യാത്രാ വിപ്ലവങ്ങള്‍

യാത്രാ വിപ്ലവങ്ങള്‍

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


എല്ലാവര്‍ഷവും തുടക്കത്തില്‍ എല്ലാവരും ചില തീരുമാനങ്ങളിലെത്താറുണ്ട്. ഓരോ വര്‍ഷവും യാത്ര ചെയ്യേണ്ട സ്ഥലങ്ങളെ കുറിച്ച് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാറുമുണ്ട്. യാത്രകള്‍ വിജ്ഞാനങ്ങള്‍ നല്‍കുന്നതായത് കൊണ്ട്, ഓരോ വര്‍ഷവും വിജ്ഞാനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമം എല്ലാവരിലും ഉണ്ടാകും. ഓരോ യാത്രയും ഓരോ അനുഭവ പുസ്തകങ്ങളായിരിക്കണം. അങ്ങിനെ ഒരുപാട് അനുഭവ പുസ്തകങ്ങള്‍ കൊണ്ട് നമുക്ക് വലിയൊരു പുസ്തകാലയം ഉണ്ടാക്കാം. യാത്രകള്‍ വിപ്ലവങ്ങളാകണം.

ഒരു യാത്ര പോയി വരാം... നമുക്ക് ഒരു യാത്ര പോകാം... എന്നൊക്കെ ആലങ്കാരികമായി പറയുന്നത് കേട്ടിട്ടില്ലേ. ഓരോ യാത്രയും മനുഷ്യന്‍റെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കും എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മനുഷ്യന്‍റെ സ്വഭാവത്തെ രൂപീകരിക്കുന്നതില്‍ യാത്രയ്ക്ക് വലിയ പങ്കുണ്ട്. നല്ല വഴി മാത്രമല്ല മോശം വഴിയില്‍ പോകുവാനും യാത്രകള്‍ കാരണമാകാറുണ്ട്. ഒരാള്‍ സ്ഥിരമായി മദ്യപന്‍മാരുടെ കേന്ദ്രമായ മദ്യപിക്കുന്ന ഒരു സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നത് എന്ന് കരുതുക. അയാള്‍ മിക്കവാറും മദ്യത്തിന് അടിമയായി മാറുന്നു എന്ന് നാം കാണുന്നു. വേറൊരാള്‍  ക്ഷേത്രങ്ങളിലും പള്ളികളിലേക്കും ആണ് പോകുന്നത് എന്ന് കരുതുക. അയാള്‍ ഭക്തിമാര്‍ഗ്ഗത്തിലേക്ക് എത്തുന്നു എന്ന് നാം കാണുന്നു. മറ്റൊരാള്‍ വായനയുടെയും ചിന്തയുടെയും ലോകമായ വായനശാലയിലേക്കാണ് പോകുന്നത് എന്ന് കരുതുക. ചിന്തയുടെയും വിജ്ഞാനത്തിന്‍റെയും മേഖലകളിലേക്ക് അയാള്‍ എത്തിപ്പെടും. 

നമുക്കോരോരുത്തരുടെ മനസിലും ഓരോ യാത്രാ അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ. സ്കൂളില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ കുട്ടികളോടൊപ്പം ഉള്ള വിദ്യാഭ്യാസ ടൂറുകള്‍ അഥവാ സ്റ്റഡി ടൂറുകള്‍  ഒരുപക്ഷേ എല്ലാവരുടെ മനസ്സിലും കാണുമായിരിക്കും. ദീര്‍ഘദൂര യാത്രകള്‍ ആയിരിക്കില്ല അതൊക്കെ. ചില സ്കൂളുകള്‍ തൊട്ടടുത്ത പ്രദേശമാണെങ്കില്‍ സാമ്പത്തികമായി വലിയ ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകള്‍ സംസ്ഥാനത്തിന് പുറത്തോ വിദേശത്തേയ്ക്കോ വരെ കുട്ടികളെ യാത്ര കൊണ്ടുപോകാറുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഉള്ള എത്രയെത്ര ടൂറുകള്‍ ആണ് ഓരോരുത്തരുടെ മനസ്സിലും നിറഞ്ഞുനില്‍ക്കുന്നത്. സ്കൂളില്‍ പഠിക്കുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും നടത്തുന്ന വിനോദയാത്രകള്‍ ജീവിതത്തിലെക്കാലവും മറക്കാതെ സൂക്ഷിക്കുവാന്‍ പറ്റുന്ന ഒന്നാണ്.

