മന്‍മോഹന്‍ സിംഗ് എന്ന സൗമ്യന്‍

മന്‍മോഹന്‍ സിംഗ് എന്ന സൗമ്യന്‍

സുധീര്‍ നാഥ് 


2004 മെയ് മാസം 19 ആം തീയതിയാണ് കേരളത്തിന്‍റെ പ്രിയപ്പെട്ട രാഷ്ട്രീയ നേതാവായിരുന്ന ഇ കെ നായനാര്‍ അന്തരിക്കുന്നത്. ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ ഇ കെ നായനാര്‍ അന്തരിച്ചപ്പോള്‍ യുപിഎ മുന്നണി വന്‍ ഭൂരിപക്ഷനേടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‍റെ തിരക്കിലായിരുന്നു. ആരായിരിക്കും പ്രധാനമന്ത്രിയെന്ന ചര്‍ച്ചയും രാഷ്ട്രീയ ചുറ്റുവട്ടത്തില്‍ കാര്യമായി നടക്കുന്നുണ്ടായിരുന്നു. ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയാകും എന്നുള്ള പ്രഖ്യാപനം വന്നതും, ഇ കെ നായനാരിന്‍റെ ഭൗതികശരീരം കേരള ഹൗസില്‍ പൊതുദര്‍ശനത്തിന് കൊണ്ടുവന്നതും ഏതാണ്ട് ഒരേ സമയമായിരുന്നു. ഒട്ടേറെ പ്രമുഖര്‍ കേരള ഹൗസില്‍ നായനാര്‍ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. അന്ന് നിയുക്ത പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍സിംഗ് കേരള ഹൗസില്‍ എത്തിയിരുന്നു. സൗമ്യനായ ആ മനുഷ്യനെ ആദ്യമായി കാണുകയായിരുന്നു.

ഇ കെ നായനാര്‍ വിഷയമായ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കണം എന്നുള്ള ആഗ്രഹവുമായി കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ താല്പര്യപ്പെട്ടിരിക്കുന്ന കാലം. തന്‍റെ കാര്‍ട്ടൂണുകളുടെ സമാഹാരം പുസ്തകമായി പുറത്തിറക്കണം എന്ന് ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു ഇ കെ നായനാര്‍. യേശുദാസനോട് അദ്ദേഹം അത് പറയുകയും ചെയ്തിരുന്നു. വരയിലെ നായനാര്‍ എന്ന പേരിലെ പുസ്തകം പ്രസിദ്ധീകരണത്തിന് തയ്യാറായി അച്ചടിക്ക് വിടുന്നതിനു മുന്‍പ് നായനാര്‍ അന്തരിച്ചു. പുസ്തകത്തിന്‍റെ പ്രകാശനം ആരും നടത്തണമെന്നുള്ള ചിന്തയായിരുന്നു പിന്നീട്. ഇടതുപക്ഷത്തിന്‍റെ പിന്തുണയോടെയാണ് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഏല്‍ക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി വെളുത്ത പകിടി ധരിച്ച ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത്ത് ആയിരുന്നു. മന്‍മോഹന്‍ സിംഗിന്‍റെ നീലപ്പകിടിയും ഏറെ പ്രശസ്തം. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു, വെളുത്ത പകടിക്കാരന് നീല പകിടിക്കാരന്‍ കൊടുക്കട്ടെ എന്ന്. അങ്ങിനെ സംഭവിക്കുമെന്ന് പ്രതീക്ഷകള്‍ ഒന്നുമില്ലായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഡോക്ടര്‍ മന്‍മോഹന്‍ സിംഗിനെ അന്ന് അദ്ദേഹത്തിന്‍റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എന്‍ നായര്‍ വഴി പുസ്തക പ്രകാശന കാര്യം അഭ്യര്‍ത്ഥിച്ചപ്പോള്‍ സമ്മതമാണ് ലഭിച്ചത്. പ്രധാനമന്ത്രിയുടെ വസതിയില്‍ ഉള്ള പഞ്ചവടി എന്ന ഹാളില്‍ ആയിരുന്നു പുസ്തക പ്രകാശന ചടങ്ങ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തില്‍ നിന്നുള്ള എല്ലാ പാര്‍ലമെന്‍റ് അംഗങ്ങളും പങ്കെടുത്ത ഒരു ചടങ്ങ്. സദസില്‍ നിറയെ മലയാളി പ്രമുഖര്‍. ആദ്യമായാണ് മലയാളികളായ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ വസതിയില്‍ നടക്കുന്നത്. പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗിന്‍റെ ആദ്യ പൊതു ചടങ്ങ് ആയിരുന്നു അത്.

