90 സീരീസ്
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ചെറിയ കാലത്തിനുള്ളില്‍ ലോകത്തെ ഏറ്റവും ജനപ്രീയമായ കലാരൂപത്തിന്‍റെ ദിനമാണ് ഇന്ന് (മെയ് 5) ലോക കാര്‍ട്ടൂണ്‍ ദിനം. കാര്‍ട്ടൂണ്‍ കലയെ പ്രോത്സാഹിപ്പിക്കുന്നതിനും കാര്‍ട്ടൂണ്‍ മേഖലയെ വളര്‍ത്തുന്നതിനും വേണ്ടി 1990 മുതലാണ് ഇങ്ങനെ ഒരു ദിനം ആചരിക്കുവാന്‍ തീരുമാനിച്ചത്. 1895 മെയ് മാസം അഞ്ചാം തീയതിയാണ് ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പ്രസിദ്ധീകരണത്തില്‍ ദി യെല്ലോ കിഡ് എന്ന പ്രശസ്ത കഥാപാത്രത്തെ ആദ്യമായി കാര്‍ട്ടൂണിസ്റ്റ് റിച്ചാര്‍ഡ് എഫ് ഔട്ട്കോള്‍ട്ട് അവതരിപ്പിക്കുന്നത്. അതിന്‍റെ ഓര്‍മ്മയ്ക്കാണ് മെയ് അഞ്ചാം തീയതി ലോക കാര്‍ട്ടൂണ്‍ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ ദിനത്തിന് തൊട്ടുപിറ്റേ ദിവസം ജനിച്ച കാര്‍ട്ടൂണിസ്റ്റ് സീരി നവതിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഇത് ഇരട്ടിമധുരമാണ് മലായാള കാര്‍ട്ടൂണ്‍ ലോകത്തിന് നല്‍കുന്നതും.
മെലിഞ്ഞ് വെളുത്ത മുണ്ടുടുത്ത്, നിറമുള്ള ഷര്‍ട്ടണിഞ്ഞ് കാലന്‍ കുടയുമായി ചെറായിയുടെ ഇടവഴികളിലൂടെ നടന്നു പോകുന്ന ഒരു മനുഷ്യനുണ്ട്. അത് രാവിലെയും വൈകുന്നേരവും പതിവായി ചെറായിക്കാര്‍ കാണുന്ന വ്യക്തിയാണ്. അത് അവരുടെ മാഷാണ്. സീരി മാഷ്. എല്ലാവരും മാഷ് എന്നാണ് വിളിക്കാറ്. പഠിപ്പിച്ചവരും, പഠിപ്പിക്കാത്തവരും സീരി മാഷ് എന്നും വെറും മാഷെന്നുമാണ് വിളിക്കാറ്. ചെറായിയിലെ പ്രശസ്തമായ രാമവര്‍മ്മ സ്കൂളിലെ ചിത്രകല അധ്യാപകനായിരുന്നു സീരിമാഷ്.
സ്കൂള്‍ വിദ്യാഭ്യാസം ചെയ്ത ചെറായി രാമവര്‍മ്മ സ്കൂളില്‍ തന്നെയാണ് ചിത്രകലാ അധ്യാപകനായി സീരിക്ക് നിയമനം ലഭിച്ചത്. ചിത്രരചനയോടൊപ്പം കാര്‍ട്ടൂണിലും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു. അദ്ദേഹം വളരെ ചെറുപ്രായത്തില്‍ തന്നെ കാര്‍ട്ടൂണുകള്‍ വരച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു. കാര്‍ട്ടൂണിസ്റ്റ് സീരി എന്നാണ് ചെറായിക്ക് പുറത്തുള്ളവര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറ്.
