പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ഫെബ്രുവരി 28 


നക്ഷത്രങ്ങള്‍ കണ്ടുമുട്ടി

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയും മലയാളസാഹിത്യത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ എം മുകുന്ദനും ഡല്‍ഹിയില്‍ കണ്ടുമുട്ടി. മമ്മൂട്ടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമയായ څന്യൂഡല്‍ഹിچ പൂര്‍ണ്ണമായും ചിത്രീകരിച്ചത് ഡല്‍ഹിയിലാണ്. അന്നത്തെ ഡല്‍ഹിയില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു ഈ നഗരമെന്ന് മമ്മുട്ടി പറഞ്ഞു. അതിനു ശേഷവും എത്രയോ സിനിമകള്‍... പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മമ്മൂട്ടിയും എം മുകുന്ദനും യാദൃശ്ചികമായി കണ്ടുമുട്ടിയത്. ڇഎനിക്ക് ഡല്‍ഹി എന്നാല്‍ എം മുകുന്ദന്‍റെ ദല്‍ഹിയാണ്. അരവിന്ദന്‍ എന്ന കഥാപാത്രത്തിലൂടെ 60കളിലെ ഡല്‍ഹിയുടെ ജനജീവിതം ഹൃദയ സ്പര്‍ശിയായി ഒപ്പിയെടുത്ത ആ നോവല്‍ എന്നെ വല്ലാതെ  അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്...ڈ മമ്മൂട്ടി മുകുന്ദനോട് പറഞ്ഞു. മയ്യഴിയുടെ കഥാകാരന്‍ എന്ന് ഖ്യാതി നേടിയ മുകുന്ദന് ഡല്‍ഹി സ്വന്തം തറവാട് പോലെയാണ്. ഫ്രഞ്ച് എംബസിയിലെ ഔദ്യോഗിക കാലവും ഡല്‍ഹിയിലെ സാഹിത്യ സാംസ്കാരിക ജീവിതവുമൊക്കെ മുകുന്ദന്‍റെ മനസ്സില്‍ എന്നും ഹരിതാഭമായ ഓര്‍മ്മകളായി നിറഞ്ഞു നില്‍പ്പുണ്ടാവും. മുകുന്ദന്‍റെ എല്ലാ പ്രശസ്ത നോവലുകളും കഥകളും താന്‍ പണം കൊടുത്തു വാങ്ങി വായിച്ചിട്ടുണ്ട് എന്ന് മമ്മൂട്ടി പറഞ്ഞു. മറ്റു പ്രമുഖ സാഹിത്യകൃതികളെ കുറിച്ചും മമ്മൂട്ടി വാചാലനായി. മമ്മൂട്ടിയുടെ സാഹിത്യത്തില്‍ ഉള്ള താല്‍പര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് എം.മുകുന്ദന്‍ അഭിപ്രായപ്പെട്ടു. മലയാള ഭാഷയെ ശക്തിപ്പെടുത്തുന്നതിന് ഡിക്റ്ററ്റീവ് നോവലുകളും മ വാരികകളും വഹിച്ച പങ്ക് വലുതാണെന്ന് മമ്മൂട്ടി സംസാരത്തിനിടയില്‍ പറഞ്ഞു. തന്‍റെ മഹാരാജാസ് കാലത്ത് ഡോക്ടര്‍ എം. ലീലാവതിയും, സാനു മാഷും മറ്റും അധ്യാപകര്‍ ആയിരുന്നത് സാഹിത്യ ലോകത്തേക്കുള്ള ആകര്‍ഷണമായി മാറി. ഇന്നും സമയം ലഭിക്കുമ്പോഴെല്ലാം പ്രമുഖ രചനകള്‍ എല്ലാം വായിക്കാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. ഡല്‍ഹിയില്‍ ഷൂട്ടിങ്ങിനെത്തിയ മമ്മുട്ടിയെ ഡല്‍ഹിയിലെ വിവിധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ എം. മുകുന്ദന്‍ കണ്ടത് സ്വകാര്യ ഹോട്ടലിലെ മുറിയിലാണ്. മുകുന്ദന്‍റെ ഭാര്യ ശ്രീജ, മമ്മുട്ടിയുടെ ഭാര്യ സുല്‍ഫത്ത്, ജോണ്‍ ബ്രിട്ടാസ്, എന്‍ അശോകന്‍ എന്നിവരും ഉണ്ടായിരുന്നു.

