പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ഏപ്രില്‍ 15
ഭീമപര്‍വ്വവുമായി ഫാദര്‍ സ്റ്റാന്‍ലി
മലയാള നാടക രംഗത്തിന് അഭിമാനമായി ഒരു പുരോഹിതന്‍ അരങ്ങില്‍ ഭീമനായി നിറഞ്ഞാടി. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് 3ലെ മദര്‍ ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് ചര്‍ച്ചിന്‍റെ ഇടവകവികാരിയും സെന്‍റ് മേരീസ് സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ മാനജരുമായ ഫാദര്‍ ഡോ. സ്റ്റാന്‍ലി കോഴിച്ചിറയാണ് ഏകപാത്ര നാടകത്തിലെ നടന്‍. അദ്ദേഹം മാത്രമാണ് അരങ്ങില്‍ 45 മിനിറ്റ് നിറഞ്ഞ് നിന്നത്. ആലപ്പുഴ ജില്ലയിലെ തുമ്പോളി അഗസ്റ്റിന്‍ കോഴിച്ചിറയുടേയും വിക്റ്റോറിയയുടേയുംഅഞ്ച് മക്കളില്‍ ഇളയവനാണ് സ്റ്റാന്‍ലി. കുട്ടിക്കാലം മുതല്‍ നാടകത്തിനോട് അഭിനിവേശം ഉണ്ടായിരുന്നു. മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഫാ. സ്റ്റാന്‍ലി ഒരു മലയാള നാടകത്തില്‍ അഭിനയിക്കുന്നത്. അന്തരാഷ്ട്രത്തലത്തില്‍ പ്രശസ്തനായ നാടക പരിശീലകനും, മോട്ടിവേഷണല്‍ സ്പീക്കറും, കമ്മ്യൂണിക്കേഷന്‍ പരിശീലകനുമാണ്. ഫാ. സ്റ്റാന്‍ലി 35 വര്‍ഷത്തിലേറേയായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നു. അദ്ദേഹം തെരുവുനാടക രംഗത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, മറ്റ് നാടക സങ്കേതങ്ങളിലും വിദ്ഗദ്ധനായ ഒരു കലാകാരനാണ്. 30 വര്‍ഷത്തിലധികമായി അദ്ദേഹം തെരുവ് നാടക പരിശീലനം നടത്തുന്നു. ഏറെ പുരസ്ക്കാരങ്ങള്‍ നേടിയ ബോളിവുഡ് ചിത്രമായ ' ഫേസ് ഓഫ് ദി ഫേസ് ലെസ്സ്, ചോട്ടാ ഉസ്താദ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 35 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍ പ്രഭാകരനാണ് നാടകം സംവിധാനം ചെയ്തത്. 40 ല്‍ പരം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും 30 ല്‍ പരം നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള അദ്ദേഹം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി നാടക പരിശീലനങ്ങള്‍ നല്‍ക്കുന്നു. 2014 ല്‍ പാകിസ്ഥാനില്‍ ഭീകരരുടെ വെടിയേറ്റ് വീണ മലാല യൂസഫ് സായ് എന്ന 15 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും കുട്ടികളുടേയും താലിബാന്‍റെ കാലത്തെ ദുരിതങ്ങളെ വരച്ചുകാട്ടിയ "ഗുല്‍മക്കായ്" എന്ന നാടകത്തിന് അനില്‍ പ്രഭാകരന് കേരള സംഗീത അക്കാദമിയുടെ ഏറ്റവും നല്ല നാടകകൃത്തിനുള്ള പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. മഹാഭാരത കഥയുടെ പശ്ചാത്തലത്തില്‍ പാണ്ഡവരില്‍ രണ്ടാമനായ ഭീമസേനന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ലഘുനാടകമായിരുന്നു "ഭീമപര്‍വ്വം" എന്ന നാടകം. ഭീമന്‍റെ തീരാത്ത യാത്രകളുടെ തുടര്‍ച്ചയും ഭീമന്‍റെ വ്യഥകളും വ്യസനങ്ങളും വ്യാകുലതകളും ആവലാതികളും ഒരു ചോദ്യ ചിഹ്നം പോലെ തുറിച്ച് നോക്കുന്നു. കര്‍മ്മമണ്ഡലങ്ങളില്‍ തീരാത്ത ബന്ധങ്ങളുടെ കണ്ണികളെ കൂട്ടിചേര്‍ക്കാന്‍ ഭീമന്‍ ശ്രമിക്കുകയാണ്. വാനപ്രസ്ഥത്തിലേക്കുള്ള യാത്രയില്‍ ഭീമന്‍റെ തിരിഞ്ഞു നോട്ടമാണ് നാടകത്തിന്‍റെ പ്രമേയം. മയൂര്‍ വിഹാര്‍ 3 ലെ സെന്‍റ് മേരീസ് സ്ക്കൂള്‍ ആഡിറ്റോറിയത്തിലായിരുന്നു നാടകം അരങ്ങേറിയത്. നാടകം കാണുവാന്‍ മുന്നൂറോളം പേര്‍ ഒത്തുകൂടി എന്നത് നാടകത്തിന് ലഭിച്ച അംഗീകാരമാണ്.
എന്‍. അശോകന്‍ @ 80
എന്‍ അശോകന്‍ എന്നാല്‍ മാതൃഭൂമിയുടെ ഡല്‍ഹി എന്നും പര്യായം ഉണ്ടെന്ന് സംസാരമുണ്ട്. മാതൃഭൂമി വായനക്കാര്‍ അങ്ങനെയാണ് എപ്പോഴും ചിന്തിക്കാറ്. ഡല്‍ഹി കത്തിലൂടെ മലയാളികള്‍ക്ക് മാതൃഭൂമിയിലൂടെ സുപരിചിതനാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എന്‍ അശോകന്‍. അദ്ദേഹം ഇപ്പോഴും സജീവമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ള കാര്യവുമാണ്. 1945 ഏപ്രില്‍ 15ന് കോഴിക്കോട് ജനിച്ച അശോകന്‍ 80 ാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. കോഴിക്കോട് നാറാത്ത് കുട്ടന്‍റെയും കല്യാണിയുടെയും മകനായി ജനിച്ച നാറാത്ത് അശോകന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അടുപ്പം പുലര്‍ത്തിയ വ്യക്തിയാണ്. കോഴിക്കോട് കാരാപ്പറമ്പ് മുനിസിപ്പല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍, സാമൂതിരി കോളേജ് ഹൈസ്കൂള്‍, ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളിലെല്ലാം പഠിക്കുമ്പോള്‍ അശോകന്‍റെ രാഷ്ട്രീയം വളര്‍ന്ന് വരികയായിരുന്നു. കെ.എസ്.യുവിന്‍റെ നേത്യ നിരയില്‍ അശോകന്‍ കോഴിക്കോടുണ്ടായിരുന്നു. ബിരുദം ലഭിച്ചതിനുശേഷം പാരലല്‍ കോളേജില്‍ അധ്യാപകനായി ജോലി നോക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ നേത്യ നിരയിലെത്തിയത്. 1969 ല്‍ പാരലല്‍ കോളേജില്‍ അധ്യാപകനായിരിയ്യെ ലൈനറായിട്ടായിരുന്നു മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തനം തുടങ്ങിയത്. 1975 ല്‍ ഔദ്യോഗികമായി മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനായി. നാളിതുവരെ മാത്യഭൂമിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചത് എഞ പ്രത്യേകതയും അദ്ദേഹത്തിന് സ്വന്തം. അദ്ദേഹത്തിന്‍റെ ഔദ്യോഗിക മാധ്യമപ്രവര്‍ത്തനത്തിന് ഇപ്പോള്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അശോകന്‍റെ മാധ്യമ രംഗത്തെ 50 വര്‍ഷവും, 80 വയസ്സ് പൂര്‍ത്തിയാക്കലും വലിയ ആഘോഷമാക്കുകയാണ് ഡല്‍ഹിയിലെ മാധ്യമ ലോകം. ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരോടൊപ്പം ഡല്‍ഹിയിലെ കലാസാംസ്കാരിക രംഗത്തെ എല്ലാ സംഘടനകളും ഒരുമിച്ചു എന്നുള്ള സവിശേഷതയും പരിപാടിക്കുണ്ട്.
