മനുഷ്യന്‍ മൃഗങ്ങളായാല്‍, മൃഗങ്ങള്‍ എന്തുചെയ്യും...?
വിജയ് ചാക്ക്
സുധീര്‍ നാഥ്
ഡല്‍ഹിയില്‍ ഇരുന്നു കേരളത്തിലെ വാര്‍ത്തകള്‍ കാണുമ്പോള്‍ ഞെട്ടലുണ്ടാകുന്നു. എന്‍റെ കേരളം ഇങ്ങനെയായിരുന്നില്ല എന്ന ആശ്വസിപ്പിക്കല്‍... എല്ലാ ദിവസവും വാര്‍ത്തകളില്‍ അറിയുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വന്യമൃഗങ്ങള്‍ നാട്ടിലേക്ക് എത്തുന്നു. വന്യമൃഗങ്ങളുടെ ആക്രമണം കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ് കേരളത്തിലെ വനത്തിനോട് ചേര്‍ന്നുള്ള മനുഷ്യര്‍. അതേസമയം മനുഷ്യന്‍ വന്യമൃഗങ്ങളേക്കാള്‍ ക്രൂരമായ ആക്രമണം കാണിക്കുകയും കൊലപാതകം നടത്തുകയും ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും ഉണ്ടാകുന്നത്. ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നു. ഭര്‍ത്താവിനെ ഭാര്യയുടെ കാമുകന്‍ കൊല്ലുന്നു. കാമുകന്‍ കാമുകിയെ കൊല്ലുന്നു. കാമുകി കാമുകന് വിഷം നല്‍കി കൊല്ലുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം കത്തിക്കുത്ത് നടത്തുന്നു. മന്ത്രവാദത്തിന്‍റെ അടിമകളായി മലയാളികള്‍ സാക്ഷരകേരളത്തില്‍ മാറുന്ന കാഴ്ച ലജ്ജാകരം തന്നെ. അങ്ങനെ കേള്‍ക്കാന്‍ ഒരിക്കലും പാടില്ലാത്ത പല കാര്യങ്ങളും നമ്മുടെ കേരളത്തില്‍ നടക്കുകയാണ്.
കേരളം ഏറ്റവും സുരക്ഷിത നാടാണ് എന്നാണ് പൊതുവേ പറഞ്ഞു വന്നിരുന്നത്. അതിനാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. സുരക്ഷിത പ്രദേശം എന്ന അലങ്കാരത്തിന് ഘടകവിരുദ്ധമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ സ്വാഭാവികമായും മലയാളികള്‍ ആശങ്കാകുലരാകുകയാണ്. പ്രായം ഒരു തടസ്സമല്ലാത്ത രീതിയിലാണ് ഓരോ ക്രൂരകൃത്യങ്ങള്‍ നടക്കുന്നത്. ക്രൂരകൃത്യം ചെയ്യുന്നവരുടെ പ്രായങ്ങള്‍ വലിയ ഞെട്ടലിലേക്ക് മാറുന്നു. കേരളത്തിലെ സാംസ്കാരിക രംഗത്ത് അടിയന്തര ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ലോകത്തിലെ ഏറ്റവും മോശപ്പെട്ട പ്രദേശമായി മനോഹരമായ കേരളം മാറിപ്പോകുന്നു എന്ന് തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
കേരളത്തില്‍ സമീപകാലത്ത് കൂടിവരുന്ന കൊലപാതകങ്ങള്‍ തീര്‍ച്ചയായും പഠനവിധേയമാക്കേണ്ടതാണ്. ലഹരിയുടെ ഉപയോഗം കേരളത്തില്‍ കൂടിവരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് തടയുവാന്‍ നമ്മുടെ സമൂഹത്തിന് പൂര്‍ണ്ണമായും സാധിക്കുന്നില്ല എന്നുള്ളതിന്‍റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന പല അക്രമ സംഭവങ്ങളും. കേരളത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വലിയ രീതിയില്‍ ലഹരിവസ്തുക്കള്‍ പിടികൂടുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും സമൂഹത്തിലെ യുവതലമുറകള്‍ക്കിടയിലും ലഹരിയുടെ ഉപയോഗം കൂടിവരുന്നതായി വാര്‍ത്തകളില്‍ നിറയുന്നത് നമ്മുടെ നേര്‍കാഴ്ച്ചയാണ്. കേരളത്തിലെ ചില ഹോട്ടലുകളില്‍ വൈകുന്നേരങ്ങളില്‍ നടക്കുന്ന പാര്‍ട്ടികളില്‍ ലഹരി വില്‍പ്പന വ്യാപകമായി ഉണ്ടാകുന്നു എന്നുള്ള കാര്യം തിരിച്ചറിയുകയും അത് തടയുകയും ചെയ്യേണ്ടത് ഒരു അടിയന്തിര കാര്യമായിത്തന്നെ നാം ഏറ്റെടുക്കണം.
