എന്നാലും എന്തിനീ സാക്ഷരത

എന്നാലും എന്തിനീ സാക്ഷരത

വിജയ് ചൗക്ക്

സുധീര്‍നാഥ് 


 

കേരളം സാക്ഷരരുടെ നാടാണ് എന്നാണ് വ്യാപകമായി പറയപ്പെടുന്നത്. പക്ഷെ ഈ സാക്ഷര കേരളത്തിന് അനുയോജ്യമായ വാര്‍ത്തകളല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദിവസവും കൊള്ളയും കൊലയും തട്ടിപ്പും വെട്ടിപ്പും കേരളത്തിന്‍റെ പല ഭാഗങ്ങളിലും സംഭവിക്കുന്നു. 

ഉത്തര്‍പ്രദേശിലും ഹരിയാനയിലും മറ്റും സ്ഥിരമായി നടന്നുകൊണ്ടിരിക്കുന്ന കൊള്ളയും കൊലയും ആണ് സമാധാന പ്രദേശം എന്ന് പേരുകേട്ട കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. ഇതിനെ തടയുവാനായി നമുക്ക് സാധിക്കുമോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സൈബര്‍ തട്ടിപ്പുകളും കൊലപാതകങ്ങളും കൊള്ളയും കേരളത്തില്‍ തുടര്‍ക്കഥകളാകുന്നതെന്ത് കൊണ്ട്...?

കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ എല്ലാം തന്നെ ഇത്തരം ക്രൈം റിപ്പോര്‍ട്ടുകള്‍ വേണ്ടി പ്രത്യേക സമയം പോലും നല്‍കിയിരിക്കുന്നു. എല്ലാ ദിവസവും വ്യത്യസ്തമായ ക്രൈം വാര്‍ത്തകള്‍ക്ക് കേരളത്തില്‍ പഞ്ഞമില്ല എന്നുള്ളതിന്‍റെ തെളിവായി തന്നെ ഇതിനെ കാണാം. എല്ലാ ദിവസവും ഈ റിപ്പോര്‍ട്ടുകളില്‍ എത്രയെത്ര വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് എന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അതുകണ്ട് അമ്പരക്കുകയല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ദ്യശ്യമാധ്യമങ്ങളില്‍ ഇതിനായി പ്രത്യേക മാധ്യമ ടീം തന്നെ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നു.

സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത് ഒരു വടക്കേ ഇന്ത്യക്കാരന്‍ ആണെങ്കില്‍ അത് വിദ്യാഭ്യാസത്തിന്‍റെ കുറവുകൊണ്ട് സംഭവിച്ചതാണെന്ന് പറയാറുണ്ട്.  എന്നാല്‍ വിദ്യാഭ്യാസം ധാരാളമായി ആര്‍ജിച്ച മലയാളികള്‍ക്കിടയില്‍ സൈബര്‍ തട്ടിപ്പുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നുള്ളത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. എല്ലാ ദിവസവും ഇത്തരം സൈബര്‍ തട്ടിപ്പുകളുടെ വാര്‍ത്തകള്‍ ഉണ്ടാകുമ്പോഴും കബളിപ്പിക്കപ്പെടുന്ന ആളുകളുടെ വിദ്യാഭ്യാസ നിലവാരം നോക്കുമ്പോഴാണ് ഞെട്ടിപ്പോകുന്നത്. ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ മുതല്‍ പലരും ഇത്തരം സൈബര്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.

സമീപകാലത്ത് കേരളത്തില്‍ നടന്ന കൊള്ളകളിലെല്ലാം 100 പവനില്‍ കൂടുതലുള്ള സ്വര്‍ണാഭരണങ്ങളാണ് എന്ന് കാണുവാന്‍ സാധിക്കും. കള്ളപ്പണം സൂക്ഷിച്ചുവെക്കുന്നത് അപകടകരമാണ് എന്നും, അത് അത്ര സുരക്ഷിതമല്ലെന്നും മനസ്സിലാക്കിയത് കൊണ്ട് ആളുകള്‍ കള്ളപ്പണങ്ങള്‍ സ്വര്‍ണമായി മാറ്റിയിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. നൂറും, ഇരുന്നൂറും,  മുന്നൂറും പവനുകളാണ് കൊള്ള ചെയ്യപ്പെടുന്നത് എന്നുള്ളത് ഈയൊരു ചിന്താഗതിയിലേക്ക് ഒരാളെ എത്തിക്കുകയാണെങ്കില്‍ അതിനെ കുറ്റം പറയുവാനും സാധിക്കില്ലല്ലോ. സ്വര്‍ണ്ണത്തിന് നാള്‍ക്ക് നാള്‍ വില വര്‍ദ്ധിക്കുന്നു എന്ന ആകര്‍ഷണവും ഉണ്ട്.

