മാറുന്ന ജീവിത സങ്കല്‍പ്പം

മാറുന്ന ജീവിത സങ്കല്‍പ്പം

വിജയ് ചൗക്ക്

സുധീര്‍നാഥ്  


മനുഷ്യന്‍റെ ജീവിത സങ്കല്പം തന്നെ മാറിമറിയുന്ന കാലത്താണ് നാം ജീവിക്കുന്നത്. പുതുതലമുറയിലുള്ളവരുടെ സ്വാധീനം മറ്റ് തലമുറകളിലേയ്ക്കും വ്യാപിപ്പിക്കുന്നുണ്ട്. സ്വന്തമായി ഒരു വീട് മാത്രം ആഗ്രഹിക്കുന്നവര്‍ മാത്രമായി മനുഷ്യന്‍ ചുരുങ്ങുന്നു. വീടിന് പകരം ഫ്ളാറ്റ് സംസ്ക്കാരത്തോടാണ് കൂടുതല്‍ ആകര്‍ഷണം. അത് വ്യാപകമാകുകയാണ്. സ്വന്തമായി ഒരു വാഹനം വാങ്ങുവാന്‍ അവന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. വീട്ടില്‍ ഒരു അടുക്കള വേണം എന്ന് ആഗ്രഹിക്കുന്നവര്‍ പാചകം ചുരുക്കുകയും വീട്ടിലേക്കുള്ള ഭക്ഷണം പാഴ്സല്‍ വരുത്തുകയും ആണ് പുതിയ രീതി. എവിടെ പോകുവാനും ഓന്‍ലൈനില്‍ ഇഷ്ടമുള്ള വാഹനം ബുക്ക് ചെയ്യാം. ഇഷ്ടം വിഭവം കഴിക്കാന്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാം. അങ്ങനെ ജീവിതത്തിന്‍റ സങ്കല്പങ്ങള്‍ തന്നെ മാറിയ ഒരു കാലാവസ്ഥയാണ് നമ്മുടെ രാജ്യത്ത് പുതുതായി കണ്ടു വരുന്നത്. രൂപം മാറ്റിയും, ഓണ്‍ലൈനായും മനുഷ്യന്‍റെ ജീവിത സങ്കല്‍പ്പം മാറുകയാണ്.

ഡല്‍ഹിയിലെ ശരാശരി ജനം സ്വന്തം വാഹനം വാങ്ങുന്നത് വേണ്ടെന്ന് വെയ്ക്കുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒരിക്കല്‍ അത് സൂചിപ്പിക്കുകയും ചെയ്തു. പക്ഷെ വലിയ വിവാദമാണ് അതിനെ തുടര്‍ന്നുണ്ടായത്. വന്‍ രീതിയില്‍ ഉയര്‍ത്തിയ ഡല്‍ഹിയിലെ പാര്‍ക്കിങ്ങ് നിരക്ക്, ടാക്സ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഒഴിവാക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളില്‍ പലരും ഇപ്പോള്‍ ഓണ്‍ ലൈന്‍ ടാക്സികളെയാണ് ആശ്രയിക്കുന്നത്. ഓരോ സ്ഥലത്ത് പോകുമ്പോഴും വ്യത്യസ്തമായ കാറുകള്‍ ബുക്ക് ചെയ്യുന്ന രീതി പലരും സ്വീകരിച്ച് വരുന്നു. മുന്തിയ പ്രീമിയം കാറുകള്‍ ഡല്‍ഹിയില്‍ ഓണ്‍ ലൈന്‍ ടാക്സി അപ്ലിക്കേഷന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കും. ഗതാഗത കുരുക്കിനെ മറികടക്കുന്നതിനായി മെട്രോ തീവണ്ടികളെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന കാഴ്ച്ചയും പ്രധാന നഗരങ്ങളില്‍ കാണാം.

