പ്രവാസികള്‍ സംരക്ഷിക്കുന്ന കേരളത്തിന്‍റെ കലാരൂപങ്ങള്‍
വിജയ് ചൗക്ക്
സുധീര്‍ നാഥ്
കലാസാംസ്കാരിക രംഗത്ത് ഏറെ കേള്‍വി കേട്ടതാണ് കേരളത്തിന്‍റെ തനത് കലാരൂപമായ കഥകളി, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ. ചിത്രരചനയിലും കാര്‍ട്ടൂണിലും ഒക്കെ മലയാളികളുടെ മേല്‍കോയ്മ പ്രശസ്തമാണ്. എത്രയെത്ര കലാരൂപങ്ങളാണ് പ്രവാസി മലയാളികളാല്‍ ഇപ്പോള്‍ സംരക്ഷിക്കപ്പെടുന്നത്. കേരളത്തില്‍ നടക്കുന്ന കഥകളി അടക്കമുള്ള കലാ അവതരണത്തെക്കാള്‍ കൂടുതല്‍ ഇപ്പോള്‍ പ്രവാസി കലാകാരന്‍മാര്‍ അവതരണം നടത്തുന്നു.
കഥകളിക്ക് ഏറെ പ്രശസ്തമായ കേരളത്തിന് അഭിമാനമായി ഡല്‍ഹിയില്‍ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷണല്‍ കഥകളി കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടെ കഥകളി പഠിക്കുന്നത്. ചുട്ടിയും വേഷവും താളവും പഠിക്കുന്നവര്‍ വേറെയും. രാജ്യ തലസ്ഥാനത്തുതന്നെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന സെന്‍റര്‍ ഫോര്‍ കഥകളി സെന്‍റര്‍ ഉള്ളതുകൊണ്ട് പ്രമുഖ ചടങ്ങുകളിലെല്ലാം കഥകളി അവതരിപ്പിക്കപ്പെടുന്നുണ്ട്. രാജ്യ തലസ്ഥാനത്ത് മോഹിനിയാട്ടം അക്കാദമിയും പഞ്ചവാദ്യ ട്രസ്റ്റും അങ്ങനെ ഒട്ടേറെ കലാകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു എന്നുള്ളത് മലയാളത്തിന്‍റെ പ്രിയപ്പെട്ട കലാരൂപങ്ങള്‍ക്ക് ദേശീയ തലസ്ഥാനത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കുവാന്‍ കാരണമാകുന്നുണ്ട്.
കേരളത്തില്‍ ആഘോഷിക്കപ്പെടുന്ന എത്രയെത്ര ഉത്സവങ്ങളുണ്ട്. തൃശ്ശൂര്‍ പൂരത്തിനെ അനുസ്മരിപ്പിക്കുന്ന ഡല്‍ഹി പൂരവും മറ്റു പ്രവാസ ലോകത്തെ മലയാളികള്‍ സംഘടിപ്പിക്കുന്ന പൂരങ്ങളും ഏറെ പ്രശസ്തമാണ്. നൂറോളം വാദ്യകലാകാരന്‍മാരോടൊപ്പം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും ചെറുതാഴം കുഞ്ഞിരാമന്‍ മാരാരും സംഘവും ഒരുക്കുന്ന ഡല്‍ഹി പൂരമുണ്ട്. രാജ്യതലസ്ഥാനത്ത് തൃശ്ശൂര്‍ പൂരത്തിന് സമാനമായ ഡല്‍ഹി പൂരം ഡിസംബര്‍ 22 ഞായറാഴ്ച അരങ്ങേറുകയാണ്. ആയിരക്കണക്കിന് താള പ്രേമികളായിരിക്കും ഡല്‍ഹി പൂരത്തിന് സാക്ഷ്യം വഹിക്കാന്‍ അവിടെ എത്തിച്ചേരുക.
ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഒട്ടേറെ പൂരക്കാഴ്ചകള്‍ നമുക്കിപ്പോള്‍ കാണുവാന്‍ സാധിക്കും. മലയാളികളുടെ താള താല്‍പര്യം ഏറെ പ്രശസ്തമായതുകൊണ്ടുതന്നെ പ്രവാസികള്‍ക്കിടയില്‍ അത് ഏറെ സ്വീകരിക്കപ്പെടുന്നുമുണ്ട്. ചെണ്ട പഠിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വളര്‍ച്ചയ്ക്ക് പോലും ഇത് കാരണമാണ്. ഓരോ വര്‍ഷവും നൂറുകണക്കിന് വാദ്യകലാകാരന്മാരാണ് പ്രവാസ ലോകത്തെ ഓരോ പ്രദേശങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. അതില്‍ എല്ലാവരും താളം ജീവിതത്തോടൊപ്പം ചേര്‍ക്കുന്നവരാണ് എന്ന് പറയുവാന്‍ സാധിക്കില്ലെങ്കിലും കുറെ പേരെങ്കിലും മേളത്തോടൊപ്പം സഞ്ചരിക്കുന്നു.
നാടക രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ പ്രദേശമാണ് ഡല്‍ഹി. ഓംചേരി എന്‍ എന്‍ പിള്ളയെ ഈ അവസരത്തില്‍ ഓര്‍ക്കാതിരിക്കുവാനും സാധിക്കില്ല. എക്സ്പിരിമെന്‍റ് തീയറ്ററിന് ആദ്യമായി വേദി ഒരുക്കിയത് ഡല്‍ഹിയിലെ മലയാളി നാടക പ്രവര്‍ത്തകരാണ്. ഇന്നും മലയാള നാടകത്തിന് ഊര്‍ജ്ജം പകരുന്ന പ്രവര്‍ത്തികള്‍ ആണ് ഡല്‍ഹിയില്‍ നടക്കുന്നത്. വ്യക്ഷ് ദി തിയേറ്റര്‍ എന്ന സംഘം ചെറുനാടകങ്ങളുടെ ഒരു മേള തന്നെ ഫെബ്രുവരി 2 ന് നടത്തുന്നുണ്ട്. തെപ്സിസ് എന്ന പേരിട്ടിരിക്കുന്ന നാടകോത്സവത്തില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള 30 നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. എട്ട് ഭാഷകളിലുള്ള ചെറുനാടകങ്ങളായിരിക്കും തെപ്സിസിന്‍റെ ഭാഗമാവുക. മോഹിനിയാട്ടം ഫെസ്റ്റിവല്‍ - നിര്‍ത്ത്യാലയയുടെ നൃത്ത ഫെസ്റ്റിവല്‍, സ്വരലയയുടെ സംഗീത ഉത്സവം തുടങ്ങിയവയൊക്കെ പ്രവാസ ലോകത്ത് മലയാളികള്‍ നടത്തുന്ന സാംസ്കാരിക വിപ്ലവങ്ങളാണ്.
കേരളത്തില്‍ ആഘോഷിക്കുന്ന ഓണവും വിഷുവും ക്രിസ്തുമസും ബക്രീദുമൊക്കെ പ്രവാസ ലോകത്താണ് ഏറെ ആഘോഷിക്കുന്നത്. ഇപ്പോള്‍ വൃശ്ചിക മാസമാണല്ലോ.... അയ്യപ്പ മന്ത്രങ്ങളാല്‍ പ്രവാസലോകം മുഖരിതമാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ മാത്രം നൂറിലേറെ ശാസ്താപ്രീതികള്‍ നടക്കുന്നുണ്ട് എന്നുള്ളതാണ് കണക്ക്. എല്ലാ ദിവസവും ഭജനയും മറ്റും നടക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു.
ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളാണ് ഇതേസമയം വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നത്. നക്ഷത്രങ്ങളും കേക്കുകളുമായി പ്രവാസി മലയാളികള്‍ ആഘോഷത്തിന്‍റെ ഭാഗമാകുന്നു. ഓണാഘോഷത്തിന് ഒരു അവസാനം ഉണ്ടാകണമെങ്കില്‍ വൃശ്ചിക മാസവും ക്രിസ്തുമസ് നവവത്സര ആഘോഷങ്ങളും വരണമെന്ന് തമാശയായി പോലും പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും.
മലയാള സാഹിത്യത്തിലും പ്രവാസികളാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരിക്കുന്നത് എന്ന് കാണുവാന്‍ സാധിക്കും, കഥയായാലും കവിതയായാലും നാടകമായാലും പ്രവാസികളായ മലയാളികള്‍ നല്‍കിയ സംഭാവനങ്ങളുടെ കണക്കുകള്‍ പരിശോധിക്കാവുന്നതാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നാണ് മലയാള സാഹിത്യത്തിന് ഏറ്റവും വലിയ സംഭാവന ഉണ്ടായിട്ടുള്ളത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്തും മലയാളികള്‍ക്ക് ഏറെ മേല്‍ക്കൈ ഉണ്ട് എന്നുള്ളത് ശങ്കറിന്‍റെ കാലം മുതല്‍ തെളിയിക്കപ്പെട്ട വസ്തുതയാണ്.
വിദേശികള്‍ക്കും സ്വദേശികള്‍ക്കും സ്വീകാര്യമായ കണ്ണിന് ഇമ്പമുള്ള കഥകളി ഏറെ പ്രചരിപ്പിക്കുന്നതിന് സര്‍ക്കാരിന്‍റെ പിന്തുണ കൂടി ആവശ്യമാണ്. മലയാളികളായ ചിത്രകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്‍റെ പിന്തുണ ആവശ്യമാണ്. കേരളത്തിന്‍റെ സ്വന്തം സാംസ്കാരിക സമുച്ചയമായ ട്രാവന്‍കൂര്‍ പാലസ് രാജ്യ തലസ്ഥാനത്തിന്‍റെ കേന്ദ്രഭാഗത്ത് നിലകൊള്ളുന്നുണ്ടെങ്കിലും അവിടെ ഇത്തരം കേരളത്തിന്‍റെ സാംസ്കാരിക പരിപാടികളോ മലയാളികളായ ചിത്രകാരന്‍മാരുടെ പ്രദര്‍ശനങ്ങളോ ഒന്നും തന്നെ കാലങ്ങളായി നടക്കാറില്ല എന്നുള്ളത് ഖേദകരം തന്നെ. മലയാളിക്ക് എന്നല്ല സാധാരണക്കാര്‍ക്ക് പോലും സ്വീകാര്യമായ വാടക നിരക്കല്ല കേരള സര്‍ക്കാര്‍ ഈടാക്കുന്നത് എന്നത് കലാകാരന്മാരെ ട്രാവന്‍കൂര്‍ പാലസില്‍ നിന്ന് അകറ്റുന്നുണ്ട്.
മികച്ച ഒരു ആര്‍ട്ട് ഗ്യാലറി ട്രാവന്‍കൂര്‍ പാലസില്‍ ഉണ്ടെങ്കിലും മലയാളിക്ക് അഭിമാനമായ കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ നൂറാം ജന്മദിനത്തിന്‍റെ ഭാഗമായി നടന്ന കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് ഇവിടെ അനുമതി ലഭിച്ചില്ല. ഡല്‍ഹിയിലെ തന്നെയുള്ള ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍ററിന്‍റെ ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശനം സംഘടിപ്പിക്കപ്പെട്ടത്. മലയാളിക്ക് അഭിമാനമായ ജി അരവിന്ദന്‍റെ സിനിമകളും അദ്ദേഹത്തിന്‍റെ പ്രശസ്തമായ ഗ്രാഫിക്ക് കാര്‍ട്ടൂണ്‍ ചെറിയ മനുഷ്യരും വലിയ ലോകത്തിന്‍റെ പ്രദര്‍ശനവും അരവിന്ദന്‍റെ സംഗീതവും അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള അവസരവും ട്രാവന്‍കൂര്‍ പാലസില്‍ നിഷിദ്ധമായി. ആര്‍ട്ടിസ്റ്റ് എ രാമചന്ദ്രന്‍റെ രചനകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള അനുമതിക്കായി കുടുംബം അപേക്ഷ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
കേരളത്തിന്‍റെ സാംസ്കാരിക കേന്ദ്രം എന്ന് കേരള മുഖ്യമന്ത്രി ട്രാവന്‍കൂര്‍ പാലസിന്‍റെ നവീകരണത്തിന് ശേഷം പ്രഖ്യാപിച്ചത് ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരിച്ച ട്രാവന്‍കൂര്‍ പാലസില്‍ എല്‍ഇഡി സ്ക്രീനുകളും പ്രൊജക്ടറുകളും എല്ലാം സ്വന്തമായി ഉണ്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. മറ്റേത് സാംസ്കാരിക കേന്ദ്രങ്ങളെക്കാള്‍ മനോഹരമായ ലോണുകളും പാര്‍ക്കിംഗ് സൗകര്യവുമുള്ള ഒരു ഇടമാണ് ട്രാവന്‍കൂര്‍ പാലസ്. ഇവിടെ ഗ്യാലറികള്‍ മിക്കവാറും ശൂന്യമായി കിടക്കുന്ന അവസ്ഥ ഉണ്ടായത് സര്‍ക്കാരിന്‍റെ പിടിപ്പുകള്‍ കൊണ്ടുതന്നെയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. സാധാരണ ഒരു ആര്‍ട്ടിസ്റ്റിന് താങ്ങാന്‍ കഴിയുന്നതിനേക്കാള്‍ ഭീകരമായ വാടക ഇവിടെ ഏര്‍പ്പെടുത്തിയതാണ് അതിന് തടസ്സമായി നില്‍ക്കുന്നത്. വിദേശ രാജ്യങ്ങളുടെ പല പരിപാടികളും ട്രാവന്‍കൂര്‍ പാലസിലെ സെമിനാര്‍ ഹോളുകളില്‍ നടക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരള കേരളത്തിന്‍റെ സംസ്കാരത്തോട് ചേര്‍ന്നുനില്‍ക്കാത്ത ഒട്ടേറെ പരിപാടികളും അവിടെ നടക്കുന്നുണ്ട്.
ഇന്ത്യാ ഗേറ്റിനോട് ചേര്‍ന്ന് കിടക്കുന്ന ട്രാവന്‍കൂര്‍ പാലസ് പോലെയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള മെക്കാനിര്‍ ഹൗസ്. രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്പൂരിലേക്കുള്ള ബസ്സുകളുടെ സ്റ്റാന്‍ഡ് ആയിരുന്നു ഒരുകാലത്ത് ബിക്കാനീര്‍ ഹൗസ്. ഇന്ന് രാജ്യ തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയവും തിരക്കുള്ളതുമായ ഒരു സാംസ്കാരിക സമുച്ചയമായി ഈ പ്രദേശം മാറ്റിയെടുക്കുവാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് സാധിച്ചു. ഇതെങ്ങനെ സാധ്യമായി എന്നുള്ളത് കേരള സര്‍ക്കാര്‍ പഠിക്കേണ്ടതുണ്ട്.
ബിക്കാനീര്‍ ഹൗസില്‍ ഉള്ള ബസ് സ്റ്റാന്‍ഡ് അവിടുന്ന് മാറുകയും അതൊരു സാംസ്കാരിക സമുച്ചയമായി പുനര്‍നിര്‍ണയിക്കുകയും ചെയ്തതോടു കൂടിയാണ് ഇന്ത്യ ഗേറ്റിന് സമീപമുള്ള രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ സാംസ്കാരിക സമുച്ചയം ശ്രദ്ധേയമാകുന്നത്. മികച്ച രീതിയില്‍ ഉള്ള ആര്‍ട്ട് ഗാലറിയും സ്വകാര്യ ഭക്ഷ്യ കേന്ദ്രങ്ങളും വന്നതോടുകൂടി ബിക്കാനീര്‍ ഹൗസ് ഒരു സാംസ്കാരിക കേന്ദ്രമായി മാറുകയായിരുന്നു. അവിടത്തെ ആര്‍ട്ട് ഗാലറിയിലും ഓപ്പണെയര്‍ തിയേറ്ററിലും രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ സാംസ്കാരിക കേന്ദ്രമായ മണ്ഡി ഹൗസില്‍ നല്‍കേണ്ടി വരുന്ന വാടകയുടെ പകുതിയാണ് ആദ്യ കാലങ്ങളില്‍ ഈടാക്കിയിരുന്നത്. അതോടുകൂടി കുറഞ്ഞ വാടകയ്ക്ക് ഇന്ത്യാ ഗേറ്റിനോട് ചേര്‍ന്ന് ചിത്രപ്രദര്‍ശനങ്ങളും സാംസ്കാരിക സംഗമങ്ങളും നടക്കുന്ന ഒരു വേദിയായി ബിക്കാനിര്‍ ഹൗസ് മാറി. തിരക്ക് കൂടിയതോടുകൂടി പ്രമുഖ ബ്രാന്‍ഡുകളുടെ കോഫി ഷോപ്പുകള്‍ ഒക്കെ ഇവിടെ സ്ഥാപിക്കപ്പെട്ടു. തിരക്കേറിയ ഗ്യാലറി മാധ്യമ ലോകത്തെയും അവിടേക്ക് ആകര്‍ഷിപ്പിച്ചു. ഡല്‍ഹിയിലെ ഏറ്റവും ശ്രദ്ധേയമായ ആര്‍ട്ട് ഗ്യാലറിയായി ബിക്കാനീര്‍ ഹൗസ് മാറിയതോടുകൂടി അതിന്‍റെ വാടക രാജസ്ഥാന്‍ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചു. വരുന്ന മൂന്നുവര്‍ഷം ഒരു ഇടതടവില്ലാതെ ബിക്കാനീര്‍ ഹൗസിലെ ഗ്യാലറികളും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്നുള്ളത് നമ്മള്‍ തിരിച്ചറിയണം.
രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സാംസ്കാരിക വിപ്ലവം തിരിച്ചറിഞ്ഞ് കേരളസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. ബിക്കാനീര്‍ ഹൗസിനേക്കാള്‍ ഏറെ സൗകര്യവും സാധ്യതകളുമുള്ള ട്രാവന്‍കൂര്‍ ഹൗസ് രാജ്യത്തെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമാക്കാന്‍ കേരള സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മതിയാകും. അതിനിനിയും കാത്തിരിക്കേണ്ട കാര്യമില്ല എന്ന് ഓര്‍മ്മപ്പെടുത്തുകയാണ്.