ചെറായി രാമവര്‍മ്മ സ്ക്കൂളിലെ എല്ലാ കുട്ടികളും സീരിയുടെ ശിഷ്യന്‍മാരായിരുന്നു. ചിത്രകല എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കര്‍ശനമായി പഠിക്കേണ്ടത് കൊണ്ട് രാമവര്‍മ്മ സ്കൂളില്‍ പഠിച്ചിറങ്ങിയ എല്ലാ കുട്ടികളും ചിത്രകലാ അധ്യാപകനായ സീരിമാഷിന്‍റെ ശിഷ്യരായിരുന്നു. ചിത്രകലാ അധ്യാപകനായി ചെറായി രാമവര്‍മ്മ സ്കൂളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഡിസ്നി സ്കൂള്‍ ഓഫ് കാര്‍ട്ടൂണിങ്ങ് എന്ന പേരില്‍ ചിത്രകല അഭ്യസിപ്പിക്കുന്ന ഒരു സ്വകാര്യ സ്ഥാപനവും ചെറായിയില്‍ തന്നെ തുടങ്ങിയ വ്യക്തിയാണ് കാര്‍ട്ടൂണിസ്റ്റ് സീരി. കേരളത്തില്‍ ആദ്യമായി, ഒരുപക്ഷേ ഇന്ത്യയില്‍ ആദ്യമായി കാര്‍ട്ടൂണ്‍ പഠിപ്പിക്കുന്ന ഒരു സ്വകാര്യ ചിത്രകലാ വിദ്യാലയം തുടങ്ങിയത് ചെറായിലാണ.് അതിന്‍റെ സാരഥി സീരി മാഷ് ആയിരുന്നു.
ചിത്രകലയില്‍ താല്പര്യമുള്ള ചെറായി, വൈപ്പിന്‍, പറവൂര്‍ മേഖലയിലുള്ള ആയിരക്കണക്കിന് പേരും ഡിസ്നി സ്കൂള്‍ ഓഫ് കാര്‍ട്ടൂണിങ്ങിലെ സീരിയുടെ ശിഷ്യന്മാരായിരുന്നു. അങ്ങിനെ പതിനായിരക്കണക്കിന് ചിത്രകാരന്‍മാരുടെ ഗുരുവാണ് സീരി. പണ്ടുകാലത്ത് ചിത്രകല പഠിപ്പിക്കുന്ന വിദ്യാലയം കുറവായതുകൊണ്ട് തന്നെ വലിയ ശിഷ്യ സമ്പത്ത് സീരി മാഷിന് ലഭിച്ചു. അങ്ങനെ പതിനായിരക്കണക്കിന് ശിഷ്യന്മാരാണ് ഉള്ളത്. ചിത്രകല അഭ്യസിച്ച ശിഷ്യന്‍മാരില്‍ പ്രശസ്തരായ പലരുമുണ്ട്.
2025 മെയ് 6ന് 90-ാം വയസ്സിലേയ്ക്ക് പ്രവേശിക്കുകയാണ് വരകളുടെ മാഷ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയും, സമന്വയ സാംസ്കാരിക വേദിയും, പള്ളിപ്പുറം സഹകരണ ബാങ്കും ചേര്‍ന്ന് മെയ് 31ന് ചെറായിയില്‍ സീരി മാഷിനെ ആദരിക്കും. സീരി മാഷിന്‍റെ ശിഷ്യരുടെ സംഗമ വേദിയായി അത് മാറും.
എസ്.എസ്.എല്‍.സിയും ചിത്രകലയില്‍ ഡിപ്ലോമയുമുള്ള കാര്‍ട്ടൂണിസ്റ്റ് സീരി പ്രശസ്തനായ പിതാവിന്‍റെ മകനാണ് എന്ന വിശേഷണം കൂടിയുണ്ട്. സീരിയുടെ അച്ഛന്‍ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. പ്രശസ്തമായ പന്തിഭോജനത്തില്‍ സഹോദരന്‍ അയ്യപ്പന് ഒപ്പമുണ്ടായിരുന്ന പെരുമന എ. കോരു വൈദ്യരുടെയും, എം സി ദേവകിയുടെയും മകനാണ് സീരി. 1936 മെയ് 6ന് ചെറായിലാണ് എം കെ സീരി ജനിച്ചത്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ എം. കെ പ്രസാദ് സഹോദരനാണ്.
സമുദായത്തില്‍ വേരൂന്നിയിരുന്ന അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിയുവാനുള്ള വിപ്ലവചിന്ത വ്യാപകമായ സമയം. ചെറായിയില്‍ 1917 മേയ് 29-ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്താന്‍ സഹോദരന്‍ അയ്യപ്പനും സുഹൃത്തുക്കളും തീരുമാനിച്ചു. സ്നേഹിതനായ കോരു വൈദ്യര്‍, രാം പിള്ള, അയ്യര്‍ എന്ന് പേരുള്ള പുലയനും കെ.കെ. അച്യുതന്‍ മാസ്റ്റര്‍ക്കു പരിചയമുള്ള വള്ളോന്‍, ചാത്തന്‍ എന്നീ അധഃകൃത വിദ്യാര്‍ത്ഥികളെയും മിശ്രഭോജനത്തില്‍ പങ്കെടുപ്പിച്ചു. മിശ്രഭോജനം, ചെറായിയിലെ സാമുദായിക ജീവിതത്തില്‍ പുതിയ ശക്തി വിശേഷങ്ങള്‍ക്കു കാരണമായി.
