27 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി ഭരിക്കുമ്പോള്‍...
സുധീര്‍ നാഥ്
കോണ്‍ഗ്രസ്സിന് വലിയ വേരോട്ടമുള്ള പ്രദേശമായിരുന്നു രാജ്യതലസ്ഥാനമായ ഡല്‍ഹി. ഡല്‍ഹി ആദ്യകാലം മുതലേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ് ഭരിച്ചിരുന്നത്. പ്രതിപക്ഷമായി അക്കാലത്ത് ബിജെപിയുടെ ആദ്യരൂപമായ ജനസംഘം ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഭാരതീയ ജനസംഘത്തിന്‍റെ വളര്‍ച്ച ഡല്‍ഹിയിലായിരുന്നു എന്ന് കാണാം. ഡല്‍ഹിയില്‍ വന്‍തോതില്‍ സ്ഥിരതാമസമാക്കിയ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു, സിഖ് അഭയാര്‍ത്ഥികളുടെ പിന്തുണയില്‍ നിന്നാണ് ഭാരതീയ ജനസംഘത്തിന്‍റെ വളര്‍ച്ചയുടെ തുടക്കം. വിഭജനത്തിനുശേഷം നടന്ന നഗര വേര്‍തിരിവില്‍ അഭയാര്‍ത്ഥികളുടെ പക്ഷം പിടിച്ചു. ഗോസംരക്ഷണത്തിനായുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കിക്കൊണ്ടും ബിജെഎസ് പ്രശസ്തിയിലേക്ക് ഉയര്‍ന്നു. 1951 ല്‍ ഡല്‍ഹി ഗോവധം നിരോധിക്കുകയും 1957 ല്‍ അത് കുറ്റകരമാക്കുകയും ചെയ്തിട്ടും, പുതിയ കശാപ്പുശാലകള്‍ സ്ഥാപിക്കുന്നതിനെ ബിജെഎസ് ശക്തമായി എതിര്‍ത്തു, ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനെ മുസ്ലീം പ്രീണനമാണെന്ന് കുറ്റപ്പെടുത്താന്‍ ഈ വിഷയം ഉപയോഗിച്ചു. അതിന്‍റെ തുടര്‍ ചലനങ്ങളുടെ ഫലം കൂടിയാണ് ഇപ്പോഴത്തെ ബിജെപി വിജയം. ഡല്‍ഹിയിലെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് ഇനി വലിയ പണിയൊന്നും കാണില്ല.
27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരം പിടിച്ചിരിക്കുകയാണ്. ഡല്‍ഹി സംസ്ഥാനം എന്ന പ്രത്യേക പദവി നല്‍കിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ബിജെപിക്കായിരുന്നു വിജയം. അന്ന് 70 സീറ്റില്‍ 49 സീറ്റിലാണ് ജയിച്ചതെങ്കില്‍ ഇപ്പോള്‍ 48 സീറ്റിലാണ് ബിജെപി ജയിച്ചിരിക്കുന്നത്. 10 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച അരവിന്ദ് കേജരിവാള്‍ നേത്യത്ത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഏല്‍പ്പിച്ചാണ് ബിജെപി ഇപ്പോള്‍ വിജയം കൊയ്തത്.
1952 മാര്‍ച്ച് ഏഴിനാണ് ഡല്‍ഹി നിയമസഭ ആദ്യമായി പ്രാബല്യത്തില്‍ വരുന്നത്. ആദ്യം 48 അംഗങ്ങള്‍ മാത്രമായിരുന്നു ഡല്‍ഹി നിയമസഭയില്‍ ഉണ്ടായിരുന്നത്. ബ്രഹ്മ പ്രകാശ് ആയിരുന്നു ഡല്‍ഹിയുടെ ആദ്യത്തെ മുഖ്യമന്ത്രി. നാല് വര്‍ഷത്തിന് ശേഷം, 1956 നവംബര്‍ ഒന്നാം തീയതി സ്റ്റേറ്റ് റെക്കഗ്നേഷന്‍ ആക്ട് പ്രകാരം, സംസ്ഥാന പുനഃസംഘടന നിയമം ഡല്‍ഹിയെ ഒരു കേന്ദ്രഭരണ പ്രദേശമായി പുനഃവര്‍ക്ഷീകരിച്ചു. ഡല്‍ഹിക്ക് യൂണിയന്‍ ടെറിട്ടറി പദവി നല്‍കുകയും ചെയ്തതോടെ നിയമസഭ പിരിച്ചുവിടേണ്ടിവന്നു. ജസ്റ്റിസ് ഫൈസല്‍ അലി നേതൃത്വം നല്‍കിയിരുന്ന സ്റ്റേറ്റ് റീഓര്‍ഗനൈസേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് രാജ്യ തലസ്ഥാനത്തെ യൂണിയന്‍ ടെറിട്ടറി ആക്കി മാറ്റിയത്.
ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉണ്ടായി. ഡല്‍ഹിയുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസ്സിന് ആശങ്ക ഉണ്ടാക്കിയിരുന്നു. അതിനാലാകണം അത് നടപ്പിലാക്കാന്‍ അവര്‍ അത്ര താത്പര്യം കാണിച്ചില്ല. പ്രതിഷേധം കനത്തപ്പോള്‍ 1987ല്‍, രൂപം കൊടുത്ത സര്‍ക്കാരിയ കമ്മീഷന്‍ വന്നതോടു കൂടി രാഷ്ട്രീയ ചരിത്രം മാറുകയായിരുന്നു. സര്‍ക്കാരിയ കമ്മിഷന്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയെ പ്രത്യേകം പരാമര്‍ശിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ ഡല്‍ഹിക്ക് നിയമസഭാ അസംബ്ലി വേണമെന്നും ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍റേതായ രീതികളില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ സാധിക്കണമെന്നും രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരിയ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് 1993ല്‍ ഡല്‍ഹിയില്‍ സ്വതന്ത്രമായ ഒരു സര്‍ക്കാര്‍ വരാന്‍ ഇടയായത്. മറ്റു കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി ഡല്‍ഹിക്ക് അതിന്‍റേതായ നിയമസഭയും, ലെഫ്റ്റനന്‍റ് ഗവര്‍ണറും, മന്ത്രിമാരും, മുഖ്യമന്ത്രിയും ഉണ്ട്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴി നടക്കുന്നു. രാജ്യതലസ്ഥാനമായതിനാല്‍ ഡല്‍ഹിയിലെ ഭരണം കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് നടത്തുന്നത്. ഗതാഗതം, റോഡ് മുതലായ സേവനങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നോക്കുമ്പോള്‍ പോലീസ്, പട്ടാളം മുതലായ സേവനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ നേരിട്ട് വരുന്നു.
ഡല്‍ഹിക്ക് പ്രത്യേക പദവി നല്‍കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ 1993-ല്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേറി. കോണ്‍ഗ്രസ്സ് ഭയപ്പെട്ടത് പോലെ തന്നെ അന്ന് സംഭവിച്ചു. ഡല്‍ഹി ബിജെപിക്ക് വലിയ വേരോട്ടമുള്ള പ്രദേശമാണ്. അങ്ങിനെ 1956 നു ശേഷം മുപ്പത്തി ഏഴ് വര്‍ഷം പിന്നിട്ട് നിയമസഭ രൂപവത്കരിക്കപ്പെട്ടത് 1993 ലാണ്. അന്ന് 70ല്‍ 49 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വന്നു. മദന്‍ ലാല്‍ ഖുറാന, സുഷമ സ്വരാജ്, സാഹിബ് സിംഗ് വര്‍മ്മ എന്നിവരായിരുന്നു മുഖ്യമന്ത്രിമാരായത്. ബിജെപിക്ക് ആദ്യമായി കിട്ടിയ അധികാരം അവര്‍ക്കിടയില്‍ അസ്വാരസ്യം വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായി. അതുകൊണ്ട് തന്നെ പിന്നീട് 1998ല്‍ നടന്ന രണ്ടാമത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നു. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു. 2003, 2008 വര്‍ഷങ്ങളില്‍ നടന്ന നീയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഷീലാ ദീക്ഷിതിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഭരണം നിലനിര്‍ത്തി. മൂന്നാം തവണ ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരെ ഒട്ടേറെ അിമതി ആരോപണങ്ങള്‍ ഉണ്ടായി. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ്സിന് ഭരണം നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കാണേണ്ടി വന്നത്.