ഡല്‍ഹിയില്‍ പുതിയ കേരള ഭവന്‍

കേരള സര്‍ക്കാര്‍ ഡല്‍ഹിയില്‍ പുതിയ കേരള ഭവന്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹിയില്‍ കേരള ഹൗസിന് പുറമേ പുതിയ കേരള ഭവന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായതായി ഫെബ്രുവരി 19ന് ഇറങ്ങിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ ഉടമസ്ഥതയിലുള്ള കപൂര്‍ത്തല പ്ലോട്ടിലാണ് പുതിയ കേരള ഭവന്‍ നിര്‍മിക്കുന്നത്. കേരള സര്‍ക്കാരിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മൂന്നാമതൊരു ആസ്ഥാനമൊരുങ്ങുമ്പോള്‍ പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. കേരള ഭവന്‍ മലയാളികളെ എത്രത്തോളം സ്വാഗതം ചെയ്യും എന്ന കാര്യത്തിലാണ് ആശങ്ക. വരുമാന മാര്‍ഗത്തിലുപരി ഡല്‍ഹി മലയാളികള്‍ക്കുകൂടി പ്രയോജനകരമാകുന്ന രീതിയില്‍ കേരള ഭവന്‍റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തണമെന്നാണ് ആവശ്യം. സാംസ്കാരിക കേന്ദ്രമായാണ് കേരള ഭവന്‍ വരുന്നതെങ്കില്‍ ട്രാവന്‍കൂര്‍ പാലസിന്‍റെ പോലെയാകുമോ പ്രവര്‍ത്തന രീതി എന്നാണ് സംസാരം. മലയാളികള്‍ക്ക് തലസ്ഥാനത്തൊരു സാംസ്കാരിക കേന്ദ്രമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ട്രാവന്‍കൂര്‍ പാലസ് അവര്‍ക്ക് അന്യമായിരുന്നു. സ്വകാര്യ വന്‍കിട പരിപാടികള്‍ മാത്രം നടത്തുന്ന കേന്ദ്രമായി ട്രാവന്‍കൂര്‍ പാലസ് മാറിയിരിക്കുന്നു. കേരള ലളിതകലാ അക്കാദമി ഒരു പ്രദര്‍ശനത്തിന് അനുമതി ചോദിച്ചിട്ട് ലഭിച്ചില്ല. അബു എബ്രഹാമിന്‍റെ 100 ാം ജന്‍മവര്‍ഷത്തിന്‍റെ ഭാഗമായ പ്രദര്‍ശനത്തിന് അനുമതി ലഭിക്കാതിരുന്നത്കൊണ്ട് ഇന്ത്യാ ഇന്‍റര്‍നാഷ്ണല്‍ സെന്‍ററില്‍ നടത്തി. ജി അരവിന്ദന്‍റെ ഓര്‍മയ്ക്കായി പരിപാടി നടത്താന്‍ പോലും ട്രാവന്‍കൂര്‍ പാലസ് ലഭിച്ചില്ല. മാത്രമല്ല, മലയാളി സംഘടനകള്‍ക്കൊരു പരിപാടി നടത്തണമെങ്കില്‍ വന്‍തുക നല്‍കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അടുത്തയിടെ ഒരു സര്‍ക്കാര്‍ വകുപ്പ് നടത്തിയ സാംസ്കാരിക ആഘോഷത്തിനായി ട്രാവന്‍കൂര്‍ പാലസ് ചോദിച്ചിരുന്നെങ്കിലും ലഭ്യമല്ല എന്നാണത്രെ അറിയിപ്പ് ലഭിച്ചത്. കേരള ഭവനും ഇതേമാതൃകയിലാണ് ഒരുങ്ങുന്നതെങ്കില്‍ ഡല്‍ഹി മലയാളിക്ക് പ്രയോജനം ലഭിക്കില്ല എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 

വായന മരിക്കുന്നില്ല

ലൈബ്രറി കൗണ്‍സിലിന്‍റെ രാജ്യത്തെ ഏറ്റവും വലിയ യോഗം ഫെബ്രുവരി മാസം 22, 23 തീയതികളില്‍ ഡല്‍ഹിയില്‍ നടന്നു. ജവഹര്‍ ഭവനില്‍ നടന്ന ലൈബ്രറി കൗണ്‍സില്‍ സമ്മേളനത്തില്‍ രാജ്യത്തെ വിവിധ ഭാഷകളില്‍ നിന്നുള്ള ഒട്ടേറെ ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിവിധ ഭാഷകളില്‍ നിന്നുള്ള ഒട്ടേറെ സാഹിത്യകാരന്മാരും ലൈബ്രറി പ്രവര്‍ത്തകരും വായനക്കാരും ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചത് ശ്രദ്ധേയമായി. കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളും ലൈബ്രറി കൗണ്‍സില്‍ സമ്മേളനത്തിന്‍റെ ഭാഗമായി വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ ലൈബ്രറികള്‍ ശക്തമാവുകയാണെന്നും, എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിക്കുകയാണെന്നും സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയുണ്ടായി.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് പ്രകാശനം ചെയ്തു

