലാണ്ടി
ഡല്‍ഹി മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ ഒരു സാധാരണക്കാരന്‍ ഉണ്ട്. അതാണ് പവിത്രന്‍ കൊയിലാണ്ടി. ഡല്‍ഹി പോലീസിലെ സബ് ഇന്‍സ്പെക്ടറാണ് അദ്ദേഹം. അദ്ദേഹം ഡല്‍ഹി പോലീസിലെ ഉദ്യോഗ കാലാവധി പൂര്‍ത്തിയാക്കി സ്വന്തം നാട്ടിലേക്ക് പോകുകയാണ്. പവിത്രന്‍ കൊയിലാണ്ടിക്ക് ഡല്‍ഹിയിലെ ഒരു ഡസനിലേറെ മലയാളി സംഘടനകള്‍ യാത്രയയപ്പ് ചടങ്ങ് നത്തെി കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ജനസമിതി വിളിച്ചോതുന്ന ഒന്നാണ് ഡല്‍ഹിയില്‍ നടക്കുന്ന യാത്രയയപ്പ് പരിപാടികള്‍. ഡല്‍ഹിയില്‍ നടക്കുട്ട ഒട്ടുമിക്ക സാംസ്കാരിക പരിപാടികളിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഉണ്ടാകും. മലയാളി കൂട്ടായ്മയിലെല്ലാം അദ്ദേഹം സജ്ജീവമായി ഉണ്ടാകും. സാമൂഹ്യ സേവന കൂട്ടായ്മയില്‍ അദ്ദേഹം ഉണ്ട്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും പവിത്രന്‍ സഹായി ആണ്. വിശേഷിച്ച് പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. ഡല്‍ഹി പോലീസിലെ മലയാളികളുടെ സഹായ ഹസ്തമാണ് റിട്ടയറാകുന്നതും, ഡല്‍ഹി വിടുന്നതും. രാജ്യതലത്ഥാനത്ത് രക്തദാനം പ്രോത്സാഹിപ്പിക്കുന്നതില്‍ മലയാളികള്‍ക്കിടയില്‍ രക്തദാന ഗ്രൂപ്പ് ഉണ്ടാക്കുകയും, കോവിഡ്കാലം മുതല്‍ പിന്നീട് ഇങ്ങോട്ട് അതിനുള്ള വേദികള്‍ രാജ്യത്തിനകത്തും പുറത്തും ഉണ്ടാക്കി. മലയാളികളുടെ കൂട്ടായ്മയായി തുടങ്ങിയ ബ്ളെഡ് ഡോണേഴ്സ് കേരള (ബിഡികെ) ഭാഷകളുടെ അതിര്‍വരമ്പ് കടന്ന് വ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ആയിരകണക്കിന് പേര്‍ക്കാണ് ഇത് വഴി പ്രയോജനം ഉണ്ടായത്. ലഹരിയുടെ ആഴങ്ങളിലേക്കു മുങ്ങി താഴുന്ന നമ്മുടെ പുതുതലമുറകളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തണം. അതിനായി നമുക്ക് ചെയുവാന്‍ സാധിക്കുന്ന ഏറ്റവും ഉചിതമായ മാര്‍ഗങ്ങളിലൊന്നാണ് അവരെ രക്തദാനത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുക എന്നത് എന്ന് പവിത്രന്‍ അഭിപ്രായപ്പെടുന്നു. അപരന്‍റെ സുഖത്തിനായി ഒഴുകി പരക്കുമ്പോള്‍ ആണ് അതിനു അര്‍ത്ഥവും നിറവും ഉണ്ടാകുന്നത്. ഇവിടെയാണ് രക്തദാനം കലര്‍പ്പുകളില്ലാത്ത മഹാദാനമാകുന്നത്. ഒരു വ്യക്തി നല്‍കുന്ന ഒരു യൂണിറ്റ് രക്തത്തിലൂടെ നാലു വ്യക്തികളുടെ ജീവനാണ് നിലനിര്‍ത്താന്‍ സാധിക്കുന്നത്. 