കേരളത്തില്‍ ഇത്തരത്തില്‍ ലഹരി ഉപയോഗം കൂടുന്നതിന്‍റെ കാരണം ബോധവല്‍ക്കരണത്തിലെ കുറവായി നാം സ്വയം തിരിച്ചറിയണം. ലഹരിയുടെ ദൂഷ്യവശങ്ങള്‍ നമ്മുടെ യുവതലമുറയെ അതിശക്തമായി ബോധ്യപ്പെടുത്തുവാന്‍ നമ്മള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. കുട്ടികള്‍ പോലും കേരളത്തില്‍ ലഹരിക്ക് അടിമയാകുന്നു എന്നത് ഗൗരവമുള്ള കാര്യമാണ്. ആണ്‍കുട്ടി പെണ്‍കുട്ടി എന്നൊന്നും ഇവിടെ വ്യത്യാസമില്ല.
കേരളത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ലഹരിയുടെ ഒഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നുണ്ട് എന്ന മുന്നറിയിപ്പ് പല ഭാഗങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. കേരളം ഒരു ഉപഭോഗ സംസ്ഥാനമായത് കൊണ്ട് മറ്റ് കച്ചവട സംരംഭങ്ങളെയും പോലെ ലഹരി വല്‍പ്പനയും പുറത്ത് നിന്ന് നടക്കുന്നു. മയക്കുമരുന്നിന്‍റെ വരവും വ്യാപാരവും ഭയപ്പെടുത്തുന്ന രീതിയില്‍ ആയി കഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. രാഷ്ട്രീയ സംരക്ഷണവും പിന്തുണയും ലഭിക്കുന്നത് കൊണ്ട് സുരക്ഷിതമായ ഒരിടമായി കേരളം മാറിയിരിക്കുന്നു. മയക്കുമരുന്നിന്‍റെ വരവിന്‍റെ പിന്നിലെ മുഖ്യ കാരണവും അതുതന്നെയാണ്.
വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികള്‍ പോലും ഇന്ന് ലഹരി മാഫിയയുടെ വലകളില്‍ അകപ്പെട്ട് കണ്ണികള്‍ ആകുന്നു എന്ന വാര്‍ത്തകള്‍ വരുമ്പോള്‍ എത്ര ഭീതിജനകമാണ് സംഭാവികസങ്ങള്‍ എന്ന് തിരിച്ചറിയണം. പ്രവര്‍ത്തന ഫണ്ടിനോ കേവലമായ ലാഭത്തിനോ മാഫിയകളില്‍ നിന്ന് അറിയാതെയെങ്കിലും പണം സ്വീകരിക്കേണ്ടി വരികയോ മറ്റോ ചെയ്താല്‍ അത് ഒരു ബന്ധത്തിന്‍റെ തുടക്കമാകും. ക്രമേണ അതിന്‍റെ തലം മാറും. മുന്‍കാലങ്ങളില്‍ ഏതൊരു വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്യകയായിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ സംരക്ഷകരായിരുന്നു. പ്രണയത്തിന് പോലും വിശ്വാസ്യത ഉണ്ടായിരുന്നു. ഇന്നതൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യന്‍ വന്യമൃഗങ്ങളെ പോലും നാണിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാന്‍ പണം വേണം. നേതാക്കള്‍ ആഡംബരജീവിതം ആഗ്രഹിക്കുന്നു. ഇതിനുള്ള പണം കണ്ടെത്താനുള്ള വ്യഗ്രതയില്‍ ചിലരെങ്കിലും ലഹരിമാഫിയകളുടെ പിടിയില്‍ പെട്ടുന്നു. സ്പിരിറ്റ് കച്ചവട ലോബികളും, രാഷ്ട്രീയക്കാരുടെ ഇടപെടലുകളും അവര്‍ക്ക് സംരക്ഷണം കൊടുക്കുകയും രാഷ്ട്രീയ ബന്ധങ്ങളുടെ പേരില്‍ അവരെ കേസുകളില്‍ നിന്ന് ഒഴിവാക്കി കൊടുക്കുകയും ചെയ്യുന്നു. ലഹരിലോബികളും ഇടനിലക്കാരും വളരുകയും അതിന്‍റെ ദൂഷ്യവശങ്ങള്‍ സമൂഹം അനുഭവിക്കേണ്ടിവരികയും ചെയ്യുന്നു.
മയക്കുമരുന്ന് ലോബികള്‍ക്കും അവരെ നിയന്ത്രിക്കുന്നവര്‍ക്കും വ്യക്തമായ അജണ്ടകളുണ്ട്. വളരെ വേഗത്തില്‍ ധനം സമ്പാദിക്കുന്ന ഒരു മാര്‍ഗ്ഗമായി ലഹരി വിപണനം കാണുന്നവരുണ്ട്. അതേസമയം രാജ്യാന്തര ലഹരി മാഫിയയെ നിയന്ത്രിക്കുന്ന ഒരു അന്താരാഷ്ട്ര ലോബി ഉണ്ട് എന്നുള്ള കാര്യം ഈ അവസരത്തില്‍ നാം തിരിച്ചറിയണം. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികളായാലും യുവാക്കളായാലും അവര്‍ ഒന്നിനും കൊള്ളാത്ത ഒരു വിഭാഗമായി മാറുന്നു. ഇങ്ങനെയുള്ളവരാണ് നാട്ടില്‍ അക്രമം അഴിച്ചുവിടുന്നതും നാടിന്‍റെ പേരുപോലും ചീത്തയാക്കുന്ന രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതും.
