രാജ്യതലസ്ഥാനത്തും താമര വിരിഞ്ഞു
വിജയ് ചൗക്ക്
സുധീര്‍ നാഥ്
27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരം പിടിച്ചിരിക്കുകയാണ്. ഡല്‍ഹി സംസ്ഥാനം എന്ന പ്രത്യേക പദവി നല്‍കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ബിജെപിക്കായിരുന്നു വിജയം. 11 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച അരവിന്ദ് കേജരിവാള്‍ നേത്യത്ത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏല്‍പ്പിച്ചാണ് ബിജെപി ഇപ്പോള്‍ വിജയം കൊയ്തത്. 15 വര്‍ഷം രാജ്യ തലസ്ഥാനമായ ഡല്‍ഹി ഭരിച്ച ചരിത്രം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലും ഒരു സീറ്റില്‍ പോലും വിജയിക്കുവാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല എന്നത് എടുത്ത് പറയേണ്ടതാണ്. ആകെ ഒരു ആശ്വാസം കഴിഞ്ഞ തവണയേക്കാള്‍ വോട്ടിങ്ങ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നത് മാത്രമാണ്.
1952 മാര്‍ച്ച് ഏഴിനാണ് ദില്ലി നിയമസഭ ആദ്യമായി പ്രാബല്യത്തില്‍ വരുന്നത്. ആദ്യം 48 അംഗങ്ങള്‍ മാത്രമായിരുന്നു ഡല്‍ഹി നിയമസഭയില്‍ ഉണ്ടായിരുന്നത്. ബ്രഹ്മ പ്രകാശ് ആയിരുന്നു ഡല്‍ഹിയുടെ ആദ്യത്തെ മുഖ്യമന്ത്രി. 1956 നവംബര്‍ ഒന്നാം തീയതി സ്റ്റേറ്റ് റെക്കഗ്നേഷന്‍ ആക്ട് നിലവില്‍ വരികയും ഡല്‍ഹിക്ക് യൂണിയന്‍ ടെറിട്ടറി പദവി നല്‍കുകയും ചെയ്തതോടെ നിയമസഭ പിരിച്ചുവിടേണ്ടിവന്നു. ജസ്റ്റിസ് ഫൈസല്‍ അലി നേതൃത്വം നല്‍കിയിരുന്ന സ്റ്റേറ്റ് റീഓര്‍ഗനൈസേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യ തലസ്ഥാനത്തെ യൂണിയന്‍ ടെറിട്ടറി ആക്കി മാറ്റിയത്.
1987ല്‍, സര്‍ക്കാരിയ കമ്മീഷന്‍ വന്നതോടു കൂടി രാഷ്ട്രീയ ചരിത്രം മാറുകയായിരുന്നു. സര്‍ക്കാരിയ കമ്മിഷന്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയെ പ്രത്യേകം പരാമര്‍ശിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ ഡല്‍ഹിക്ക് നിയമസഭാ അസംബ്ലി വേണമെന്നും ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍റേതായ രീതികളില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ സാധിക്കണമെന്നും രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരിയ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് 1993ല്‍ ഡല്‍ഹിയില്‍ സ്വതന്ത്രമായ ഒരു സര്‍ക്കാര്‍ വരാന്‍ ഇടയായത്. മറ്റു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഡല്‍ഹിക്ക് അതിന്‍റേതായ നിയമസഭയും, ലെഫ്റ്റനന്‍റ് ഗവര്‍ണറും, മന്ത്രിമാരും, മുഖ്യമന്ത്രിയും ഉണ്ട്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴി നടക്കുന്നു. രാജ്യതലസ്ഥാനമായതിനാല്‍ ഡല്‍ഹിയിലെ ഭരണം കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് നടത്തുന്നത്. ഗതാഗതം, റോഡ് മുതലായ സേവനങ്ങള്‍ ഡെല്‍ഹി സര്‍ക്കാര്‍ നോക്കുമ്പോള്‍ പോലീസ്, പട്ടാളം മുതലായ സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ നേരിട്ട് വരുന്നു.