അഴിമതിയില്‍ മുങ്ങിക്കുളിച്ച രണ്ടാം യുപിഎ കാലവും, അക്കാലത്തുണ്ടായ അണ്ണാ ഹസാരെ നേത്യത്ത്വം കൊടുത്ത അഴിമതി വിരുദ്ധ സമരവും, അതില്‍ നേത്യത്ത്വപരമായ പങ്ക് വഹിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജരിവാളിന് ജനപ്രീതി ഉണ്ടാക്കി കൊടുത്തു. അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ അരവിന്ദ് കേജരിവാള്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. 2012 നവംബര്‍ 26നു പാര്‍ട്ടി നിലവില്‍ വന്നു, ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ വച്ചായിരുന്നു പാര്‍ട്ടി രൂപീകരിച്ചത് പ്രഖ്യാപിച്ചത്. ആം എന്നാല്‍ സാധാരണ എന്നും ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യന്‍ എന്നുമാണത്ഥം. ആം ആദ്മി പാര്‍ട്ടി എന്നാല്‍ സാധാരണക്കാരന്‍റെ പാര്‍ട്ടി എന്നര്‍ത്ഥം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചൂല്‍ ആണ്, ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നം, ഈ ചിഹ്നം ആം ആദ്മി പാര്‍ട്ടി ചോദിച്ചു വാങ്ങുകയായിരുന്നു. അരവിന്ദ് കേജരിവാള്‍ രൂപം കൊടുത്ത ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ രക്ഷകരായി എത്തിയത് അങ്ങിനെയാണ്.
എഴുപതംഗ ഡല്‍ഹി നിയമസഭയിലേക്ക് 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 32 സീറ്റ് ലഭിച്ച ബി.ജെ.പി.യെ സര്‍ക്കാറുണ്ടാക്കാന്‍ ലഫ്. ഗവര്‍ണര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സര്‍ക്കാറുണ്ടാക്കാന്‍ താത്പര്യമില്ലെന്ന് ബി.ജെ.പി. അറിയിച്ചതിനെത്തുടര്‍ന്ന് 28 സീറ്റുള്ള എ.എ.പി.ക്ക് ക്ഷണം ലഭിച്ചു. എട്ടുസീറ്റുള്ള കോണ്‍ഗ്രസ്സിന്‍റെ പുറത്ത് നീന്നുള്ള പിന്തുണയോടെ എ.എ.പി. അധികാരത്തില്‍ വന്നു. 2013 ഡിസംബര്‍ 29 നു രാംലീല മൈതാനിയില്‍ വെച്ച് സത്യപ്രതിജ്ഞ നടന്നു. ന്യുനപക്ഷ സര്‍ക്കാര്‍ ആയതിനാല്‍ സര്‍ക്കാരിന്‍റെ നിലനില്പിന് വിശ്വാസ വോട്ടു നേടുന്നത് നിര്‍ണായകമായിരുന്നു.
ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹി നിയമസഭയില്‍ 37 അംഗങ്ങളുടെ വിശ്വാസ വോട്ട് നേടി. 70 അംഗങ്ങളുള്ള ഡല്‍ഹി നിയമസഭയില്‍ 36 പേരുടെ പിന്തുണയാണ് വിശ്വാസവോട്ട് നേടാന്‍ വേണ്ടിയിരുന്നത്. ജെ.ഡി.യുവിന്‍റെ ഏക എംഎല്‍എയും ഒരു സ്വതന്ത്രനും കൂടി പിന്തുണച്ചതോടെയാണ് 37 വോട്ടുകള്‍ നേടിയത്. അരവിന്ദ് കേജരിവാള്‍ ഏഴംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി. 2013ല്‍ ഏതാനും ദിവസങ്ങള്‍ മാത്രം ഡല്‍ഹി ഭരിച്ച്, ജനലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് കേജരിവാള്‍ മുഖ്യമന്ത്രി പദം രാജിവെച്ചു.
