ഓംചേരിയുടെ മാതൃഭാഷാ പ്രചരണത്തിലെ പങ്കിനെ കുറിച്ച് സുധീര് നാഥ് നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം.
ഡല്ഹിയില് കേന്ദ്ര സാഹിത്യ അക്കാദമിയില് നടക്കുന്ന ഫെസ്റ്റിവെല് ഓഫ് ലെറ്റേഴ്സില് നടക്കുന്ന മലയാള ഭാഷയുടെ സാംസ്ക്കാരിക പ്രതീകവും മാതൃഭാഷാ പക്ഷവാദിയുമായ ഓംചേരി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറില് ഓംചേരിയുടെ മാതൃഭാഷാ പ്രചരണത്തിലെ പങ്കിനെ കുറിച്ച് സുധീര് നാഥ് നടത്തിയ പ്രഭാഷണത്തിന്റെ പൂര്ണ്ണരൂപം.
ബഹുമാനപ്പെട്ട അദ്ധ്യക്ഷന് എ. ജെ. ഫിലിപ്പ്, സഹ പാനലിസ്റ്റുകളായ അനീഷ് പി രാജന്, ശശികുമാര്, ഇവിടെ കൂടിയിരിക്കുന്ന വിശിഷ്ട വ്യക്തികളെ.
ഓംചേരി എന്. എന് പിള്ള എന്ന മലയാള ഭാഷാസ്നേഹിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഒരുക്കിയ ആദരവിന് ഒരു മലയാളി എന്ന നിലയില് ആദ്യമേ നന്ദി പറയുന്നു. ഇപ്പോള് ഇവിടെ ചര്ച്ച ചെയ്യുന്നത് മലയാള ഭാഷയുടെ സാംസ്ക്കാരിക പ്രതീകവും മാതൃഭാഷാ പക്ഷവാദിയുമായ ഓംചേരി എന്ന വിഷയമാണല്ലോ. ഞാനിവിടെ സംസാരിക്കേണ്ടത് ഓംചേരിയുടെ മാതൃഭാഷാ പ്രചരണത്തിലെ പങ്കിനെ കുറിച്ചാണ്. ഓംചേരിയുടെ മാത്യഭാഷയും എന്റെ മാത്യഭാഷയും ഒന്നാണ്. അത് മലയാളമാണ്. ഞാന് ഉള്പടെയുള്ള ഡല്ഹിയിലെ മിക്കവാറും മലയാളികള് ഉപയോഗിക്കുന്ന മലയാളം ഡല്ഹി മലയാളമാണ് എന്ന് പറയാം. ഓംചേരിയുടേയും ഡല്ഹി മലയാളം തന്നെയായിരുന്നു. അത് അങ്ങിനെ ആയിപോകുന്നതാണ്. ശുദ്ധമായ മലയാളം ഇന്ന് കേരളത്തില് പോലും ഉണ്ടെന്ന് തോന്നുന്നില്ല.
