പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
മാര്‍ച്ച് 30
മലയാള ഭാഷയുടെ രാജ്യതലസ്ഥാനം
മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് രാജ്യതലസ്ഥാനം വഹിച്ച പങ്ക് ഏറെ പ്രശസ്തമാണ്. ഒ വി വിജയന്‍, വി.കെ.എന്‍, കാക്കനാടന്‍, ഓംചേരി എന്‍.എന്‍. പിള്ള, എം. മുകുന്ദന്‍, ആനന്ദ്, സക്കറിയ, സച്ചിദാനന്ദന്‍ തുടങ്ങി എത്രയോ പേര്‍ ഒരു കാലത്ത് മലയാള ഭാഷയ്ക്ക് ഡല്‍ഹിയിലിരുന്ന് സംഭാവനകള്‍ നല്‍കിയിരിക്കുന്നു. ഇപ്പോള്‍ മലയാള പുസ്തക ചര്‍ച്ചകളും പ്രകാശനങ്ങളും കൊണ്ട് രാജ്യ തലസ്ഥാനം മലയാളസാഹിത്യത്തിന്‍റെ ഒരു കേന്ദ്രമായി മാറി വരുന്നതായ തോന്നല്‍ ഉണ്ടായിരിക്കുന്നു. ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് കേന്ദ്ര സാഹിത്യ അക്കാദമിയില്‍ നടന്നപ്പോള്‍ മലയാളത്തിന്‍ നാല് പുസ്തകങ്ങളാണ് പ്രകാശിതമായത്. പിന്നീട് രാജ്യ തലസ്ഥാനം കണ്ടത് പുസ്തക ചര്‍ച്ചകളുടെയും പുസ്തക പ്രകാശനങ്ങളുടെയും വലിയ ചടങ്ങുകള്‍ തന്നെയാണ്. എം മുകുന്ദന്‍റെ എന്‍റെ എംബസിക്കാലം, അജിത്ത് മണിയന്‍റെ വിലാസലതിക ബി.എ. ഓണേഴ്സ് എന്നീ പുസ്തക ചര്‍ച്ചയും ഉണ്ടായി. രണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. മാതൃഭൂമി ചാനലിലെ റിപ്പോര്‍ട്ടറായ അനൂപ് ദാസ് രചിച്ച മറ്റൊരു മഹാഭാരതം എന്ന പുസ്തകം ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ചടങ്ങ്. നമ്മുടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ ചില മനുഷ്യരുടെ ജീവിത കഥകളാണ് പുസ്തകത്തിലുള്ളത്. അധികാരവും മതവും പ്രകൃതിയും ജാതിയുമെല്ലാം വരിഞ്ഞുമുറുക്കിയ മനുഷ്യര്‍. അതിനെ അതിജീവിച്ച് കാണിക്കുന്ന അനുഭവ സാക്ഷ്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. വാര്‍ത്തകള്‍ ചെയ്യുവാന്‍ അനൂപ് നടത്തിയ യാത്രകള്‍ക്കിടയില്‍ കണ്ട മനുഷ്യരുടെ കഥകളാണ് എന്നത് എടുത്ത് പറയണം. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ചയില്‍ കെ. സി വേണുഗോപാല്‍ അടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. സീറോ അവര്‍ എന്നുള്ള പുസ്തകത്തിന്‍റെ ചര്‍ച്ച ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചടങ്ങാണ്. ഹരി കരുമാടി രചിച്ച കഥകളുടെ സമാഹാരം മേഘച്ചാര്‍ത്തിലെ ചിത്രങ്ങള്‍ പ്രകാശനവും ചര്‍ച്ചയും നടന്നത് മാര്‍ച്ച് അവസാന വാരത്തിലാണ്. 2024 ജനസംസ്കൃതി കേന്ദ്ര സര്‍ഗോത്സവത്തിലെ കലാസാഹിത്യ പ്രതിഭകള്‍ക്ക് കഥാ സമാഹാരത്തിന്‍റെ ആദ്യ പ്രതി നല്‍കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള ക്ലബ്ബ് പ്രസിഡന്‍റ് എ.ജെ ഫിലിപ്പാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ പുസ്തക ചര്‍ച്ച മികച്ച നിലവാരമാണ് പുലര്‍ത്തിയത്. പ്രവാസികള്‍ക്കിടയില്‍ മലയാളഭാഷയ്ക്ക് ശക്തമായ വേരോട്ടമുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു ചടങ്ങ്. കേരള ക്ലബ് സാഹിതീ സഖ്യത്തില്‍ നന്ദകുമാരന്‍ പെരുവനം എഴുതിയ 'ആദ്യത്തെ ഓര്‍മയില്‍' എന്ന കവിതകളുടെ സമാഹാരത്തിന്‍റെ പ്രകാശനവും ഈ സമാഹാരത്തിലെ കവിതകളെക്കുറിച്ച് ചര്‍ച്ചയും ഉണ്ടായിരുന്നു. അങ്ങിനെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മലയാള ഭാഷ സജ്ജീവമാണ്.