കോണ്‍ഗ്രസ്സ് പിന്തുണയില്‍ അധികാരമേറിയ ശേഷം രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം രണ്ട് പ്രാവശ്യമാണ് ജനങ്ങള്‍ നല്‍കിയത്. അരവിന്ദ് കേജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും തുടര്‍ച്ചയായി വന്‍ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറ്റിയത്. രണ്ടാം കേജരിവാള്‍ സര്‍ക്കാരിന്‍റെ കാലത്ത്, ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മദ്യനയ അഴിമതിക്കേസും കേജരിവാളിന്‍റെ അറസ്റ്റും മറ്റുമെല്ലാം സംഭവിക്കുന്നു. ഡല്‍ഹിയിലെ സര്‍ക്കാരിനെ ലെഫ്റ്റനന്‍റ് ഗവര്‍ണറെ കൊണ്ട് കൂച്ചു വിലങ്ങ് ഇട്ടതിന് സാക്ഷിയാണ് വര്‍ത്തമാന കാലം. ഇതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടി അമ്പേ പരാജയപ്പെട്ടിരിക്കുന്നത് നമ്മള്‍ കാണുന്നത്.
ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച 899 പേരില്‍ 95 വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഇതില്‍ അഞ്ചുപേര്‍ മാത്രമാണ് വിജയം കണ്ടത്. ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന നാല് ബിജെപി വനിതാ സ്ഥാനാര്‍ത്ഥികളും വിജയിച്ചിട്ടുള്ളത്. 1993 ല്‍ മൂന്ന് പേരും, 1998 ല്‍ ഒന്‍പത് പേരും, 2003 ല്‍ ഏഴ് പേരും, 2008 ലും 13 ലും മൂന്ന് പേര്‍ വീതവും, 2015 ല്‍ ആറ് പേരും, 2020 ല്‍ എട്ട് പേരും വിജയിച്ചിരുന്നു. ഇത്തവണ ബി ജെ പി മത്സരിപ്പിച്ച എട്ട് വനിതകളിലാണ് നാല് പേര്‍ വിജയിച്ചത്. ആം ആദ്മി പാര്‍ട്ടി മത്സരിപ്പിച്ച ഒന്‍പത് വനിതകളില്‍ അതിഷി മാത്രമാണ് വിജയം കണ്ടത്.
മൃഗീയ ഭൂരിപക്ഷത്തില്‍ ഡല്‍ഹി ഭരിച്ചിരുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടതാണ് പരാജയത്തിന്‍റെ മുഖ്യ കാരണം. പ്രതിപക്ഷ ഐക്യമുന്നണിയുടെ ഭാഗമായ കോണ്‍ഗ്രസ്സ് ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിന്‍റെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിജെപി ഹിന്ദു കാര്‍ഡ് ഇത്തവണ തിരഞ്ഞെടുപ്പില്‍ എടുത്തില്ല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. തീവ്രമായ ഹിന്ദുത്വ നിലപാട് മാറ്റിവെച്ചുകൊണ്ട് ജനക്ഷേമ പരിപാടികള്‍ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ബിജെപിക്ക് വിജയം ലഭിക്കുകയായിരുന്നു.