ഓംചേരി എന് എന് പിള്ളയുടെ മലയാള സ്നേഹം തിരിച്ചറിയണമെങ്കില് അദ്ദേഹത്തിന്റെ ജീവിത ചരിത്രം തന്നെ നോക്കിയാല് മതി. മലയാളത്തിന്റെ പ്രിയ കഥാകാരന് എം മുകുന്ദന് സമീപകാലത്ത് ഡല്ഹിയിലെ ഒരു ചടങ്ങില് പറഞ്ഞത് ഓര്ക്കുകയാണ്. കേരളത്തില് നിന്ന് രാജ്യ തലസ്ഥാനമായ ഡല്ഹിയിലേക്ക് ഒരു മലയാളി എത്തുമ്പോള് അയാള് ഒപ്പം കൊണ്ടു വരുന്നത് സ്വന്തം ഭാഷയും സംസ്കാരവുമാണ്. അത് യഥാര്ത്ഥത്തില് ശരിവെക്കുന്നതാണ് ഓംചേരിയുടെ ജീവിതം. അദ്ദേഹം കേരളത്തില് നിന്നും വന്നപ്പോള് മലയാള ഭാഷയെയും സംസ്കാരത്തേയും ഒപ്പം കൂട്ടി. അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് മാവും പ്ലാവും വാഴയുമൊക്കെ ചേര്ന്ന ഒരു നാട്ടുപച്ച നമുക്ക് കാണാം. വീട്ടിനുള്ളില് നിന്നും മലയാള സംഗീതമൊഴുകി വരും. മോഹിനിയാട്ടത്തിന്റെ നൃത്തചുവടുകളും നമുക്ക് കേള്ക്കാം. അദ്ദേഹത്തിന്റെ പുസ്തക ശേഖരങ്ങളില് മലയാള ഭാഷയിലിറങ്ങിയ പ്രധാനപ്പെട്ട എല്ലാ കൃതികളും കാണാവുന്നതാണ്.
ഓംചേരി 70 വര്ഷത്തോളം ഡല്ഹിയുടെ ഭാഗമായിരുന്നു. അദ്ദേഹം ഡല്ഹിയുടെ ഭാഷയായ ഹിന്ദി പഠിച്ചിരുന്നില്ല എന്ന് അറിയുമ്പോഴാണ് നമ്മള് അത്ഭുതപ്പെടുക. അദ്ദേഹം മലയാളവും ഇംഗ്ലീഷും മാത്രമായിരുന്നു ഇക്കാലമത്രയും ഉപയോഗിച്ചിരുന്നത്. ഓംചേരിയുടെ സഹായിയായി ബീഹാറുകാരനായ ഒരു കുട്ടി ഒപ്പം കൂടി. പേര് മുസ്തകീന്. ഓംചേരിയുടെ സന്തത സഹചാരിയായി മാറിയ മുസ്തകീന് ബീഹാറിയും, ഹിന്ദിയും അല്ലാതെ മറ്റൊരു ഭാഷയും വശമില്ലായിരുന്നു. ഓംചേരിക്ക് ഹിന്ദി അറിയുകയുമില്ല. ഹിന്ദി പഠിക്കുവാനുള്ള ഒരു ശ്രമവും നടത്തിയതും ഇല്ല. ജീവിത അവസാനം വരെ ഓംചേരിയോടൊപ്പം മുസ്തകീനും ഉണ്ടായിരുന്നു. സഹായിയായി, സെക്രട്ടറിയായി, ഡ്രൈവറായി... മുസ്തകീന് ഓംചേരിയില് നിന്ന് മലയാളം നിഷ്പ്രയാസം പഠിച്ചെടുത്തു. ഓംചേരി അദ്ദേഹത്തെ മലയാളം പഠിപ്പിച്ചു എന്ന് പറഞ്ഞാലും തെറ്റില്ല. ഓംചേരി ഹിന്ദിയോട് പൊരുത്തപ്പെടാതെതന്നെ നൂറ് വയസ്സും പൂര്ത്തിയാക്കി മടങ്ങുകയും ചെയ്തു. ഹിന്ദി അടിച്ചേല്പ്പിക്കാന് ശ്രമം നടക്കുന്നു എന്ന് പറയുന്ന ഇന്നത്തെ കാലത്ത് അദ്ദേഹത്തിന്റെ തീവ്രമായ ഭാഷാസ്നേഹത്തെ നമുക്ക് ചേര്ത്തുവയ്ക്കാം.
2000 വര്ഷത്തില് കൂടുതല് ചരിത്രമുള്ള ഭാഷകള്ക്ക് ഇന്ത്യന് ഭരണകൂടം നല്കുന്ന പ്രത്യേകാംഗീകാരമാണ് ശ്രേഷ്ഠഭാഷാപദവി. ഇന്ത്യയില് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. 2013 മെയ് 23-നു ചേര്ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ക്ലാസിക്കല് ലാംഗ്വേജ് എന്ന പദവിയാണ് നല്കിയത്. അതിനു മലയാളത്തില് നല്കിയ വിവര്ത്തനമാണ് ശ്രേഷ്ഠഭാഷ എന്നത്.