18 വയസ്സ് മുതല്‍ 65 വയസ്സ് വരെ കൃത്യമായി രക്തദാനം ചെയ്യുന്നത് വഴി ഒരു വ്യക്തിക്ക് 300 ജീവനുകള്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന് പവിത്രന്‍ പറയുന്നു. കൊയിലാണ്ടി എന്ന ചെറിയ പ്രദേശത്തിന്‍റെ കൂട്ടായ്മ ഡല്‍ഹിയില്‍ ആരംഭിക്കുകയും അത് ലോകം മുഴുവനും പടര്‍ത്തുകയും ചെയ്ത വ്യക്തി കൂടിയാണ് പവിത്രന്‍ എന്നതാണ് സവിശേഷത. സ്വന്തം ഗ്രാമത്തിന്‍റെ കൂട്ടായ്മ ശക്തമായി ലോകത്തിന്‍റെ എല്ലായിടത്തും സംഘടിപ്പിക്കുന്നതില്‍ ചടുലമായ നേതൃത്വം കൊടുക്കുന്ന അദ്ദേഹം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. നല്ലൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയായ അദ്ദേഹം പരിപാടികളുടെ അവതരണത്തിലും പലപ്പോഴും കാണാന്‍ സാധിക്കുന്ന വ്യക്തിത്വമാണ് പവിത്രന്‍. അതുകൊണ്ടൊക്കെ തന്നെ എല്ലാ യാത്രയയപ്പ് ചടങ്ങിലും മോശമല്ലാത്ത ജനപങ്കാളിത്തം യാത്രയയപ്പ് ചടങ്ങുകളില്‍ കാണുവാനും സാധിച്ചു.
ഡല്‍ഹിക്കിനി ഉത്സവകാലം
ഡല്‍ഹിയിലെ പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളില്‍ ഉത്സവം വരികയാണ.് വരുന്ന ആഴ്ചകള്‍ മലയാളികളുടെ ഉത്സവത്തിന്‍റെ കാലമായി വരികയാണ് രാജ്യതലസ്ഥാനം. ഡല്‍ഹിയിലെ ആര്‍. കെ. പുരം അയ്യപ്പക്ഷേത്രത്തിലെ ആണ്ട് ഉത്സവം മെയ് 2 മുതല്‍ 11 വരെ നടക്കും. ഡല്‍ഹിയിലെ മറ്റൊരു പ്രശസ്ത ക്ഷേത്രമാണ് മയൂര്‍ വിഹാര്‍ ഫേസ് 1 ലെ ഉത്തര ഗുരുവായിരപ്പന്‍ ക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവം മെയ് മാസം 8 നാണ് ആരംഭിക്കുക. 17 വരെ നടക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികള്‍ നടക്കും. ഇരുക്ഷേത്ര ഉത്സവത്തിലും നടക്കുന്ന കലാപരിപാടികള്‍ തികച്ചും കേരള തനിമ നിറഞ്ഞതാണ് എന്നുള്ളതാണ് ഏറ്റവും സവിശേഷത. കഥകളിയും, ഓട്ടന്‍തുള്ളലും, തായമ്പകയും, ചെണ്ടമേളവും അടക്കം ഒട്ടേറെ മലയാള തനിമയുള്ള പരിപാടികളാണ് ഇരുക്ഷേത്രങ്ങളിലും നടക്കുന്നത് എന്നത് സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്.