ഡല്‍ഹിയില്‍ മഴക്കാലത്ത് പതിവായിട്ടുള്ള വെള്ളക്കെട്ടും, മോശമായ അഴുക്കുചാലിന്‍റെ അവസ്ഥയും, ഡല്‍ഹിയിലെ ചേരികളിലെ ദുരവസ്ഥയും യമുനയിലെ മാലിന്യ കൂമ്പാരവും ബിജെപി ഉയര്‍ത്തിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്‍റെ ആഡബര ജീവിതം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ബിജെപി ഉയര്‍ത്തിക്കാട്ടി. ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആയ ചേരികളില്‍ ബിജെപി കടന്നുചെല്ലുകയും അവിടെ അനധികൃതമായി താമസിക്കുന്നവരോട് തങ്ങളെ ജയിപ്പിച്ചാല്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കി കോളനിയെ തന്നെ അംഗീകരിക്കുമെന്നും, മറിച്ച് തോറ്റാല്‍ നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കില്ലെന്നും പറഞ്ഞു. ഡല്‍ഹിയിലെ 1700 അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കുമെന്നുള്ള വാഗ്ദാനവും ബിജെപി നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന്‍റെ കടുംപിടുത്തത്തില്‍ പ്രവര്‍ത്തന രഹിതമായി മാറിയിരിക്കുന്ന കാഴ്ച ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇത് തുടര്‍ന്നും ഉണ്ടാകും എന്നുള്ള സൂചന നല്‍കിയത് ചേരികളിലെ വോട്ടര്‍മാരില്‍ മാറി ചിന്തിക്കുവാന്‍ ഇടവരുത്തി. ബിജെപിയുടെ വിജയത്തിന് മറ്റൊരു കാരണം അതായിരുന്നു.
ആം ആദ്മി സര്‍ക്കാര്‍ നടത്തിവന്നിരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി വിപുലമാക്കി തങ്ങള്‍ തുടരുമെന്ന് ബിജെപി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ജനങ്ങളെ ആകര്‍ഷിച്ചു എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. ഡല്‍ഹിയിലെ ജനസംഖ്യയില്‍ 67 ശതമാനവും ഇടത്തരക്കാരും, ചേരികളിലും മറ്റും താമസിക്കുന്ന താഴെക്കിടയില്‍ ഉള്ള തൊഴിലാളികളുമാണ്. ഇവരെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ചേരി പ്രദേശങ്ങളില്‍ അഞ്ചു രൂപയ്ക്ക് ഭക്ഷണം ലഭിക്കുന്ന അടല്‍ കാന്‍റീനുകള്‍ ആരംഭിക്കും, മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ് ഭാരത് പദ്ധതി, പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പതിനഞ്ചായിരം രൂപ ഒറ്റത്തവണ സഹായം, നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് പിജി പഠനം വരെ സൗജന്യ വിദ്യാഭ്യാസം, ഓട്ടോ, ടാക്സി, റിക്ഷാ ഡ്രൈവര്‍മാര്‍ക്കും, ഗാര്‍ഹിക തൊഴിലാളികള്‍ക്കും, ഗിഗ് തൊഴിലാളികള്‍ക്കും 10 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് നല്‍കുമെന്നും സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായം നല്‍കുമെന്നും ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിക്കൊപ്പം നിന്ന ചേരികളിലെ ജനങ്ങളെ ഈ വാഗ്ദാനങ്ങള്‍ സ്വാധീനിച്ചു എന്ന് തന്നെ ഉറപ്പിക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ബിജെപി തന്ത്രമാണ് ഹിന്ദുത്ത്വ കാര്‍ഡ്. ഇത്തവണ ബിജെപി അത് ഉപേക്ഷിച്ചപ്പോള്‍ ആം ആദ്മി പാര്‍ട്ടി അത് ഏറ്റെടുത്തു. ഹിന്ദു കാര്‍ഡ് തന്ത്രം അരവിന്ദ് കേജരിവാള്‍ ഇത്തവണ പ്രയോഗിച്ചത് തിരിച്ചടിയായി എന്ന് പറയാതിരിക്കുവാന്‍ നിര്‍ത്തിയില്ല. ബിജെപിയെ കടത്തിവെട്ടുന്ന ഹിന്ദു പ്രീണന നയമാണ് കേജരിവാള്‍ ഇത്തവണ കൈകൊണ്ടത്. ഇത് ഡല്‍ഹിയിലെ ജനങ്ങള്‍ നിരാകരിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലത്തോടെ കാണുവാന്‍ സാധിച്ചത്. ഡല്‍ഹിയിലെ ജനസംഖ്യ പരിശോധിച്ചാല്‍ 80 ശതമാനത്തിലേറെ ഹിന്ദുക്കളും വെറും പതിനൊന്ന് ശതമാനം മുസ്ലിങ്ങളുമാണ് ഉള്ളത്. ഇക്കുറി കേജരിവാളിന് മുസ്ലിം സമുദായത്തിന്‍റെ പിന്തുണ ലഭിച്ചില്ല എന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. പൂര്‍വ്വാഞ്ചല്‍ വോട്ടുകള്‍ ഭിന്നിപ്പിക്കുവാന്‍ ബിജെപിക്ക് സാധിച്ചതും ആം ആദ്മി പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായിട്ടുണ്ട്.