സംസ്ഥാന ഭാഷകളുടെ നിലയും വിലയും ഉയര്ത്തുവാന് നീതിന്യായ കോടതികളിലെ വ്യവഹാരഭാഷ അത് സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിലെ ഭാഷയായിരിക്കണമെന്ന് മഹാത്മാഗാന്ധി നിര്ദ്ദേശിച്ചിട്ടുണ്ട്. സ്വന്തം ഭാഷയുടെ വ്യക്തിത്വം നിലനിര്ത്താന് നാം ബോധപൂര്വ്വം ശ്രമിച്ചേ തീരൂ എന്ന് ഇഎംഎസ് പറഞ്ഞു എന്നുള്ളത് ഇവിടെ എടുത്തു പറയുവാന് ഞാന് ആഗ്രഹിക്കുകയാണ്.
മാതൃഭാഷയില് പഠിക്കാന് അവസരം ലഭിക്കുക എന്നത് കുട്ടികളുടെ ജന്മാവകാശമാണ്. വൈദേശിക ഭാഷ അവരുടെ മേല് അമിതഭാരം ഉണ്ടാക്കുകയും അവരുടെ സര്ഗ്ഗശേഷിയെ നശിപ്പിക്കുകയും ചെയ്യുന്നു. വളര്ച്ച മുട്ടിയ അവര് സ്വന്തം വീട്ടില് ആണെങ്കിലും ഒറ്റപ്പെട്ടവരായി മാറുകയാണ് ഫലം. ഇതിനെ ഒരു ദേശീയ ദുരന്തം ആയിട്ടാണ് ഞാന് കാണുന്നതെന്ന് മഹാത്മാഗാന്ധി ഒരിക്കല് പറഞ്ഞിട്ടുണ്ട്. എന്നാല് ഡല്ഹിയില് താമസിക്കുന്ന, അല്ലെങ്കില് കേരളത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളായ മലയാളികളുടെ മക്കള് ജനിച്ചുവളരുന്ന പ്രദേശത്തെ ഭാഷയാണ് കൂടുതലായി ഉപയോഗിക്കുന്നത്. അവരുടെ മാതൃഭാഷ മലയാളമാണെങ്കില് തന്നെയും അവര് അതാത് പ്രദേശത്തെ ഭാഷയായിരിക്കും കൂടുതല് ഉപയോഗിക്കുക. ഡല്ഹിയിലുള്ളവര് ഹിന്ദിയാണ് ഉപയോഗിക്കുന്നതെങ്കില്, ബോംബെയില് മറാഠിയും, ഹൈദരാബാദിലുള്ളവര് തെലുങ്കും, കര്ണാടകയിലുള്ളവര് കന്നടയും, തമിഴ്നാട്ടിലുള്ള പ്രവാസി മലയാളികളുടെ മക്കള് തമിഴുമാണ് ഉപയോഗിക്കുക.