ഡല്‍ഹി പണ്ടുമുതലേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആണ് ഭരിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിക്ക് പ്രത്യേക പദവി നല്‍കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ 1993-ല്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേറി. അങ്ങിനെ 1956 നു ശേഷം മുപ്പത്തി ഏഴ് വര്‍ഷം പിന്നിട്ട് നിയമസഭ രൂപവത്കരിക്കപ്പെട്ടത് 1993 ലാണ്. അന്ന് 70ല്‍ 49 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വന്നു. മദന്‍ ലാല്‍ ഖുറാന, സുഷമ സ്വരാജ് എന്നിവരായിരുന്നു മുഖ്യമന്ത്രിമാരായത്. പിന്നീട് നടന്ന രണ്ടാമത് തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തില്‍ വന്നു. സാഹിബ് സിംഗ് വര്‍മ്മയായിരുന്നു മുഖ്യമന്ത്രി.
1998 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരണം വീണ്ടെടുക്കുകയും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. 2003, 2008 വര്‍ഷങ്ങളില്‍ നടന്ന നീയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഷീലാ ദീക്ഷിതിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്തി. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ്സിന് ഭരണം നഷ്ടമാകുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്. 2013 ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ പിന്തുണയോടെ അധികാരത്തില്‍ വന്നു. അരവിന്ദ് കേജരിവാള്‍ ഏഴംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഭരണം മുന്നോട്ട് കൊണ്ടുപോകാതെ കേജരിവാള്‍ രാജിവെച്ചു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച രണ്ടാം യുപിഎ കാലവും, അക്കാലത്തുണ്ടായ അണ്ണാ ഹസാരെ നേത്യത്ത്വം കൊടുത്ത അഴിമതി വിരുദ്ധ സമരവും, അതില്‍ നേത്യത്ത്വപരമായ പങ്ക് വഹിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജരിവാളിന് ജനപ്രീതി ഉണ്ടാക്കി കൊടുത്തു. അരവിന്ദ് കേജരിവാള്‍ രൂപം കൊടുത്ത ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ രക്ഷകരായി എത്തിയത് അങ്ങിനെയാണ്. കോണ്‍ഗ്രസ് പിന്തുണയില്‍ അധികാരമേറിയശേഷം രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം രണ്ട് പ്രാവശ്യമാണ് ജനങ്ങള്‍ അരവിന്ദ് കേജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അധികാരത്തിലേറ്റിയത്. രണ്ടാം കേജരിവാള്‍ സര്‍ക്കാരിന്‍റെ കാലത്ത്, ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മദ്യനയ അഴിമതിക്കേസും കേജരിവാളിന്‍റെ അറസ്റ്റും മറ്റുമെല്ലാം സംഭവിക്കുന്നു. ഇതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അമ്പേ പരാജയപ്പെട്ടിരിക്കുന്നതാണ് നമ്മള്‍ കണ്ടത്.
ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് വേണ്ടി പ്രതിപക്ഷ കക്ഷികള്‍ രൂപം കൊടുത്ത ഇന്ത്യാ സഖ്യം ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തില്‍ പ്രധാനപ്പെട്ട ഒന്നായ സഖ്യം ഇല്ലാതെ പോയി എന്നുള്ളത് ഒരു പ്രധാന പരാജയമാണ്. ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍ഭൂരിപക്ഷം നല്‍കുന്നതിന് കാരണമായതും ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പരസ്പരം മത്സരിച്ചതാണ് കാരണമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. ഇരുചേരുകളില്‍ നിന്നും മത്സരിക്കുമ്പോള്‍ പ്രതിപക്ഷസഖ്യത്തിന്‍റെ വോട്ടുകളിലാണ് വിള്ളല്‍ വീണത്. കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും തുടര്‍ച്ചയായ മൂന്നാമത് നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കാതിരുന്നത് എടുത്ത് പറയേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഒട്ടേറെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ത്ഥാത്ത്വം കൊണ്ട് കഴിഞ്ഞു എന്നുള്ളതാണ് സംഭവിച്ചത്. ഈ ഒരു വിഷയത്തില്‍ ഇന്ത്യാ സഖ്യത്തിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ നീരസം പ്രകടിപ്പിക്കുന്ന കാഴ്ചയും ഇപ്പോള്‍ കാണാവുന്നതാണ്.