കടുത്ത ജാതിചിന്തകളുടെ കാലത്തായിരുന്നു പന്തിഭോജനം നടന്നത്. പന്തിഭോജനത്തില്‍ പങ്കെടുത്തതിന് കുടുംബത്തെ തന്നെ സമുദായത്തില്‍നിന്ന് ഭ്രഷ്ട് കല്‍പ്പിച്ചതായി സീരി ഓര്‍ക്കുന്നു. ശ്രീനാരായണ ഗുരു ചെറായിയില്‍ എത്തിയപ്പോള്‍ ഈ വിവരം അറിയുകയും, വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെയാണ് പന്ത്രണ്ട് വര്‍ഷം നീണ്ട ഭ്രഷ്ട് മാറിയതെന്ന് സീരി പറഞ്ഞു. മിശ്രഭോജനത്തില്‍ പങ്കെടുത്ത കോരു വൈദ്യരുടെ മകനായ സീരി ഇപ്പോഴും പിതാവിന്‍റെ പേരില്‍ അഭിമാനപുളകിതനാണ്.
കുട്ടിക്കാലം മുതല്‍ ചിത്രകലയോട് ഏറെ താല്പര്യമുണ്ടായിരുന്ന സീരി തന്‍റെ ആദ്യ കാര്‍ട്ടൂണ്‍ രചനയെ കുറിച്ച് ഓര്‍ക്കുന്നത് ഇങ്ങനെയാണ്. പ്രൈമറി ക്ലാസ്സില്‍വെച്ച് ഒരു കൂട്ടുകാരനുമായി മത്സരിച്ച് സ്ലേറ്റില്‍ പടം വരയ്ക്കുക ഒരു പതിവായിരുന്നു. സ്വാതന്ത്ര്യസമരകാലഘട്ടമായിരുന്നതുകൊണ്ട് ഗാന്ധിജിയുടെ ചിത്രങ്ങളായിരുന്നു വരച്ചിരുന്നതില്‍ മിക്കതും. മിക്കതും യഥാര്‍ത്ഥരൂപങ്ങളുടെ വികൃതമോ ഹാസ്യാനുകരണമോ ആയിരുന്നു. അവയൊക്കെ 'കാര്‍ട്ടൂണ്‍ ശൈലി'യിലുള്ളവയായിരുന്നു എന്ന് പിന്നീടാണ് മനസ്സിലാക്കുന്നത്.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സാറില്ലാത്ത സമയത്ത് ബോര്‍ഡില്‍ ഞാന്‍ വരച്ച ഗാന്ധിചിത്രം ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടു. ബോര്‍ഡില്‍ വരച്ചതിന് കടുത്ത ശിക്ഷ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. എന്നാല്‍ അതേ സ്കൂളില്‍ ചിത്രകലാധ്യാപകനായിരുന്ന എന്‍റെ അമ്മാവനേയും കൂട്ടിവന്ന് ഹെഡ്മാസ്റ്റര്‍ ഗാന്ധിചിത്രം കാണിച്ചുകൊടുത്തു. എന്നെ തോളില്‍ത്തട്ടി അഭിനന്ദിച്ചു. അന്ന് ബോര്‍ഡില്‍ ചോക്കുകൊണ്ട് വരച്ച ഗാന്ധിചിത്രമായിരുന്നു എന്‍റെ ആദ്യത്തെ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണിസ്റ്റ് സീരി തൊണ്ണൂറിന്‍റെ പടിവാതിലിലെത്തിയിട്ടും ഇത് മറക്കാതെ പറയുന്നു.
