പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
ഫെബ്രുവരി 15
തെസ്പിസ് നാടകോത്സവം
വളരെ വേഗതയില്‍ നമ്മുടെ ലോകം മുന്നോട്ട് പോകുകയാണ്. സമയം എല്ലാവര്‍ക്കും അതുകൊണ്ട് തന്നെ വിലപ്പെട്ടതാണ്. വര്‍ത്തമാനകാലത്ത് നാനോ ടെക്ക്നോളജിയോടാണ് സമൂഹത്തിന് ഏറെ പ്രിയം. അത് എല്ലാ രംഗത്തേയ്ക്കും പടര്‍ന്ന് കയറിയിരിക്കുന്നു. അത് വാര്‍ത്തകളിലേയ്ക്കും, സാഹിത്യത്തിലേിയക്കും കലകളിലേയ്ക്കും കടന്നു കയറിയിരിക്കുന്നു. കേരളത്തിന്‍റെ സ്വന്തം കഥകളി മണിക്കൂറുകളുടെ ദൈര്‍ഘ്യത്തില്‍ എത്തി നില്‍ക്കുന്നു. നാടക രംഗത്തും ഇത് വന്നിരിക്കുന്നു. 2015 ഡല്‍ഹിയില്‍ രൂപം കൊടുത്ത നാടക രംഗത്തെ വ്യക്തികളുടെ ഒരു കൂട്ടായ്മയാണ് വൃക്ഷ് ദി തീയറ്റര്‍. വ്യക്ഷിന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്ന മൈക്രോ ഡ്രാമ ഫെസ്റ്റിവല്‍ ആണ് തെസ്പിസ് മൈക്രോ ഡ്രാമാ ഫെസ്റ്റിവെല്‍. ചെറിയ നാടകങ്ങളുടെ വലിയ ആഘോഷമാണ് ഏകദിനത്തില്‍ നടക്കുന്ന ഈ നാടകോത്സവം. ഈ നാടകോത്സവത്തില്‍ 30 ഓളം നാടകങ്ങള്‍ അരങ്ങത്ത് എത്തുന്നു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തവണ സ്ക്കൂള്‍ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവത്തിന്‍റെ ഭാഗമായാണ് തെസ്പിസ് നാടകോത്സവം ഡല്‍ഹിയില്‍ നടന്നത്. പ്രശസ്ത നാടക പ്രവര്‍ത്തകനും ത്യശ്ശൂര്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറുമായ ഡോക്ടര്‍ അഭിലാഷ് പിള്ളയായിരുന്നു ഇത്തവണത്തെ നാടകോത്സവത്തിന്‍റെ ഡയറക്ടര്‍. കുംഭമേളയുടെ സമയമായത് കൊണ്ട് സംഘാടകര്‍ മഹാ കുംഭ് ഓഫ് ഡ്രാമ എന്ന ടാഗ് ലൈന്‍ ഉപയോഗിച്ചത് ശ്രദ്ധേയമായി. എട്ട് ഭാഷയില്‍ മുപ്പത്തൊന്ന് നാടകങ്ങള്‍ക്കായി അറുനൂറോളം നാടക പ്രവര്‍ത്തകരാണ് തെസ്പിസ് നാടകോത്സവത്തില്‍ ഇത്തവണ പങ്കെടുത്തത്. പത്ത് മിനിറ്റ് ദ്യൈര്‍ഘ്യമുള്ള മൈക്രോ ഡ്രാമകള്‍ക്ക് പത്ത് അവാര്‍ഡുകളാണ് നല്‍കിയത്. അടുത്തിടെ അന്തരിച്ച നാടകാചാര്യന്‍ ഓംചേരി എന്‍ എന്‍ പിള്ളയുടെ പേരില്‍ ഇത്തവണ മികച്ച നാടക രചനയ്ക്ക് അവാര്‍ഡ് നല്‍കി. മദ്രാസ് കേരള സമാജം അവതരിപ്പിച്ച മ്യതികയുടെ രചനയ്ക്ക് ദീപക്ക് സുധാകരനാണ് അവര്‍ഡ് നേടിയത്. ഷൊര്‍ണ്ണൂര്‍ ജനഭേരി സ്ക്കൂള്‍ ഓഫ് ആര്‍ട്ട് ആന്‍റ് പെര്‍ഫോമന്‍സിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഭൂതകണ്ണാടി മികച്ച നാടകത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. കര്‍ണ്ണാടകയിലെ ബാംഗ്ലൂരില്‍ നിന്നുള്ള കലാ കടബ ആര്‍ട്ട് സെന്‍റര്‍ അവതരിപ്പിച്ച അത് മികച്ച രണ്ടാമത്തെ അവതരണത്തിനുള്ള അവാര്‍ഡ് നേടി.
