ഡല്‍ഹിയുടെ അശോകേട്ടന്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
പൊതുസമൂഹത്തോട് അഭിമുഖീകരിക്കുന്ന ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായാലും ഡല്‍ഹി കേന്ദ്രീകരിച്ച് കുറച്ചുകാലം പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. സ്വയം വളരുവാനും വിശാലമനസ്ഥിതി ഉണ്ടാകുവാനും രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പ്രവര്‍ത്തനം കൊണ്ട് ഒരാള്‍ക്ക് സാധിക്കും എന്നുള്ളതിന്‍റെ ഒട്ടേറെ തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്. മലയാള സാഹിത്യത്തെ വളര്‍ത്തിയെടുത്ത പ്രമുഖ കൃതികള്‍ ഒന്ന് പരിശോധിക്കുക. അത് എഴുതിയവര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് ഭൂരിപക്ഷവും. മാധ്യമ രംഗത്ത് ആയാലും രാഷ്ട്രീയ രംഗത്ത് ആയാലും കലാരംഗത്തായാലും രാജ്യ തലസ്ഥാനത്തുള്ള പ്രവര്‍ത്തനം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ പാടെ മാറ്റിമറിക്കുന്ന ഒന്നാണ്. ചിന്താഗതിയില്‍ വലിയ മാറ്റം ഉണ്ടാകുന്ന ഒന്നാണ്. കേവലം ശുഷ്കമായ മാനസികാവസ്ഥയില്‍ നിന്ന് ഒരു വ്യക്തിക്ക് മാറ്റം ഉണ്ടാകുവാന്‍ രാജ്യ തലസ്ഥാനം എപ്പോഴും പ്രേരക ശക്തിയായി മാറും എന്ന് കാണാവുന്നതാണ്.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പതിറ്റാണ്ടുകള്‍ നീണ്ട സമാനതകളില്ലാത്ത മാധ്യമ പ്രവര്‍ത്തനം നടത്തിയ ഒട്ടേറെ പേര്‍ ഇല്ല എന്ന് പറയാം. വളരെ കുറച്ച് മലയാളികള്‍ മാത്രമാണ് മാധ്യമ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ദേശിയ തലത്തില്‍ മാതൃഭൂമി പത്രത്തിന്‍റെ പ്രതിനിധിയായി ഇന്നും പ്രവര്‍ത്തിക്കുന്ന എന്‍ അശോകന്‍ എന്ന അശോകേട്ടന്‍ മാധ്യമ ലോകത്തെ ഗുരു സ്ഥാനിയനാണ്. കാലങ്ങളായി മാതൃഭൂമി പത്രത്തിലൂടെ ഡല്‍ഹി വിശേഷങ്ങള്‍ മലയാളിക്ക് പങ്കുവെക്കുന്ന അശോകേട്ടന്‍ 80 വയസ്സ് പൂര്‍ത്തീകരിച്ചിരിക്കുന്നു എന്നുള്ളത് അത്ഭുതത്തോടുകൂടിയാണ് പൊതുസമൂഹം കാണുന്നത്. ഇന്നും ഊര്‍ജ്ജസ്വലതയോടെ മാധ്യമ പ്രവര്‍ത്തനരംഗത്ത് സജീവമായി നില്‍ക്കുന്ന എന്‍. അശോകന്‍ എന്ന വ്യക്തിക്ക് പൂര്‍ണസമയ മാധ്യമ രംഗത്തുള്ള പ്രവര്‍ത്തനത്തിന് അമ്പതാം വര്‍ഷവും തികയുകയാണ്. എന്‍. അശോകന്‍റെ എണ്‍പതാം പിറന്നാളും മാധ്യമ പ്രവര്‍ത്തന രംഗത്ത് പൂര്‍ണ്ണസമയം ചെലവഴിച്ചതിന്‍റെ അന്‍പതാം വര്‍ഷവും വലിയ ആഘോഷമാക്കി മാറ്റുകയാണ് മലയാളികള്‍.