എകെജി മെമ്മോറിയല്‍ പ്രഭാഷണം
45 വര്‍ഷമായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയാണ് ജനസംസ്ക്യതി. കഴിഞ്ഞ 38 വര്‍ഷമായി മുടക്കമില്ലാതെ എകെജി മെമ്മോറിയല്‍ പ്രഭാഷണ പരമ്പര ജനസംസ്ക്യതി നടത്താറുണ്ട്. കോവിഡ് കാലത്ത് ഓണ്‍ലൈനായി എകെജി മെമ്മോറിയല്‍ പ്രഭാഷണം നടത്തി. എകെജിയുടെ ഓര്‍മ്മ ദിവസമായ മാര്‍ച്ച് മാസം 22ആം തീയതി എല്ലാ വര്‍ഷവും ഈ പ്രഭാഷണം നടത്തുന്നത്. ഇ.എം.എസ്, പി. ഗോവിന്ദപിള്ള, ബി.ടി. രണദിവൈ, സോമനാഥ് ചാറ്റര്‍ജി, നിഖില്‍ ചക്രവര്‍ത്തി, എന്‍. റാം, മുതല്‍ ഒട്ടേറെ പ്രമുഖര്‍ എകെജി മെമ്മോറിയല്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. 38 മത് എ.കെ.ജി മെമ്മോറിയല്‍ പ്രഭാഷണമാണ് ഈ വര്‍ഷം നടന്നത്. മദ്രാസ് ഹൈക്കോടതിയിലെ മുന്‍ ജസ്റ്റിസ് ആയ കെ ചന്ദ്രൂ ആണ് ഇത്തവണ എകെജി മെമ്മോറിയല്‍ പ്രഭാഷണം നടത്തിയത്. ഭരണഘടനയും അംബേദ്കറും ഇന്നത്തെ കാഴ്ചപ്പാടില്‍ എന്നതായിരുന്നു അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്‍റെ വിഷയം. രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയിലെ അഴിമതി പുതിയ കാര്യമല്ലെന്നും അതിന് ഉത്തരം പറയാന്‍ ജുഡീഷ്യറി ബാധ്യസ്ഥമാണെന്നും ജസ്റ്റിസ് ചന്ദ്രു ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ നിയമന രീതികള്‍ അടക്കം ചര്‍ച്ച ആക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ മൗലികാവകാശ ലംഘനങ്ങള്‍ക്കെതിരെ ആദ്യം നിയമസംവിധാനത്തെ സമീപിച്ചത് ദക്ഷിണേന്ത്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. മൗലികാവകാശ സംരക്ഷണത്തിന് ആദ്യ സുപ്രീംകോടതിയെ സമീപിച്ച വ്യക്തിയാണ് എ കെ ഗോപാലന്‍ എന്ന് ജസ്റ്റിസ് ചന്ദ്രൂ ചൂണ്ടിക്കാട്ടി. എ.കെ.ജിയുടെ ശക്തമായ നിലപാടുകളും, നേത്യത്ത്വവും ഇന്ത്യ എക്കാലവും സ്മരിക്കുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. പൗരന്‍റെ വളര്‍ച്ചയ്ക്ക് ചെറുപ്പകാലം മുതല്‍ ഭരണഘടനാ മൂല്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അത് തിരിച്ചറിഞ്ഞ് സ്കൂളില്‍ ഭരണഘടനയുടെ ആമുഖം പഠിപ്പിക്കുന്ന കേരളം ലോകത്തിന് തന്നെ മാതൃകയാണെന്നും, ഭരണഘടന അറിഞ്ഞ് വളരുന്നവര്‍ക്ക് അവകാശബോധം ഉണ്ടാവുകയുള്ളൂ എന്നും ജസ്റ്റിസ് ചന്ദ്ര ചൂണ്ടിക്കാട്ടി. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ വന്‍തോതില്‍ പണം കണ്ടെത്തിയ റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ജുഡീഷ്യറിയില്‍ അഴിമതി വിമുക്തമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരില്‍ നിന്ന് പണം പിടിക്കുന്നത് സാധാരണമായ ഒരു സംഭവമായി മാറിയിരിക്കുന്നു. അതുകൊണ്ട് അതിപ്പോള്‍ വാര്‍ത്തയല്ല. ജഡ്ജിയുടെ വീട്ടിലെ പണം പിടിച്ചത് വലിയ വാര്‍ത്തയും, ചര്‍ച്ചയുമാകുന്നത് അതുകൊണ്ടാണ്. ജഡ്ജിയുയെ ഇംപിച്ച്മെന്‍റ് മാത്രമാണ് മുന്നിലുള്ള വഴി എന്നും, അതിനുപകരം ട്രാന്‍സ്ഫര്‍ പകരമാകുമോ എന്നതാണ് പ്രശ്നമെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.
