കലയും, സ്പോര്‍ട്ട്സും ലഹരിയാവണം

കലയും, സ്പോര്‍ട്ട്സും ലഹരിയാവണം

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


കേരളത്തിലെ അമിതമായ ലഹരി പ്രയോഗമാണ് ഇപ്പോള്‍ കേരളം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത.് ഇതിനെതിരെ ശക്തമായ പ്രചരണ പരിപാടികള്‍ കേരളത്തില്‍ വിവിധ സംഘടനകള്‍ തുടങ്ങിയിട്ടുണ്ട്. ലഹരി ഉപയോഗം വ്യാപകമാകുന്നു എന്നുള്ള സൂചനകള്‍ വര്‍ഷങ്ങളായി നമ്മുടെ കേരളത്തിലെ മാധ്യമങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ദൂഷ്യവശങ്ങളും പൊതുസമൂഹത്തില്‍ കഴിഞ്ഞ കുറേ നാളുകളായി ചര്‍ച്ചയാണ്. എന്നാല്‍ അത് അത്ര ഗൗരവത്തില്‍ നമ്മുടെ സമൂഹമേറ്റെടുത്തു എന്നത് വ്യക്തമല്ല. അത് നിസാരവത്ക്കരിച്ചു എന്ന് പറയുന്നതിലും തെറ്റില്ല. സമീപകാലത്ത് ലഹരി മൂലം ഉണ്ടായ അതിക്രമങ്ങള്‍ ലഹരി വിഷയം ഗൗരവത്തില്‍ ആക്കുവാന്‍ കാരണമായിട്ടുണ്ട് എന്ന് തന്നെ നമുക്ക് പറയാം. 

ലഹരി ഉപയോഗം നമ്മുടെ സമൂഹത്തില്‍ കൂടുന്നത് പുതു തലമുറയെ കാര്‍ന്നു തിന്നുന്ന വിഷമായി മാറിയിരിക്കുന്നു. ലഹരിയുടെ ദൂഷ്യവശങ്ങള്‍ അറിയാത്തത് കൊണ്ടല്ല അവര്‍ അവിടേയ്ക്ക് പോകുന്നത്. മനുഷ്യന്‍റെ ബോധ മണ്ഡലത്തില്‍ക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാന്‍ കഴിവുള്ള രാസവസ്തുക്കളെ ലഹരിവസ്തുക്കള്‍ എന്ന് പറയുന്നു. ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയിലയാണ്. മദ്യവും കഞ്ചാവും കറുപ്പും മോര്‍ഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏതുതരത്തില്‍ ഉള്ള ലഹരിവസ്തുക്കള്‍ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങള്‍ക്കും അത് വഴിവെക്കുന്നു. മനുഷ്യനെ ശാരീരികമായും മാനസികമായും തകര്‍ക്കുന്ന സാമൂഹ്യ വിപത്താണ് ലഹരി.

പുതുതലമുറയുടെ കാഴ്ചപ്പാട് തന്നെ മാറിയ സ്ഥിതിയാണ് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്. അവര്‍ക്ക് മാതാപിതാക്കളെയോ, മുതിര്‍ന്നവരേയോ, ഗുരുക്കന്‍മാരേയോ പേടിയില്ലാതായിരിക്കുന്നു. സ്ക്കൂളുകളില്‍ നിന്ന് ചൂരല്‍ വടികള്‍ അപ്രത്യക്ഷമായിരിക്കുന്നു. വീടുകളില്‍ പോലും ശിക്ഷാ നടപടികള്‍ ഉണ്ടാകുന്നില്ല. കൂടുതല്‍ മോശം അവസ്ഥയിലേയ്ക്ക് പോകുന്ന ഇന്നത്തെ തലമുറയെ രക്ഷിച്ചെടുക്കേണ്ടത് നമ്മുടെയോരോത്തരുടേയും ആവശ്യമാണ്. ഇല്ലെങ്കില്‍ നഷ്ടമാകുന്നത് നമ്മുടെ മക്കളോ, സുഹൃത്തുക്കളോ, വേണ്ടപ്പെട്ടവരോ ഒക്കെയാകാം. നന്മയുള്ളവനായി ജീവിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അവനവന്‍ തന്നെയാണ്. 

