പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്



സുധീര്‍ നാഥ്

മാര്‍ച്ച് 15

കിരീടം ചൂടി കേരള സര്‍വ്വകലാശാല ടീം

38 ാം ദേശീയ സര്‍വ്വകലാശാല യൂത്ത് ഫെസ്റ്റിവെല്ലില്‍ കേരള സര്‍വ്വകലാശാല ഓവറോള്‍ കിരീടം ചൂടി. ആദ്യമായാണ് സൗത്തിന്ത്യയില്‍ നിന്നുള്ള സര്‍വ്വകലാശാല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. ആകെ 24 നാടകങ്ങള്‍ ഉണ്ടായിരുന്ന കലോത്സവത്തിലെ നാടക മത്സരത്തില്‍, കേരള സര്‍വ്വകലാശാല ടീം അവതരിപ്പിച്ച അഭയ എന്ന ഏകാങ്ക നാടകം ഒന്നാം സ്ഥാനം നേടി ഏറെ ശ്രദ്ധ നേടി എന്നത് എടുത്ത് പറയണം. നായിഡ അമിറ്റി സര്‍വ്വകലാശാല ക്യാമ്പസിലാണ് കലോത്സവം നടന്നത്. അഡ്വ ശ്രീകുമാര്‍ രചനയും സംവിധാനവും നടത്തിയ നാടകം കല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകവും വൈദ്യ രംഗത്തെ അധാര്‍മികതയും വിഷയമാക്കിയതായിരുന്നു. കേരള സര്‍വ്വകലാശാലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ നാടകത്തിന്‍റെ ഭാഗമായി. ആലപ്പുഴ എസ്. ഡി. കോളേജിലെ  പവിത്രയാണ് കേന്ദ്ര കഥാപാത്രമായ ഡോക്ടര്‍ അഭയയായി വേഷമിട്ടത്. ലോക്ക് പി പ്രപഞ്ച്, എച്ച് അരുണ്‍ തമ്പി, സര്‍ക്ഷ പ്രിയ, അജേഷ് റോസൈനോ, ഗോപിക മനോജ്, സൂര്യനാരായണന്‍ പ്രദീപ്, അശ്വിന്‍ കൈരളി, വിവേക് വിപിന്‍ദാസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രേയസ് എസ് എല്‍, അരവിന്ദ് കൃഷ്ണന്‍ എസ് ബി , പോള്‍ വി സിലൂസ് എന്നിവരാണ് സംഗീതം ഒരുക്കിയത്. ശരത്ത് മാരിയാണ് കല. ലൈറ്റും മേക്കപ്പും വിപിന്‍ ഒ പി യാണ് ഒരുക്കിയത്. നാടകം കൂടാതെ ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്‍റ് സോളോ പെര്‍ക്കഷന് ഭാവന ക്യഷ്ണ എസ് പൈ, മിമിക്രി അനന്തു രാജ്, ലൈറ്റ് വോക്കല്‍ ഇന്ത്യന്‍ സാരംഗ് സുനില്‍, ഗ്രൂപ്പ് സോങ്ങ് വെസ്റ്റേണ്‍ (സാരംഗ് സുനില്‍, റിയ അന്ന റോയ്, ക്യഷ്ണ പ്രദീപ് ജെ, ക്യഷ്ണ വി,  അംഗിത ബി നായര്‍, ഫാത്തിമ അന്‍ഷി ടി കെ, മോസസ്), ഫോക്ക് ഓര്‍ഗസ്ട്ര (ക്യഷ്ണ വി എ, രാമ സേനാപതി എസ്, പ്രസൂദ് എസ് പി, ഹരിക്യഷ്ണന്‍ ജി, ശ്രീലക്ഷമി ഹരിഹരന്‍, സുഗീദ് എസ്, ഭാഗ്യ ആര്‍, ആന്യാ മോഹന്‍, അനന്തു രാജ്, പ്രിന്‍സ് പ്രസാദ്, സൂഭാഷിണി, ഹരിത എസ് നായര്‍)  ഇന്‍സ്റ്റലേഷന്‍ (ബവിത്ര എസ്, ആദി ദ്രാവിഡ് ആര്‍ ജി, സാന്ത്രാ വി എസ്, ശ്രീനന്ദിനി കെ ആര്‍). എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സംഗീതം, സാഹിത്യം, ഫൈന്‍ ആര്‍ട്ട്സ്, തിയറ്റര്‍ എന്നീ വിഭാഗങ്ങളില്‍ കേരള സര്‍വകലാശാല ടീം ചാമ്പ്യന്‍ഷിപ്പും നേടി. രാജ്യത്തെ 300 സര്‍വ്വകലാശാലകള്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍ കേരള, മഹാത്മാഗാന്ധി, കൊച്ചി, കാലടി, കാലിക്കറ്റ്, അമൃത വിദ്യാപീഠ് തുടങ്ങിയിടങ്ങളില്‍ നിന്ന് യുവകലാകാരന്‍മാര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. 3000 ത്തിലേറെ വിദ്യാര്‍ത്ഥികളായ കലാകാരന്‍മാര്‍ പങ്കെടുത്തതായിരുന്നു കലോത്സവം.

