മലിനമാണോ കലാലോകം...?

മലിനമാണോ കലാലോകം...?

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


മലിനമല്ല കലയും, സാഹിത്യവും, സിനിമാ ലോകവും എന്ന് ആമുഖമായി തന്നെ പറയട്ടെ. മലിനമായ പ്രവണതകള്‍ വ്യാപകമായി അവിടെ എല്ലാം ഉണ്ട് എന്ന് പറയുന്നതില്‍ തെറ്റുമില്ല. കലാ ലോകത്തെ മലീമസമാക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍ ഉണ്ട് എന്ന് പറയാതിരിക്കാനും സാധിക്കില്ല. കലാ രംഗത്ത്, വിശേഷിച്ച് മലയാള സിനിമ രംഗത്ത് വ്യത്യസ്തങ്ങളായ അനീതികരമായ പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. ചില നിര്‍മ്മാതാക്കള്‍ സിനിമാ പ്രേമം കാണിക്കുന്നത് അഭിനയ ലഹരി കൊണ്ടാണെങ്കില്‍ മറ്റു ചിലര്‍ക്ക് മറ്റു പലതരത്തിലുള്ള ലഹരികളാണ് ഉള്ളത്. ചില നിര്‍മ്മാതാക്കള്‍ സിനിമ നിര്‍മ്മാണത്തിന് അവരുടെ വൈകല്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഉപയോഗിക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ലഹരി എന്ന് പറഞ്ഞപ്പോള്‍ മാരണമായ രാസ ലഹരിയെ കുറിച്ചും പറയണമല്ലോ. മലയാള സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ രാസലഹരിയുടെ പ്രയോഗം വളരെ കാര്യമായി ഉണ്ടെന്നുള്ള പരാതി സമീപകാലത്താണ് ഉയര്‍ന്നു വന്നിട്ടുള്ളത്. എന്ന് കരുതി സിനിമയിലെ പ്രവര്‍ത്തകര്‍ എല്ലാവരും ലഹരിയുടെ അടിമയാണെന്നുള്ള തെറ്റിദ്ധാരണ ശരിയല്ല. സിനിമ രംഗത്ത് വളരെ മോശമായ പല അനുഭവങ്ങളും പലര്‍ക്കും ഉണ്ടായതായ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

സിനിമ എന്നത് ഒരു ജനകീയ കലാരൂപമാണ്. സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ നടന്മാരെ അനുകരിക്കുന്ന ഒട്ടേറെ പേര്‍ ഇന്നും കേരളത്തിലുണ്ട്. സിനിമ അതുകൊണ്ടുതന്നെ ജനങ്ങളെ കാര്യമായി സ്വാധീനിക്കുന്ന ഒരു കലാരൂപമായി വിലയിരുത്തപ്പെടുന്നു. നമ്മുടെ സിനിമകളെല്ലാം നല്ല വഴി കാണിച്ചുകൊടുക്കുന്ന ഒന്നാണ് എന്ന് നമുക്ക് പറയുവാന്‍ സാധിക്കുകയില്ല. നമ്മുടെ നാട്ടില്‍ നടക്കുന്ന പല കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ പിടിക്കപ്പെടുമ്പോള്‍ സിനിമയുടെ സ്വാധീനം ഉണ്ടായിരുന്നു എന്ന് പ്രതികള്‍ സമ്മതിക്കുന്നത് നാം റിപ്പോര്‍ട്ടുകളില്‍ വായിക്കാറുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ മദ്യപാനവും സിനിമയിലെ ലഹരി പ്രയോഗവും വയലന്‍സും സമൂഹത്തെ സ്വാധീനിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. നല്ല സിനിമകളും നമ്മുടെ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട് എന്നുള്ളത് മറക്കുവാന്‍ പറ്റുന്നതല്ല. സിനിമ നല്ലതും ചീത്തയും തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് കഴിയണം. കേവലം അതിലെ രാഷ്ട്രീയചായ്വ് മാത്രം ചര്‍ച്ച ചെയ്യുകയല്ല സമൂഹ നന്മ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. സമൂഹത്തെ നേര്‍വഴിക്ക് നയിക്കുവാന്‍ സിനിമാരംഗത്തിന് സാധിക്കുന്നു. സമൂഹത്തെ തെറ്റായ വഴിയില്‍ സഞ്ചരിക്കുവാനും സിനിമാരംഗം സ്വാധീനിക്കുന്നുണ്ട്. 