കുടുംബത്തോടൊപ്പം നടത്തിയിട്ടുള്ള യാത്രകള്‍ ഓരോരുത്തരുടെ മനസ്സിലും നിറഞ്ഞു നില്‍ക്കുന്നുണ്ടാകും. മാതാപിതാക്കളോടൊപ്പമുള്ള ചെറിയ ദൂരത്തിലുള്ള യാത്രകള്‍ പില്‍ക്കാലത്ത് നല്‍കുന്ന അനുഭവം വിവരിക്കാന്‍ പ്രയാസമാണ്. പ്രവാസികള്‍ കുടുംബസമേതം വര്‍ഷാവര്‍ഷം നാട്ടിലേയ്ക്ക് നടത്തുന്ന യാത്രകള്‍ കുടുംബസമേതമായിരിക്കും. മുന്‍പൊക്കെ ഇടത്തരം കുടുംബങ്ങള്‍ പോലും തീവണ്ടിയില്‍ ദിവസങ്ങള്‍ എടുത്തുള്ള യാത്രയാണ് ഉണ്ടാവുക.  ഇന്ന് വിമാന യാത്രികരായി അവരില്‍ ഭൂരിഭാഗവും മാറിയിരിക്കുന്നു. കുടുംബ ബന്ധങ്ങള്‍ ശക്തമാകുന്നതിന് ദീര്‍ഘദൂര തീവണ്ടി യാത്രകള്‍ ഏറെ പ്രയോജനം ചെയ്യുന്നുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 

വിവാഹിതരായാല്‍ മധുവിധു യാത്രകള്‍ പലരും നടത്താറുണ്ട്. സമീപകാലത്താണ് വിവാഹിതരായത് എന്ന് തിരിച്ചറിയാന്‍ വടക്കേ ഇന്ത്യയിലെ മിക്ക സ്ത്രീകളും ക്കൈെയ്യില്‍ നിറയെ മൈലാഞ്ചിയും, വളകളും ധരിക്കുന്നത് കാണാം. കേരളത്തിലേയ്ക്കാണ് ഭൂരിപക്ഷം വടക്കേ ഇന്ത്യക്കാര്‍ മധുവിധു യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നത്. പ്രായമായാല്‍ തീര്‍ത്ഥാടന യാത്രകള്‍ക്കാണ് ആളുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സംസ്ഥാനത്തിനകത്തുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ യാത്ര ചെയ്യുന്നവരും രാജ്യത്തിനകത്തുള്ള തീര്‍ത്ഥാടന യാത്രകള്‍ നടത്തുന്നവരും മധ്യവയസ്സ് കഴിഞ്ഞവര്‍ ആയിരിക്കും.

യാത്രകള്‍ ഒരു സാഹിത്യകാരനും കലാകാരനും ചിത്രകാരനും ഒരുപാട് ആശയങ്ങള്‍ സമ്മാനിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിക്കുന്ന അവസരങ്ങളില്‍ അവര്‍ പറയുന്ന സംഭാഷണങ്ങളില്‍ ജീവനുള്ള ആശയങ്ങളുണ്ടാകും.  കഥാപാത്രങ്ങളെ കൊണ്ട് അതൊക്കെ പറയിപ്പിക്കുമ്പോള്‍ കഥയ്ക്കും, നോവലിനും ജീവനുണ്ടാകുന്നു. അങ്ങിനെ മികച്ച കഥകളും നോവലുകളും വായനക്കാരന്‍റെ മുന്നിലേക്ക് എത്തപ്പെടുന്നു. യാത്രകളിലൂടെ കിട്ടുന്ന ഊര്‍ജ്ജം കലാസാംസ്കാരിക രംഗത്തിന്‍റെ വളര്‍ച്ചയ്ക്ക് ഏതൊരു കലാകാരനും അത്യന്താപേക്ഷിതമാണ്.