രാജ്യത്തലസ്ഥലമായ ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തെ എല്ലാ പ്രധാന പട്ടണങ്ങളിലും ഓണ്‍ലൈന്‍ ടാക്സികളുടെ വളര്‍ച്ച ഓരോ വര്‍ഷവും ക്രമാതീതമായി ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ തന്നെ വ്യാപകമായി ഒരു ഡസനിലേറെ ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നതായി കാണാം. സ്വന്തമായി ഒരു വാഹനം കൈകാര്യം ചെയ്യുന്നതിനേക്കാള്‍ സാമ്പത്തിക ലാഭമുള്ള ഇടപാടായി രാജ്യത്തെ സാധാരണ ജനങ്ങള്‍ ഓണ്‍ലൈന്‍ ടാക്സിയെ അംഗീകരിച്ചു കഴിഞ്ഞു എന്നുതന്നെ വേണം കരുതാന്‍. പാര്‍ക്കിങ്ങിനുള്ള സൗകര്യക്കുറവ്, വാഹനം സംരക്ഷിക്കേണ്ട ചിലവ്, ഗതാഗത കുരുക്കില്‍ വാഹനം ഓടിക്കുന്നതിനുള്ള മടി,  തുടങ്ങിയവ ഓണ്‍ലൈന്‍ ടാക്സി ആശ്രയിക്കുവാനുള്ള പ്രധാന കാരണങ്ങളാണ്. 

ലോകത്തിലെ നാല് പ്രധാന കാര്‍ വിപണന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷെ ഇപ്പോള്‍ രാജ്യത്ത്, വിശേഷിച്ച് ഡല്‍ഹിയില്‍ കാര്‍ വില്‍പ്പന കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേ സമയം ഓണ്‍ ലൈന്‍ ടാക്സി കമ്പനികളുടെ വളര്‍ച്ച അതിവേഗം നടക്കുന്നതായും കാണാം. നവരാത്രി കാലങ്ങളില്‍ കൂടുതല്‍ വാഹന വില്‍പ്പന നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തവണ അതുണ്ടായില്ല. ശരാശരി 25 ശതമാനത്തിലേറെ ഇടിവാണ് എല്ലാ ബ്രാന്‍റുകള്‍ക്കും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിപണി പിടക്കാന്‍ എല്ലാ ബ്രാന്‍റുകളും വ്യത്യസ്ത മോഡലുകളും, സാങ്കേതിക മികവും കൊണ്ട് ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചിലവ് കുറഞ്ഞ് സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാം എന്ന പരസ്യം വ്യാപകമാകുന്നുണ്ട്.

വാഹനങ്ങളില്‍ മാത്രമല്ല വസ്ത്രങ്ങളില്‍ പോലും രാജ്യത്താകമാനം തന്നെ റെഡിമെയ്ഡ് വസ്ത്രങ്ങളോട് പ്രിയം തോന്നിത്തുടങ്ങിയിരിക്കുന്ന കാലമാണിത്. തൈയ്പ്പ് കൂലി താങ്ങാന്‍ കഴിയാത്തതാണ് ഇടത്തരക്കാരെ റെഡിമേഡിലേയ്ക്ക് ആകര്‍ഷിച്ചത്. വിവിധങ്ങളായ ഡിസൈനുകളില്‍ വിവിധങ്ങളായ കമ്പനികള്‍ ഫാഷന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ ഇറക്കിയത് യുവതലമുറയെ ആകര്‍ഷിച്ചു. എന്ന് കരുതി തൈപ്പുകാര്‍ക്ക് ജോലി ഇല്ലാതായിട്ടില്ല. ജോലി കൂടുതലായിട്ടേയുള്ളൂ. പക്ഷേ അവര്‍ക്ക് വരുമാനത്തില്‍ എത്ര കണ്ട് വര്‍ദ്ധനവ് ഉണ്ടായി എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ടൈലറിംഗ് ഷോപ്പുകളുടെ എണ്ണം നാള്‍ക്ക് നാള്‍ കുറഞ്ഞു വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. റെഡിമെയ്ഡിന്‍റെ അതിപ്രസരമാണ് ഇതിന് കാരണമാകുന്നത്. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുന്നത് വഴി റെഡിമെയ്ഡ് വസ്ത്രം പുതിയത് വാങ്ങി ഇട്ടതിനുശേഷം പോകുന്ന എത്രയോ പേരാണ് ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളത്.

