പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ജനുവരി 15 


ആവേശ താളത്തില്‍ ഡല്‍ഹി പൂരം

ഡല്‍ഹിയില്‍ ഒരു കൊച്ചു കേരളത്തെ സൃഷ്ടിച്ചു കൊണ്ടായിരുന്നു ഇത്തവണത്തെ ഡല്‍ഹി പൂരം. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഡല്‍ഹിയില്‍ നടന്ന പ്രതീതിയായിരുന്നു ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ നടന്ന ഡല്‍ഹി പൂരം. തലസ്ഥാനത്തിന്‍റെ മനം കവര്‍ന്ന ഡല്‍ഹി പൂരം പ്രവാസി മലയാളികളും അല്ലാത്തവരും ആവോളം ആവേശത്തിലാക്കി. കാനിങ് റോഡ് കേരള സ്കൂളിലായിരുന്നു ഇത്തവണത്തെ ഡല്‍ഹി പൂരം. കേരള സ്ക്കൂള്‍  പരിസരം യഥാര്‍ത്ഥത്തില്‍ പൂരപ്പറമ്പായി രൂപം മാറി എന്നതില്‍ അതിശയോക്തിയില്ല. വാദ്യമേളത്തില്‍ തണുത്ത അന്തരീക്ഷമുള്ള ഡല്‍ഹി താളത്തില്‍ ത്രസിച്ചു. നടനവൈഭവത്തില്‍ വേദികളില്‍ നൃത്തചുവടുകളുമായി നര്‍ത്തകര്‍ എത്തിയിരുന്നു. കളരിപ്പയറ്റിന്‍റെ ചുവടില്‍ കാണികള്‍ തരിച്ച് ആവേശത്തോടെ ഇരുന്നു. വാദ്യ മേളത്തിന്‍റെ താളത്തില്‍ ഡല്‍ഹി പൂരവേദിയൊരു കൊച്ചു കേരളമായി. കേരളത്തില്‍ നിന്നടക്കം നൂറോളം കലാകാരന്മാര്‍ പൂരത്തിനായി അണിനിരന്നു. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും സന്തോഷ് കൈലൈസും ഒന്നിച്ച രണ്ടുപന്തിമേളവും ഇരട്ടക്കേളിയും പൂരത്തിനു കൊഴുപ്പേകി. സിനിമാ താരം രചന നാരായണന്‍ കുട്ടിയുടെ കുച്ചിപ്പുഡിയും എയിംസിലെ നഴ്സുമാര്‍ അവതരിപ്പിച്ച മെഗാതിരുവാതിരയും പൂരത്തിന് മിഴിവേകി.

അംബേദ്കര്‍ ചിലര്‍ക്ക് ദൈവമാണ് സര്‍

മഹാനായ ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍  ചിലര്‍ക്ക് ദൈവം തന്നെയാണ്. ഒരു പക്ഷെ അവര്‍ക്ക് ചിലപ്പോള്‍ ദൈവത്തിനും മേലേയാണ് അംബേദ്ക്കര്‍ എന്നത് ഒരു സത്യം മാത്രം. ഭീകരമായ അടിച്ചമര്‍ത്തപ്പെടലനും അവഗണനക്കും വിധേയരായിരുന്ന കോടിക്കണക്കിന് ഭാരതീയരെ അടിമത്തത്തില്‍ നിന്നും  ഭരണഘടനയിലൂടെ  മോചിപ്പിച്ച ദൈവം. ദളിതരെ പൊതുസമൂഹത്തിന്‍റെ ഭാഗമാകാനും പൊതുനിരത്ത് ഉപയോഗിക്കാനും പൊതു കിണറില്‍ നിന്നും കുടിവെള്ളം എടുക്കാനും ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം പ്രാപൃമായിരുന്ന തൊഴിലിടങ്ങളില്‍ അവസരങ്ങള്‍ നല്‍കിയ വ്യക്തിയാണ് അംബേദ്ക്കര്‍. തൊട്ടുകൂടായ്മയെ നിയമംമൂലം നിരോധിക്കുന്നതിന് അദ്ദേഹം ഭരണഘടനാ നിര്‍മ്മാണ സമയത്ത് നടത്തിയ ഇടപെടല്‍ എടുത്ത് പറയണം.  നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കിയ തുലൃ നീതിയും തുലൃ അവസരങ്ങളും ഭരണഘടനയില്‍ വിഭാവനം ചെയ്ത അംബേദ്ക്കര്‍ ദൈവമായി അവര്‍ കരുതുന്നതില്‍ തെറ്റ് പറയാന്‍ പറ്റുമോ. അംബേദ്കറെ അവഹേളിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുലൃമാണ്. അമിത്ത് ഷാ നടത്തിയ അവഹേളന പരാമര്‍ശങ്ങള്‍ വിവാദമായ ഈ ഒരു സാഹചര്യത്തിലാണ്. അംബേദ്കര്‍ അംബേദ്കര്‍ എന്ന് ഒരുവിടുന്നതിനു പകരം ദൈവനാമം ഒരുവിട്ടാല്‍ ഒരു പക്ഷേ അമിത്ഷായ്ക്ക് മോക്ഷം കിട്ടുമായിരിക്കും. പക്ഷേ ദളിതര്‍ക്ക് മറ്റേത് ദൈവങ്ങളേക്കാള്‍ വിശ്വാസം അംബേദ്കറിലാണ്. അവര്‍ക്ക് സമൂഹത്തില്‍ വിലയും നിലയും ഉണ്ടാക്കിക്കൊടുത്ത നിയമ നിര്‍മ്മാതാവായ അദ്ദേഹം അവരുടെ ദൈവമാണല്ലോ.