പ്രവാസികളായ മലയാളികളുടെ പുതിയ തലമുറ മാതൃഭാഷ മറക്കുന്നുവോ എന്നുള്ള ചോദ്യം ഡല്ഹിയിലാണ് ആദ്യം ചര്ച്ച ചെയ്യപ്പെട്ടത്. അതിന്റെ ഫലമായി ഡല്ഹിയിലെ വിവിധ സാംസ്കാരിക സംഘടനകള് ചെറിയ രീതിയിലാണെങ്കിലും ഭാഷാപഠന കേന്ദ്രങ്ങള് ആരംഭിക്കുകയുണ്ടായി. ജനസാംസ്കൃതി തുടക്കം കുറിച്ച മലയാള പഠനകേന്ദ്രങ്ങള് പിന്നീട് ഡല്ഹി മലയാളി അസോസിയേഷന് അടക്കമുള്ള സാംസ്കാരിക സംഘടനകള് ഏറ്റെടുത്തു. ഇത്തരം പ്രവര്ത്തനങ്ങള് നടക്കുമ്പോള് തന്നെ പൈതൃക സംസ്കൃതി നഷ്ടപ്പെടുന്ന വരും തലമുറയെ കുറിച്ചുള്ള ഉത്കണ്ഠകള് സാംസ്കാരിക പ്രവര്ത്തകര്ക്കിടയില് ആശങ്കയുണര്ത്തുന്ന രീതിയില് ചര്ച്ചയായി.
ഉമ്മന് ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഡല്ഹി പ്രദേശ് മലയാളി കോണ്ഗ്രസ് ജനറല് സെക്രട്ടറിയായ കെ. പി. വിനോദ് കുമാറും, ഡല്ഹിയിലെ കേരള ഗവണ്മെന്റ് എംബ്ലോയിസ് കള്ച്ചറല് ആന്റ് വെല്ഫെയര് അസോസിയഷന് വേണ്ടി ഇന്ഫര്മേഷന് ഓഫീസിലെ ജീവനക്കാരനായ പ്രസന്നകുമാറുമാണ് മലയാള ഭാഷാ പഠന കേന്ദ്രങ്ങളെ കേരള സര്ക്കാര് അംഗീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്തയക്കുന്നത്. നിരന്തരമായ അന്വേഷണങ്ങള്ക്കും ചര്ച്ചകള്ക്കും ശേഷം 2005 ഡിസംബര് മാസം ഡല്ഹിയിലെ മലയാള പഠന കേന്ദ്രങ്ങള്ക്ക് സര്ക്കാര് ഔദ്യോഗികമായി അംഗീകാരം നല്കി. സര്ക്കാര് അത് അംഗീകരിച്ച് ഉത്തരവിട്ടപ്പോള് മേല്പറഞ്ഞ സംഘടനകളുടെ പേരുകളും ഉത്തരവില് പരാമര്ശിക്കുന്നുണ്ട്. ഡല്ഹിയിലെ മലയാള പഠന കേന്ദ്രത്തിന് സര്ക്കാരിന്റെ പിന്തുണ നല്കിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയേയും, ഔദ്യോഗിക ഭാഷാ വകുപ്പ് സെക്രട്ടറി ജിജി തോംസണ് ഐ.എ.എസിനെയും ആദരപൂര്വ്വം ഓര്ക്കേണ്ടതുണ്ട്. ഡല്ഹിയിലെ മലയാള പഠന കേന്ദ്രങ്ങള്ക്ക് സര്ക്കാര് ഔദ്യോഗികമായ അംഗീകാരം നല്കി എന്നത് കൊണ്ട് സാമ്പത്തികമായ പിന്തുണ നല്കി എന്ന് തെറ്റിദ്ധരിക്കരുത്. ഡല്ഹിയിലെ മലയാള ഭാഷാ പഠനകേന്ദ്രങ്ങള്ക്ക് സൗജന്യമായി പാഠ്യപദ്ധതി തയ്യാറാക്കി പുസ്തകങ്ങള് നല്കുകയും പരീക്ഷ നടത്തി സര്ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു. ക്ലാസുകള് നടത്തുന്നതിനും മറ്റുമുള്ള ചെലവുകള് അതാത് പഠനകേന്ദ്രങ്ങള് സ്വയം കണ്ടെത്തേണ്ടതുണ്ടായിരുന്നു.