സമൂഹത്തില്‍ ഫാസ്റ്റ് ഫുഡിന്‍റെ സ്വാധീനം വ്യാപകമായി വന്നിരിക്കുന്നു എന്ന് തന്നെ വേണം കരുതുവാന്‍. പായ്ക്കറ്റില്‍ ഓണസദ്യ എത്തുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഓണസദ്യ വീട്ടില്‍ ഉണ്ടാക്കുന്ന പതിവ് നമ്മുടെ കേരളത്തില്‍ വ്യാപകമായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. ഒരു വീട്ടിലേക്കുള്ള ഓണസദ്യ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യുന്ന പതിവ് വ്യാപകമായിരിക്കുന്നു. ഒരു ബക്കറ്റ് ബിരിയാണി വാങ്ങിയാല്‍ പത്തോ പന്ത്രണ്ടോ പേര്‍ക്ക് കഴിക്കാം എന്നുള്ള ഒരു സാഹചര്യം നമ്മുടെ ഹോട്ടല്‍ സംസ്കാരം വളര്‍ത്തി എടുത്തിട്ടുണ്ട്. അതുകൊണ്ട് ഒരു മുന്നറിയിപ്പില്ലാതെ വിരുന്നുകാര്‍ വന്നാലും പ്രശ്നമില്ല. 

പച്ചക്കറികളും പലചരക്കും എല്ലാം തൂക്കി വാങ്ങുന്നതുപോലെ ഇപ്പോള്‍ കറികളും ചോറും ചപ്പാത്തിയും ഒക്കെ തൂക്കി നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമായിരിക്കുന്നു എന്നുള്ളത് പുതിയ ഒരു കാഴ്ചയാണ്. ഇഷ്ടമുള്ള കറി നമുക്ക് വിപണിയില്‍ കിട്ടും. ഹോട്ടലുകള്‍ പോലെ പട്ടണങ്ങളില്‍ കറി കടകള്‍ കൂടി വരികയാണ്. മസാല ദോശയോ, പൊറോട്ടയോ, എന്നു വേണ്ട എല്ലാ ഭക്ഷ്യ വിഭവങ്ങളും ഓണ്‍ലൈനായി വരുത്തുവാന്‍ സംവിധാനങ്ങളുണ്ട്. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നവരുടെ വാഹനങ്ങള്‍ റോഡുകളില്‍ ചീറി പാഞ്ഞ് പോകുന്നത് നമ്മള്‍ എത്രയോ വട്ടം കണ്ടുകഴിഞ്ഞു. ഒട്ടേറെ യുവാക്കള്‍ ഈ മേഖലയില്‍ ജോലി ചെയ്ത് നല്ല സമ്പാദ്യം ഉണ്ടാക്കുന്നുമുണ്ട്. 

ഇക്കഴിഞ്ഞ ഇന്‍റര്‍നാഷണല്‍ ട്രയ്ഡ് ഫെയറില്‍ ഒരു പവലിയനില്‍ ചെന്നപ്പോള്‍ വിവിധങ്ങളായ കറികളുടെ പാക്കറ്റുകള്‍ കാണുവാന്‍ സാധിച്ചു. കവര്‍ പൊട്ടിച്ച് ഒരു പാത്രത്തില്‍ ഇട്ടതിനു ശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുകയേ വേണ്ടൂ. കറി റെഡി. ഈ തരത്തില്‍ മീന്‍കറിയും അവിയലും എല്ലാം ഉണ്ടാക്കാം എന്ന് അവിടെ പ്രഖ്യാപിക്കുന്നത് കേട്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്. സാബിളുകള്‍ അവര്‍ നല്‍കുന്നുമുണ്ടായിരുന്നു.