സിനിമാ ലോകത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന് വ്യക്തം. സമൂഹത്തെ ബോധവല്‍ക്കരിക്കേണ്ട കലാരംഗത്തെല്ലാം മോശം പ്രവണത കാണുന്നുണ്ട്. കലയുടെ വ്യത്യസ്ത മേഖലകളില്‍ സിനിമയിലുള്ളതിന്‍റെ അത്ര ഇല്ലെങ്കില്‍ പോലും മോശം പ്രവണത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കലാരംഗത്ത് പിടിച്ചുനില്‍ക്കുന്നതിനു വേണ്ടി പലതരത്തിലുള്ള വിട്ടുവീഴ്ചകള്‍ കലാകാരന്മാര്‍ ചെയ്യുന്നു.

നൃത്ത സന്ധ്യകളും സംഗീത നിശകളും ഇപ്പോള്‍ ഭയപ്പെടുത്തുന്ന ലഹരി മാഫിയയുടെ നിഴലില്‍ ആണെന്നുള്ളത് വ്യാപക ചര്‍ച്ചയാണ്. എന്ന് കരുതി എല്ലാ നൃത്ത സംഗീത നിശകളും മോശമാണെന്ന് തെറ്റിദ്ധരിക്കരുത്. കലാരംഗത്ത് പല ദുഷ്പ്രവണതകളും കാണുന്നുണ്ട് എന്ന് കരുതി കലാരംഗത്തെ പൂര്‍ണമായും അധിക്ഷേപിക്കേണ്ട കാര്യം ഇല്ല എന്നാണ് പറയുന്നത്. എന്നാല്‍ ലഹരി മാഫിയയ്ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത് എന്നുള്ളത് ഒരു വാസ്തവമാണ്. ഇന്ന് സമൂഹത്തില്‍ എല്ലാം മേഖലകളിലും വന്നുകൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ തന്നെയാണ് കലാരംഗത്തും വന്നിരിക്കുന്നത് എന്ന് ചുരുക്കം. ഇത് രാഷ്ട്രീയ രംഗത്തും സാമൂഹ്യ സേവന രംഗത്തും കടന്നുകൂടിയിട്ടുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്. എന്ന് കരുതി രാഷ്ട്രീയവും സാമൂഹ്യരംഗവും മോശമാണെന്ന് ഒരിക്കലും പറയുവാന്‍ സാധിക്കുകയുമില്ല.

അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ രാജ്യത്ത് ചര്‍ച്ചചെയ്യപ്പെട്ടത് ഒരു മലയാള സിനിമയെ കുറിച്ചാണ് എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി വരുന്ന എമ്പുരാനാണ് ആ സിനിമ. രാജ്യത്തിലെ പ്രധാന പട്ടണങ്ങളിലെല്ലാം മോഹന്‍ലാല്‍ അടക്കമുള്ള ചലച്ചിത്ര താരങ്ങള്‍ ഓടിനടന്ന് പത്രസമ്മേളനം നടത്തി വലിയ പ്രചരണ തന്ത്രമാണ് എമ്പുരാന് വേണ്ടി പൃഥ്വിരാജ് സംവിധാനം ചെയ്തത്. അത്  വിജയിച്ചു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. എന്തായാലും സിനിമയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ എല്ലാം വിമര്‍ശിക്കുന്നുണ്ട് എന്നുള്ള കാര്യത്തില്‍ സംശയമില്ല. ഗുജറാത്തിലെ കലാപത്തെ കുറിച്ച് പരാമര്‍ശിക്കുന്നതില്‍ വേദനിച്ചിരിക്കുകയാണ് കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം. എന്നാല്‍ അത് അത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് കേരളത്തിലെ ബിജെപി പറയുന്നത.് എന്തായാലും സിനമയുടെ പ്രചരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റടുത്തിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന പ്രവര്‍ത്തികളാണ് കാണുന്നത്.

