വളര്‍ന്ന കാശ്മീരിനെ തകര്‍ത്ത ഭീകരാക്രമണം
വിജയ് ചൗക്ക്
സുധീര്‍ നാഥ്
ഏഷ്യയുടെ മര്‍മ്മപ്രധാന ഭാഗത്താണ് കശ്മീര്‍ ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ നാടുകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് കാശ്മീര്‍. കാശ്മീരിനെ ഇപ്പോള്‍ താഴ്വാരം, ജമ്മു, ലഡാക് എന്നിങ്ങനെ മൂന്ന് ഭാഗമായി തിരിച്ചിരിക്കുന്നു. ഇന്ന് മറ്റൊരു നാലാമത്തെ ഇടം കൂടി കാശ്മീരിലുണ്ട്. പാക്ക് അധിനിവേശ കാശ്മീര്‍. കാശ്മീര്‍ എന്ന സംസ്ഥാനം പര്‍വത നിരകളാല്‍ ചുറ്റപെട്ട് കിടക്കുന്ന ഭൂപ്രദേശമാണ്. പൈന്‍ മരങ്ങളുടെ കാടുകളാല്‍ അതി മനോഹരമാണ് ഇവിടം. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്നത് കശ്മീരാണ്. ഭൂമിയിലെ സ്വര്‍ഗം എന്നാണ് കാശ്മീരിനെ ലോകം വിശേഷിപ്പിക്കുന്നത്. കശ്മീരിന്‍റെ ഏതാണ്ട് 90% ഭാഗവും ജനവാസമില്ലാത്തതും ഏതാണ്ട് ഉപയോഗശൂന്യവുമാണ്. കശ്മീരിലെ പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീര്‍ താഴ്വാരമാണ്.
കാശ്മീരിന് വലിയ ചരിത്ര പാരമ്പര്യമുണ്ട്. മെസപ്പെട്ടോമിയയില്‍ നിന്നു വന്ന കാഷ് വര്‍ഗത്തില്‍പ്പെട്ട ആദിവാസികള്‍ ഇന്ത്യയുടെ ഏറ്റവും വടക്കുള്ള പ്രദേശത്താണ് താമസിച്ചിരുന്നത്. അതുകൊണ്ട് ഈ പ്രദേശത്തെ കാഷിര്‍ എന്നായിരുന്നു ആദ്യകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഈ പ്രദേശം പിന്നീട് കാശ്മീര്‍ ആയി പരിണമിക്കുകയാണുണ്ടായത്. ഷാ മിര്‍ ആയിരുന്നു കാശ്മീരിലെ ആദ്യ മുസ്ലിം ഭരണാധികാരി. അദ്ദേഹം 1339 ല്‍ അധികാരത്തിലെത്തി. ഏതാണ്ട് അഞ്ചു നൂറ്റാണ്ടുകള് തുടര്‍ച്ചയായി മുസ്ലിം ഭരണത്തിന്‍ കീഴിലായിരുന്നു കാശ്മീര്‍. ഇവരില്‍ മുഗള്‍ രാജാക്കന്മാര്‍ 1586 മുതല്‍ 1751 വരെയും അഫ്ഗാന് ദുറാനി വംശം 174 മുതല്‍ 1819 വരെയും കാശ്മീരിന്‍റെ ഭരണചക്രം തിരിച്ചു. 1819 ല്‍ മഹാരാജാ രഞ്ജിത് സിംഗിന്‍റെ നേതൃത്വത്തില്‍ കാശ്മീര്‍ ആക്രമിച്ച് അദ്ദേഹത്തിന്‍റെ രാജ്യത്തോടു ചേര്‍ത്തു. 1846 ലെ ആംഗ്ലോ-സിഖ് യുദ്ധത്തിനു ശേഷം ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരില്‍ നിന്നും ജമ്മുവിലെ രാജാവായ ഗുലാബസിംഗിന്‍റെ കൈകളില്‍ കാശ്മീരിന്‍റെ ഭരണം എത്തി. ഈ ഭരണം 1947 ല്‍ കാശ്മീര്‍ മുഴുവനായി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതു വരെ തുടര്‍ന്നു.
ഇന്ത്യ-പാകിസ്താന്‍ വിഭജനകാലത്ത് കാശ്മീര്‍ മഹാരാജാവ് പൂര്‍ണ്ണമായും ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയാണുണ്ടായത്. പാകിസ്താന്‍ ഗവണ്‍മെന്‍റിന് കാശ്മീരില്‍ സ്വയംഭരണാവകാശം ഉന്നയിച്ച് ഇന്ത്യയുമായി 1947, 1965 വര്‍ഷം യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും ഇന്ത്യക്കായിരുന്നു വിജയം. അതോടെ കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കാശ്മീരിലെ ഭൂരിഭാഗ ജനവിഭാഗമായ മുസ്ലീം ജനതയെ മതവികാരത്തിന്‍റെ പേരില്‍ തീവ്രവാദ സംഘടകള്‍ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകള്‍ നടത്തുകയും ചെയ്തു.
കശ്മീരിന്‍റെ പ്രധാന ഭാഗം 1962 ലെ യുദ്ധത്തില്‍ ചൈനയുടെ നിയന്ത്രണത്തിലായി. ഇതു കൂടാതെ പാകിസ്താന്‍ പിടിച്ചടക്കിയ കുറെ സ്ഥലം അവര്‍ ചൈനയ്ക്കു കൈമാറുകയും ചെയ്തു. ഇന്ത്യയുടെ കൈവശം അവശേഷിക്കുന്ന ഭാഗങ്ങളാണ് ജമ്മുവും, കാശ്മീര്‍ താഴ്വാരവും, ലഡാക്കും ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍. ഇന്ത്യയുടെ ഭാഗമായ ഇവിടം ജമ്മു കശ്മീര്‍ എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. 1985 സിയാച്ചിനില്‍ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താന്‍ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചത് ചരിത്രമാണ്. 1999ല്‍ പാകിസ്താന്‍ സൈന്യം വീണ്ടും കാര്‍ഗിലില്‍ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തില്‍ എത്തുകയും ചെയ്തു. യുദ്ധാവസാനം പാകിസ്താന്‍ സേനയെ തുരത്തി ഓടിക്കുകയും കാര്‍ഗില്‍ ഇന്ത്യ കീഴടക്കുകയും ചെയ്തു.
കാശ്മീര്‍ സമാധാനത്തിന്‍റെ പാതയിലേയ്ക്ക് ഒന്നുകൊണ്ടിരിക്കയായിരുന്നു. മാറിയ കാശ്മീരിനെ തകര്‍ക്കുന്ന രീതിയിലുള്ള ഭീകരാക്രമണമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. താഴ്വാരം വളരെ സുന്ദരമായ ഒരു പ്രദേശമാണ്. ഭൂമിയിലെ സ്വര്‍ഗം എന്ന വിശേഷണത്തിന് കരിനിഴല്‍ വീണിരിക്കുന്നു. കാശ്മീരിലെ മനോഹരമായ പ്രദേശത്തെ ടൂറിസ്റ്റുകള്‍ക്ക് വിറ്റാണ് അവിടുത്തെ ജനങ്ങള്‍ ജീവിതമാര്‍ഗം കണ്ടിരുന്നത്. ഈ കാശ്മീര്‍ പ്രദേശം സ്വന്തമാക്കുവാന്‍ പാക്കിസ്ഥാന്‍ താല്‍പര്യം കൂടുതല്‍ കാണിക്കുന്നതിന്‍റെ കാരണവും അതാണ്. ടൂറിസത്തില്‍ നിന്നുള്ള വലിയ വരുമാനമാണ് കാശ്മീരിനെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത്. കാശ്മീര്‍ സ്വന്തമാക്കുന്നതിന് വേണ്ടി കാലങ്ങളായി ഒട്ടേറെ തര്‍ക്കങ്ങള്‍ നടക്കുന്നതായി നമുക്കറിയാം.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശമനം വന്നതോടെ കാശ്മീരിലേക്ക് ടൂറിസ്റ്റുകളുടെ പ്രയാണം വ്യാപകമായി ആരംഭിക്കുകയും ചെയ്തു. ലോകശ്രദ്ധതന്നെ കാശ്മീരിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യം ഓരോ ദിവസം ചെല്ലുംതോറും വര്‍ദ്ധിക്കുകയും അത് കാശ്മീര്‍ ജനതയ്ക്ക് വലിയ വരുമാന മാര്‍ഗമായി മാറുകയും ചെയ്തതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ടൂറിസ്റ്റുകളുടെ കുത്തൊഴുക്ക് വ്യോമ, റോഡ് ഗതാഗത മേഖലയെ ശക്തമാക്കി. സര്‍വ്വീസുകളുടെ എണ്ണംകൂടി. വരുമാന വര്‍ദ്ധനവുണ്ടായി എന്ന കാര്യം കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു.
മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന ദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടുവാന്‍ കാശ്മീരിലെ ടൂറിസത്തിന്‍റെ വളര്‍ച്ച കാരണമായിട്ടുണ്ട്. ഈ വളര്‍ച്ച അസ്വസ്ഥപ്പെടുത്തുന്ന ഒരു വിഭാഗം നമുക്ക് ചുറ്റിലും ഉണ്ട് എന്നുള്ളതാണ് ഇപ്പോള്‍ നടന്ന ഭീകര പ്രവര്‍ത്തനത്തിലൂടെ നാം മനസ്സിലാക്കേണ്ടത്. തീവ്രവാദ ആക്രമണം ഉണ്ടായ നിമിഷം മുതല്‍ കാശ്മീരിലേക്കുള്ള ടൂറിസത്തിന്‍റെ ഉയര്‍ച്ച കുത്തനെ താഴേക്ക് പോകുന്നത് നാം കാണുന്നു. ഇതില്‍ നിന്ന് മോചിതമാവാന്‍ വര്‍ഷങ്ങള്‍ എടുക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇവിടെ ഹിന്ദുക്കളും മുസ്ലിമുകളും തമ്മിലുള്ള ഒരു തര്‍ക്കമായി മാറ്റാതിരിക്കേണ്ടത് അത്യാവശ്യമാണ്. കാശ്മീരിലെ ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാര്‍ദ്ദത്തിലാണ് എന്നുള്ളതാണ് ഒരു യാഥാര്‍ത്ഥ്യം. അവിടെ മതം കൊണ്ടുവന്ന് വികൃതമാക്കുന്ന കാഴ്ച നാം ഗൗരവത്തില്‍ കാണേണ്ടിയിരിക്കുന്നു. അതിനെതിരെ ശക്തമായ നിലപാട് എടുക്കേണ്ടിയിരിക്കുന്നു. മതാധിഷ്ഠിതമായ ഒരു പ്രവര്‍ത്തനമായി ഈ ഭീകരവാദത്തെ കാണേണ്ടതില്ല.
ഭീകരവാദികള്‍ കഴിഞ്ഞദിവസം മനുഷ്യജീവന്‍ കവര്‍ന്നെടുത്തപ്പോള്‍ തകര്‍ന്നത് കാശ്മീര്‍ ജനതയുടെ സ്വപ്നങ്ങളാണ്. അവര്‍ സ്വയംപര്യാപ്തിയിലേയ്ക്ക് പോകുന്ന അസരത്തിലാണ് ഭീകരാക്രമണം ഉണ്ടാത്. മുന്‍പ് കാശ്മീരികളുടെ ചെറിയ പിന്തുണ ഭീകരവാദികള്‍ക്ക് ലഭിച്ചിരുന്നു. ഭീകരവാദം ഇപ്പോള്‍ കാശ്മീരികള്‍ തന്നെ എതിര്‍ത്ത് തുടങ്ങിയിരിക്കുന്ന കാഴ്ച്ച നമുക്ക് കാണാം. അതിന് തക്കതായ കാരണവും അവര്‍ക്കുണ്ട്. വരുമാനമാര്‍ഗ്ഗം നിലച്ചിരുന്ന അവരിലേക്ക് വരുമാനം എത്തിത്തുടങ്ങിയത് ഇല്ലാതായതിന്‍റെ കാരണം അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