കേരളത്തിന് പുറത്തുള്ള മലയാളڔഭാഷാപഠനം കൂടുതല് ശാസ്ത്രീയമാക്കുന്നതിന്റെ ഭാഗമായി 2004 ല് പ്രത്യേക പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളുംڔതയ്യാറായി. കേരള സംസ്ഥാന സര്ക്കാരിന്റെ ഭാഷാ വിദഗ്ദന് ഏഴുമറ്റൂര് രാജരാജവര്മ്മയാണ് ആദ്യകാല പാഠപുസ്തകങ്ങള് തയ്യാറാക്കുന്നതിന് നേത്യത്വം നല്കിയത്. ഓംചേരിയായിരുന്നു അദ്ദേഹത്തിന് നിര്ദ്ദേശങ്ങള് നല്കി ഒപ്പമുണ്ടായിരുന്നതെന്ന് ഓര്ക്കുന്നു. നൂതന പഠന രീതികളിലൂടെ ഭാഷാ പഠനം സാധ്യമാക്കുകയായിരുന്നു ലക്ഷ്യം. രണ്ടായിരത്തിലേറെ വീട്ടമ്മമാര്ക്ക് മലയാളം പഠിപ്പിക്കാന് പ്രത്യേക പരിശീലനം നല്കി. നേതൃത്വത്തിനായി സംഘടനകളുടെ വടംവലി ഉണ്ടാകാതിരിക്കാന് കേരള ഹൗസ് ഇന്ഫര്മേഷന് ഓഫീസിനെ ചുമതലപ്പെടുത്താനും ഇന്ഫര്മേഷന് ഓഫീസര് ഇ.സജീവിനെ കണ്വീനറാക്കാനും ബുദ്ധിപരമായ തീരുമാനമെടുത്തത് ഓംചേരിയാണ്.
എന്തിനാണ് തങ്ങളുടെ മക്കള് മലയാളം പഠിക്കേണ്ടത് എന്ന് രക്ഷിതാക്കള് ചോദിക്കുന്ന ഒരു കാലമായിരുന്നു അത്. ആ ചോദ്യത്തിന് മലയാളം പഠിക്കേണ്ടതിന്റെ ആവശ്യം ഡല്ഹിയിലെ ജനങ്ങള്ക്ക് നേരിട്ട് പറഞ്ഞ് ബോധ്യപ്പെടുത്താന് വലിയ ശ്രമം നടന്നു. അതിന് നേത്യത്ത്വം കൊടുത്ത വ്യക്തിയായിരുന്നു ഓംചേരി എന് എന് പിള്ള. അദ്ദേഹം ഡല്ഹിയിലെ ഓരോ കോളനികളിലും കയറിയിറങ്ങി മാത്യഭാഷ പുതുതലമുറയിലേക്ക് പകര്ന്നു നല്കുന്നതിന്റെ ആവശ്യം പറഞ്ഞു കൊണ്ടേയിരുന്നു. ഓംചേരി എന് എന് പിള്ളയുടെ നേതൃത്വത്തില് മലയാള ഭാഷയെ തിരിച്ചുപിടിക്കുവാനുള്ള ഒരു ശ്രമം ഡല്ഹിയില് നിന്ന് ആരംഭിച്ചത് ഈ കാലത്താണ്. ജോസഫ് ഇടമറുക്ക,് വി. കെ മാധവന്കുട്ടി, ഡി. വിജയമോഹന്, കെ മാധവന്നായര് തുടങ്ങിയവരായിരുന്നു പിന്ബലമായി നിന്നിരുന്നത് എന്ന് ഇവിടെ ഓര്മിപ്പിക്കുകയാണ്. മലയാള ഭാഷാ പഠന കേന്ദ്രങ്ങള് വ്യാപകമാകാന് അത് കാരണമായി. ഓംചേരിയുടെ വാക്കുകള് കാതോര്ക്കാനും, മലയാളം പഠിക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യര്ത്ഥന പിന്തുടരുവാന് ഡല്ഹി മലയാളികള് തയ്യാറായി എന്നിടത്താണ് മലയാളഭാഷാ പഠനകേന്ദ്രങ്ങളുടെ വിജയകഥ ആരംഭിക്കുന്നത്.