പണിക്കേഴ്സ് ട്രാവല്‍സ് സി. ഇ. ഒ. ബാബു പണിക്കര്‍ രചിച്ച യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന പുസ്തകം പ്രകാശനം  ചെയ്തു. യാത്രാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രസ്ഥകാരന്‍ വളരെ ലളിതമായി യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍. ലഭ്യമായ എല്ലാ അറിവുകളും കഴിവതും പുസ്തകത്തിലേക്ക് ആക്കുവാനായി ശ്രമിച്ചിട്ടുണ്ട് എന്ന് ആമുഖത്തില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട്. ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് തന്‍റെ സ്വന്തം ചിന്തകളില്‍ വന്ന കാര്യങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറയുന്നു. പലയിടത്തുനിന്നും വായിച്ചെടുത്തിട്ടുള്ള അറിവുകളാണ് യാത്രയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി താന്‍ സമര്‍പ്പിക്കുന്നത്. എന്ന് ബാബു പണിക്കര്‍ പറയുന്നു ഒരു യാത്രയ്ക്ക് ഒരുങ്ങുന്ന ഏതൊരു വ്യക്തിയും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ന്യൂഡല്‍ഹി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ റിട്ട ജസ്റ്റിസ് കുര്യന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ: എസ് സോമനാഥാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വ്വഹിച്ചത്. ജസ്റ്റിസ് ( റിട്ട: ) കുര്യന്‍ ജോസഫിന്  ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്. നമ്മുടെ യാത്രകളിപ്പോള്‍ ഗോളാന്തരത്തില്‍ മാത്രമാണ് എത്തി നില്‍ക്കുന്നതെന്നും ഭാവിയില്‍ സൗരയൂഥാന്തര യാത്രകള്‍ വരുമെന്നും ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥ്. നമ്മുടെ സൂര്യനെപ്പോലെ മറ്റു സൂര്യന്മാരെ ചുറ്റുന്ന ഗ്രഹങ്ങളുള്ള സൗരയൂഥങ്ങള്‍ പുറത്തുണ്ട്. അവിടങ്ങളില്‍ അയ്യായിരത്തോളം ഗ്രഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഭൂമിയെപ്പോലെ മനുഷ്യന് ആവാസയോഗ്യമായ നൂറോളം സ്ഥലങ്ങളുണ്ട്. അവിടെ ചിലപ്പോള്‍ മനുഷ്യനെക്കാള്‍ ബുദ്ധിയുള്ളവര്‍ താമസിക്കുന്നുണ്ടാകുമെന്നാണ് തന്‍റെ വിശ്വാസമെന്നും സോമനാഥ് പുസ്തകം പ്രകാശനം ചെയ്ത് പറഞ്ഞു. മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ എം. മുകുന്ദന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ യാത്രികന്‍ ശങ്കരാചാര്യരാണെന്ന് എം. മുകുന്ദന്‍ പറഞ്ഞു. യാത്രാസൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് ബുദ്ധിയുള്ള മനുഷ്യരുമായി തര്‍ക്കിച്ച് തര്‍ക്കിച്ച് അദ്ദേഹം യാത്രചെയ്തു. യാത്രാവിവരണ പുസ്തകങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ടാകുമെന്നും മുകുന്ദന്‍ പറഞ്ഞു. അനീഷ് രാജന്‍ (ഡയറക്ടര്‍, കേന്ദ്ര സാംസ്കാരിക വകുപ്പ് ), കൊച്ചി മെട്രോ എം.ഡി. ലോക്നാഥ് ബഹറ, കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്, ബാബു പണിക്കര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി പ്രസിഡന്‍റ് പ്രസൂണ്‍ എസ് കണ്ടത്ത്  എന്നിവര്‍ സംസാരിച്ചു. 