ഒരു അനുഭവം ഇവിടെ പങ്കുവയ്ക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഒരു സിനിമയായിരുന്നു വെള്ളിനക്ഷത്രം. ഇന്നും ഈ ചിത്രം നമ്മുടെ വീടുകളിലെ ടെലിവിഷന്‍ സ്ക്രീനില്‍ തെളിഞ്ഞു വരുന്നത് കാണാം. വെള്ളിനക്ഷത്രം സിനിമ നിര്‍മ്മിച്ചത് ഡല്‍ഹി കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ബാബു പണിക്കരും, രമേശ് നമ്പ്യാരും ചേര്‍ന്നാണ്. പണിക്കല്‍ ട്രാവല്‍സിന്‍റെ സി.ഇ.ഒ. ആണ് ബാബു പണിക്കര്‍. എയര്‍ഇന്ത്യയുടെ ഉയന്ന ഉദ്യോഗസ്ഥനാണ്. അമ്പലപ്പുഴക്കാരനായ ബാബു പണിക്കരെ സ്വാധീനിച്ചാണ് സിനിമാ നിര്‍മ്മാണത്തിലേക്ക് കൊണ്ടുവന്നത്. സുഹ്യത്ത് രമേശ് നമ്പ്യാരെ നിര്‍മ്മാണ രംഗത്ത് കൊണ്ടുവന്നതും ബാബു പണിക്കര്‍ ആയിരുന്നു. രണ്ട് പേരും ചതിക്കുഴിയില്‍ വീണു. വെള്ളിനക്ഷത്രത്തിന്‍റെ സംവിധായകന്‍ വിനയനാണ് ലക്ഷങ്ങള്‍ സിനിമയ്ക്കായി ഇവരില്‍നിന്ന് വാങ്ങിയത്. വിനയന്‍ ഒരു രൂപ പോലും തിരിച്ചു നല്‍കിയില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇന്നും വെള്ളിനക്ഷത്രത്തിന്‍റെ ലാഭവിഹിതം കൈപ്പറ്റുന്ന ഒരു വ്യക്തിയായി അദ്ദേഹം മാറി എന്നുള്ളത് നിര്‍മ്മാതാക്കളെ ഞെട്ടിച്ചത് എന്നുള്ള കാര്യം അവര്‍ പല ആവര്‍ത്തി പറയുന്നുണ്ട്. 

ചതിക്കുഴികള്‍ ഏറെയുള്ള മേഖലയാണ് സിനിമാരംഗം. എന്നുകരുതി സിനിമാരംഗം ഒട്ടും മോശമുള്ള കാര്യമല്ല. ഏറ്റവും ജനപ്രീയമായ കലയാണ് സിനിമ. സിനിമാ രംഗത്തെ ചതിയില്‍ പെടാതെ നോക്കണം എന്ന മുന്നറിയിപ്പാണ് ഈ രംഗത്തേയ്ക്ക് വരുന്നവര്‍ ആദ്യം പരിഗണിക്കേണ്ടത്. ചതിക്കുഴിയില്‍ വീണ ഒട്ടേറെ നിര്‍മാതാക്കള്‍ നമ്മുടെ മലയാളത്തില്‍ ഉണ്ട് എന്നുള്ളത് ഒരു സത്യമാണ്. പ്രേംനസീര്‍ എന്നുപറയുന്ന ഒരു മഹാനടന്‍ നമുക്കുണ്ടായിരുന്നു. നിര്‍മ്മാതാക്കളുടെ സാമ്പത്തിക തകര്‍ച്ച മനസ്സിലാക്കിയിട്ടുള്ള അവസരങ്ങളിലൊക്കെ അദ്ദേഹം വിട്ട്വീഴ്ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്. ഇന്നും അത് മധുരസ്മരണകള്‍ ആയി മലയാള സിനിമ ലോകത്ത് ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്.