ഡല്‍ഹിക്കിനി ബി.ജെ.പി മേയര്‍മാര്‍
ഡല്‍ഹിക്കിനി ബി.ജെ.പി പ്രതിനിധികളാകും മേയറും ഡെപ്യൂട്ടി മേയര്‍മാരും. ഡല്‍ഹിയില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളില്‍ ബിജെപി അംഗങ്ങള്‍ വരുന്നതോടെ ട്രിപ്പിള്‍ എന്‍ജിന്‍ ഭരണായിരിക്കും നടക്കുക. പാര്‍ലമെന്‍റിലും, നിയമസഭയിലും, മുനിസിപ്പാലിറ്റിയിലും ബി.ജെ.പി മേധാവിത്ത്വം നേടി കഴിഞ്ഞിരിക്കുന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് ഭൂരിപക്ഷം കൗണ്‍സിലറുകള്‍ ഉണ്ടായിട്ടും മത്സരിക്കാന്‍ ഇല്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ബിജെപി അംഗങ്ങള്‍ മാത്രമാണ് പത്രിക നല്‍കുകയും ചെയ്തത്. ഒട്ടേറെ വാഗ്ദാനങ്ങള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുനിസിപ്പാലിറ്റികളില്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെങ്കിലും പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാരെ വ്യാപകമായി ബിജെപിയിലേക്ക് കൂറുമാറ്റുന്ന രീതി തുടര്‍ന്നുവരികയാണ്. കുതിരക്കച്ചവടമാണ് നടക്കുന്നത് എന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. എംസിഡിയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ള എംപിമാര്‍ക്കും, 11 എംഎല്‍എമാര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം എന്നുള്ള നിയമം കൊണ്ടുവന്നത് മുനിസിപ്പാലിറ്റി പിടിച്ചടക്കുക എന്നുള്ള ലക്ഷ്യത്തോടുകൂടിയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ മുനിസിപ്പാലിറ്റി ഭരണം ഏറ്റെടുക്കേണ്ട എന്നുള്ള തീരുമാനമാണ് ആം ആദ്മി പാര്‍ട്ടി കൈക്കൊണ്ടിരിക്കുന്നത്. ശക്തമായ പ്രതിപക്ഷമായി ഡല്‍ഹിയുടെ മുനിസിപ്പാലിറ്റികളില്‍ ഇരിക്കും എന്നുള്ള തീരുമാനം പരസ്യമായി പാര്‍ട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡല്‍ഹിയിലെ മുനിസിപ്പല്‍ വാര്‍ഡുകള്‍ തിരിക്കുന്നതില്‍ ഉള്‍പ്പെടെ ബിജെപി വലിയ ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്ന് എഎപി സംസ്ഥാന അധ്യക്ഷന്‍ സൗരം ഭരദ്വാജ് ആരോപിച്ചു.
ഡല്‍ഹിയിലെ വാട്ടര്‍ ടാങ്കറുകള്‍
ഡല്‍ഹിയില്‍ ചൂട് വര്‍ദ്ധിച്ചു വരികയാണ്. ഓരോ ദിവസം തോറും ഡല്‍ഹിയുടെ താപനില ഉയര്‍ന്നുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ജലക്ഷാമം ഉണ്ടാകും എന്നുള്ള പ്രവചനം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട.് അതിന് പരിഹാരം കാണുവാന്‍ ഡല്‍ഹിയിലെ ഭരണകര്‍ത്താക്കള്‍ പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. ഇതിന്‍റെ തുടക്കം എന്നുള്ള നിലയില്‍ 1111 വാട്ടര്‍ ടാങ്കറുകള്‍ പുതുതായി നിരത്തിലിറക്കിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പുതിയ വാട്ടര്‍ ടാങ്കറുകള്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജി.പി.എസ് സംവിധാനമുള്ള വാട്ടര്‍ ടാങ്കറുകളാണ് എല്ലാം. വാട്ടര്‍ ടാറുകളില്‍ നിറയ്ക്കുന്ന ഡല്‍ഹി ജല്‍ ബോര്‍ഡിന്‍റെ വെള്ളം എവിടേക്കാണ് പോകുന്നത് എന്ന് കൃത്യമായി ഇതുവഴി സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഒരേസമയം നിരീക്ഷിക്കാം എന്നതാണ് പ്രത്യേകത. ഡല്‍ഹിയില്‍ വ്യാപകമായ ടാങ്കര്‍ മാഫിയകള്‍ ഉണ്ട് എന്നുള്ളത് പരക്കെ സംസാര വിഷയമാണ്. ടാങ്കര്‍ മാഫിയ പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നു എന്നുള്ളത് കാലങ്ങളായുള്ള ആക്ഷേപമാണ്. ഇത് പരിഹരിക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ പുതിയ സംവിധാനങ്ങള്‍ വഴി നടപ്പിലാക്കിയിരിക്കുന്നത്.

.jpeg)
.jpeg)