ഡല്‍ഹിയില്‍ തണുപ്പ്; രാഷ്ട്രീയം ചൂട്

ഡല്‍ഹിയില്‍ തണുപ്പ്; രാഷ്ട്രീയം ചൂട്

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


രാജ്യത്തലസ്ഥാനമായ ഡല്‍ഹിയുടെ അന്തരീക്ഷം തണുത്ത് വിറച്ചിരിക്കുകയാണ്.  മൂടല്‍മഞ്ഞു കൊണ്ട് ഗതാഗതം തന്നെ താറുമാറായിരിക്കുകയാണ്. കാഴ്ചപരിമിതി കാരണം ഒ്യോമയാന ഗാതാഗതവും, തീവണ്ടി ഗതാഗതവും താറുമാറായി. റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമായി. തണുപ്പത്ത് ചൂടു പകരാന്‍ ചിലര്‍ കനല്‍ കൂട്ടുന്നു, ചിലര്‍ ഗ്രീസര്‍ ഉപയോഗിക്കുന്നു, ചിലര്‍ ചുടുചായ കുടിക്കുന്നു. രാജ്യതലസ്ഥാനത്ത് പക്ഷെ രാഷ്ട്രീയം ചൂട് പിടിച്ചിരിക്കുന്നു. ഫെബ്രുവരി അഞ്ചിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എല്ലാ പാര്‍ട്ടികളും വോട്ടര്‍മാരിലേയ്ക്ക് എത്തിപ്പെടാനുള്ള തന്ത്രപ്പാടിലാണ്. ഏതു വിധേനയും ഇത്തവണ രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഭരണം പിടിച്ചടക്കുക എന്നുള്ള ലക്ഷ്യവുമായാണ് ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും, കോണ്‍ഗ്രസും ശ്രമിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ നടക്കുവാന്‍ പോകുന്നത്.

ഷീലാ ദീക്ഷിദിന്‍റെ നേതൃത്വത്തില്‍ 15 വര്‍ഷം തുടര്‍ച്ചയായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് പിന്നീട് തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ച്ച കണ്ടതാണ്. അന്നത്തെ അവസ്ഥയില്‍ നിന്ന് കോണ്‍ഗ്രസ് കുറച്ച് മെച്ചപ്പെട്ടു എന്നത് നേരാണ്. ഏത് വിധേനയും ഡല്‍ഹി ഭരണം വീണ്ടെടുക്കുക എന്നതാണ് അവര്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അതിന് സാധിക്കും എന്നാണ് ചില നേതാക്കള്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് മറ്റാരുമായും കൂട്ടുകൂടാതെ ഇത്തവണ അവര്‍ ഒറ്റയ്ക്ക് മത്സരിക്കുന്നു. പതിനഞ്ച് വര്‍ഷക്കാലത്തെ കോണ്‍ഗ്രസിന്‍റെ തുടര്‍ ഭരണം അവസാനിപ്പിച്ച് ഇവിടെ ആം ആദ്മി പാര്‍ട്ടി വിജയിച്ച് കയറി. മൃഗീയ ഭൂരിപക്ഷത്തിലാണ് തുടര്‍ന്നുള്ള പത്ത് വര്‍ഷം ആം ആദ്മി പാര്‍ട്ടി ഡല്‍ഹി ഭരിച്ചത്. 

പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച ആം ആദ്മി പാര്‍ട്ടി മൂന്നാമത് ഒരിക്കല്‍ കൂടി ഭരണം പിടിച്ചടക്കുക എന്നുള്ള ലക്ഷ്യം വെച്ച് പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അവര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 70 നിയോജകമണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമായിട്ടല്ല അവര്‍ മത്സര രംഗത്തുള്ളത് എന്നുള്ളതും ശ്രദ്ധേയമാണ്. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ത്രിണമുല്‍  കോണ്‍ഗ്രസ്, അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജവാദി പാര്‍ട്ടി, ശിവസേന തുടങ്ങി ഒട്ടേറെ ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കി കഴിഞ്ഞു. 

പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കഴിഞ്ഞ മൂന്ന് തവണയും മേല്‍ക്കൈ നല്‍കിയിട്ടുള്ള സംസ്ഥാനമാണ് ഡല്‍ഹി. അതുകൊണ്ട് തന്നെ ഇത്തവണ അവര്‍ക്ക് ഏറെ പ്രതീക്ഷയും ഡല്‍ഹിയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ട്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചപ്പോഴും ആം ആദ്മി പാര്‍ട്ടിക്കായിരുന്നു നിയമസഭയില്‍ ഏറ്റവും വലിയ കക്ഷിയായി ജനങ്ങള്‍ സ്വീകരിച്ചത്. ഇക്കുറി അതിനൊരു മാറ്റം ഉണ്ടാക്കുക എന്നുള്ള ലക്ഷ്യവും ബി.ജെ.പിക്ക് ഉണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു. മൂന്നാം വട്ടവും ബലപരീഭണത്തിന് ബി.ജെ.പി ഇറങ്ങുകയാണ്. ബിജെപി മുഖ്യമന്ത്രിയായി ആരേയും മുന്നില്‍ വയ്ക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കൊണ്ട് ഡല്‍ഹി തിരഞ്ഞെടുപ്പിനെ നേരിടാം എന്ന് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് വ്യക്തം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുന്‍പ് ഡല്‍ഹിയിലെ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നേരിട്ട് തന്നെയാണ് ഉദ്ഘാടന കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് എന്നത് അതിന് തെളിവാണ്. 