നിറങ്ങള്‍ മാറ്റുവാനുള്ള സാങ്കേതികവിദ്യ വളര്‍ന്നതോടു കൂടി മുടിയുടെ നിറം മാറ്റുന്ന യുവാക്കളെ നമുക്ക് കാണാന്‍ സാധിക്കും. വ്യത്യസ്ത നിറങ്ങള്‍ മുടിയില്‍ വരുത്തുക മാത്രമല്ല, ചുരുണ്ട മുടി നിവര്‍ത്തുകയും, നീണ്ട മുടി ചുരുട്ടുകയും ചെയ്യാം. തൊലിയുടെ നിറം മാറ്റിയും മുഖത്തിന്‍റെ രൂപം മാറ്റിയും പല്ലുകളുടെ രൂപം മാറ്റിയും മനുഷ്യന്‍ മറ്റൊരു മനുഷ്യന്‍ ആകുന്ന കാഴ്ച ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ എന്തെല്ലാം അത്ഭുതങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അത്ഭുതത്തോടുകൂടിയാണ് നോക്കിക്കാണേണ്ടത്.

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെ വരവോടുകൂടിയാണ് വലിയൊരു മാറ്റം സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. അന്തരിച്ചവരോടും, എത്തിപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുള്ള പ്രമുഖ വ്യക്തികളോടൊപ്പവും നില്‍ക്കുന്ന ഫോട്ടോ പോലും കൃത്രിമമായി ഉണ്ടാക്കിയെടുക്കാം എന്നുള്ള സാങ്കേതികവിദ്യ മനുഷ്യന്‍ പരീക്ഷിച്ച് വിജയിച്ചിരിക്കുന്നു. മനുഷ്യരൂപം തന്നെ ഉണ്ടാക്കിയെടുത്തും, അയാളുടെ തന്നെ ശബ്ദം ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് വഴി രൂപം കൊടുത്തും വിജയിച്ച ശാസ്ത്ര ലോകം ഗുണവും ദോഷവും സമ്മാനിക്കുന്നുണ്ട്. ഈ കണ്ടുപിടിത്തം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും എന്ന് ശാസ്ത്രലോകം തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ എന്തെല്ലാം മാറ്റങ്ങളാണ് വന്നിരിക്കുന്നത്...? എഴുതുവാന്‍ പോലും പുതിയ തലമുറ മറന്നുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ ഗൂഗിളിന്‍റെ സഹായത്തോടുകൂടി വാര്‍ത്തകള്‍ പറഞ്ഞുകൊടുത്തിക്കുകയാണ്. ശബ്ദം അക്ഷരങ്ങളായി മാറുന്ന ആപ്പുകള്‍ ലഭ്യമായതോടുകൂടി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി എന്നുള്ളത് മറ്റൊരു വസ്തുതയാണ്. പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ ലഭ്യമായതോടുകൂടി ഏതൊരു 1ാഷയിലെ ലേഖനമായാലും ബോര്‍ഡായാലും, നോട്ടീസായാലും അവരവര്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ അത് തല്‍സമയം തര്‍ജ്ജമ ചെയ്ത് തരുന്ന സാങ്കേതികവിദ്യ വളര്‍ന്നിരിക്കുകയാണ്. മനുഷ്യന്‍റെ അറിവിനായി ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന വിവരങ്ങള്‍ വായനയെ വലിയ തോതില്‍ കുറച്ചിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. ആവശ്യമുള്ള അറിവുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമായ കാലമാണല്ലോ ഇത്. കാണാതെ പഠിച്ച് പരീക്ഷകള്‍ എഴുതുന്ന കാലം കഴിഞ്ഞെന്ന് തോന്നുന്നു. അതിന്‍റെ തുടക്കം കണ്ടുതുടങ്ങിയിട്ടുണ്ട്. അതും നമ്മുടെ കേരളത്തില്‍ നിന്ന് തന്നെ...