ഫെസ്റ്റിവെല്‍ ഓഫ് ലെറ്റേഴ്സ് 


ഡല്‍ഹിയിലെ സാംസ്കാരിക കേന്ദ്രമായ മണ്ഡി ഹൗസിലുള്ള കേന്ദ്ര സാഹിത്യ അക്കാദമി അങ്കണത്തില്‍ രാജ്യത്തെ വിവിധ ഭാഷകളിലുള്ള സാഹിത്യകാരന്മാര്‍ ഒത്തുകൂടി. ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്സ് എന്ന പേരില്‍ കേന്ദ്ര സാഹിത്യ അക്കാദമി ഒരുക്കിയ സാഹിത്യയോത്സവത്തില്‍ പങ്കെടുക്കുവാനാണ് എല്ലാവരും എത്തിച്ചേര്‍ന്നിട്ടുള്ളത്. കേന്ദ്ര സാഹിത്യ അക്കാദമി വാര്‍ഷിക സാഹിത്യോത്സവത്തില്‍ മലയാളത്തിന്‍റെ വിഖ്യാത നാടകകൃത്ത് പ്രഫ. ഓംചേരി എന്‍.എന്‍.പിള്ളയ്ക്ക് ആദരം ഒരുക്കി ഒരു ദിവസത്തെ സെമിനാറും നടത്തിയിരുന്നു. മൂന്ന് വിഷയങ്ങളില്‍ നടന്ന സെമിനാറില്‍ കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ മാധവ് കൗശിക്ക്, സെക്രട്ടറി വി. പി. ജോയ്, കെ. പി രാമനുണ്ണി, ദീപ്തി ഓംചേരി, സാബു കോട്ടുക്കല്‍, ബാബു പണിക്കര്‍, കെ മാധവന്‍കുട്ടി, രവീന്ദ്രന്‍ മണ്ണോടി, എ. ജെ. ഫിലിപ്പ്, അനീഷ് രാജന്‍, സൂധീര്‍ നാഥ്, ശശികുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകളും ഈ അവസരത്തില്‍ വിതരണം ചെയ്യുകയുണ്ടായി. മലയാള ഭാഷയില്‍ നിന്ന് ഇത്തവണ അവാര്‍ഡ് നല്‍കപ്പെട്ടത് ഗാനരചയിതാവും കവിയുമായ കെ ജയകുമാരനാണ്. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ മാധവ് കൗശിക്കില്‍ നിന്ന് കെ ജയകുമാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഏറ്റുവാങ്ങി. കെ ജയകുമാറിന് ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ കേരള ഹൗസില്‍ സ്വീകരണവും ഒരുക്കിയിരുന്നു. സ്വീകരണ ചടങ്ങില്‍ സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് മുഖ്യ അതിഥിയായി പങ്കെടുത്തു. മുന്‍ ചീഫ് സെക്രട്ടറിയായ വി പി ജോയ്, ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറലായ സതീഷ് നമ്പൂതിരിപ്പാട്, കെ. പി. രാമനുണ്ണി, ബാബു പണിക്കര്‍, സുധീര്‍നാഥ്, അജി മേടയില്‍, ജയരാജ് നായര്‍, പവിത്രന്‍ കൊയിലാണ്ടി തുടങ്ങി ഒട്ടേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു പ്രശസ്ത ചിത്രകാരന്‍ രമേശ് കണ്ണന്‍ വരച്ച കെ ജയകുമാറിന്‍റെ ചിത്രവും ചടങ്ങില്‍ സമ്മാനിക്കുകയുണ്ടായി.