ഡല്‍ഹി മദ്യനയ അഴിമതി ആരോപണത്തിന്‍റെ പേരില്‍ മുഖ്യമന്ത്രിയായ കേജരിവാളിനെയും ഉപ മുഖ്യമന്ത്രിയായ മനീഷ് സിസോദിയെയും ജയിലില്‍ അടച്ച സംഭവം രാജ്യമാകെ ചര്‍ച്ച ചെയ്തതാണ്. അത് ചര്‍ച്ചയാക്കാന്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ ശ്രമം വിജയം കണ്ടു. ഇന്ത്യ മുന്നണിക്ക് ശക്തിപകരാനും ഇരുവരുടെ അറസ്റ്റ് കാരണമായിരുന്നു. ഒടുവില്‍ തെളിവുകള്‍ ഹാജരാക്കുവാന്‍ സാധിച്ചിട്ടില്ല എന്ന പേരില്‍ ഇരുവരും ജയില്‍ മോചിതരായതും രാജ്യത്ത് ചര്‍ച്ചാവിഷയമായിരുന്നു. ഇരുവരുടെയും അറസ്റ്റും ജയില്‍ വാസവും തീര്‍ച്ചയായും ഇത്തവണ തിരഞ്ഞെടുപ്പ് വിഷയമാകും. ഇതില്‍ ബിജെപിക്ക് ആണോ ആം ആദ്മി പാര്‍ട്ടിക്കാണോ നേട്ടം ഉണ്ടാവുക എന്നത് തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമായി മനസ്സിലാകും. 

പ്രതിപക്ഷ നേതാക്കളെയും സര്‍ക്കാരുകളെയും കള്ളക്കേസില്‍ കുടുക്കി കേന്ദ്ര ഏജന്‍സികള്‍ ദുരുപയോഗം ചെയ്തു എന്ന വ്യാപക പരാതി അന്തരീക്ഷത്തില്‍ ഉണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ കക്ഷികളെല്ലാം ഈ ആരോപണം ബി.ജെ.പിക്ക് നേരെ ഉയര്‍ത്തുന്നുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഈ ആരോപണങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. ഇത് ചര്‍ച്ച ചെയ്യുവാന്‍ വേണ്ടി തന്നെയാണ് ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടുനില്‍ക്കുന്നത്. അഴിമതിക്കെതിരെ അതിശക്തമായ നിലപാടെടുത്ത കേന്ദ്രസര്‍ക്കാര്‍ എന്ന മറുവാദവുമായി ബിജെപിയും രംഗത്തുണ്ട്. എല്ലാ അഴിമതിയും രാജ്യത്ത് നിന്ന് തൂത്ത് മാറ്റും എന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ഇത് ജനങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.

ഡല്‍ഹിയിലെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വാഗ്ദാന പെരുമഴയാണ് ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഡല്‍ഹിയില്‍ നടത്തുന്നത്. ഡല്‍ഹി പിടിച്ചെടുക്കുവാന്‍ ലക്ഷ്യം വെച്ച് ഇരിക്കുന്ന കോണ്‍ഗ്രസും ഭരണം ലഭിച്ചാല്‍ നല്‍കുന്ന സൗജന്യങ്ങളുടെ പട്ടിക തന്നെ പുറത്തിറക്കിയിട്ടുണ്ട്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കോളനികളില്‍ മൊഹല്ല ക്ലിനിക്കുകള്‍ എന്ന പേരില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിച്ച് ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കി. സര്‍ക്കാര്‍ സ്ക്കൂളുകള്‍ മികച്ച നിലവാരത്തിലെത്തിച്ചു. പാവപ്പെട്ട ജനങ്ങള്‍ക്ക് വൈദ്യുതിയും വെള്ളവും കുറഞ്ഞ നിരക്കില്‍ നല്‍കി. സ്ത്രീകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ സൗജന്യങ്ങള്‍ ഏര്‍പ്പെടുത്തി. ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തി കാണിക്കുന്ന നേട്ടങ്ങള്‍ പലതാണ്.