മഹീന്ദ്ര എക്സലെന്‍സ് ഇന്‍ തീയറ്റര്‍
രാജ്യത്തെ പ്രശസ്തമായ നാടകോത്സവങ്ങളില്‍ ഒന്നാണ് മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ് ( മീറ്റ ). ഇത്തവണ ഇരുപതാമത്തെ നാടകോത്സവമായിരുന്നു. ഒരു വര്‍ഷം അവര്‍ പത്ത് നാടകങ്ങള്‍ രാജ്യത്തെ വിവിധ ഭാഷകളില്‍ നിന്ന് തിരഞ്ഞെടുക്കും. ഇത്തവണ രാജ്യത്തെ വിവിധ ഭാഷകളിലെ 367 നാടകങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത പത്ത് നാടകങ്ങളില്‍ രണ്ടെണ്ണം മലയാളമായിരുന്നു. ഇവിടെ നാടകം അവതരിപ്പിക്കുക എന്നത് വലിയ അംഗീകാരമായാണ് നാടക പ്രവര്‍ത്തകര്‍ കാണുന്നത്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ തിയേറ്റര്‍ വേദിയായ മീറ്റയില്‍ പങ്കുചേരുക എന്നത് ഓരോ തിയേറ്റര്‍ കലാകാരന്‍റെയും സ്വപ്നമാണ്. ജീവന്‍റെ മാലാഖ, കണ്ടോ നിങ്ങള്‍ എന്‍റെ കുട്ടിയെ കണ്ടോ എന്നീ രണ്ട് നാടകങ്ങളാണ് മലയാള ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടത്. പാലക്കാട് നിന്നുള്ള ജീവന്‍റെ മാലാഖ എന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് ഒ. ടി ഷാജഹാന്‍ ആണ്. പാലക്കാട് നിന്നുള്ള മറ്റൊരു നാടക സംഘം അവതരിപ്പിച്ച കണ്ടോ നിങ്ങള്‍ എന്‍റെ കുട്ടിയെ കണ്ടോ എന്ന നാടകം അടിയന്തരാവസ്ഥക്കാലത്തെ ഈച്ച വാര്യരുടെ കഥയാണ്. ഈ നാടകവും കണ്ണന്‍ പാലക്കാട് ആണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ജീവന്‍റെ മാലാഖ എന്ന നാടകത്തിലെ അഭിനയത്തിന് സാക്ഷിത സന്തോഷ്, മഹീന്ദ്ര എക്സലന്‍സ് ഇന്‍ തിയേറ്റര്‍ അവാര്‍ഡ് സ്പെഷ്യല്‍ ജൂറി മെന്‍ഷന്‍ നേടി.
വേറിട്ട ചിത്രപ്രദര്‍ശനം: പ്രസന്‍സ് ഓഫ് ആബ്സെന്‍സ് ഇന്‍ മാന്‍
ഡല്‍ഹിയില്‍ വ്യത്യസ്ഥമായ ഒരു ചിത്രപ്രദര്‍ശനം നടന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ദി സ്റ്റെയിന്‍ലെസ് ഗാലറിയിലാണ് പ്രസന്‍സ് ഓഫ് ആബ്സെന്‍സ് ഇന്‍ മാന്‍: എലിഫന്‍റ് ഇന്‍ ദി റൂം എന്ന ചിത്രപ്രദര്‍ശനം നടന്നത്. ശ്രദ്ധേയമായ ഈ ചിത്രപ്രദര്‍ശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത് രണ്ട് മലയാളികളാണ് എന്നുള്ളതില്‍ മലയാള ചിത്രലോകം അഭിമാനിക്കണം. പ്രശസ്ത ക്യൂറേറ്ററും ചിത്രകാരനുമായ അനൂപ് കമ്മത്തും, കഥാകാരി മാധവിക്കുട്ടിയുടെ മരുമകളും കവയത്രിയുമായ അനുരാധ നാലപ്പാടുമാണ് പ്രദര്‍ശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത്. മലയാളിക്ക് പരിചിതമായ അരിക്കൊമ്പനും പടയപ്പയും ചിത്രങ്ങളില്‍ കാണാം. രതീദേവി പണിക്കര്‍ വരച്ച അരിക്കൊമ്പന്‍റെ എട്ടടി ഉയരവും, ഏഴടി വീതിയുമുള്ള അക്രലിക്കിലും ഓയിലിലുമുള്ള ചിത്രം ഏറെ ശ്രദ്ധേയമായി. പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത മനേക ഗാന്ധി ജീവജാലങ്ങള്‍ ഇല്ലാതാകുന്നതില്‍ കലാകാരന്മാരുടെ സങ്കടവും പ്രകൃതിയിലെ സൗന്ദര്യത്തിനായുള്ള അവരുടെ ആഗ്രഹവും ചിത്രങ്ങളില്‍ അനുഭവിക്കാന്‍ കഴിയുമെന്ന് പറഞ്ഞു. കേരളം വളരെ സവിശേഷമായ ഒരു സ്ഥലമാണ്. പ്രകൃതിയില്‍ ഏറ്റവും മികച്ചതെല്ലാം നല്‍കി അനുഗ്രഹിക്കപ്പെട്ട ഇടമാണ് കേരളം. ഏറ്റവും മിടുക്കരും സെന്‍സിറ്റീവുമായ ആളുകള്‍ അവിടെ നിന്നാണ് വരുന്നത്. എന്നിട്ടും എല്ലാ ജീവജാലങ്ങളോടും ഉള്ള അവഗണനയും ക്രൂരതയും മനസ്സിലാക്കുന്നില്ല എന്ന് അവര്‍ പരിഭവിച്ചു.
ആദ്യമായി രാജ്യത്ത് ശാസ്ത്രനയം കൊണ്ടുവന്നത് ആര്...?
ഗുജറാത്തിനെ രാജ്യത്തെ ഒന്നാമനാക്കാന്‍ കുറച്ച് നാളുകളായി പല കേന്ദ്രങ്ങളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ചരിത്രത്തെ തിരുത്തുന്ന നടപടിയാണെന്നതില്‍ സംശയമില്ല. പല നീക്കങ്ങളും പരാജയപ്പെടുന്നുമുണ്ട്. ചിലത് വിജയിച്ചിട്ടുമുണ്ട്. ഒടുവില്‍ പരാജയപ്പെട്ട വിഷയമാണ് രാജ്യത്തെ ആദ്യത്തെ ശാസ്ത്രനയം കൊണ്ടുവന്ന സംസ്ഥാനമെന്ന അവകാശവാദം. ഇന്ത്യയില്‍ ഒരു സംസ്ഥാനം ആദ്യമായി ശാസ്ത്ര നയം കൊണ്ടുവരുന്നത് കേരളത്തിലാണ്. 1974 ല്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രി ആയിരിക്കുന്ന അവസരത്തിലാണ് കേരളം ശാസ്ത്രനയം കൊണ്ടുവന്നത്. ചരിത്രസത്യം ഇതായിരിക്കെ, ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ 2022 ജൂലൈ 21ന് ഇത് സംബന്ധിച്ച ചോദ്യത്തിന് രാജ്യസഭാ അംഗം പി. സന്തോഷ് കുമാറിന് കേന്ദ്ര മന്ത്രി നല്‍കിയ മറുപടിയില്‍ പറഞ്ഞത് ഗുജറാത്താണ് 2018 ആദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയത് എന്നാണ്. എന്നാല്‍ വീണ്ടും ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ 2025 മാര്‍ച്ച് 21ന് ശാസ്ത്രസാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയില്‍ നല്‍കിയ മറുപടി കേരളമാണ് 1974 ല്‍ ആദ്യമായി ശാസ്ത്രനയം നടപ്പിലാക്കിയത് എന്നാണ്. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ രേഖകളില്‍ അതുകൊണ്ട് തന്നെ രണ്ട് തരം ഉത്തരം ഇപ്പോള്‍ കാണുവാന്‍ സാധിക്കും. പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ നല്‍കുന്ന മറുപടിയിലെ പൊരുത്തക്കേട് കൗതുകം ഉണര്‍ത്തുന്ന കാര്യമായി മാറിയിരിക്കുകയാണ്. ഔദ്യോഗിക രേഖകളുടെ കൃത്യതയില്‍ സംശയം ഉണ്ടാക്കുന്ന മറുപടികള്‍ നല്‍കിയതിനാല്‍ പാര്‍ലമെന്‍റില്‍ ഇതു സംബന്ധിച്ച ചര്‍ച്ച വേണമെന്ന് രാജ്യസഭാ എം.പി കൂടിയായ പി. സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