വിവിധ് കാ അമൃത് മഹോത്സ്

രാഷ്ട്രപതി ഭവനില്‍ ഇക്കുറി നടന്ന വിവിധ് കാ അമൃത് മഹോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു. നല്ല ജനപങ്കാളിത്തവും ഉണ്ടായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ രുചിക്കൂട്ടും, കലാ സാംസ്കാരിക പരിപാടിയും ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ സാഹിത്യ അക്കാദമികള്‍ പുസ്തക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. 24 ഭാഷകളില്‍ നിന്നായി തിരഞ്ഞെടുത്ത പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് ഇവിടെ നടക്കുന്നത്. നെയ്ത്തു സൂചിയുടെ കുഴയ്ക്കുള്ളില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്‍റെ പൂര്‍ണ്ണകായരൂപം. തിരുവനന്തപുരം സ്വദേശി ഗണേശ് സുബ്രമണ്യനാണ് ഈ അപൂര്‍വ കലാസൃഷ്ടികള്‍ക്കു പിന്നില്‍.  കടുകിന്‍റെ പുറത്ത് ഭാരത മാതാവ്, സൂചിക്കുഴയ്ക്കുള്ളില്‍  മൂന്ന് ആനകള്‍ തുടങ്ങിയ അത്ഭുത കാഴ്ചകളും കൗതുകമാണ്. ഒരു മില്ലീഗ്രാം സ്വര്‍ണ്ണത്തിലാണ് ഈ ചെറുരൂപങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത, അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ശില്‍പ്പങ്ങള്‍ ഏവര്‍ക്കും ആസ്വദിക്കാന്‍ ലെന്‍സ് സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അമൃത് ഉദ്യാനില്‍ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിപുലമായ പവലിയനാണ് ഒരുക്കിയിരുന്നത്. കേരള തനിമയുള്ള ആഹാരം, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍ എന്നിവയുടെ പ്രദര്‍ശന വില്‍പ്പന കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. കോഴിക്കോട് സൗപര്‍ണിക കുടുംബശ്രീ യൂണിറ്റാണ് ആഹാരശാല നടത്തിയിരുന്നത്. രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാനത്തില്‍ നടക്കുന്ന വിവിധ് കാ അമൃത് മഹോത്സവിലെ കേരള പവലിയന്‍ അതൊക്കെകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പങ്കെടുത്തു. ശിങ്കാരി മേളത്തിന്‍റെ അകമ്പടിയോടെയായിരുന്നു മന്ത്രിയെ സ്വീകരിച്ചത്. കണ്ണൂരിലെ കടലോരം വനിതാ ശിങ്കാരിമേള സംഘമാണ് സ്വീകരണം ഒരുക്കിയത്. കേരളത്തിന്‍റെ പവലിയനിലെ എല്ലാ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. 