ഇന്ന് അത്തരം വിട്ടുവീഴ്ച്ച ചെയ്യാന്‍ നമ്മുടെ കൂട്ടത്തില്‍ ഏത് കലാകാരന്‍ തയ്യാറാകും എന്നതാണ് ചോദ്യം. പണം ഒരു വലിയ തടസ്സമായി ഇന്ന് സമൂഹത്തിന്‍റെ മുന്നില്‍ നില്‍ക്കുകയാണ്. കോടതി വിധികള്‍ പോലും നിഷ്പക്ഷമല്ല എന്ന് വ്യാപകമായി സംസാര വിഷയമായ അവസരത്തിലാണ് ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്ന് കോടികള്‍ കത്തി അമരുന്ന കാഴ്ച നമ്മളൊക്കെ കണ്ടത്. ഒരു ന്യായാധിപന്‍ ഇത്തരത്തില്‍ അധമ പ്രവര്‍ത്തനം ചെയ്തു എന്ന് കരുതി മറ്റുള്ളവരെ കുറ്റപ്പെടുത്തുക ശരിയായ നടപടിയല്ല. എന്നാല്‍ പലര്‍ക്കും നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് ആകുലപ്പെടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. സമൂഹത്തില്‍ രണ്ടുതരം ആളുകളുണ്ട് എന്നുള്ളതാണ് ഇവിടെ പറയുവാനുള്ളത്. കറുപ്പുനിറത്തെക്കുറിച്ച് വളരെ മോശമായ രീതിയില്‍ സംസാരിച്ചു എന്നുള്ള കാര്യവും നമ്മള്‍ സമീപകാലത്ത് ചര്‍ച്ച ചെയ്യ്തതാണ.്

കലയും കലാകാരനും സമൂഹത്തിന്‍റെ നന്മയെ ഉയര്‍ത്തിക്കാണിക്കുവാന്‍ കാലങ്ങളായി നിലകൊള്ളുന്ന ഇടനിലക്കാരായി വിശേഷിക്കപ്പെടുന്നുണ്ട്. അത് ഇന്നും നമ്മുടെ സമൂഹത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നായി മാറ്റിയിരിക്കുന്നു. കലയിലും സാഹിത്യത്തിലും മാലിന്യം നിറഞ്ഞു തുടങ്ങി എന്ന് ആകുലപ്പെടുന്ന സമൂഹം തന്നെയാണ് അത് മാറ്റിയെടുക്കുവാന്‍ കലയുടേയും സാഹിത്യത്തിന്‍റെയും പിന്തുണ തേടുന്നത്. അതിനര്‍ത്ഥം ഈ തെറ്റുകള്‍ മാറ്റുന്നതിന് കലക്കും സാഹിത്യത്തിനും സാധിക്കും എന്നുള്ളതാണ്. ഒരു സമൂഹത്തെ നേര്‍വഴിക്ക് നടത്തുന്നതിന് ഇത്തരം പ്രവര്‍ത്തികള്‍ അത്യന്താപേക്ഷിതമാണ് എന്നുള്ളത് എല്ലാവരും ഒരേ പോലെ സമ്മതിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ കലാരംഗം മലിനമായി എന്ന് ആകുലപ്പെടേണ്ട കാര്യമില്ല. കലയിലൂടെ സമൂഹത്തെ ശുദ്ധീകരിച്ചെടുക്കുവാന്‍ നമുക്ക് സാധിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതിന് മാലിന്യം ഇല്ലാത്ത കലയും സാഹിത്യവും നമുക്ക് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.