മലയാള ഭാഷാ പഠന കേന്ദ്രങ്ങള് ഡല്ഹിയില് ശക്തി പ്രാപിക്കുന്നതില് മുതിര്ന്ന മാധ്യമ പ്രവര്ത്തകനായ ഡി. വിജയമോഹന് വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാന് പറ്റില്ല. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മലയാള മനോരമയുടെ ഡല്ഹി എഡിഷന് 2004ല് ആരംഭിച്ചപ്പോള് മനോരമയുടെ പേജുകളില് മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ പരിപാടികള്ക്ക് പ്രത്യേക പരിഗണന നല്കി. പത്രത്താളുകളില് ഫോട്ടോയും വാര്ത്തയും വരും എന്ന നിലവന്നപ്പോള് പഠനകേന്ദ്രങ്ങളുടെ പരിപാടികളുടെ എണ്ണം കൂടി. ഒപ്പം മലയാള മനോരമയുടെ സര്ക്കുലേഷനും കൂടി. മാത്യഭൂമിയും തൊട്ടു പിന്നാലെ ഡല്ഹി എഡിഷനുമായി എത്തിയത് ഭാഷാ പഠന കേന്ദ്രങ്ങളുടെ പ്രവര്ത്തനങ്ങള് കൂടുതല് ആവേശകരമാക്കി. സമാനമായി മറ്റ് പ്രവാസ മേഖലകളിലും മലയാള മാധ്യമങ്ങള് വലിയ പിന്തുണ മലയാള ഭാഷാ പഠന കേന്ദ്രങ്ങള്ക്ക് നല്കി. മലയാള പഠന കേന്ദ്രങ്ങളുടെ വാര്ത്തയിലും ഫോട്ടോയിലും ഓംചേരി നിറസാനിധ്യമായിത്തീര്ന്നത് ഞാന് ഓര്ക്കുകയാണ്.
2004ലോടെ മലയാള ഭാഷാ പഠനകേന്ദ്രങ്ങള് വ്യാപകമായി ഡല്ഹിയില് ആരംഭിച്ചു. പ്രവാസിയായി മാറിയ എന്നേയും ഓംചേരി സാര് ഭാഷാ പഠന പ്രയാണത്തില് ഒപ്പം കൂട്ടുകയുണ്ടായി. ഓരോ മലയാള അക്ഷരത്തില് നിന്നും ചിത്രങ്ങള് ഉണ്ടാക്കാം എന്ന് ഞാന് അഭിപ്രായപ്പെട്ടത് ഓംചേരി സാര് അംഗീകരിക്കുകയായിരുന്നു. ഡല്ഹിയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാള ഭാഷാ പഠന കേന്ദ്രങ്ങളില് അക്ഷരങ്ങളിലൂടെ ചിത്രങ്ങള് വരച്ചും വരപ്പിച്ചും, ചിത്രങ്ങളിലൂടെ അക്ഷരങ്ങള് എഴുതിച്ചും നടത്തിയ പുതുമയാര്ന്ന പഠനപദ്ധതി ഏറെ സ്വീകാര്യമാക്കി. അതിന് നേതൃത്വം കൊടുത്ത ഓംചേരി സാറിന്റെ പല നിര്ദ്ദേശങ്ങളും ഈ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുവാന് കാരണമായതും ഞാനിവിടെ സ്മരിക്കുകയാണ്.