ലഹരിയുടെ അമിത ഉപയോഗം പ്രായ ലിംഗ വ്യത്യാസമില്ലാതെ നടക്കുന്നു എന്നുള്ളതാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് കാണുവാന്‍ സാധിക്കുന്നത.് സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പോലും ലഹരിപ്രയോഗം കൂടി വരുന്നതായി കാണുന്നു. നമ്മുടെ തെരുവുകളില്‍ പോലും മയക്കുമരുന്ന് വിതരണം നടക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്െ. കേരളത്തെ നമ്മള്‍ പ്രബുദ്ധ കേരളമെന്നാണ്  വിശേഷിപ്പിക്കാറുള്ളത് എത്ര അഭിമാനത്തോടെയാണ്. ഒട്ടേറെ സാമൂഹിക പരിഷ്കരണ നേട്ടങ്ങള്‍ നമ്മുടെ നവോത്ഥാന നായകന്മാര്‍ കേരളത്തിന് നല്‍കിയിട്ടുണ്ട് എന്നത് ഓര്‍ക്കേണ്ടതാണ്. അത് വലിയ സാമൂഹിക നേട്ടങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരുപക്ഷേ വികസ്വര രാജ്യങ്ങള്‍ക്കുമൊക്കെ മാതൃകയാവുന്ന തരത്തിലുള്ളതാണ് പൊതുവിദ്യാഭ്യാസ രംഗത്തും പൊതുജനാരോഗ്യരംഗത്തുമൊക്കെ നമ്മള്‍ നേടിയ നേട്ടങ്ങള്‍. കോവിഡ് മഹാമാരി കാലത്ത് നമ്മള്‍ അത് അഭിമാനത്തോടെ പറഞ്ഞിരുന്നതാണ്. വളരെ മുന്തിയ കലാ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ ബോധമുള്ളവരാണ് മലയാളികള്‍. സാമൂഹികവും ജാതീയവുമായ അസമത്വങ്ങള്‍ക്കെതിരാണ് മലയാളിയുടെ പൊതുമനസ്സ്. എന്നാല്‍ നമ്മുടെ സാമൂഹിക സുസ്ഥിതിയെയും, പൊതുജനാരോഗ്യത്തെയും, ഉത്പാദനക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും ഒക്കെ ബാധിക്കുന്ന തരത്തില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് മലയാളിയുടെ ഇടയില്‍ ഇപ്പോള്‍ കൂടിവരുന്ന ലഹരിയുടെ ഉപയോഗം.

കാലം മാറുന്നത് അനുസരിച്ച് സമൂഹവും മാറിക്കൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കുവാന്‍. ലേഖകന്‍ സ്കൂളുകളില്‍ പോയിരുന്ന കാലത്ത് ലഹരി എന്നുള്ള വാക്ക് തന്നെ വിദ്യാര്‍ത്ഥികളില്‍ അറപ്പുളവാക്കുന്ന ഒന്നായിരുന്നു. മദ്യപാനം എന്നുള്ളത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അന്യമായിരുന്നു. അന്നത്തെ കുട്ടികള്‍ മദ്യപാനത്തിനും പുകവലിക്കും പ്രായമാകണമെന്ന് കരുതിയിരുന്നു. കുട്ടികള്‍ക്ക് ചേര്‍ന്നതല്ല ഇതൊക്കെ എന്ന ബോധം അവരില്‍ ഉണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ചെറിയ കുട്ടികളാണ് മയക്കുമരുന്നിന്‍റെ അടിമകളായി പല ക്രിമിനല്‍ നടപടിക്രമങ്ങളിലേക്കും കടക്കുന്നത്. സാങ്കേതികവിദ്യ വളര്‍ന്നതോടുകൂടി ഇത്തരം രംഗങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പരസ്യമാവുകയാണ്. ഇത് ഞെട്ടിക്കുന്ന കാഴ്ചയാണ്. ഈ കാഴ്ച നമ്മുടെ സമൂഹത്തെ അപകടകരമായ മേഖലകളിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്.