1945 ഏപ്രില്‍ 15ന് കോഴിക്കോട് ജനിച്ച അശോകന്‍ 80 ാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. കോഴിക്കോട് നാറാത്ത് കുട്ടന്‍റെയും കല്യാണിയുടെയും മകനായി ജനിച്ച നാറാത്ത് അശോകന്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തോട് അടുപ്പം പുലര്‍ത്തിയ വ്യക്തിയാണ്. കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുവാന്‍ കുട്ടിക്കാലം മുതല്‍ അദ്ദേഹം ശ്രമിച്ചിരുന്നു എന്നുവേണം മനസ്സിലാക്കുവാന്‍. സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ കോണ്‍ഗ്രസ് അനുഭാവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോട് ചേര്‍ന്ന് സഞ്ചരിക്കുന്ന സ്വഭാവക്കാരനായിരുന്നു എന്‍. അശോകന്‍. സ്ക്കൂള്‍ കോളേജ് വിദ്യാഭ്യാസ കാലത്ത് സജീവമായി കെ.എസ്.യുവിന്‍റെ പ്രവര്‍ത്തകനായി. ജില്ലാ ഭാരവാഹിയായി. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ തന്നെയാണ് അദ്ദേഹം പാരലല്‍ കോളേജില്‍ അധ്യാപകനായത്. അതോടെ യൂത്ത് കോണ്‍ഗ്രസിന്‍റെ ജില്ലാ നേതൃത്വത്തിലേക്കും അശോകന്‍ എത്തി.
പാരലല്‍ കോളേജില്‍ അധ്യാപകനായ സമയത്താണ് മാതൃഭൂമിയില്‍ ഒരു സ്ട്രിങ്ങറായി പ്രവര്‍ത്തിക്കുവാന്‍ അശോകന്‍ തുടക്കം കുറിച്ചത്. ഇത് 1969ലായിരുന്നു. അധ്യാപക ജോലിയും മാതൃഭൂമിയുടെ സ്ട്രിങ്ങറായി വാര്‍ത്തകള്‍ എഴുതുകയും യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പൊതുരംഗത്തും അശോകന്‍ നിറഞ്ഞുനിന്നു. 1975 ലാണ് മാതൃഭൂമിയില്‍ പൂര്‍ണസമയ മാധ്യമ പ്രവര്‍ത്തകനായി അശോകന്‍ ചേരുന്നത്. പിന്നീട് മാതൃഭൂമി വിട്ട് ഒരു മാധ്യമ സ്ഥാപനത്തിലും പോയിട്ടില്ല എന്നുള്ളത് പുതുതലമുറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത്ഭുതം ആയി തോന്നാം. ഇന്നും മാതൃഭൂമിയുടെ പ്രതിനിധിയാണ് എന്‍. അശോകന്‍.
മാതൃഭൂമിയുടെ ഡല്‍ഹി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായി പോകുന്ന 1981 ലാണ് ആദ്യമായി എന്‍ അശോകന്‍ വിമാനത്തില്‍ കയറിയത്. 1982 ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഒപ്പം വിദേശ യാത്ര. പ്രധാനമന്ത്രിയുടെ സോവിയറ്റ് യൂണിയന്‍ യാത്രയില്‍ അങ്ങിനെ ആദ്യമായി എന്‍. അശോകന്‍ ഭാഗമായി. പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ശാരദാ പ്രസാദും മാതൃഭൂമി എഡിറ്റര്‍ വി.പി. രാമചന്ദ്രനും അടുത്ത സുഹൃത്തുക്കളായതിന്‍റെ നേട്ടമാണ് എന്‍. അശോകന് ലഭിച്ചത്. ആറ് മാധ്യമ പ്രവര്‍ത്തകര്‍ മാത്രമാണ് അന്ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ റഷ്യന്‍ സന്ദര്‍ശന യാത്രയിലേയ്ക്ക് തിരഞ്ഞെടുത്തത്. രാജസ്ഥാനിലെ പ്രമുഖ മാധ്യമ സ്ഥാപനത്തിന്‍റെ മേധാവിയും രാജ്യസഭാ അംഗവുമായ ഗുരുദേവ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മേധാവി ഉണ്ണികൃഷ്ണന്‍, യു.എന്‍.ഐയുടെ രംഗരാജന്‍, തുടങ്ങിയ പ്രമുഖരുടെ കൂടെയാണ് മാധ്യമ രംഗത്ത് ഏറെ പരിചയമില്ലാത്ത എന്‍. അശോകന് അന്ന് അവസരം ലഭിച്ചത്.