2013 ലെ തിരഞ്ഞെടുപ്പില്‍ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി ആയിരുന്ന ഷീലാ ദീക്ഷിത്തിനെ ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജരിവാള്‍ 25864 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച് വന്‍ വിജയം നേടിയത്. ഡല്‍ഹിയുടെ മുന്‍ മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിദിന്‍റെ മകന്‍ സന്ദീപ് ദീക്ഷിദും, സാഹിബ് സിംഗ് വര്‍മ്മയുടെ മകന്‍ പര്‍വേഷ് വര്‍മ്മയുമാണ് ഇത്തവണ അരവിന്ദ് കേജരിവാളിനെതിരെ മത്സരിച്ചത്. 12 വര്‍ഷം മുന്‍പ് നടന്ന വന്‍ വിജയം പോലെ ഇക്കുറി വന്‍ പരാജയമാണ് അരവിന്ദ് കേജരിവാളിന് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ഏല്‍ക്കേണ്ടിവന്നത്. ഷീലാ ദീക്ഷിദിന്‍റെ മകന്‍റെ സാനിധ്യവും, കോണ്‍ഗ്രസ്സിന്‍റെ ചടുലമായ കേജരിവാള്‍ വിരുദ്ധ പ്രചരണവും പരാജയ കാരണമായി ചൂണ്ടി കാണിക്കാം. 2020ലെ ബിജെപി വോട്ടുകളില്‍ കാര്യമായ വര്‍ദ്ധനവ് ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. 25061 വോട്ടുകളാണ് 2020ലെ ന്യൂഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചിരുന്നത്. ഇത്തവണ 30088 വോട്ടുകളാണ് ബിജെപി നേടിയതും, വിജയിച്ചതും.
ഡല്‍ഹിയിലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് മൂന്നാം തവണയും കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നേടുവാന്‍ സാധിച്ചില്ല എന്നതാണ്. ആകെ നടന്ന 70 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഒരിടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ്സിന് എത്തുവാന്‍ സാധിച്ചത്. 67 സീറ്റുകളില്‍ മൂന്നാം സ്ഥാനത്തും ഒരു സീറ്റില്‍ നാലാം സ്ഥാനത്തും പോകേണ്ടി വന്ന വന്‍തിരച്ചെടിയാണ് കോണ്‍ഗ്രസ്സിന് ലഭിച്ചിരിക്കുന്നത്. വോട്ടിംഗ് ശതമാനത്തില്‍ 2.08 ശതമാനം വര്‍ദ്ധനവ് ഉണ്ടായി എന്നുള്ളത് മാത്രമാണ് കോണ്‍ഗ്രസ്സിന് ഈ തിരഞ്ഞെടുപ്പില്‍ പറയുവാന്‍ പറ്റുന്ന നേട്ടം.
ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതിന് വേണ്ടി പ്രതിപക്ഷ കക്ഷികള്‍ രൂപം കൊടുത്ത ഇന്ത്യാ സഖ്യം ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യത്തില്‍ പ്രധാനപ്പെട്ട ഒന്നായ സഖ്യം ഇല്ലാതെ പോയി എന്നുള്ളത് ഒരു പ്രധാന പരാജയമാണ്. ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍ഭൂരിപക്ഷം നല്‍കുന്നതിന് കാരണമായതും ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പരസ്പരം മത്സരിച്ചതാണ് കാരണമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. ഇരുചേരുകളില്‍ നിന്നും മത്സരിക്കുമ്പോള്‍ പ്രതിപക്ഷസഖ്യത്തിന്‍റെ വോട്ടുകളിലാണ് വിള്ളല്‍ വീണത്. കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും തുടര്‍ച്ചയായ മൂന്നാമത് നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കാതിരുന്നത് എടുത്ത് പറയേണ്ടതുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഒട്ടേറെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ത്ഥാത്ത്വം കൊണ്ട് കഴിഞ്ഞു എന്നുള്ളതാണ് സംഭവിച്ചത്. ഈ ഒരു വിഷയത്തില്‍ ഇന്ത്യാ സഖ്യത്തിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ നീരസം പ്രകടിപ്പിക്കുന്ന കാഴ്ചയും ഇപ്പോള്‍ കാണാവുന്നതാണ്.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലായി ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. സിപിഐ(എം), സിപിഐ, സിപിഐ(എംഎല്‍) എന്നിവര്‍ മത്സര രംഗത്ത് ഉണ്ടായിരുന്നു. ആറു മണ്ഡലങ്ങളിലെ ആകെ ഇടതുപക്ഷ വോട്ടുകളുടെ എണ്ണം 2158 മാത്രമാണ് എന്നുള്ളത് പരാമര്‍ശിക്കപ്പെടാതെ പോകുന്നത് ശരിയല്ലേ. ബി ജെ പി യുടെ വിജയത്തിന് കോണ്‍ഗ്രസ്സ് ഉത്തരവാദി ആണെന്ന് പറയുവാന്‍ ഡല്‍ഹി നിയമസഭയില്‍ ഒറ്റയ്ക്ക് മത്സരിച്ച ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ധാര്‍മ്മികമായ അവകാശമില്ല. കോണ്‍ഗ്രസ്സിനെ പോലെ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ ഇവരും മത്സരിച്ചിരുന്നു.
ഡല്‍ഹി ഭരിച്ചിരുന്ന അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. ഡല്‍ഹി സര്‍ക്കാരിന് പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം തടസ്സപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചത് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. സമാനമായ സാഹചര്യം തന്നെയാണ് കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണെന്ന്. അതേ സമയത്ത് തന്നെ കേന്ദ്രസര്‍ക്കാരിന്‍റ ഒട്ടേറെ അവഗണനയും, തടസ്സപ്പെടുത്തലുകളും മറ്റും കേരള സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അര്‍ഹതപ്പെട്ട ധനവിഹിതം നിഷേധിക്കപ്പെട്ടത് കേരളത്തിന്‍റെ സാമ്പത്തിക നിലയെ അപകടപ്പെടുത്തി. ഇത് വളരെ വ്യക്തമായി കേരള സമൂഹത്തില്‍ പ്രതിഫലിക്കുകയും ചെയ്തു. രണ്ടുതവണ തുടര്‍ച്ചയായി ഭരിച്ച ഡല്‍ഹി സര്‍ക്കാരിനെ പോലെ തന്നെയാണ് കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരും. ഡല്‍ഹിയില്‍ ഇപ്പോള്‍ സംഭവിച്ച രാഷ്ട്രീയ നീക്കങ്ങളുടെ തനിയാവര്‍ത്തനം കേരളത്തില്‍ ഉണ്ടാകുമോ എന്നുള്ള കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സ് മൂന്നുതവണയും സമ്പൂജ്യരായത് പോലെ കേരളത്തില്‍ ഉണ്ടാകില്ല എന്നുള്ള ആശ്വാസം മാത്രമാണ് ഉള്ളത്. കേരളത്തിലെ കോണ്‍ഗ്രസ്സ് ഡല്‍ഹിയിലെ കോണ്‍ഗ്രസ്സിനെക്കാള്‍ ശക്തരാണ് എന്നുള്ളത് ഒരു ആശ്വാസമാണ്. മൂന്നാം തവണയും തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തീര്‍ച്ചയായും ഡല്‍ഹിയിലെ വിധി നിര്‍ണയത്തിന്‍റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു എന്നുള്ളത് അത്യാവശ്യമാണ്.