യാത്രകളെ കുറിച്ച് സംസാരിക്കുമ്പോള്‍ ശങ്കരാചാര്യരെ കുറിച്ച് പരാമര്‍ശിക്കേണ്ടതുണ്ട്. അദ്ദേഹമാണല്ലോ ഇന്ത്യ മുഴുവന്‍ നടന്ന് ജ്ഞാനം സ്വന്തമാക്കിയ മഹാനായ ദീര്‍ഘ യാത്രികന്‍. ഭാരതത്തിന്‍റെ ആത്മാവ് കണ്ടെത്തിയത് ശങ്കരാചാര്യരുടെ യാത്രകളിലൂടെയാണ് എന്ന് നാം തിരിച്ചറിയുന്നു. അതുപോലെ തന്നെ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്ത് ഏറെ സ്വാദീനിക്കപ്പെട്ട വ്യക്തിയാണ് വിവേകാനന്ദന്‍. ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ യാത്ര നടത്തി ഇന്ത്യയെ തന്നെ കണ്ടെത്തിയ മഹാത്മാ ഗാന്ധിയും നമുക്ക് മുന്നിലുണ്ട്.

ശങ്കരാചാര്യരെ പോലെ തന്നെ യാത്രകളിലൂടെ അത്ഭുതം സ്യഷ്ടിച്ച വ്യക്തിത്ത്വമാണ് സ്വാമി വിവേകാനന്ദന്‍. കല്‍ക്കട്ടയിലെ ബംഗാളി കുടുംബത്തില്‍ ജനിച്ച വിവേകാനന്ദന്‍ ചെറുപ്പം മുതലേ മതത്തിലും ആത്മീയതയിലും താത്പര്യമുള്ളവനായിരുന്നു. അദ്ദേഹം ഗുരുവായി ശ്രീരാമകൃഷ്ണനെ കണ്ടെത്തി സ്വയം സന്യാസിയായി. ശ്രീരാമകൃഷ്ണന്‍റെ മരണശേഷം, വിവേകാനന്ദന്‍ ഇന്ത്യയില്‍ നടത്തിയ യാത്ര പ്രശസ്തമാണ്. ഇവരുടെയൊക്കെ ജീവിത വിജയത്തിന് യാത്രകള്‍ക്ക് വലിയ പങ്കുണ്ട്. 

ശങ്കരാചാര്യരും, വിവേകാനന്ദനും, മഹാത്മാഗാന്ധിയും, ഒക്കെ ഭാരതത്തിലൂടെ യാത്ര ചെയ്തത് ഭാരതത്തെ അറിഞ്ഞ് മഹാന്മാരായി തീര്‍ന്നവരാണ്. ലോകം ചുറ്റി കാണുക, ഭാരതം ചുറ്റി കാണുക, എന്നത് മാത്രമല്ല അറിവിലേയ്ക്കും, ലോകം അറിയുവാനുമുള്ള യാത്രയെന്ന് ഗുരുദേവന്‍ കാണിച്ചുതരുന്നു. ഗുരുദേവനെ അനുഗ്രഹിച്ച ചട്ടമ്പി സ്വാമികളും യാത്രകളിലൂടെ അറിവ് സമ്പാദിച്ച് മഹാന്‍മാരായവരില്‍ പ്രധാനിയാണ്. യാത്ര ചെയ്തത് കൊണ്ട് മാത്രം ജ്ഞാനം ലഭിക്കില്ല. യാത്രകള്‍ അറിവിലേയ്ക്കുള്ള വഴിയാണ്. അറിവ് പകര്‍ന്ന് തരുന്നവരും, പ്രദേശങ്ങളും യാത്രയില്‍ ഉണ്ടാകും. 