മാധ്യമപ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ല
വാര്‍ത്തകള്‍ അറിയിക്കുക എന്നതിനപ്പുറം ജീവന്‍ പണയപ്പെടുത്തി ചെയ്യേണ്ട അവസ്ഥയാണ് വര്‍ത്തമാനകാലത്ത് രാജ്യത്തുള്ളതെന്ന് കനിമൊഴി എംപി. അഭിപ്രായം പറയുവാനും സത്യം പറയുവാനും ഭയക്കേണ്ട സ്ഥിതിയിലാണ് ഇന്ന്. സിദ്ധിക് കാപ്പനു സംഭവിച്ചതെന്താണെന്ന് എല്ലാവര്‍ക്കു മറിയാം. അനവധി ദിനങ്ങള്‍ സിദ്ധിക് കാപ്പനു ജയിലില്‍ കിടക്കേണ്ടതായി വന്നുവെന്നും കനിമൊഴി പറഞ്ഞു. മാധ്യമപ്രവര്‍ത്തനത്തെയും മാധ്യമപ്രവര്‍ത്തകരെയും സംരക്ഷിക്കേണ്ട കാലമാണിതെന്നും കനിമൊഴി പറഞ്ഞു. മാധ്യമപ്രവര്‍ത്തന രംഗത്ത് മികവുതെളിയിച്ചവര്‍ക്ക് പ്രൊഫ.കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് നല്‍കുന്ന ടിവിആര്‍ ഷേണായി അവാര്‍ഡ് ദ കാരവന്‍ മുന്‍ പത്രാധിപന്‍ ഡോ.വിനോദ് കെ. ജോസിന് ഡല്‍ഹിയില്‍ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു കനിമൊഴി. സത്യങ്ങള്‍ തുറന്നെഴുതിയ ധീരനായ മാധ്യപ്രവര്‍ത്തകനായിരുന്നു ടിവിആര്‍ ഷേണായി എന്ന് കനിമൊഴി പറഞ്ഞു.
ലോക പുസ്തകമേള ശ്രദ്ധേയമായി.
വായന മരിക്കുന്നു എന്നുള്ളതിന് ഘടകവിരുദ്ധമായ കാഴ്ചയാണ് ഡല്‍ഹിയില്‍ ഫെബ്രുവരി ഒന്ന് മുതല്‍ ഒന്‍പത് വരെ നടന്ന പുസ്തകമേളയില്‍ കാണുവാന്‍ സാധിച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ലോക പുസ്തകമേള വേദിയായ പ്രഗതി മൈതാനായിലെ ഭാരത് മണ്ഡപത്തിലേക്ക് എത്തിച്ചേര്‍ന്നത്. മലയാളം പുസ്തകങ്ങള്‍ അടക്കം ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുടെ വില്‍പ്പനയും പ്രദര്‍ശനവും അവിടെ നടന്നിരുന്നു. എംടിയുടെ പുസ്തകങ്ങള്‍ തേടി ഒട്ടേറെ പേര്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മലയാളികളായ പല എഴുത്തുകാരുടെയും വിവര്‍ത്തനങ്ങള്‍ക്കായി വായനക്കാര്‍ എത്തുന്നത് ശ്രദ്ധേയമായ ഒന്നായി. നൂറുകണക്കിന് പുസ്തകങ്ങളാണ് ലോക പുസ്തകമേളയില്‍ പ്രകാശിതമായത് എന്നുള്ളതും ശ്രദ്ധേയമാണ്. പ്രശസ്ത നര്‍ത്തകിയും മലയാളിയുമായ വിദ്യാലക്ഷി ഇടവലത്തു എഴുതിയ 'സഖി തത്വ ഇന്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ' എന്ന പുസ്തകത്തിന്‍റെ ഇംഗ്ലീഷിലും ഹിന്ദിയിലും ഉള്ള പതിപ്പുകളുടെ പ്രകാശനവും ഇതില്‍ പെടും. വിദ്യാലക്ഷിയും ശിഷ്യരും ചേര്‍ന്ന് നായികമാരുടെയും തോഴിമാരുടെയും സൗഹൃദത്തെ വര്‍ണ്ണിക്കുന്ന നൃത്ത രൂപവും പുസ്തക മേളയില്‍ അരങ്ങേറി.