വെര്‍ച്ചല്‍ അറസ്റ്റ് എന്നൊന്ന് ഇല്ലെന്ന് സാക്ഷാല്‍ പ്രധാനമന്ത്രി മന്‍കീബാത്തില്‍ വന്നു പറഞ്ഞു. ഇന്ത്യയില്‍ അങ്ങിനെ ഒരു നിയമമില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ ചെയ്തിട്ടും വ്യാപകമായ വാര്‍ത്തകള്‍ വന്നിട്ടും കേരളത്തില്‍ ദിവസവും മലയാളികള്‍ വെര്‍ച്ചല്‍ അറസ്റ്റിന് കീഴ്പ്പെടുന്നു. സാക്ഷരതയില്‍ മാത്രമല്ല, നിയമസാക്ഷരതയിലും മലയാളികള്‍ മുന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവരുടെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെടുന്നത്. പണം നഷ്ടപ്പെട്ടതിന് ശേഷം താന്‍ വെര്‍ച്ചല്‍ അറസ്റ്റില്‍ പെട്ടെന്നും അക്കൗണ്ടിലുള്ള ലക്ഷക്കണക്കിന് രൂപ കൊള്ളയടിക്കപ്പെട്ടതും പരാതിയുമായി വരുന്ന ആളുകളെ ഓര്‍ത്ത് ലജ്ജിക്കുകയല്ലേ വേണ്ടത്.

ബാങ്കുകള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നത് ഉപഭോക്താവിന്‍റെ സൗകര്യങ്ങള്‍ കൂടി മുന്നില്‍ കണ്ടു കൊണ്ടാണ്. സൈബര്‍ രംഗത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടിയാണ് വണ്‍ ടൈം പാസ്വേഡ് അഥവാ ഒ.ടി.പി സംവിധാനം അവര്‍ ഏര്‍പ്പെടുത്തിയത്. ഒരു ഉപഭോക്താവ് ബാങ്കിംഗ് ഇടപാട് ഓണ്‍ലൈനില്‍ നടത്തുമ്പോള്‍ ഒ.ടി.പി അവരുടെ സ്വന്തം രജിസ്റ്റര്‍ ചെയ്യപ്പെട്ട മൊബൈലിലേക്ക് അയക്കുന്നു. ഒ.ടി.പി മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കരുത് എന്നുള്ള സന്ദേശവും അവര്‍ എപ്പോഴും നല്‍കുന്നുണ്ട്. ബാങ്കിന്‍റെ സ്റ്റാഫായാലും അത് ചെയ്യരുതെന്ന് അവര്‍ മുന്നറിയിപ്പ് തരുന്നുണ്ട്. എന്നിരുന്നാലും ഈ ഒ.ടി.പി കരസ്ഥമാക്കി പണം തട്ടുന്നതിന്‍റെ വാര്‍ത്തകള്‍ വ്യാപകമായി ഉണ്ടാകുന്നു എന്നുള്ള ഒട്ടേറെ സന്ദേശങ്ങളാണ് എല്ലാവര്‍ക്കും ലഭിക്കുന്നത്. എങ്ങനെയാണ് കേരളത്തിലെ ജനങ്ങള്‍ തട്ടിപ്പ് കഥകളെല്ലാം അറിഞ്ഞിട്ടും ചതിക്കുഴിയില്‍ വീഴുന്നത് എന്ന് മനസ്സിലാകുന്നില്ല. നമ്മുടെ മലയാളികള്‍ക്കിടയില്‍ സാക്ഷരതയുണ്ടായിട്ടും തട്ടിപ്പിനും വെട്ടിപ്പിനും ഇടയാകുന്നല്ലോ എന്ന് പരിതപിക്കാം.

സമൂഹത്തില്‍ പ്രശസ്തരായവരുടെ പേരില്‍ വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ട് സൃഷ്ടിച്ചാണ് മറ്റൊരു തരം തട്ടിപ്പ്. ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ചില പരസ്യങ്ങള്‍ നല്‍കും. അടുത്തിടെ ഇതേ രീതിയില്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍റെ പേരില്‍ ഒരു വാഹന വില്പന പരസ്യം ഇവര്‍ തയ്യാറാക്കി. പരസ്യം കണ്ട് ആളുകള്‍ വിളിക്കുമ്പോള്‍ അവരുടെ കൈയില്‍ നിന്ന് 10000 രൂപ വരെ അഡ്വാന്‍സായി നൂറ് കണക്കിന് ആളുകളില്‍ നിന്ന് വാങ്ങി എന്നാണ് റിപ്പോര്‍ട്ട്.