ഒരു നാടിന്‍റെ നന്‍മയ്ക്കായി സമരങ്ങള്‍ക്കും വിപ്ലവത്തിനും പ്രധാനപങ്ക് വഹിക്കുന്നത് എപ്പോഴും യുവാക്കളാകും. അതുകൊണ്ടുതന്നെ യുവാക്കളെ ലക്ഷ്യം വച്ച് അവരെ വരുതിയിലാക്കിയാല്‍ എളുപ്പത്തില്‍ ലഹരി വിപണനം അവിടെ നടത്താം എന്ന് അന്താരാഷ്ട്ര ലോബികള്‍ക്കറിയാം. അവരുടെ കയ്യിലെ ഇരകള്‍ മാത്രമായി മാറുകയാണ് പിന്നീട് ഈ നാട്ടിലെ യുവജനങ്ങള്‍. തങ്ങള്‍ ലഹരിക്ക് അടിമകളായി എന്ന് സ്വയവും, സമൂഹവും തിരിച്ചറിയുമ്പോഴേക്കും രക്ഷപ്പെടാനാകാത്ത വിധം ലഹരിയുടെ പിടിയില്‍ അകപ്പെട്ടിട്ടുണ്ടാകും. ലഹരി ലോബികള്‍ ജാതിയുടെയും മതത്തിന്‍റേയുംന്‍റേയും രാഷ്ട്രീയത്തിന്‍റേയും ഒക്കെ നിറങ്ങളില്‍ പതുങ്ങി ഇരിപ്പുമുണ്ടാകും എന്നത് യാഥാര്‍ത്ഥ്യമാണ്.
തികച്ചും വ്യത്യസ്തമായ ഒരു സമൂഹമാണ് കേരളീയര്‍ എന്നൊക്കെയാണ് നമ്മള്‍ സ്വയം പറയാറ്. കേരളത്തിലെ ലഹരി കുറ്റകൃത്യങ്ങള്‍ക്ക് കാലഘട്ടത്തിനനുസരിച്ചുള്ള ശിക്ഷാരീതിയല്ല നിലവിലുള്ളത്. നമ്മുടെ രാജ്യത്ത് പിടിക്കുന്ന ലഹരിയുടെ വിലയിലും എത്രയോ താഴെയാണ് പിഴ തുക എന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഈ പിഴത്തുകയടച്ച് പുറത്തിറങ്ങുന്ന കുറ്റവാളി നാളെ വീണ്ടും ഇതേ ജോലിക്ക് ഇറങ്ങും. അവന് പണം ഉണ്ടാക്കുക എന്നതാണല്ലോ ലക്ഷ്യം. അന്താരാഷ്ട്ര തലത്തിലുള്ള കടുത്ത ശിക്ഷ നിയന്ത്രണങ്ങള്‍ ഇവിടെയും ഉണ്ടാകണം. അത്തരത്തില്‍ ഒരു നിയമപരിഷ്കരണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഗൗരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശിക്ഷയുടെ കാഠിന്യം കൂടുന്നമുറയ്ക്ക് കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവ് സംഭവിക്കാം.
ഇങ്ങനെ ലഹരി ഉപയോഗം കൂടുന്നതിനനുസരിച്ച് കേരളത്തില്‍ വ്യാപകമായ അക്രമങ്ങളും കൊലപാതകങ്ങളും മറ്റും ഉണ്ടാകുന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വ്യത്യസ്തങ്ങളായ സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ അരങ്ങേറുമ്പോള്‍ അതിന്‍റെ പിന്നില്‍ ലഹരി മാഫിയയുടെ ഒരു പങ്ക് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹം ലഹരിക്കെതിരായി അതിശക്തമായി ഉണര്‍ന്ന് കഴിഞ്ഞാല്‍ മാത്രമേ ഇത്തരം അക്രമങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും തടസ്സം നില്‍ക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ലഹരിയുടെ ഉപയോഗം കൊണ്ട് നാട്ടില്‍ വലിയ അതിക്രമങ്ങള്‍ നടക്കുന്ന അതേസമയം തന്നെയാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്. മനുഷ്യന്‍ മൃഗമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങള്‍ നാട്ടില്‍ അക്രമം നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടേണ്ടിയും വരുന്ന ഒരു ദയനീയ സാഹചര്യത്തിലാണ് നമ്മള്‍ എത്തിനില്‍ക്കുന്നത്.