ബോംബ് ഭീഷണിയും സൈബര്‍ തട്ടിപ്പും
ബോംബ് ഭീഷണി എന്നുള്ള കാര്യം നമ്മള്‍ പറഞ്ഞു കേട്ടിട്ടേ ഉള്ളൂ. വളരെ അപൂര്‍വമായി ചില അവസരങ്ങളില്‍ ചിലയിടങ്ങളില്‍ മാത്രം ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്. സമീപകാലത്ത് സൈബര്‍ തട്ടിപ്പും ബോംബ് ഭീഷണിയും സാധാരണയായി. കഴിഞ്ഞ കുറെ നാളുകളായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ സ്കൂളുകളിലും കോളേജുകളിലും ഒക്കെ ബോംബ് ഭീഷണി ഒരു നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഡല്‍ഹിയിലെ ഒട്ടേറെ സ്കൂളുകളില്‍ ബോംബ് ഭീഷണി വരികയും രാജ്യതലസ്ഥാനത്തെ മാതാപിതാക്കളെല്ലാം ആശങ്കയിലാകുകയും ചെയ്തത് മറക്കുവാന്‍ സമയമായിട്ടില്ല. വീണ്ടും ഇതാ ഡല്‍ഹിയിലെ സ്കൂളുകളിലും കോളേജുകളിലുമായി ഇമെയില്‍ വഴി ബോംബ് ഭീഷണി വന്നിരിക്കുകയാണ്. സമൂഹത്തെ ആശങ്കയില്‍ നിര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ ആരാണെന്ന് പോലീസിന് കണ്ടെത്തുന്നതില്‍ വിജയിച്ചിട്ടുമില്ല. സാങ്കേതികവിദ്യ വളരുംതോറും ഇത്തരം ഭീഷണികളും സൈബര്‍ തട്ടിപ്പുകളും വ്യാപകമാകുകയാണ്. വാര്‍ത്തകളില്‍ കാണുന്നതും മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ദിവസവും ഒട്ടേറെ പേര്‍ സൈബര്‍ തട്ടിപ്പിന്‍റെ ഇരകളാകുന്നു എന്നുള്ളതും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ഇമെയില്‍ വഴി വരുന്ന ബോംബ് ഭീഷണിയും സൈബര്‍ തട്ടിപ്പും ആധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് എന്നുള്ളത് ഇവിടെ കൂട്ടിവായിക്കപ്പെടേണ്ടതാണ്.
നെറ്റ്ഫ്ളിക്സ് സീരീസ് ബ്ലാക്ക് വാറണ്ട്
ഡല്‍ഹിയിലെ പ്രശസ്തമായ തീഹാര്‍ ജയിലിനെ കുറിച്ച് എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു. കൊടും കുറ്റവാളികള്‍ മുതല്‍ രാഷ്ട്രീയ തടവുകാര്‍ വരെ തീഹാര്‍ ജയിലിന്‍റെ അഴികള്‍ എണ്ണിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാര്‍ മുതല്‍ മുഖ്യമന്ത്രിമാര്‍ വരെ തീഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കുപ്രസിദ്ധമായ രാജ്യത്തെ ഏറ്റവും പ്രധാനമായ ജയിലാണ് അതൊന്ന് എല്ലാവര്‍ക്കും അറിയാം. ഈ ജയിലിന്‍റെ ഉള്ളറ കഥകള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. തീഹാര്‍ ജയിലിനുള്ളില്‍ പണ്ട് നടന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ നെറ്റ്ഫ്ളിക്സിലൂടെ വെബ് സീരീസ് ആയി വന്നുകൊണ്ടിരിക്കുന്ന ബ്ലാക്ക് വാറണ്‍ഡില്‍ കാണാം. പുറമെ അറിയുന്നതിനേക്കാള്‍ ഭീകരമാണ് തീഹാര്‍ ജയിലിലെ കഥകള്‍ എന്ന് സീരീസ് കണ്ടവര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിക്രമാദിത്യ മോട്വാനിയും സത്യാംശു സിങ്ങും ചേര്‍ന്ന് സൃഷ്ടിച്ച സീരീസ് തിഹാര്‍ ജയിലിലെ ഓഫീസറായിരുന്ന സുനില്‍ ഗുപ്തയുടെ ജീവിതാനുഭവങ്ങളുടെ ചിത്രീകരണമാണ്. അനുഭവപരിചയമില്ലാത്ത സുനില്‍ ഗുപ്ത ഏഷ്യയിലെ ഏറ്റവും വലിയ ജയിലില്‍ ഉദ്യോഗസ്ഥനായെത്തുന്നു. അവിടെ അരങ്ങേറിയ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ അനുഭവങ്ങള്‍ അയാളെ അനുഭവസമ്പത്തുള്ള ജയിലറാക്കി മാറ്റുന്നു. ബിക്കിനി കില്ലറെന്ന് വിളിപ്പേരുള്ള ചാള്‍സ് ശോഭരാജ്, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലയാളികള്‍, ബില്ല രംഗ തുടങ്ങി കൊടും കുറ്റവാളികള്‍ വാഴുന്ന ഡല്‍ഹിയിലെ തിഹാര്‍ ജയില്‍. ഇത്തരം ഭീകരന്‍മാരുമായിട്ടാണ് സുനില്‍ ഗുപ്തയ്ക്ക് ഇടപഴകേണ്ടി വന്നത്. ഇവരുടെ കഥാപാത്രങ്ങള്‍ സീരീസില്‍ എത്തുന്നുണ്ട്. സുനില്‍ ഗുപ്തയും മാധ്യമപ്രവര്‍ത്തകയായ സുനീത ചൗധരിയും ചേര്‍ന്ന് എഴുതിയ ڇബ്ലാക്ക് വാറണ്ട്: കണ്‍ഫെഷന്‍സ് ഓഫ് എ തിഹാര്‍ ജയ്ലര്‍چ എന്ന കൃതിയാണ് നെറ്റ്ഫ്ളിക്സ് സീരീസ് ആയി സത്യാംശു സിങ്ങും കോണ്‍ഫ്ളൂവന്‍സ് മീഡിയയും ആന്ദോളന്‍ പ്രൊഡക്ഷന്‍സും അപ്ലോസ് മീഡിയായും ചേര്‍ന്ന് നിര്‍മ്മിച്ചത്. പ്രശസ്ത മലയാളി പത്രപ്രവര്‍ത്തകനായ ജോസി ജോസഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. പാരമ്പരയ്ക്ക് വേണ്ട ഗവേഷണം അടക്കം ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിച്ചതും ജോസി ജോസഫ് തന്നെ. 1980കളിലെ തിഹാര്‍ ജയിലിനെക്കുറിച്ചാണ് സുനില്‍ ഗുപ്ത തന്‍റെ പുസ്തകത്തില്‍ പറയുന്നത്. ത്രില്ലര്‍ സിനിമകളെ വെല്ലുന്ന ബ്ലാക്ക് വാറണ്ടിലെ സീനുകളും, ഡയലോഗുകളുമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. മറ്റ് ജയില്‍ കഥകളില്‍ നിന്ന് വ്യത്യസ്തമായി, വളരെ റിയലിസ്റ്റിക്കായിട്ടുള്ള അവതരണമാണ് ബ്ലാക്ക് വാറണ്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. റിയലിസ്റ്റിക്ക് സീനുകള്‍ സീരീസില്‍ ഉള്‍ക്കൊള്ളിച്ചത് ചര്‍ച്ചയും സംസാരവുമായിട്ടുണ്ട്. ഇത്തരം റിയലിസ്റ്റിക്ക് കഥകളില്‍ അത്തരം സീനുകള്‍ ഒഴിവാക്കിക്കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ജയിലിന്‍റെ അക്കാലത്തെ യഥാര്‍ത്ഥ ചിത്രം കൊണ്ടുവരാനാകില്ല. അധികാര വ്യവസ്ഥക്കെതിരെയുള്ള സുനില്‍ ഗുപ്തയുടെ പോരാട്ടത്തിന്‍റെ കഥകൂടിയാണ് ബ്ലാക്ക് വാറണ്ട്. തടവറക്കുള്ളില്‍ അരങ്ങേറിയ കുപ്രസിദ്ധമായ പല സംഭവങ്ങളുടെ അവതരണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