ഡല്‍ഹിക്കിനി ഇലക്ട്രിക്ക് വണ്ടികള്‍
ഡല്‍ഹി സര്‍ക്കാര്‍ പുതിയ ഇ വി നയവുമായി വരികയാണ്. ഡല്‍ഹി തെരുവുകളില്‍ ഒരു ലക്ഷത്തിലേറെ സിഎന്‍ജി ഓട്ടോറിക്ഷകളാണ് ഇപ്പോള്‍ സേവനം നടത്തുന്നത് ഈ ഓട്ടോറിക്ഷകള്‍ എല്ലാം തന്നെ ഡല്‍ഹി റോഡുകളോട് 2027 ഡിസംബര്‍ 31 ന് വിട പറയും. ഡല്‍ഹിയില്‍ ഓടുന്ന ബസ്സുകള്‍ എല്ലാം ഇലക്ട്രിക് ബസുകള്‍ ആയി മാറി കൊണ്ടിരിക്കുകയാണ്. താമസമില്ലാതെ ഡല്‍ഹിയിലെ എല്ലാ പൊതു ഗതാഗത വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായി മാറുന്ന കാഴ്ച ഉണ്ടാകും. 2025 ഓഗസ്റ്റ് 15 മുതല്‍ സിഎന്‍ജിയില്‍ ഓടുന്ന പുതിയ ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന്‍ നിരോധിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 10 വര്‍ഷത്തിലേറെ പഴക്കമുള്ള എല്ലാ സിഎന്‍ജി ഓട്ടോറിക്ഷകളും ബാറ്ററിയിലേക്ക് മാറ്റണമെന്നുള്ള പുതിയ നിയമവും ഉടനെ പ്രാബല്യത്തിലാവും. രൂക്ഷമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണം ആണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 2026 ഓഗസ്റ്റ് 15 മുതല്‍ പെട്രോള്‍ ഡീസല്‍ സിഎന്‍ജി എന്നിവയില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും പുതിയ രജിസ്ട്രേഷന്‍ അനുവദിക്കരുതെന്ന് പുതിയ വാഹന നയത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
മുസരീസ് കേരള ഫെസ്റ്റ്
ഡല്‍ഹി ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഒരു കേന്ദ്രമായി മാറിയിട്ട് വര്‍ഷങ്ങളായി. പ്രശസ്തമായ പല സര്‍വ്വകലാശാലകളും ഡല്‍ഹിയിലുണ്ട്. എല്ലാ സര്‍വകലാശാലയിലും മലയാളികളുടെ കൂട്ടായ്മയുണ്ട്. ഇക്കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ചു. മുസരീസ് കേരള ഫെസ്റ്റിവല്‍ എന്നാണ് അവര്‍ അതിനു പേരിട്ടത്. 2008 മുതല്‍ ജാമിയ സര്‍വകലാശാലയില്‍ സജീവമായ സ്മൃതി ഇത് എട്ടാം തവണയാണ് ഇങ്ങനെ ഒരു ആഘോഷം നടത്തുന്നത് എന്നുള്ളതും എടുത്തു പറയേണ്ട കാര്യമാണ്. ജാമിയയിലെ സ്മൃതി മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മയും, ജാമിയ സര്‍വ്വകലാശാല സാംസ്കാരിക കമ്മിറ്റിയും ചേര്‍ന്നാണ് ഇത്തവണത്തെ പരിപാടിക്ക് നേത്യത്ത്വം നല്‍കിയത്. കേരള തനിമ ആഘോഷമാക്കിയാണ് ജാമിയയിലെ മുസരീസ് സാംസ്കാരിക മേള നടന്നത്. രണ്ടുദിവസം നീണ്ടുനിന്ന പരിപാടിയില്‍ ഭക്ഷ്യമേളയും സിനിമ പ്രദര്‍ശനങ്ങളും ഫോട്ടോ എക്സിബിഷനും പാനല്‍ ഡിസ്കഷനും സാംസ്കാരിക പരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു. വടക്കന്‍ കേരളത്തിന്‍റെ പ്രശസ്ത കലാരൂപമായ തെയ്യവും സാംസ്കാരിക പരിപാടിയുടെ ഭാഗമായി എത്തിയത് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പോലും കൗതുകമായി. സാംസ്കാരിക ഘോഷയാത്ര ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങിന് അഭിനന്ദനം
റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂര്‍ത്തിയാക്കിയതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി കേരളത്തിനെ അഭിനന്ദിച്ചു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനിലിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര മന്ത്രി അഭിനന്ദിച്ചത്. സംസ്ഥാനത്തെ കാര്‍ഡുടമകളില്‍ 94 ശതമാനമാണ് നിലവില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. ഉള്‍പ്രദേശങ്ങളിലുള്ളവരും ശാരീരിക വൈഷമ്യങ്ങളുള്ളവരുമാണ് മസ്റ്ററിങ്ങില്‍ പിന്നില്‍. അതുകൊണ്ടുതന്നെ പരമാവധി റേഷന്‍ കാര്‍ഡ് ഉടമകളെ മസ്റ്ററിങ് നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യം. മസ്റ്ററിങ് തീയതി ദീര്‍ഘിപ്പിച്ചു ലഭിച്ചാല്‍ സര്‍ക്കാരിന് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയും. ഇതുസംബന്ധിച്ച സെക്രട്ടറി തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമെങ്കില്‍ തീയതി നീട്ടുന്നത് പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയെന്ന് മന്ത്രി അറിയിച്ചു. 2022-23 സാമ്പത്തികവര്‍ഷം ഹൈദരാബാദ് എന്‍.ഐ.സി. നല്‍കിയ വിവരങ്ങളിലെ സാങ്കേതിക പിഴവുമൂലം തടഞ്ഞുവച്ചിരിക്കുന്ന 207.56 കോടി രൂപ കേരളത്തിനു അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രിക്ക് അനുകൂല നിലപാടാണ്. ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരം റേഷന്‍ കാര്‍ഡുടമയ്ക്ക് അതിനു തത്തുല്യമായ പണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതയി മന്ത്രി അറിയിച്ചു. കേരളത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം കുറയ്ക്കുന്നതും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതും പൊതുവിതരണ സംവിധാനത്തിന്‍റെ മികവുകൊണ്ടാണ് . ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ 15 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഭക്ഷ്യ സബ്സിഡിയ്ക്ക് പകരം പണം എന്ന രീതി സംസ്ഥാനത്ത് ഭക്ഷ്യധാന്യ ശേഖരത്തില്‍ വന്‍ കുറവുണ്ടാക്കും. ഭക്ഷ്യ ധാാന്യങ്ങള്‍ക്കായി പൊതുവിപണിയെ പൂര്‍ണ്ണമായി ആശ്രയിക്കുന്ന നിലയുണ്ടായാല്‍ പൂഴ്ത്തിവയ്പിനും വിലക്കയറ്റത്തിനും കാരണമാകും. പൊതുവിതരണ ശൃംഖലയില്‍ മുഖ്യപങ്കുവഹിക്കുന്ന റേഷന്‍ കടക്കാരുടെയും ലോഡിങ് തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും ഉപജീവനമാര്‍ഗ്ഗത്തിനും ഈ പദ്ധതി തടസ്സമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
.jpeg)