മോസ്ക്കോയിലെ പ്രധാന സന്ദര്‍ശനങ്ങളിലൊന്ന് ശൂന്യാകാശ യാത്രയ്ക്ക് പോകുന്നവര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രമായ സ്റ്റാര്‍ സിറ്റി സന്ദര്‍ശനമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഉദ്യോഗസ്ഥരെ ശൂന്യാകാശ യാത്രയുടെ പരിശീലനത്തിനായി അയച്ചിരുന്നു. ഈ വിവരം വളരെ രഹസ്യമായാണ് വെച്ചിരുന്നത്. ഇന്ദിരാ ഗാന്ധി ഇരുവരേയും കാണുവാനാണ് സ്റ്റാര്‍ സിറ്റിയില്‍ പോകുന്നത്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൂടെ ഒപ്പം നടന്ന് മോസ്ക്കോയിലെ പ്രശസ്തമായ ശൂന്യാകാശ യാത്രികരെ പരിശീലിപ്പിക്കുന്ന സ്റ്റാര്‍ സിറ്റിയില്‍ എത്തി. അവിടെ പരിശീലനം നടത്തുന്ന രണ്ട് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരായ രാകേശ് ശര്‍മ്മയേയും, രവീഷ് മല്‍ഹോത്രയേയും കാണുവാനാണ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി അടക്കമുള്ള ഇന്ത്യന്‍ സംഘത്തെ കണ്ട അവര്‍ ഏറെ സന്തോഷിച്ചു. രണ്ട് പേര്‍ക്ക് പരിശീലനം നല്‍കിയെങ്കിലും രാകേഷ് ശര്‍മ്മയ്ക്കാണ് ശൂന്യാകാര യാത്രയ്ക്ക് അവസരം ലഭിച്ചത്. തങ്ങളില്‍ ഒരാള്‍ മാത്രമേ ശൂന്യാകാശ യാത്രയ്ക്ക് പോകൂ എന്ന് അവര്‍ പറഞ്ഞിരുന്നു. രണ്ട് പേര്‍ ശൂന്യാകാശ യാത്രയ്ക്ക് ഒരുങ്ങുന്ന വാര്‍ത്ത മാതൃഭൂമിയില്‍ വളരെ പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്‍. അശോകനെ ഏറെ ശ്രദ്ധേയനാക്കിയ വാര്‍ത്തയായി അത് മാറി.
ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ ഡല്‍ഹിയില്‍ ഒട്ടേറെ മറക്കാന്‍ സാധിക്കാത്ത അനുഭവങ്ങളുണ്ടെന്ന് എന്‍ അശോകന്‍ പറയുന്നു. അതില്‍ എടുത്ത് പറയേണ്ടത് ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവും അതിനെ തുടര്‍ന്നുണ്ടായ സിഖ് കലാപവുമാണ്. ഇത് നേരിട്ട് കണ്ടാണ് റിപ്പോര്‍ട്ട് ചെയ്തത് എന്നത് നടുക്കത്തോടെ മാത്രമേ ഇപ്പോള്‍ ഓര്‍ക്കുവാന്‍ സാധിക്കൂ എന്നും അശോകന്‍ കൂട്ടി ചേര്‍ത്തു. ഡല്‍ഹിയില്‍ മാത്രമായിരുന്നില്ല കലാപമെങ്കിലും ഏറ്റവും കൂടുതല്‍ നാശനഷ്ടം ഡല്‍ഹിക്കായിരുന്നു. അന്നത്തെ കാഴ്ച്ചകള്‍ കണ്ടവര്‍ക്ക് ജീവിതകാലം മുഴുവന്‍ ഞെട്ടിക്കുന്ന ചിത്രം മനസില്‍ നിന്ന് മായില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മാധ്യമ ജീവിതത്തില്‍ പലരുടേയും ഉയര്‍ച്ചയും താഴ്ച്ചയും താന്‍ കണ്ടിട്ടുണ്ടെന്ന് എന്‍ അശോകന്‍ സാക്ഷ്യപ്പെടുത്തുന്നു. കൂണുപോലെ പൊന്തിവന്ന പല സംഘടനകളും ഇല്ലാതാകുന്നതിന് സാക്ഷിയായി. ഇന്ന് നമ്മുടെ രാജ്യം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മത സൗഹാര്‍ദ്ദം. എല്ലാ മതങ്ങളേയും ഉള്‍ക്കൊണ്ട സംസ്കാരമാണ് ഇന്ത്യയുടേത്. അത് സംരക്ഷിക്കുന്നതിന് കോണ്‍ഗസിന് സംഭവിച്ച പാളിച്ചയാണ് നമ്മുടെ രാജ്യത്ത് മതങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദ ഉണ്ടാകുവാനുള്ള ഒരു കാരണമെന്നാണ് അശോകന്‍റെ പക്ഷം. ഇന്ത്യന്‍ പ്രധാനമന്ത്രിയും, കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന രാജീവ് ഗാന്ധിയുടെ സഹപാഠികളാണ് അരുണ്‍ സിംഗും അരുണ്‍ നെഹ്റുവും. മൂവരും ഡെറാഡൂണിലെ ഡൂണ്‍ സ്ക്കൂളില്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഇവരുടെ കൂട്ടുകെട്ടും, ശിലാന്യാസ തീരുമാനവുമായി ബന്ധമുണ്ടെന്നത് അക്കാലത്ത് ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് പറയുവാനാകും. സുഹ്യത്തുക്കളായ രണ്ട് അരുണ്‍മാര്‍ നല്‍കിയ ഉപദേശമായിരുന്നു ശിലാന്യാസ അനുമതി. ഇന്ദിരാ ഗാന്ധിയെ കൊണ്ട് അമ്യത്സറിലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് പ്രേരിപ്പിച്ചതില്‍ ഈ മൂവര്‍ സംഘത്തിന് വലിയ പങ്കാണുള്ളത്.