അഭിനന്ദനം കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ പ്രേരണ നല്‍കിയതായി സീരി ഓര്‍ക്കുന്നു. ഹൈസ്കൂള്‍ ക്ലാസ്സുകളിലെത്തിയപ്പോഴാണ് കാര്‍ട്ടൂണുകളെക്കുറിച്ചിള്ള അറിവും വിവരവും ലഭിച്ചത്. ക്ലാസ്സിലിരുന്ന് ചരിത്രാധ്യാപകന്‍റെ കാര്‍ട്ടൂണ്‍ വിവരിച്ചപ്പോള്‍ അദ്ദേഹം തന്ന ശിക്ഷ കാര്‍ട്ടൂണിനെക്കുറിച്ചുള്ള വിവരണങ്ങളായിരുന്നു. അവയായിരുന്നു ആര്‍.കെ.ലക്ഷ്മണന്‍റേയും, കെ.എസ്.പിള്ളയുടേയും കാര്‍ട്ടൂണുകളുമായി പരിചയപ്പെടാന്‍ ഇടവരുത്തിയത്. അക്കാലത്ത് അവരുടെ കാര്‍ട്ടൂണുകള്‍ പലതും പകര്‍ത്തി നോക്കിയിട്ടുണ്ട്. സുഹൃത്തുക്കളുടെ പ്രേരണനിമിത്തം കുറെ കാര്‍ട്ടൂണുകള്‍ പത്രമാസികകള്‍ക്കയച്ചു. ഒന്നും വെളിച്ചം കണ്ടില്ല. പിന്നീട് 1961-ലെ മനോരമ വാര്‍ഷികപതിപ്പില്‍ "തിരുപ്പ" നെകുറിച്ച് വരച്ച ഒരു ബിറ്റ് കാര്‍ട്ടൂണ്‍ അച്ചടിച്ചുവന്നു! അതാണ് എന്‍റെ ആദ്യത്തെ അച്ചടിച്ചുവന്ന കാര്‍ട്ടൂണ്‍. സീരി ഓര്‍ത്തെടുത്തു. 1962ല്‍ സീരിയുടെ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് മലയാളം മനോരമയുടെ വാര്‍ഷികപ്പതിപ്പിലാണ്. തുടര്‍ന്ന് ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
മറ്റു കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്ന് സീരി മാഷിനെ വേറിട്ട് നിര്‍ത്തുന്നത് അദ്ദേഹത്തിന്‍റെ രചന ശൈലിയാണ്. കാര്‍ട്ടൂണിസ്റ്റുകള്‍ പലരും പേനകള്‍ ഉപയോഗിച്ചാണ് കാര്‍ട്ടൂണുകള്‍ വരയ്ക്കുന്നതെങ്കില്‍ ശങ്കറും, വാസുവും, ആര്‍ ലക്ഷ്മണനും, തുടങ്ങി തോമസും, മന്ത്രിയും പോലുള്ള അപൂര്‍വ്വം കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമാണ് ബ്രഷ് ഉപയോഗിച്ച് കാര്‍ട്ടൂണുകള്‍ വരയ്ക്കാറ്. ഈ ഗണത്തിലാണ് സീരി മാഷും. ബ്രഷ് ഉപയോഗിച്ച് വരയ്ക്കുന്നതിന്‍റെ രസത്തെക്കുറിച്ച് അദ്ദേഹം തന്നെ പല വേദികളിലും പറയുന്നത് കേള്‍ക്കുവാന്‍ സാധിച്ചിട്ടൂണ്ട്. ബ്രഷാണ് രസം. ആര്‍.കെ. ലക്ഷ്മണിന്‍റെയും മറ്റും സ്ട്രോക്സ് എന്താ ഭംഗി!' ചെറായിയിലെ വീട്ടിലിരുന്ന് സീരി പറയുന്നു.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗമായ അദ്ദേഹം അക്കാദമി ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിസ്ടാംഗമാണ് കാര്‍ട്ടൂണിസ്റ്റ് സീരി ഇപ്പോള്‍. പുതുതലമുറയിലെ കാര്‍ട്ടൂണ്‍ തത്പരര്‍ക്ക് ഇപ്പോഴും കാര്‍ട്ടൂണ്‍ വരയുടെ രസതന്ത്രം പറഞ്ഞ് കൊടുക്കുന്നുണ്ട് അദ്ദേഹം. 2005ല്‍ കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ ഏര്‍പ്പെടുത്തിയ ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള പ്രഥമ കെ.എസ്. പിള്ള സ്മാരക അവാര്‍ഡ് ലഭിച്ചത് സീരിക്കാണ്.
റപ്പായി ചേട്ടന്‍ എന്ന കാര്‍ട്ടൂണ്‍ പരമ്പര സീരിയുടെ പ്രശസ്തമായ ഒന്നാണ്. മൂന്ന് പതിറ്റാണ്ടോളം തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മേരി വിജയം മാസികയില്‍ ഇത് വന്നിരുന്നു. സാമൂഹ്യ കാര്‍ട്ടൂണുകളെക്കാള്‍ രാഷ്ട്രീയ കാര്‍ട്ടൂണുകളാണ് സീരി കൂടുതല്‍ വരച്ചിട്ടുള്ളത്. സായാഹ്ന കൈരളി, വീക്ഷണം, കേരള ടൈംസ് തുടങ്ങിയ പത്രങ്ങളില്‍ സീരി മാഷിന്‍റെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഒട്ടേറെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാര്‍ട്ടൂണിസ്റ്റ് സീരി ഒരു സിനിമാ ഭ്രാന്തനായിരുന്നു. റീലീസാകുന്ന എല്ലാ സിനിമകളുും അദ്ധേഹം കാണുമായിരുന്നു. പ്രായമായപ്പോള്‍ അതൊക്കെ ഉപേക്ഷിച്ചു. ഇങ്ങനെ പറയുവാന്‍ ലേഖകന് വ്യക്തിപരമായി സാധിക്കും . കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ എത്രയോ പരിപാടിക്ക് തിരുവനന്തപുരത്തേയ്ക്ക് സീരി മാഷിനൊപ്പം കോളേജ് പഠന കാലത്ത് ഒപ്പം സഞ്ചരിക്കുവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.. തിരുവനന്തപുരം പരിപാടിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്നത് സെക്കന്‍റ് ഷോ കഴിഞ്ഞായിരിക്കും. സെക്കന്‍ഡ് ഷോയ്ക്ക് കയറി സിനിമ കണ്ടതിന് ശേഷമാണ് ബസ്സില്‍ തിരുവനന്തപുരത്തേക്ക് യാത്ര തുടങ്ങുക. തിരുവനന്തപുരത്ത് എത്തിയാല്‍ കാര്‍ട്ടൂണ്‍ അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്ത ശേഷം വൈകുന്നേരം വീണ്ടും ഒരു സെക്കന്‍ഡ് ഷോയ്ക്ക് കയറും. അതിന് ശേഷം രാത്രി ബസ്സില്‍ കയറി പുലര്‍ച്ചെ എറണാകുളത്ത് എത്തും. ബസ്സില്‍ സുഖമായി ഉറങ്ങുന്ന സീരി മാഷിനെ എത്ര തവണയാണ് സഹയാത്രികനായ ലേഖകന്‍ കണ്ടിട്ടുള്ളത്.
കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന എന്നോടൊപ്പം സിനിമ കാണുവാന്‍ പോകുന്ന സീരീമാഷ് തട്ടുകടയില്‍ നിന്ന് ദോശയും ചമ്മന്തിയും എത്രയേ വാങ്ങി തന്നിരിക്കുന്നു. ഒപ്പം ഇരുന്ന് സിനിമ കാണുകയും തട്ടുകടയില്‍ നിന്ന് പാതിരാത്രി ഭക്ഷണം കഴിക്കുകയും ചെയ്ത അദ്ദേഹം പ്രായത്തില്‍ കവിഞ്ഞ ബന്ധം എല്ലാവരുമായി ഉണ്ടായിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മുതലുള്ള സൗഹ്യദം ഇന്നും ഒരു മുടക്കവും കൂടാതെ, ഒരു കുറവും ഇല്ലാതെ തുടരുകയാണ്.
വലിയച്ഛന്‍ കൃഷ്ണ സീരിയുടെ ഓര്‍മ്മയ്ക്കാണ് സീരി (ബലരാമന്‍ എന്നര്‍ഥം. സീരം എന്നാല്‍ കലപ്പ) എന്നു പേരിട്ടത്. അച്ഛന്‍റെയും വലിയച്ഛന്‍റെയും ഓയില്‍ പെയിന്‍റിങ് പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ് സീരി മാഷ് ഇപ്പോള്‍. അധ്യാപികയായിരുന്ന വിലാസി നിയാണ് സീരിയുടെ ഭാര്യ. മക്കളായ റസലും റോബിനും ഗ്രാഫിക് ഡിസൈനര്‍മാരാണ്.