വിലാസലതിക ബി.എ. (ഓണേഴ്സ്): നാടക രൂപത്തില്‍ ഓംചേരിയുടെ കഥ 


ഏകദേശം 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഓംചേരി കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ആള്‍ ഇന്ത്യ റേഡിയോവില്‍ ജോലി ചെയ്യുകയായിരുന്ന കാലത്ത് സ്വീകരിച്ച തൂലികാ നാമത്തിന്‍റെ പേരില്‍ ഒരു നാടകം ഇറങ്ങിയിരിക്കുന്നു. കവിയായ ഓംചേരി നാടക ക്യത്തായി മാറിയ കഥയാണ് നാടകത്തിന്‍റെ ഇതിവ്യത്തം. ചെന്നയിലെ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയത്തിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ അജിത്ത് ജി മണിയനാണ് നാടക രചന നടത്തിയിരിക്കുന്നത്. കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥിന്‍റെ അവതാരികയില്‍ ഓംചേരിയുടെ ജീവിതവും സാഹിത്യ സംഭാവനകളും രേഖപ്പെടുത്തിയിട്ടുണ്ട്. കറന്‍റ് ബുക്സാണ് പ്രസാധകര്‍. മലയാളത്തിന്‍റെ വിഖ്യാത നാടകാചാരന്‍ ഓംചേരി എന്‍. എന്‍ പിള്ളയ്ക്ക് ആദരമൊരുക്കി കേന്ദ്ര സാഹിത്യ അക്കാദമിയുടെ അക്ഷരോത്സവത്തില്‍ ഒരു ദിവസം മാറ്റിവെച്ചിരുന്നു. ഓംചേരി ബര്‍ത്ത് സെറ്റിനറി സെമിനാറിന്‍റെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങിലാണ് വിലാസലതിക ബി.എ. (ഓണേഴ്സ്) എന്ന നാടക പുസ്തകം പ്രകാശിതമായത്. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാന്‍ മാധവ് കൗശിക്കാണ് വിലാസലതിക ബി.എ. (ഓണേഴ്സ്) പ്രകാശനം ചെയ്തത്. ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ ശ്രീനിവാസ റാവു, ഓംചേരിയുടെ മകള്‍ ദീപ്തി ഓംചേരി, മകന്‍ ശ്രീദീപ്, മുന്‍ കേരള ചീഫ് സെക്രട്ടറിമാരായ വി പി ജോയ്, കെ ജയകുമാര്‍, കഥാകൃത്ത് കെ പി രാമനുണ്ണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ആദ്യത്തേയും, രണ്ടാമത്തെയും ലോക്സഭകളിലെ പ്രതിപക്ഷ നേതാവായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് എ.കെ.ജി. കേരളത്തിലെ അമ്പലപ്പുഴയിലെ കയര്‍ തൊഴിലാളികളുടെ സമരത്തിന് ധനസഹായം ചെയ്യാന്‍ നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചു. ഓംചേരിയെ കൊണ്ട് എ.കെ.ജി നാടകം എഴുതിച്ചു. അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ വിലക്കുണ്ടായിരുന്നു. അതിനാല്‍ ഓംചേരി തന്‍റെ പേരുപയോഗിക്കാന്‍ ഭയപ്പെട്ട് ഒരു തൂലികാനാമം സ്വീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ ഓംചേരി വിലാസലതിക ബി.എ. (ഓണേഴ്സ്) എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്. വെളിച്ചത്തിലേയ്ക്ക് എന്നതായിരുന്നു നാടകം. പുസ്തക രൂപത്തില്‍ പുറത്തിറക്കിയപ്പോള്‍ ഈ നാടകത്തിന് 'ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു' എന്ന പുതിയ പേര് നല്‍കി. അന്നത്തെ യുവാക്കളും മുതിര്‍ന്നവരും ഈ വിലാസലതിക ബി.എ.(ഓണേഴ്സ്) എന്ന പേരിനോട് ആകര്‍ഷിതരായിട്ടുണ്ട്. ചില പ്രശസ്ത എഴുത്തുകാരുടെ പ്രണയലേഖനങ്ങള്‍ പോലും ഓംചേരിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ നാടകത്തിന് പ്രസിദ്ധമായ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ഓംചേരി തന്‍റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലായിരുന്നു. അതേ തൂലികാനാമം ഉപയോഗിച്ച് അദ്ദേഹം അനേകം ലേഖനങ്ങളും വിമര്‍ശനങ്ങളും എഴുതുകയായിരുന്നു. മുന്‍പ് ഓംചേരിക്ക് മുന്നില്‍ മൂന്ന് തവണ ഈ നാടകം ഡല്‍ഹിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. മൂല്യബോധത്തിന്‍റെയും പ്രതിരോധത്തിന്‍റെയും നന്മയുടെ വാത്സല്യത്തിന്‍റെയും ചരിത്ര രേഖയാണ് ഈ നാടകം. ഡല്‍ഹിയിലോ കേരളത്തിലോ മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഈ നാടകം അരങ്ങേറേണ്ടതുണ്ട്.