ഡല്ഹിയിലെ മലയാള ഭാഷാ കേന്ദ്രങ്ങള് വലിയ ചര്ച്ചയായി. സമാനമായ ക്ലാസുകള് രാജ്യത്തിന്റെ പല പട്ടണങ്ങളിലും ആരംഭിക്കണമെന്നുള്ള താല്പര്യം പലഭാഗങ്ങളില് നിന്നുയര്ന്നു. രാജ്യത്തിന്റെ പല പട്ടണങ്ങളിലും, വിദേശങ്ങളിലും പുതുതലമുറയെ മലയാളം പഠിപ്പിക്കുന്ന കേന്ദ്രങ്ങള് ഉണ്ടായിരുന്നു എന്നുള്ളത് ഒരു യാഥാര്ത്ഥ്യമാണ്. മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ പരീക്ഷണ ശാലയായിരുന്നു ഡല്ഹി എന്ന് തന്നെ പറയാം. പക്ഷെ അതൊക്കെ അസംഘടിതവും, ശാസ്ത്രീയ അടിത്തറ ഇല്ലാത്തതുമായിരുന്നു.
ഭരണം മാറി. വി.എസ് മുഖ്യമന്ത്രിയായി. മലയാള ഭാഷാ പഠനകേന്ദ്രങ്ങള് മലയാളി ഉള്ളിടത്തെല്ലാം തുടങ്ങുവാന് സര്ക്കാര് തീരുമാനിച്ചു. അതിന് വലിയ സ്വീകാര്യത ലഭിച്ചു. അങ്ങിനെ മലയാളം മിഷന് തുടക്കം കുറിച്ചു. മുതിര്ന്ന സിവില് സര്വീസ് ഉദ്യോഗസ്ഥന് സുരേഷ് കുമാര് ഐ.എ.എസ്. ആയിരുന്നു മലയാളം മിഷന്റെ ആദ്യ ഡയറക്ടര്. പി.ആര്ഡി. ഡെപ്യൂട്ടി ഡയറക്ടറും സാഹിത്യകാരനുമായ വി. ആര്. അജിത്ത് കുമാറായിരുന്നു ആദ്യ രജിസ്ട്രാര്. സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്ത്തകരും മലയാളി സംഘടനകളും ഉള്പ്പെടെ എല്ലാവരും ഒരേ മനസ്സോടെ മിഷന്റെ പ്രവര്ത്തനങ്ങളില് അണിചേര്ന്നു. മലയാളം മിഷന്റെ ഔദ്യോഗിക ഉദ്ഘാടനം 2009 ഒക്ടോബര് 22 ന് രാജ്യതലസ്ഥാനമായ ഡല്ഹിയിലാണ് നടന്നത്. ഫിക്കി ഓഡിറ്റോറിയത്തില് വച്ച് ഡല്ഹി മുpppഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ അധ്യക്ഷതയില് നടന്ന ചടങ്ങില് കേരള മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദനാണ് മലയാളം മിഷന് ഉദ്ഘാടനം ചെയ്തത്. അതിന് ഊര്ജ്ജം പകര്ന്ന ഓംചേരി സാറും വേദിയില് ഉണ്ടായിരുന്നത് ഓര്ക്കുന്നു.