കേന്ദ്ര അഭ്യന്തിര മന്ത്രി ഭൂട്ടാ സിംഗും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ഡി. തിവാരിയും പങ്കെടുത്ത ശിലാന്യാസ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ദിവസം അശോകന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ബുര്‍ക്ക ധരിച്ച പരിസരങ്ങളിലെ മുസ്ലീം സ്ത്രീകളടക്കമുള്ള ജനങ്ങള്‍ കൂട്ടമായി ശിലാന്യാസ വേദിയിലേയ്ക്ക് ജയ് ശ്രീറാം വിളിച്ച് വന്നിരുന്ന കര്‍സേവകരെ കൗതുകത്തോടെ നോക്കി നില്‍ക്കുന്ന കാഴ്ച്ച കണ്ടിരുന്നു. ആരും ആരേയും പരിഹസിക്കുകയോ, എതിര്‍ക്കുകയോ, പ്രതിഷേധിക്കുകയോ ഉണ്ടായില്ല. വളരെ സൗഹൃദപരമായിരുന്നു അന്നത്തെ അന്തരീക്ഷം. വര്‍ഷങ്ങള്‍ക്കിപ്പുറം അങ്ങനെ ഒരു സാഹചര്യം ഓര്‍ക്കുവാന്‍ പോലും സാധിക്കുന്നില്ല എന്നതാണ് അന്നത്തെ കാഴ്ച്ചയെ സമ്പന്നമാക്കുന്നത്.
അയോധ്യയില്‍ ആദ്യ കാലങ്ങളില്‍ റിപ്പോട്ടിങ്ങിന് എടുത്ത ബുദ്ധിമുട്ടുകള്‍ ഓര്‍ക്കുന്നത് തന്നെ ആവേശമാണെന്നാണ് അശോകന്‍ പറയുന്നത്. വാര്‍ത്തയ്ക്ക് വേണ്ട വിഭവ സമാഹാരം കഴിഞ്ഞ് ടാക്സി പിടിച്ച് ലക്നൗ പോകണം. അവിടെ പോസ്റ്റോഫീസില്‍ ഫാക്സ് സൗകര്യമുണ്ട്. വാര്‍ത്ത എഴുതാന്‍ മേശയും, കസേരയുമുണ്ട്. ഇന്നത്തെ പോലെ മാധ്യമ പ്രവര്‍ത്തകരുടെ എണ്ണമില്ല. ലക്നൗ പോസ്റ്റോഫീസില്‍ ഇരുന്ന് മാതൃഭൂമിക്ക് വേണ്ടി എത്രയോ വാര്‍ത്തകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അയോധ്യാ വാര്‍ത്തകള്‍ മാത്രമല്ല, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് വാര്‍ത്തകളും അവിടെ ഇരുന്ന് എഴുതി കോഴിക്കോടേയ്ക്ക് ഫാക്സ് ചെയ്യ്തിട്ടുണ്ട്. കുറേ കഴിഞ്ഞപ്പോള്‍ ഫാക്സ് സൗകര്യം അയോധ്യയിലും ലഭ്യമായി. ഇന്ന് നമ്മള്‍ എവിടെ നിന്നും റിപ്പോര്‍ട്ടും ചിത്രങ്ങളും അയക്കുവാനുള്ള സംവിധാനങ്ങള്‍ ഉണ്ട് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ശിലാന്യാസത്തിന് മുന്‍പ് സമാധാന അന്തരീക്ഷമായിരുന്ന അയോധ്യയില്‍ പിന്നീടുള്ള വര്‍ഷങ്ങളിലെ ദീപാവലി, ഹോളി, രാമനവമി തുടങ്ങിയ ആഘോഷ നാളുകളില്‍ സംഘര്‍ങ്ങളുണ്ടായി. ദേശിയ മാധ്യമ പ്രവര്‍ത്തകര്‍ ഈ കാലങ്ങളില്‍ അയോധ്യയിലെത്തുന്നത് പതിവായിരുന്നു. മാത്യഭൂമിയെ പ്രതിനിധീകരിച്ച് ഈ കാലങ്ങളില്‍ പതിവായി അവിടെ പോകുമായിരുന്നു. ബാബറി മസ്ജീദ് പൊളിക്കുന്ന ദിവസം ഡല്‍ഹിയിലായിരുന്നു. മനസില്‍ നീറ്റലുണ്ടാക്കിയ വാര്‍ത്തയായിരുന്നു അത്.