ഡോക്ടര്‍ മന്‍മോഹന്‍സിംഗിന് മലയാളികളോട് പ്രത്യേക മമതയുണ്ടായിരുന്നു എന്നത് നേര് തന്നെയാണ്. അദ്ദേഹത്തിന്‍റെ ഓഫീസുകളില്‍ പ്രമുഖ സ്ഥാനം വഹിച്ചിരുന്നവരില്‍ ഭൂരിപക്ഷവും മലയാളികളായിരുന്നു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഉപദേഷ്ടാവ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ശാസ്ത്ര ഉപദേഷ്ടാവ്, സാമ്പത്തിക ഉപദേഷ്ടാവ്, മാധ്യമ സംഘ തലവന്‍ തുടങ്ങിയവരൊക്കെ മലയാളികളായിരുന്നു. ദേശീയ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കേന്ദ്രമന്ത്രിമാരായത് യുപിഎ മന്ത്രിസഭയില്‍ ആയിരുന്നു. മലയാളികളെ കൂടുതല്‍ പ്രണയിക്കുന്നു എന്ന പഴിയും അദ്ദേഹം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. 

മലയാളികളായ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന സ്നേഹം ഏറെ വലുതാണ്. ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രിയോട് കൂടുതല്‍ അടുപ്പം തോന്നിക്കുന്നു എന്ന് അക്കാലത്ത് സംസാരവും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രകളിലെല്ലാം മലയാള മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. കേവലം യുവ മാധ്യമപ്രവര്‍ത്തകരുടെ ആശങ്കകള്‍ പോലും അദ്ദേഹം ഗൗരവമായി കേട്ടിരുന്നു. അത് ഗൗരവമായി എടുത്ത് നടപടികള്‍ ക്കൈകൊണ്ടിരുന്നതായി പല മാധ്യമ സുഹ്യത്തുക്കളും പറയുന്നത് കേട്ടിട്ടുണ്ട്. മലയാളികളായ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് കേരളത്തിന് ഒട്ടേറെ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അക്കാലത്ത് കേരളം ഭരിച്ച എല്ലാ മുന്നണികളും ഒരേ പോലെ സമ്മതിക്കുന്നതും ഇവിടെ എടുത്തു സൂചിപ്പിക്കേണ്ടതാണ്.

2011 മാര്‍ച്ച് മാസം പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിക്കി ലീക്സിനെ ചൊല്ലി വലിയ ബഹളം നടന്നു. വിശ്വാസ വോട്ടിങ്ങ് വിജയിക്കുന്നതിനും സര്‍ക്കാര്‍ നിലനില്‍ക്കുന്നതിനും വേണ്ടി കോണ്‍ഗ്രസ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പണം നല്‍കിയതായി വലിയ ആരോപണമാണ് പ്രതിപക്ഷത്ത് നിന്ന് ഉണ്ടായത്. പ്രതിപക്ഷ നേതാവായിരുന്ന സുഷമ്മ സ്വരാജ് പ്രശസ്ത കവി ഷഹാബ് ജെഫ്രിയുടെ കവിത ചൊല്ലി സഭയില്‍ ഉഗ്രന്‍ പ്രസംഗമാണ് നടത്തിയത്. സൂക്ഷമ സ്വരാജ് കവിതയുടെ പിന്‍മ്പലത്തില്‍ പ്രസംഗത്തിലൂടെ ശക്തമായ പ്രഹരമാണ് ഭരണപക്ഷമായ യുപിഐ സര്‍ക്കാരിനെ, വിശേഷിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നേരെ നടത്തിയത്. ശക്തമായ നടത്തിയത്. എല്ലാം കേട്ടുനിന്ന് സൗമ്യ ഈ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അല്ലമായി ഇക്ബാലിന്‍റെ വരികള്‍ കടം കൊണ്ട് ശാന്തനായി തന്നെയാണ് പ്രധാനമന്ത്രിയുടെ മറുപടിയുണ്ടായത്. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം കേട്ട് ആരോപണം ഉന്നയിച്ച സുഷമാ സ്വരാജ് ചിരിച്ചു. മന്‍മോഹന്‍സിങ് ചിരിച്ചു. സഭയാകെ ചിരിച്ചു. വലിയ കൊടുങ്കാറ്റ് ശമിച്ച ആശ്വാസമാണ് അന്നുണ്ടായത് എന്ന് ഒരു മാധ്യമ സുഹ്യത്ത് പറഞ്ഞിരുന്നു.