ശ്രീബുദ്ധനെക്കുറിച്ചും നമ്മള്‍ ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. ശ്രീബുദ്ധനും യാത്ര ചെയ്ത മഹാനായ വ്യക്തിയാണ്. യാത്രകളിലൂടെ അദ്ദേഹത്തിനുണ്ടായ മനംമാറ്റം നാം അറിയണം. ബുദ്ധമത പാരമ്പര്യങ്ങള്‍ പ്രകാരം ചരിത്രപുരുഷനായ സിദ്ധാര്‍ത്ഥന്‍ എന്ന ഗൗതമബുദ്ധന്‍ മഗധസാമ്രാജ്യത്തെ കപിലവസ്തുവിലെ ശുദ്ധോധന രാജാവിന്‍റെ മകനാണ്. കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഉപേക്ഷിച്ച് അദ്ദേഹം സന്യാസം സ്വീകരിച്ചു. ബോധിവൃക്ഷം എന്ന പിപ്പലമരച്ചുവട്ടില്‍ പരമമായ സത്യം കണ്ടെത്തുന്നതിനായി സിദ്ധാര്‍ത്ഥന്‍ നടത്തിയ ധ്യാനം പ്രസിദ്ധമാണ്. ഈ കാലഘട്ടമാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധമതത്തിന്‍റെ തുടക്കം ആയി കരുതാവുന്നത്. ബുദ്ധമതത്തിന്‍റെ എന്നല്ല എല്ലാ മതങ്ങളുടേയും പ്രചാരം യാത്രകളിലൂടെയാണ്. 

വാസ്കോഡ ഗാമ കച്ചവടത്തിന് വേണ്ടിയാണെങ്കിലും യാത്ര നടത്തിയിരുന്നു. സമുദ്രത്തിലൂടെയുള്ള അദ്ദേഹത്തിന്‍റെ യാത്രകള്‍ വളരെ പ്രശസ്തമാണ്. ജര്‍മന്‍ പാതിരിയായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ നമ്മള്‍ എങ്ങനെ മറക്കും. കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജര്‍മന്‍ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. അദ്ദേഹം മതം പ്രചരിപ്പിക്കുവാന്‍ വേണ്ടി മാത്രമാണ് ലോക യാത്ര നടത്തിയത്. ഇരുപത്തിമൂന്ന് വര്‍ഷത്തോളം അദ്ദേഹം ഇന്ത്യയില്‍ കഴിഞ്ഞ അദ്ദേഹം കേരളത്തില്‍ കഴിഞ്ഞത് ഇരുപതു വര്‍ഷമാണ്. ഒന്‍പതു വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചത് തലശ്ശേരിയിലായിരുന്നു. ഒരു സാധാരണ പാതിരിയായി പ്രവര്‍ത്തിച്ചെങ്കിലും, ഭാഷാ പാണ്ഡിത്യത്തിന്‍റെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ അറിയപ്പെടുന്നത്. 

നമ്മള്‍ പരിശോധിച്ചു കഴിഞ്ഞാല്‍ മഹാന്മാരായ എല്ലാവരും യാത്രകളിലൂടെ തന്നെയാണ് മഹാന്‍മാരായിട്ടുള്ളത് എന്ന് കാണാം. യാത്രകള്‍ ഒരു വ്യക്തിയുടെ ചിന്തകളെ മാറ്റിമറിക്കുന്നതിന് കാരണമാകുന്നു. വര്‍ത്തമാനകാലത്ത് ശ്രദ്ധേയരായ രാഷ്ട്രീയ നേതാക്കള്‍ ചെറുതും വലുതുമായ ഒട്ടേറെ യാത്രകള്‍ ചെയ്തിട്ടുള്ളവരായിരിക്കും. സമൂഹത്തെ മനസ്സിലാക്കുന്നതിനും സംസ്കാരത്തെ മനസ്സിലാക്കുന്നതിനും യാത്രകള്‍ ഒരു അനിവാര്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞവരാണ് ഈ നേതാക്കള്‍. അതുകൊണ്ട് യാത്രകള്‍ എല്ലാ നേതാക്കളും വിജയത്തിലേക്കുള്ള വഴിയായി തന്നെ കണക്കാക്കുന്നു. അതുകൊണ്ടാണല്ലോ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷയാധിഷ്ടിതമായ ലക്ഷ്യം വെച്ചുകൊണ്ട് ചെറുതും വലുതുമായ യാത്രകള്‍ നടത്തുന്നത്. അവരുടെ ആശയം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണല്ലോ ഏറ്റവും നല്ല മാര്‍ഗമായി യാത്രകളെ കാണുന്നത്.