നൃതാലയ നൃത്ത്യാ ഫെസ്റ്റ്

ഡല്‍ഹിയില്‍ മറ്റ് കലാ രംഗത്തെ പോലെ നൃത്ത മഹോത്സവവും നടന്നു. നൃത്യാലയയുടെ  ഏഴാമത് നൃത്ത്യാ ഫെസ്റ്റാണ് ഡല്‍ഹിയില്‍ നടന്ന ശ്രദ്ധേയമായത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതായിരുന്നു നൃത്ത്യാ ഫെസ്റ്റ്' ഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്‍ററിലെ സ്റ്റെയിന്‍ ഓഡിറ്റോറിയത്തില്‍ മുത്തുസ്വാമി ദീക്ഷിതരുടെ  പഞ്ചഭൂത കൃതികളെ  ആസ്പദമാക്കി സുജിത്രാ അനീഷിന്‍റെ ആശയവള്‍ക്കരണത്തില്‍ അപരാജിത ശര്‍മ്മ നൃത്ത സംവിധാനം  നിര്‍വഹിച്ച തത്വ തരംഗം അവതരിപ്പിച്ചുകൊണ്ടാണ് നൃത്യ ഫെസ്റ്റിവലിന്  തുടക്കം കുറിച്ചത്. നൃത്യാ ഫെസ്റ്റിന്‍റെ രണ്ടാം ഘട്ടം ത്രിവേണി കലാ സംഗത്തിലായിരുന്നു. പ്രശസ്ത ഭരതനാട്യം നര്‍ത്തകി കനക സുധാകര്‍, ഗുരു രാധിക ആരോറ, നര്‍ത്തകി സുജിത്ര അനീഷ് എന്നിവര്‍ രണ്ടാം ഘട്ടത്തില്‍ മുഖ്യ അതിഥികളായിരുന്നു. പ്രശസ്ത നര്‍ത്തകി റ്റി. റെഡ്ഡിലക്ഷിയുടെ കുച്ചിപ്പുടിയും തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകരികള്‍   ഭരതനാട്യം, കഥക്, മോഹിനിയാട്ടം, മണിപ്പൂരി, ഒഡിസി, കഥകളി തുടങ്ങിയ നൃത്ത രൂപങ്ങള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി. നൃത്യഫെസ്റ്റിന്‍റെ ഭാഗമായി  നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അമിത പ്രസാദ് സര്‍ഭായ് അധ്യക്ഷത വഹിച്ചു.  പ്രശസ്ത കഥക് ഗുരു പണ്ഡിറ്റ് ഹരീഷ് ഗംഗാനി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ. ജെ. ഫിലിപ്പ്,  അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിന്‍റെ പ്രസിഡന്‍റ് ബാബു പണിക്കര്‍, പ്രിന്‍സിപ്പല്‍ തിരുവട്ടാര്‍ ജഗദീശന്‍ എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ മഹനീയ വ്യക്തികളെ സംസ്കൃതി സേവാ സമ്മാന്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. മൂന്നാംഘട്ടമായി മൂന്ന് ദിവസം നീണ്ടു നിന്ന കലാ ശില്പശാലയും സെമിനാറുകളും നടന്നു. നൃത്ത കലയെ ലോകോത്തര തലത്തിലേക്ക് എത്തിക്കുന്നതിന് ഉപകരിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. നര്‍ത്തകര്‍ക്ക് മാത്രമല്ല ആസ്വാദകര്‍ക്കും ഉപകാരപ്പെടുന്ന സെമിനാറുകള്‍ ആണ് പരിപാടിയുടെ ഭാഗമായി ഡല്‍ഹിയില്‍ നടന്നത്.