പിന്നീട് ഒട്ടേറെ തവണ അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ സമയത്താണല്ലോ പി എം സെയ്ത് ഊര്‍ജ്ജ വകുപ്പ് മന്ത്രി ആയിരുന്നത്. അന്ന് ഊര്‍ജ്ജമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായി ചുമതലയേറ്റത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുത്ത ഒട്ടേറെ ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ സാധിച്ചിട്ടുണ്ട്. 

അതില്‍ ഏറ്റവും പ്രധാനമാണ് കാര്‍ഗിലിലേയും, ലേയിലേയും ജലവൈദ്യുതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ്. പ്രധാനമന്ത്രിയുടെ സംഘത്തോടൊപ്പം യാത്ര ചെയ്യുവാന്‍ അന്ന് സാധിച്ചു എന്നുള്ള ഒരു ഭാഗ്യവും ലേഖകനുണ്ടായി. തനത് പ്രാദേശിക വേഷത്തില്‍ അന്ന് പ്രധാനമന്ത്രിയും ഊര്‍ജ്ജമന്ത്രിയായ പി എം സെയ്തും വേദിയിലെത്തിയത് കൗതുകത്തോടെ കൂടി കാണുകയുണ്ടായി. ആ രംഗം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അന്ന് അവിടെ ന്യത്തചുവടുകള്‍ വെച്ച കലാകാരന്മാരുടെ കൂടെ നൃത്തച്ചുവടുകള്‍ വെച്ച പ്രധാനമന്ത്രിയെ എങ്ങനെ മറക്കും. സാധാരണക്കാര്‍ക്ക് എത്തിപ്പെടുവാന്‍ സാധിക്കുന്ന ഒരു പ്രധാനമന്ത്രി ആയിരുന്നു ഡോക്ടര്‍ മന്‍മോഹന്‍സിങ് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല.

വണ്‍ ടൂ ത്രീ ആണവ കരാര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍. അക്കാലത്ത് ഒട്ടേറെ കാര്‍ട്ടൂണുകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കഥാപാത്രമാക്കി ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. വിദേശ മാധ്യമങ്ങളിലും ഒട്ടേറെ കാര്‍ട്ടൂണുകള്‍ അക്കാലത്ത് വന്നിട്ടുണ്ട്. ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച 123 ആണവ കരാര്‍ വിഷയമായി മന്‍മോഹന്‍ സിംഗ് കഥാപാത്രമായ കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടേയും സമാഹാരം കേരള കാര്‍ട്ടൂണ്‍ അക്കാദമി 1 2 3 മന്‍മോഹന്‍ സിംഗ് എന്ന പേരില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതിലുള്‍ക്കൊള്ളിച്ച രചനകള്‍ അദ്ദേഹത്തിന് നേരിട്ട് സമ്മാനിക്കുകയും ഉണ്ടായി. വളരെ ആവേശപൂര്‍വ്വമാണ് അദ്ദേഹം അത് സ്വീകരിച്ചത്. വിമര്‍ശനങ്ങള്‍ ഉള്ള കാര്‍ട്ടൂണുകളും അതില്‍ ഉണ്ടായിരുന്നു. അതെല്ലാം പുഞ്ചിരിയോടുകൂടിയാണ് അദ്ദേഹം കണ്ടത്. കാര്‍ട്ടൂണുകളുടെ ആസ്വാദകന്‍ കൂടിയായിരുന്നു അദ്ദേഹം. 

അഴിമതി ആരോപണം കേള്‍ക്കാത്ത ഒരു പ്രധാനമന്ത്രി ആയിരുന്നു ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് എന്ന് ഏവരും സമ്മതിക്കുന്ന ഒന്നാണ്. 1991 ല്‍ രാജ്യം സാമ്പത്തികമായ ഏറെ പ്രതിസന്ധി നേരിടുന്ന കാലത്താണ് ധനമന്ത്രിയായി മന്‍മോഹന്‍ സിംഗ് ചുമതല ഏല്‍ക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും ഡോക്ടര്‍ മന്‍മോഹന്‍സിങ്ങും ചേര്‍ന്നാണ് ഇന്ത്യന്‍  സാമ്പത്തിക അടിത്തറ ഉടച്ചു വാര്‍ത്ത് രാജ്യത്തിന് സാമ്പത്തിക ഭദ്രത ഉണ്ടാക്കിത്തന്നത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ പദവികളില്‍ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ കൈവരിച്ച മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി ഉയര്‍ത്തപ്പെട്ടത് രാജ്യത്തിന്‍റെ ഭാഗ്യമായി തന്നെ കാണേണ്ടിയിരിക്കുന്നു. രാജ്യം കണ്ട വിപ്ലവകാരിയും സൗമ്യനുമായ പ്രധാനമന്ത്രിയായിരുന്നു ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് എന്ന് എന്നും ഓര്‍ക്കും.