പണം കംെ ചോദിച്ച് നിങ്ങള്‍ക്ക് പ്രിയപ്പെട്ട ആരെങ്കിലും സന്ദേശം അയച്ചാല്‍ സൂക്ഷിക്കണം. നിങ്ങളുടെ ടെലിഫോണ്‍ ഡിസ്ക്കണക്റ്റ്  ആകുവാന്‍ പോകുന്നു എന്ന സന്ദേശമോ ഫോണോ വന്നാല്‍ സൂക്ഷിക്കണം. നിങ്ങളുടെ പ്രിയപ്പെട്ട ആരെങ്കിലും ലഹരി വേട്ടയില്‍ പിടിക്കപ്പെട്ടു എന്ന സന്ദേശം വന്നാല്‍ സൂക്ഷിക്കണം. നിങ്ങള്‍ക്ക് അപരിചിതമായ നമ്പറില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ സൂക്ഷിക്കണം. മറുതലയ്ക്കല്‍ ഉള്ള സ്ത്രീ വിവസ്ത്രയാകും. പിന്നീട് ബ്ലാക്ക് മെയിലിങ്ങാണ് നടക്കുക. തട്ടിപ്പുകള്‍ പലതരുണ്ട്. അതുകൊണ്ട് കരുതല്‍ എപ്പോഴും ഉണ്ടായിരിക്കണം.

ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുക എന്നത് സമീപകാലത്ത് പ്രചാരം നേടിയ ഒന്നാണ്. ഓണ്‍ലൈന്‍ വഴിയുള്ള പ്രമുഖ വ്യാപാര പോര്‍ട്ടലുകള്‍ക്കല്ലാതെ സ്വകാര്യമായ ഒട്ടേറെ പോര്‍ട്ടലുകള്‍ നിലവിലുണ്ട്. ഇതില്‍ പലതും വ്യാജന്മാരും തട്ടിപ്പുകാരും ആണെന്നുള്ളത് മനസ്സിലാക്കേണ്ടതുണ്ട്. വളരെ ചെറിയ തുകയ്ക്ക് വിലകൂടിയ ഒരു ഉല്‍പ്പന്നം ലഭിക്കുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യം കണ്ട് ആകര്‍ഷണരായി പണം മുടക്കി കമ്പളിപ്പിക്കപ്പെട്ട എത്രയോപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. 

സ്വന്തം മാതാപിതാക്കളെയും ഭാര്യയെയും കൊല ചെയ്യുന്നതും, ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നതും ഇന്ന് കേരളത്തില്‍ പതിവായി പലയിടങ്ങളിലും നടക്കുന്നു. കൊല നടത്താന്‍ കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉണ്ട് എന്നത് രഹസ്യമല്ലാതായിരിക്കുന്നു. സിനിമകളില്‍ കാണുന്ന പലതും നമുക്ക് മുന്നില്‍ സംഭവിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേള്‍ക്കേണ്ടി വരുന്നത്. നടുറോഡില്‍ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ മനുഷ്യ മനസ്സാക്ഷി തന്നെ മരവിച്ചു പോകുന്ന ക്രൂരതയുടെ പലതരത്തിലുള്ള ഇടപെടലുകള്‍ നമ്മള്‍ അറിയുന്നു.

സാങ്കേതിക വിദ്യയുടെ വളര്‍ച്ച തട്ടിപ്പുകളുടെ രീതികളില്‍ തന്നെ മാറ്റം സംഭവിച്ചിരിക്കാന്‍ കാരണമായിട്ടുണ്ട്. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് എന്ന എഐ വ്യാപകമായതോടെ യാഥാര്‍ത്ഥമായത് ഏത് വ്യാജമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു സാഹചര്യത്തിലേക്ക് മനുഷ്യന്‍ എത്തിപ്പെട്ടിരിക്കുന്നു. ശബ്ദങ്ങളും, രൂപങ്ങളും വ്യാജമായി നിര്‍മ്മിക്കപ്പെടുന്നു എന്നുള്ളത് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. ഇത് മൂലം തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ പ്രയാസമയി വന്നിട്ടുണ്ട്.