ഹിന്ദു വോട്ടുകള്‍ നേടാന്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ നടത്തുന്ന അങ്കം രസകരമാണ്. ഡല്‍ഹിയിലെ പൂജാരിമാര്‍ക്ക് 18,000 രൂപ പ്രതിമാസം സര്‍ക്കാര്‍ നല്‍കുമെന്ന് ആം ആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ പ്രമുഖ സന്യാസി മഠാധിപതികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച സനാതന്‍ സേവാസമിതി ശ്രദ്ധേയമായിട്ടുണ്ട്. ഖദര്‍ മാറ്റി കാവി വസ്ത്രം അണിയുന്ന പതിവ് കോണ്‍ഗ്രസുകാരും ആം ആദ്മി പാര്‍ട്ടിയും ഒരേപോലെ കൈക്കൊള്ളുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

ഡല്‍ഹി സംസ്ഥാനം രൂപീകൃതമായത് 1992 ലാണ്. എഴുപതംഗ നിയമസഭയില്‍ 1993 നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആയിരുന്നു നേട്ടം. എഴുപത് സീറ്റുകളിലും മത്സരിച്ച ബി.ജെ.പി മുപ്പത്തി ഒന്‍പത് സീറ്റില്‍ ജയിക്കുകയും ഡല്‍ഹി ഭരിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് പതിനാല് സീറ്റും, ജനതാദളിന് നാല് സീറ്റുകളും, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മൂന്നു സീറ്റുകളും നേടി. 1998 തില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം ഗണ്യമായി കുറയുകയും മത്സരിച്ച അറുപത്തി ഏഴ് സീറ്റില്‍ പതിനഞ്ചില്‍ മാത്രം ജയിക്കുവാന്‍ സാധിച്ചതോടെ കോണ്‍ഗ്രസ് അന്‍പത്തിരണ്ട് സീറ്റില്‍ വിജയിച്ച് അധികാരം നേടി. അന്ന് ജനതാദളിന് ഒരു സീറ്റും, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ട് സീറ്റും ലഭിച്ചു.

2003 ബി.ജെ.പിക്ക് ഇരുപത് സീറ്റുകളാണ് നേടാന്‍ സാധിച്ചത്. നാല്‍പ്പത്തി ഏഴ് സീറ്റുകളുമായി കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. 2008 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിച്ച അറുപത്തി ഒന്‍പത് സീറ്റുകളില്‍ ഇരുപത്തി മൂന്നിലും വിജയിച്ചു. നല്‍പ്പത്തി മൂന്ന് സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് മൂന്നാമതും അധികാരത്തില്‍ എത്തി. 2013 ലാണ് സമവാക്യങ്ങള്‍ക്ക് വിരുദ്ധമായി ആം ആദ്മി പാര്‍ട്ടിയുടെ രംഗപ്രവേശം. അവര്‍ മത്സരിച്ച എഴുപത് സീറ്റുകളില്‍ ഇരുപത്തെട്ട് സീറ്റിലും വിജയിച്ചു. മുപ്പത്തൊന്ന് സീറ്റുകളിലാണ് ബി.ജെ.പി ജയിച്ചത്. കോണ്‍ഗ്രസിനാകട്ടെ എട്ട് സീറ്റ് ലഭിച്ചു. ജനതാദള്‍ യുണയ്റ്റഡിനും, ശിരോമണി അകാലി ദളിനും ഓരോ സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന്‍റെയും മറ്റും പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി ആദ്യമായി സര്‍ക്കാര്‍ രൂപീകരിച്ചത് ഈ സമയത്താണ്. 

നാല്‍പ്പതൊന്‍പത് ദിവസത്തെ ആയുസ്സ് മാത്രമേ ആ മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എഴുപതില്‍ അറുപത്തേഴ് സീറ്റുകളിലും ജയിച്ച് അധികാരത്തിലെത്തി. ബി.ജെ.പിക്ക് മൂന്നു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ജയിക്കുവാന്‍ സാധിച്ചില്ല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. 2020 നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള എഴുപത് സീറ്റുകളില്‍ അറുപത്തിരണ്ട് സീറ്റുകളിലും വിജയിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചു. എട്ട് സീറ്റുകളില്‍ ബിജെപി 2020 തില്‍ ജയിച്ചപ്പോള്‍, കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കുവാന്‍ സാധിച്ചില്ല എന്നുള്ളത് ഇവിടെ വീണ്ടും എടുത്തു പറയേണ്ടതുണ്ട്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി ഇക്കുറി ഡല്‍ഹി ചിന്തിക്കുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. ഡല്‍ഹിയിലെ അന്തരീക്ഷം തണുപ്പാണെങ്കിലും, രാഷ്ട്രീയ ചൂട് കൂടി വരുന്നുണ്ട്.