അരവിന്ദനും സഹദേവനും താനാണെന്ന് മുകുന്ദന്‍

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം മുകുന്ദന്‍ തന്‍റെ കഥാപാത്രങ്ങളായ അരവിന്ദനും സഹദേവനും താന്‍ തന്നെയാണെന്ന് കേരള ഹൗസില്‍ നടന്ന സംവാദത്തില്‍ പ്രഖ്യാപിച്ചു. ഒരു കഥ എഴുതുമ്പോള്‍ അതില്‍ കഥാകൃത്തിന്‍റെ ഒരു ആത്മവിശ്യം ഉണ്ടെങ്കില്‍ മാത്രമേ കഥകള്‍ക്ക് ജീവന്‍ ഉണ്ടാകൂ എന്ന് മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഒരു സാഹിത്യകാരന് രാഷ്ട്രീയക്കാരുടെ പിന്തുണ വേണ്ടെന്നും രാഷ്ട്രീയക്കാര്‍ക്കാണ് സാഹിത്യകാരന്മാരെ വേണ്ടതെന്നും മുകുന്ദന്‍ പറഞ്ഞു. ഏറ്റവും നല്ല ഉദാഹരണം എം ടി വാസുദേവന്‍ നായരാണ്. മുഖ്യമന്ത്രി വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത ഒരു സാഹിത്യകാരനായിരുന്നു എംടി എന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിയമസഭാ സാഹിത്യോത്സവത്തില്‍ വച്ച് എല്ലാ എഴുത്തുകാരും സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് പ്രസ്താവന നടത്തിയത് ഏറെ വിവാദമായ സാഹചര്യത്തില്‍ ഇപ്പോള്‍ മുകുന്ദന്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ്. താനാദ്യം കണ്ട ഡല്‍ഹി ആദര്‍ശ രാഷ്ട്രീയത്തിന്‍റെ ആയിരുന്നെന്നും, ഇപ്പോള്‍ അാിത് പ്രായോഗിക രാഷ്ട്രീയത്തിന്‍റെ ഡല്‍ഹിയായി മാറിയിരിക്കുന്നു എന്നും മുകുന്ദന്‍ പറഞ്ഞു. അധികാരം ലഭിക്കുക എന്നുള്ളത് മാത്രമാണ് രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യമായി ഇപ്പോള്‍ മാറിയിരിക്കുന്നതെന്ന് മുകുന്ദന്‍ ചൂണ്ടിക്കാട്ടി. പുസ്തകങ്ങള്‍ക്ക് ഒരിക്കലും മരണമില്ല. പുതിയ സാഹിത്യ കേള്‍വിക്കാരും, വായനക്കാരും യുവ തലമുറയിലെ പ്രതിനിധികളാണ്. സാഹിത്യ ഉത്സവങ്ങളില്‍ ഇപ്പോള്‍ പോകുകയാണെങ്കില്‍ അതില്‍ ബഹുഭൂരിപക്ഷവും യുവാക്കള്‍ ആണെന്നുള്ളത് കാണുവാന്‍ സാധിക്കുമെന്ന് മുകുന്ദന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം ഡല്‍ഹിയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ മുകുന്ദന്‍ പറഞ്ഞത് ഡല്‍ഹി പഴയ ഡല്‍ഹി അല്ല എന്നാണ്. ഒട്ടേറെ മാറ്റങ്ങള്‍ ഡല്‍ഹിക്ക് സംഭവിച്ചിട്ടുണ്ടെങ്കിലും പാവങ്ങളായ ഡല്‍ഹിയിലെ ജനങ്ങള്‍ പഴയതുപോലെതന്നെ ഇപ്പോഴും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ രചിച്ച ഡല്‍ഹി ഗാഥയിലെ മരച്ചുവട്ടിലെ ചെരുപ്പ് കുത്തിയും, ബാര്‍ബറും, തയ്യല്‍ക്കാരനും ഇപ്പോഴും ഡല്‍ഹിയില്‍ ഉണ്ട് എന്നുള്ളത് അതിന് തെളിവാണെന്ന് മുകുന്ദന്‍ ചൂണ്ടിക്കാട്ടി. മാതൃഭൂമി ബുക്സ് പുറത്തിറക്കിയ എംബസിക്കാലം എന്ന എം മുകുന്ദന്‍റെ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണ് മുകുന്ദന്‍ ഇങ്ങനെ പറഞ്ഞത്. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്, ഓപ്പണ്‍ മാസികയുടെ എഡിറ്റര്‍ പ്രസന്നരാജന്‍, കേന്ദ്രസാംസ്കാരിക വകുപ്പ് ഡയറക്ടര്‍ അനീഷ് രാജന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ അശോകന്‍, മാതൃഭൂമി ബ്യൂറോ ചീഫ് മനോജ് മേനോന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.