നരസിംഹ റാവു എന്ന മഹാനായ നേതാവിന്‍റെ ഉദിച്ചുയരല്‍ നേരിട്ട് കണ്ടതും അദ്ദേഹത്തിന്‍റെ അസ്തമയവും കണ്ട മാധ്യമ പ്രവര്‍ത്തകനാണ് താനെന്ന് എന്‍. അശോകന്‍ പറയുന്നു. നരസിംഹ റാവു അനാരോഗ്യകരമായ കാരണം പറഞ്ഞ് 1991 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്ന കാലമാണ്. തിരഞ്ഞെടുപ്പിനിടയില്‍ രാജീവ് ഗാന്ധി കൊല ചെയ്യപ്പെട്ടു. ഗമവായത്തിന്‍റെ ഭാഗമായി റാവു കോണ്‍ഗ്രസിന്‍റെ അധ്യക്ഷനാകുകയായിരുന്നു. തീരെ അവശനായ നരസിംഹ റാവുവിനെ ആര്‍.കെ. ധവാനും മാര്‍ഗരറ്റ് ആല്‍വയും അക്ഷരാര്‍ത്ഥത്തില്‍ താങ്ങിയാണ് വേദിയില്‍ പൊക്കി കൊണ്ട് ഇരുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ അശോകനും അന്ന് അവിടെ ഉണ്ടായിരുന്നു. നരസിംഹ റാവുവിന്‍റെ നേതൃത്ത്വത്തിലാണ് പിന്നീടുള്ള തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് നേരിട്ടത്. റിപ്പോര്‍ട്ടിങ്ങിന്‍റെ ഭാഗമായി നരസിംഹ റാവുവിനെ ഇലക്ഷന്‍ പ്രചരണ സമയത്ത് കാണുവാനായി കോണ്‍ഗ്രസ് ആസ്ഥാനത്ത് പോയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് പേരുടെ സഹായത്താല്‍ നടന്നിരുന്ന നരസിംഹ റാവു ഊര്‍ജ്ജസ്വലനായി കണ്ടത് അശോകന്‍ ഓര്‍ക്കുന്നു.
നരസിംഹറാവു പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്‍റെ അധ്യക്ഷനും ആയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ മരണശേഷം ഉണ്ടായ ദയനീയ സംഭവങ്ങള്‍ക്കും അശോകന്‍ സാക്ഷിയായി. നരസിംഹ റാവുവിന്‍റെ ചേതനയറ്റ ശരീരം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിച്ചപ്പോള്‍, സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം ഗേറ്റുകള്‍ താക്കോലിട്ട് പൂട്ടി. റാവുവിന്‍റെ ശവമഞ്ചം കോണ്‍ഗ്രസ് ആസ്ഥാനത്തിന്‍റെ പുറത്ത് 24 അക്ബര്‍ റോഡിലായിരുന്നു പൊതു ദര്‍ശനത്തിനായി നിര്‍ത്തിയിട്ടത്. ഇങ്ങനെ നൂറ് നൂറ് സംഭവങ്ങള്‍ക്ക് സാക്ഷിയായ എന്‍ അശോകന്‍റെ എണ്‍പതാം പിറന്നാളും, മുഴുവന്‍ സമയ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ അന്‍പത് വര്‍ഷവും ആഘോഷിക്കുകയാണ്. അശോകേട്ടന് എല്ലാ ആശംസകളും.