മലയാള പഠനകേന്ദ്രം മലയാളം മിഷനായി മാറിയപ്പോള് പഠനകേന്ദ്രങ്ങള് കൂടുതല് സജീവമായി. ഡല്ഹിയിലെ അധ്യാപകരെയും നാട്ടിലെ ഭാഷാവിദഗ്ധരെയും ഒന്നിപ്പിച്ച് ഡല്ഹിയിലും കേരളത്തിലുമായി നടത്തിയ പരിശീലന കളരികളിലൂടെയാണ് മികച്ച പുസ്തകങ്ങളും പഠനരീതിയും ആവിഷ്ക്കരിച്ചത്. ഔദ്യോഗിക തിരക്കുകള്ക്കിടയിലും ഓംചേരി സാര് അവിടെയെല്ലാം നിറസാന്നിധ്യമായി. പരമ്പരാഗത പഠനരീതികളെ പിന്തുടരുന്നവര് അതിനെ എതിര്ത്തപ്പോള് പ്രായത്തിനപ്പുറം പുരോഗമനാശയങ്ങളെ സ്വീകരിക്കുന്ന ഓംചേരി സാറായിരുന്നു പുതിയ പഠനരീതി നടപ്പിലാക്കാന് മലയാളം മിഷനെ സഹായിച്ചത്. അധ്യാപര്ക്ക് പരിശീലനം നല്കുക തുടങ്ങി പലവിധ സഹായങ്ങളും പഠനകേന്ദ്രങ്ങള്ക്ക് മലയാളം മിഷന് നല്കി തുടങ്ങി. മിഷന് പിന്നീട് അതിര്ത്തികള് കടന്ന് വളര്ന്നു. മലയാളം മിഷന്റെ ഡല്ഹി ഘടകത്തിന്റെ ചെയര്മാനായി ഓംചേരി സാര് ജീവിതാവസാനം വരെ ഉണ്ടായിരുന്നു എന്നുള്ളത് ഹ്യദ്യമായ ഓര്മ്മയാണ്. നൂറ് വയസ് കഴിഞ്ഞിട്ടും അദ്ദേഹം ചുറുചുറുക്കോടെ നേതൃനിരയില് ഉപദേശ നിര്ദ്ദേശങ്ങളുമായി ഉണ്ടായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുടെ മക്കള് മലയാളം പഠിക്കുന്നു എന്നുള്ള സന്തോഷം അദ്ദേഹം എപ്പോഴും പങ്കുവയ്ക്കുമായിരുന്നു. യാത്ര ചെയ്യുവാന് സാധിക്കുന്ന സമയങ്ങളിലെല്ലാം മലയാളം മിഷന്റെ പരിപാടികളില് അദ്ദേഹം പങ്കെടുത്തിരുന്നു.
പ്രവാസികളായ മലയാളികളുടെ പുതു തലമുറയ്ക്ക് മലയാളം പഠിപ്പിക്കുവാന് വേണ്ടി തുടക്കം കുറിച്ച മലയാളം മിഷന്റെ ഇന്നത്തെ അവസ്ഥയില് അദ്ദേഹത്തിന് ദുഃഖമുണ്ടായിരുന്നു. അദ്ദേഹം അത് സര്ക്കാരിന് പരാതിയായി സമര്പ്പിച്ചത് പല തവണയാണ്. അപ്പോള് അദ്ദേഹത്തിന്റെ പ്രായം നൂറ് വയസിലേറെ ആയിരുന്നു എന്നത് ഓര്ക്കണം. മലയാളം മിഷന്റെ ഭരണസമിതി അംഗമാണ് ഞാനിപ്പോള്. ഇന്ന് മലയാളം മിഷന് ലക്ഷ്യത്തില് നിന്ന് വ്യതിചലിക്കുന്നു എന്ന ഓംചേരിയുടെ അഭിപ്രായത്തോടൊപ്പമാണ് ഞാനും. മലയാളം മിഷന് ഇപ്പോള് ഉദ്ദേശലക്ഷ്യങ്ങളില് നിന്നും മാറി സഞ്ചരിക്കുന്നതില് അദ്ദേഹത്തിനുണ്ടായ ദുഃഖം നേരില് കാണുവാന് ഇടയായ ഒരു വ്യക്തി എന്നുള്ള നിലയില് പശ്ചാത്താപത്തോടെ തലതാഴ്ത്തട്ടെ. ഓംചേരി സാറിന്റെ പ്രതീക്ഷകള്ക്കനുസരിച്ച് മാറ്റങ്ങളുണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന പോലെ എവിടെയെല്ലാം ഓംചേരി ഉണ്ടായിരുന്നോ അവിടെയെല്ലാം മലയാളവും ഉണ്ടായിരുന്നു എന്നത് ഇത്തരുണത്തില് നമുക്ക് സ്മരിക്കാം.
നന്ദി
നമസ്ക്കാരം
സുധീര് നാഥ്