ഡല്‍ഹിയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 8 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ 62 സീറ്റ് നേട്ടത്തില്‍ നിന്ന് 22 സീറ്റിലേയ്ക്ക് ഒതുങ്ങിയത് വലിയ നഷ്ടമായി കണക്കാക്കാം. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കും എന്ന ഉറപ്പുമായി ഭരണത്തിലേറിയ ആം ആദ്മി പാര്‍ട്ടിക്ക് രണ്ടാം വരവിന്‍റെ അവസാനം അഴിമതിയുടെ നിഴല്‍ ഉണ്ടെന്ന ആരോപണ പത്മവ്യൂഹത്തില്‍ നിലതെറ്റിയ കാഴ്ച്ച സമീപ കാലത്ത് കണ്ടതാണ്. മുഖ്യമന്ത്രിയായ അരവിന്ദ് കേജരിവാളും, ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും ജയിലില്‍ പോയതും ജനങ്ങള്‍ കണ്ടു.
രാഷ്ട്രീയമായി പരിശോധിച്ചാല്‍ ഡല്‍ഹി ഭാരതീയ ജനസംഘത്തിന്‍റെ വളര്‍ച്ചയില്‍ പ്രധാന സ്ഥാനം വഹിച്ചിരുന്നതായി കാണാം. ഡല്‍ഹിയില്‍ വന്‍തോതില്‍ സ്ഥിരതാമസമാക്കിയ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികളുടെ പിന്തുണയില്‍ നിന്നാണ് ഭാരതീയ ജനസംഘത്തിന്‍റെ വളര്‍ച്ചയുടെ തുടക്കം. വിഭജനത്തിനുശേഷം നടന്ന നഗര വേര്‍തിരിവില്‍ ഈ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി വാദിച്ചുകൊണ്ടും 1966 ല്‍ പാര്‍ലമെന്‍റിന് പുറത്ത് അക്രമാസക്തമായ കലാപത്തില്‍ കലാശിച്ച ഗോസംരക്ഷണത്തിനായുള്ള ഒരു പ്രചാരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടും ബിജെഎസ് പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 1951 ല്‍ ഡല്‍ഹി ഗോവധം നിരോധിക്കുകയും 1957 ല്‍ അത് കുറ്റകരമാക്കുകയും ചെയ്തിട്ടും, പുതിയ കശാപ്പുശാലകള്‍ സ്ഥാപിക്കുന്നതിനെ ബിജെഎസ് ശക്തമായി എതിര്‍ത്തു, ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ മുസ്ലീം പ്രീണനമാണെന്ന് കുറ്റപ്പെടുത്താന്‍ ഈ വിഷയം ഉപയോഗിച്ചു. അതിന്‍റെ തുടര്‍ ചലനങ്ങളുടെ ഫലം കൂടിയാണ് ഇപ്പോഴത്തെ ബിജെപി വിജയം.
18, 19 നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഭരണം കൈയ്യടക്കിയതിനുശേഷം ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കട്ട ആയിരുന്നു. പിന്നീട് 1911 ല്‍ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹി ആക്കുകയായിരുന്നു. ഇതോടെ 1920 ല്‍ ഒരു പുതിയ നഗരമായി ന്യൂ ഡല്‍ഹി രൂപകല്‍പന ചെയ്തു. രാജ്യതലസ്ഥാനത്തിന് ഡല്‍ഹി എന്ന് എങ്ങിനെ പേര് വന്നു എന്നത് ഇപ്പോഴും ചര്‍ച്ചയാണ്. ദിലു എന്ന, 50 ബി.സി. കാലഘട്ടത്തിലെ മൗര്യ രാജാവിന്‍റെ പേരില്‍ നിന്നാണ് ഡല്‍ഹി എന്ന പേര് ലഭിച്ചത് എന്നാണ് ഏറ്റവും കൂടുതല്‍ പറയപ്പെടുന്നത്. ഇദ്ദേഹമാണ് ഡല്‍ഹി എന്ന നഗരം സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു. ഇപ്പോള്‍ പുതിയ ഡല്‍ഹിയുടെ നിര്‍മ്മാണത്തിനാണ് ബിജെപി തുടക്കം കുറിക്കാന്‍ പോകുന്നതെന്ന് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു
