പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

ഓംചേരിയുടെ ഓര്‍മ്മയില്‍ ഡല്‍ഹി 


പ്രവാസി മലയാളികളുടെ കാരണവരായ ഓംചേരി എന്‍ എന്‍ പിള്ള 102 ാം വയസ് തുടങ്ങും മുന്‍പ് വിടവാങ്ങി. നൂറ്റൊന്ന് വയസ്സ് പൂര്‍ത്തിയാക്കിയെങ്കിലും ഓംചേരിയുടെ ഓര്‍മ്മകള്‍ക്ക് ഒരു മങ്ങലും ഏറ്റിരുന്നില്ല. ദിവസവും പത്രം വായിക്കും, ടിവിയില്‍ വാര്‍ത്തകള്‍ കാണും. വര്‍ത്തമാനകാല വിവരങ്ങള്‍ എല്ലാം അദ്ദേഹത്തിന് അറിയാം. വായിക്കുവാനും പറയുന്നത് കേള്‍ക്കുവാനും സാങ്കേതിക വിദ്യയുടെ സഹായം ഇല്ലാതെ സാധിക്കുന്നു എന്നുള്ളത് ഭാഗ്യം തന്നെയാണെന്ന് അദ്ദേഹം തന്നെ പറയുന്നു. എപ്പോഴും പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. അതിന് അദ്ദേഹം പറയുന്ന മറുപടിയും രസകരം തന്നെ. മരിച്ചു മുകളിലെത്തുമ്പോള്‍ ദൈവം ചോദിക്കും ഇത്ര വയസ്സ് വരെയൊക്കെ നിന്നെ ഞാന്‍ ഭൂമിയില്‍ നിര്‍ത്തിയിട്ട് നീ ഇന്ന പുസ്തകം വായിച്ചോ എന്ന് ചോദിച്ചാല്‍... വായിച്ചില്ല എന്ന് പറഞ്ഞാല്‍ മോശമാകില്ലേ...? അതുകൊണ്ട് മരിക്കുവോളം വായിക്കും. വായിച്ച് വായിച്ച് അറിവുകള്‍ സമ്പാദിക്കുക എന്നുള്ളത് ഒരു യജ്ഞമായി തന്നെ എടുത്തിരിക്കുകയാണ്. ജീവിതത്തിന്‍റെ പൂര്‍ണ ആയുസും പൂര്‍ത്തീകരിച്ച് വിജയം കണ്ടിട്ടാണ് അദ്ദേഹം മടങ്ങിയത്. മനുഷ്യ ജീവിതം മുഴുവന്‍ യാത്ര ചെയ്യുക എന്നുള്ളത് നിസ്സാര കാര്യമല്ല. അങ്ങനെ പൂര്‍ണമായ ജീവിത യാത്രകള്‍ നടത്തിയവരുടെ കൂട്ടത്തില്‍ ഓംചേരിയും ഉണ്ട്. ജീവിതയാത്ര എന്നു പറയുന്നത് എല്ലാവരും നടത്തുന്നതാണ്. അതിന്‍റെ ദൈര്‍ഘ്യമാണ് ജീവിതയാത്രയുടെ വിജയം. ഈ ലോകം കാണാന്‍ വന്നവരെല്ലാവരും തന്നെ ലോകം മുഴുവനായി കണ്ട് തീര്‍ന്നിട്ടുണ്ടാകില്ല എന്ന് നാടകാചാര്യനും എഴുത്തുകാരനുമായ ഓംചേരി തന്‍റെ ഉലകുടപെരുമാള്‍ എന്ന നാടകത്തില്‍ കഥാപാത്രത്തെ കൊണ്ട് പറയിപ്പിച്ചിട്ടുണ്ട്. ജീവിതയാത്ര നടത്തുവാന്‍ ഭൂമിയില്‍ എത്തിയ ആരും തന്നെ മടങ്ങി പോകാതിരുന്നിട്ടില്ല എന്നും അദ്ദേഹം കഥാപാത്രത്തെ കൊണ്ട് പറയിച്ചിട്ടുണ്ട്. അത് എത്രമാത്രം ശരിയാണെന്നാണ് നമുക്ക് ആലോചിക്കുമ്പോള്‍ മനസ്സിലാകും. 

ഓംചേരി തന്നെ പറഞ്ഞ കഥയിവിടെ ഓര്‍ക്കുകയാണ്. എസ് എല്‍പുരം സദാനന്ദന്‍റെ പേരിലുള്ള അവാര്‍ഡ് സ്വീകരിച്ച് പ്രസംഗിക്കുന്ന സമയത്താണ് ഇത് പറഞ്ഞത്. ഒരിക്കല്‍ യമദേവന്‍റെ കിങ്കരന്മാര്‍ ഓംചേരിയെ കൊണ്ടുപോകുവാന്‍ വന്നിരുന്നത്രേ. ഓംചേരി പുസ്തകം വായിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്ന അവസരത്തില്‍ ആയിരുന്നു അത്. യമദേവന്‍റെ കിങ്കരന്മാര്‍ വാതിലില്‍ മുട്ടി. ഓംചേരി പറഞ്ഞു. വാതില്‍ അടച്ചിട്ടില്ല, കയറി വരാം. കിങ്കരന്‍മാര്‍ കയറി വന്നിട്ട് പറഞ്ഞു. സമയമായി, പോകാം. ഓംചേരി കിങ്കരന്‍മാരോട് പറഞ്ഞത്രേ, താന്‍ പുസ്തകത്തിന്‍റെ രചനയിലും വായനയിലും ആണ്, അതൊന്നു കഴിഞ്ഞോട്ടെ എന്ന്. കിങ്കന്‍മാര്‍ പറഞ്ഞു. ഞങ്ങള്‍ പുറത്ത് കാത്തു നില്‍ക്കാം... എന്തായാലും യമദേവന്‍റെ കിങ്കരന്മാര്‍ മടങ്ങിപ്പോകാതെ വാതില്‍ക്കല്‍ കാത്തു നില്‍ക്കുകയാണ്. ഓംചേരി എഴുത്തും വായനയും നിര്‍ത്തുന്നത് പ്രതീക്ഷിച്ചിരിപ്പാണ്. താന്‍ ഉടനൊന്നും എഴുത്തും വായനയും നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അന്ന് പറഞ്ഞു. കോവിഡിന് ശേഷം ഓംചേരി വല്ലാത്ത തളര്‍ന്നുപോയി. വീടിനുള്ളില്‍ ഒറ്റപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ നിന്ന് മാറ്റപ്പെട്ടത് ഒരാഘാതമായിരുന്നു. 

ഓംചേരി കോളേജില്‍ പഠിക്കുന്ന അവസരത്തില്‍ നന്നായി കവിത എഴുതുമായിരുന്നു. കവിയായിട്ടാണ് അക്കാലത്ത് ഓംചേരി അറിയപ്പെട്ടത് തന്നെ. ഓംചേരിയുടെ കവിതകള്‍ താളമിട്ട് പാടിയിരുന്ന ലീലയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രശസ്ത ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ സഹോദരിയാണ് ലീലാ ഭായ്. 74 വര്‍ഷത്തെ ദാമ്പത്ത്യമായിരുന്നു അവരുടേത്. ഭാര്യ ലീല ഓംചേരിയുടെ മരണം സംഭവിച്ചത് 2023 നവംബര്‍ ഒന്നാം തീയതി കേരള പിറവി ദിനത്തിലാണ്. അതോടുകൂടി ഓംചേരി കൂടുതല്‍ തളര്‍ച്ചയിലേക്ക് പോയി. ഓംചേരി തന്നെ പറഞ്ഞ എഴുത്തും വായനയും കുറഞ്ഞു. യമദേവന്‍റെ കിങ്കരന്മാര്‍ നവംബര്‍ 22ന് ഓംചേരിയെയും കൊണ്ടു പോയി.

1950ല്‍ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നിയമസഭാ സമ്മേളനം വിഷയമാക്കി ആക്ഷേപ ഹാസ്യ നാടകം നടന്നു. നോട്ടീസ് വേണം എന്നതാണ് നാടകത്തിന്‍റെ പേര്. നാടക രചനയും, സംവിധാനവും, അഭിനയവും വിദ്യാര്‍ത്ഥികള്‍ തന്നെ. അന്ന് ഒരു മന്ത്രി എന്ത് ചോദ്യം അപ്രതീക്ഷിതമായി ചോദിച്ചാലും നോട്ടീസ് വേണം എന്ന മറുപടി നല്‍കുമായിരുന്നു. അന്നത്തെ രസികനായ എം.എല്‍.എ പന്തളം പി.ആര്‍ മാധവന്‍പിള്ള നിയമസഭയില്‍ രണ്ട് ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും നോട്ടീസ് വേണം എന്ന പതിവ് മറുപടി മന്ത്രി നല്‍കി. മൂന്നാമത്തെ ചോദ്യം മന്ത്രിയുടെ പിതാവിന്‍റെ പേരെന്താണ് എന്നായിരുന്നു. അതിനും മന്ത്രി മറുപടി നല്‍കിയത് നോട്ടീസ് വേണം എന്നായിരുന്നു. ഇത് മുഖ്യ പ്രമേയമാക്കിയായിരുന്നു നാടകം. നാടകത്തില്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള, മന്നത്ത് പത്മനാഭന്‍, തുടങ്ങിവരുടെ പ്രതിരൂപ കഥാപാത്രങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രിയായ പട്ടം അടക്കം നിയമസഭാ അംഗങ്ങളായ പ്രമുഖ ജാതി മത നേതാക്കളെ നഖശിഖാന്തം കളിയാക്കിയും, വിമര്‍ശിച്ചുമുള്ള നാടകമാണ് രംഗത്ത് അവതരിപ്പിക്കാന്‍ പോകുന്നത്. ടിവിയും, ഇന്നത്തെ പോലെ സിനിമാ തീയറ്ററുകളും മറ്റും ഇല്ലാതിരുന്ന കാലത്താണ് നാടകം എന്നതു കൊണ്ടും, വിവരം പത്രങ്ങളില്‍ വാര്‍ത്തയായി വന്നതു കൊണ്ടും നല്ല ജനത്തിരക്കുണ്ട്. നാടകം കാണാന്‍ മുഖ്യമന്ത്രി പട്ടവും, മന്നവും മറ്റുപലരും എത്തിയിരുന്നു. അന്ന് പഠനത്തോടൊപ്പം, തെക്കന്‍ കേരളത്തില്‍ വലിയ പ്രചാരമുണ്ടായിരുന്ന മലയാളരാജ്യത്തിന്‍റെ സിറ്റി എഡിറ്ററാണ് നാടകരചയിതാവും ലോ കോളേജ് വിദ്യാര്‍ത്ഥിയുമായ ഓംചേരി. നാടകം ആക്ഷേപഹാസ്യമായിരുന്നെങ്കിലും മന്നത്ത് പത്മനാഭന് ഓംചേരിയോട് പ്രിയം തോന്നി ഒപ്പം താമസിപ്പിച്ച് പഠനസൗകര്യങ്ങള്‍ ഒരുക്കി എന്നത് പിന്നീടുള്ള ചരിത്രം. മന്നത്ത് പത്മനാഭന്‍റെ ഒപ്പം താമസിച്ച് പഠിച്ച ഓംചേരി ഒരിക്കല്‍ പറഞ്ഞത് മന്നം ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്‍.എസ്.എസ് പിരിച്ച് വിട്ടേനെ. കവിയായ ഓംചേരിയുടെ ആദ്യ നാടകമായിരുന്നു നോട്ടീസ് വേണം എന്നത്.

ഓംചേരി എന്‍ എന്‍ പിള്ളയുടെ തൂലികാ നാമമായിരുന്നു വിലാസലതിക ബി എ (ഓണേഴ്സ്). യഥാര്‍ത്ഥ പേര് ഉപയോഗിച്ച് പറയാന്‍ പറ്റാത്ത കാര്യങ്ങളെഴുതാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗമുള്ളത് കൊണ്ട് സാധിക്കുമായിരുന്നില്ല. മാത്യഭൂമിയില്‍ വിലാസ ലതിക ബി എ (ഓണേഴ്സ്) എഴുതിയ ലേഖനങ്ങള്‍ ഒട്ടേറെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലത്തെ പ്രമുഖരായ സാഹിത്യകാരന്‍മാരടക്കം പലരും ഓംചേരിക്ക് വിലാസലതികയാണെന്ന ധാരണയില്‍ പ്രേമ ലേഖനങ്ങള്‍ അയച്ചിട്ടുണ്ട്. ആലപ്പുഴയിലെ കയര്‍ തൊഴിലാളി സമരത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതിന് വേണ്ടി അന്നത്തെ പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവായ എ.കെ.ജി ആവശ്യപ്പെട്ടത് പ്രകാരം എഴുതിയ നാടകമാണ് വെളിച്ചത്തിലേക്ക.് ഈ നാടകം പുസ്തകരൂപത്തിലായപ്പോള്‍ പേരിന് അല്പം മാറ്റം വരുത്തി. ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു. 1953 സമസ്ത കേരള സാഹിത്യ പരിഷത്ത് (ഇന്നത്തെ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ രൂപം) മികച്ച നാടക രചനയ്ക്കുള്ള അവാര്‍ഡ് നല്‍കിയത് വിലാസലതിക എഴുതിയ വെളിച്ചത്തിലേയ്ക്ക് എന്ന നാടകത്തിനായിരുന്നു. പക്ഷെ അവാര്‍ഡ് ആരും വാങ്ങിയില്ല. ഓംചേരിയാണല്ലോ വിലാസലതിക. സംഘാടകര്‍ക്ക് അത് അറിയില്ലല്ലോ...!