നമ്മുടെ പുതിയ തലമുറയ്ക്ക് ലഹരിയിലേക്ക് അടുപ്പിക്കുവാന്‍ കാരണമായത് വളര്‍ന്ന സാങ്കേതികവിദ്യ തന്നെയാണ.് കുട്ടികള്‍ ഏറ്റവും അടിമ പെടുന്ന ഓണ്‍ലൈന്‍ ഗെയിമുകളും, മൊബൈല്‍ ഗെയിമുകളും മറ്റും തെറ്റായ മാര്‍ഗ്ഗങ്ങളിലേക്കുള്ള ചൂണ്ടുപലകങ്ങളായി വിലയിരുത്തുന്നുണ്ട്. ചില ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമുകളില്‍ ശക്തി നേടുവാന്‍ വേണ്ടി ലഹരി കഴിക്കുകയും ശേഷം വിജയത്തിലേക്ക് നയിക്കുവാന്‍ കൊലപാതകങ്ങള്‍ നടത്തുന്നതുമായ സന്ദര്‍ഭങ്ങള്‍ ഉണ്ടത്രെ. തോക്കും, വാറും, കഠാരയും ഗെയിമുകളില്‍ സ്ഥിരമായി ഉണ്ട്. തലവെട്ടി മാറ്റി ചോര ചീറ്റിച്ചാല്‍ ജയം ഉണ്ടാകുമെന്ന സാഹചര്യമാണ് ഉള്ളത്. 

ജീവിതത്തിലെ പ്രതിസന്ധികള്‍ക്കും പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ലഹരി ഉപയോഗമല്ലെന്നും ആത്മധൈര്യത്തോടെ ജീവിതത്തെ നേരിടുകയാണ് വേണ്ടതെന്നും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലഹരിയില്‍ എരിഞ്ഞടങ്ങുകയാണ് നമ്മുടെ സമൂഹത്തിലെ ഒരു വിഭാഗം. ലോകത്തെ മറന്ന് ഉന്മാദാവസ്ഥയിലേക്ക് ലഹരിക്ക് അടിമപ്പെടുന്നവര്‍ എത്തുന്നു. അതാണ് ആക്രമണത്തിലേയ്ക്കും മറ്റ് പ്രവര്‍ത്തികളിലേയ്ക്കും അവരെ കൊണ്ടെത്തിക്കുന്നത്. ലഹരിയുടെ ലോകത്തിലൂടെ സഞ്ചരിക്കുന്നവര്‍ സമൂഹത്തില്‍ അപഹാസ്യരാകുന്നു എന്നത് അവര്‍ തന്നെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ലഹരിമുക്തരാകാന്‍ സാധിക്കൂ. 

ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടി വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായ പ്രചരണങ്ങള്‍ ചടുലമായി തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ലഹരി മൂലം അവരുടെ കഴിവുകളെ ഇല്ലായ്മ ചെയ്യുന്നു എന്നുള്ളത് അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കുട്ടികളില്‍ നിന്ന് ലഹരിയെ മാറ്റിനിര്‍ത്തുന്നതിന് അവരെ കലാ, സാംസ്കാരിക, സ്പോര്‍ട്ട്സ് രംഗത്തേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. ചിത്രകലയില്‍ താല്പര്യമുള്ള കുട്ടികളെ ചിത്രകലയിലേക്കും, സംഗീതത്തില്‍ താല്പര്യമുള്ളവരെ സംഗീതത്തിലേക്കും, അഭിനയത്തില്‍ താല്‍പര്യമുള്ളവരെ അഭിനയ രംഗത്തേയ്ക്കും, സ്പോര്‍ട്സില്‍ താല്പര്യമുള്ളവരെ സ്പോര്‍ട്സ് രംഗത്തേക്കയ്ക്കും, സാഹിത്യത്തില്‍ താത്പര്യമുള്ളവരെ അവിടേയ്ക്കും ക്കൈപിടിച്ച് കൊണ്ടു വരണം. അങ്ങനെ വ്യത്യസ്തമായ മേഖലകളിലേക്ക് കുട്ടികളുടെ ചിന്തകളെയും അവരുടെ സര്‍ക്ഷശേഷിയെയും നമ്മള്‍ വളര്‍ത്തിയെടുത്താല്‍ ലഹരിയില്‍ നിന്നുള്ള മോചനമായി അത് മാറും എന്നുള്ള കാര്യത്തില്‍ സംശയമില്ല. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാകൂ. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ അവരെ പരിശീലിപ്പിച്ച് സമഗ്രമായ കഴിവുകളെ വളര്‍ത്തുകയാണ് വേണ്ടത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ രാഷ്ട്രീയം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയമില്ലാത്ത ക്യാമ്പസുകളിലാണ് ലഹരിയുടെ പ്രയോഗം ഏറ്റവും കൂടുതലായി കണ്ടുവരുന്നത് എന്ന് കാണുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരിക്കലും തെറ്റാണ് എന്ന് പറഞ്ഞുകൂടാ. അത് ചില അവസരങ്ങളില്‍ വ്യതിചലിക്കുമ്പോള്‍ അത് നിയന്ത്രിക്കേണ്ടത് രാഷ്ട്രീയ നേതാക്കളും അധ്യാപകരും ഒക്കെ തന്നെയാണ്. ഇവിടെ താളം തെറ്റുമ്പോഴാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം അപകടകരമായി മാറുന്നത് കലയിലും സംസ്ക്കാരത്തിലും സ്പോര്‍ട്സിലും വിദ്യാര്‍ത്ഥികളുടെ ചിന്തകളെ മാറ്റിയെടുക്കുകയാണെങ്കില്‍ നമുക്ക് ലഹരി മുക്തമായ പുതിയ ഒരു തലമുറയെ തന്നെ സൃഷ്ടിക്കുവാന്‍ സാധിക്കുമെന്ന് തീര്‍ത്ത് പറയുവാന്‍ സാധിക്കും.

വ്യത്യസ്ത കലാമേഖലകളിലും സാഹിത്യ മേഖലകളിലും, സ്പോര്‍ട്ട്സിലും താത്പര്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തണം. അങ്ങിനെ വരുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍ അതാത് രംഗത്തുള്ള ചിന്തകള്‍ മാത്രമാണ് ഉണ്ടാവുക. സ്പോര്‍ട്സില്‍ താല്പര്യമുള്ള ഒരാള്‍ കളിക്കളത്തില്‍ ഇറങ്ങിയാല്‍ അയാളില്‍ സ്പോര്‍ട്സിന്‍റെ ലഹരി മാത്രമാണ് ഉണ്ടാവുക. അതുപോലെ തന്നെയാകും മറ്റ് മേഖലകളിലും. അങ്ങിനെ നമ്മുടെ പുതിയ തലമുറയില്‍ കലയുടെയും സ്പോര്‍ട്സിന്‍റെയും ലഹരി ഉണ്ടാക്കിയെടുക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആ ചുമതല ഭംഗിയായി നിര്‍വഹിക്കപ്പെടുകയാണെങ്കില്‍ ഇന്നു നാം ചര്‍ച്ച ചെയ്യുന്ന പുതിയ തലമുറയുടെ ലഹരി പ്രയോഗത്തില്‍ നിന്ന് മോചനം നേടാന്‍ പറ്റും.