പ്രവാസികളുടെ യാത്ര
വിജയ് ചൗക്ക്
സുധീര്‍നാഥ്
മലയാള സംസാരിക്കുന്നവര്‍ ലോകത്ത് എവിടെ ചെന്നാലും ഉണ്ടാകും എന്നാണ് പറയുന്നത്. അത് സത്യവുമാണ്. ലോക രാജ്യങ്ങളിലെ പല അധികാര കേന്ദ്രങ്ങളില്‍ പോലും മലയാളികളുണ്ട്. തമാശയായിട്ടാണെങ്കിലും പലരും പറയാറുള്ള ഒരു കഥയാണ് ചന്ദ്രനില്‍ നെയില്‍ ആംസ്ട്രോങ്ങ് ഇറങ്ങിയപ്പോള്‍ ഒരു മലയാളി ചായ വേണമോ എന്ന് ചോദിച്ചത്. രാജ്യത്തെ ഏതു സംസ്ഥാനത്തും, സംസ്ഥാനങ്ങളിലെ ഏത് ജില്ലകളിലും നമുക്ക് ഒരു മലയാളിയെ കണ്ടെത്താന്‍ സാധിക്കും. ഇന്ന് രാജ്യത്ത് മാത്രമല്ല ലോകത്തിന്‍റെ എല്ലാ കോണുകളിലും മലയാളികള്‍ എത്തപ്പെട്ടിരിക്കുന്നു. മലയാളി ഇല്ലാത്ത ഒരു രാജ്യം ഈ ഭൂമിയില്‍ ഉണ്ടോ എന്ന് സംശയമാണ്. മലയാളികളുണ്ടെങ്കില്‍ മലയാള ഭാഷയുടെ ശബ്ദം ഒരിക്കലെങ്കിലും എവിടേയും കേള്‍ക്കാതിരിക്കില്ലല്ലോ...?
പ്രവാസികള്‍ എപ്പോഴും സ്വന്തം നാട് സ്വപ്നം കാണുന്ന വ്യക്തികള്‍ തന്നെയാണ്. ജന്‍മനാടണയാന്‍ അത് മലയാളികളായാലും, തമിഴനായാലും മറ്റ് ഏത് നാട്ടുകാരനായാലും ഒന്നുതന്നെ. കേരളത്തിന്‍റെ അതിര്‍ത്തി കടന്ന് രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും മലയാളി എത്തപ്പെട്ടാല്‍ മറ്റൊരു മലയാളിയെ വളരെ സ്നേഹത്തോടെ, ബഹുമാനത്തോടെ സമീപിക്കുന്ന കാഴ്ച അപൂര്‍വ്വം അല്ലല്ലോ. മലയാളിക്ക് മലയാളിയോട് സ്നേഹം കൂടുന്നു. അവര്‍ പരസ്പരം മലയാളത്തില്‍ സംസാരിക്കുന്നു. മലയാളി മലയാള ഭാഷയെ അത്രമേല്‍ സ്നേഹിക്കുന്നുണ്ട് ആദരിക്കുന്നുണ്ട് ബഹുമാനിക്കുന്നുണ്ട് എന്ന് വേണം ഇതില്‍ നിന്ന് നാം തിരിച്ചറിയേണ്ടത്.
മലയാളത്തെയും മലയാള ഭാഷയെയും ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് പ്രവാസികള്‍ ആണെന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. മലയാള ചാനലുകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് കേരളത്തേക്കാള്‍ കൂടുതല്‍ പ്രവാസ ലോകത്താണെന്ന് പറയേണ്ടിയിരിക്കുന്നു. മലയാള പുസ്തക പ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മലയാള പുസ്തക വ്യാപാരം നടക്കുന്നതും പ്രവാസലോകത്ത് തന്നെ. മലയാളികളുടെ തനതായ എല്ലാ ആഘോഷങ്ങളും കേരളത്തെക്കാള്‍ കൂടുതല്‍ പ്രവാസ ലോകത്ത് നടക്കുന്നു എന്നുള്ളത് വര്‍ത്തമാനകാലത്തെ നേര്‍ക്കാഴ്ചയാണ്.
ദീര്‍ഘദൂര യാത്രക്കാരുടെ കണക്കെടുത്താല്‍ വിനോദസഞ്ചാരത്തിനും ബിസിനസിനുമായി പോകുന്നവരെക്കാള്‍ കൂടുതല്‍ പ്രവാസികളായിരിക്കും ഉണ്ടാകുക എന്ന് കാണുവാന്‍ സാധിക്കും. സാമ്പത്തികശേഷി കൂടുതലുള്ളവര്‍ കൂടുതല്‍ തവണ സ്വന്തം നാട്ടിലേക്കുള്ള യാത്ര നടത്തും. വര്‍ഷത്തിലൊരിക്കലും, വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ഒരിക്കലും എന്ന രീതിയില്‍ സാധാരണ പ്രവാസികള്‍ യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നു. ഇടവേളകള്‍ കൂടുമ്പോള്‍ കൂടുതല്‍ വരുമാനം സ്വന്തം നാട്ടില്‍ ചിലവഴിക്കാനായി കൊണ്ടുപോകുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്. കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി ശക്തമാകുവാന്‍ മുഖ്യ കാരണങ്ങളില്‍ ഒന്ന് പ്രവാസ മലയാളികളുടെ സംഭാവനകള്‍ തന്നെയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ കാലങ്ങളായി പറഞ്ഞു വരുന്ന കാര്യമാണ്.
അവസരങ്ങള്‍ കിട്ടുമ്പോഴെല്ലാം ജന്മനാട്ടിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ് പ്രവാസികള്‍. ക്രിസ്തുമസ് അവധിക്കാലത്ത് സ്വന്തം നാട്ടിലെത്തുവാനായി ആഗ്രഹിക്കുന്നവരാണ് ഇവരില്‍ ബഹുഭൂരിപക്ഷവും. പുതുവര്‍ഷ രാവ് സ്വന്തം നാട്ടില്‍ തന്നെ ചെലവഴിക്കുക എന്നുള്ള ആഗ്രഹം പേറി നടക്കുന്ന അവരില്‍ڔപലര്‍ക്കും അതിന് സാധിക്കാതെ വരുന്നത് പലപ്പോഴും ഈ സമയത്തുള്ള അമിത ടിക്കറ്റ് നിരക്കും ടിക്കറ്റുകളുടെ ലഭ്യത കുറവുമാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന സമയമാണ് ഡിസംബര്‍ ജനുവരി മാസങ്ങള്‍. ഈ മാസങ്ങളില്‍ തീവണ്ടി യാത്രയ്ക്ക് ടിക്കറ്റ് ലഭിക്കുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. വിമാനത്തില്‍ യാത്ര ചെയ്യാന്‍ വന്‍ തുക തന്നെ ചെലവാക്കേണ്ടിയും വരുന്നു. സാധാരണക്കാര്‍ക്ക് സാധ്യമാവാത്ത ഒന്നായി ഈ കാലഘട്ടം മാറിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കേണ്ടത്.
അവധിക്കാല യാത്രയ്ക്കായി പ്രത്യേക തീവണ്ടികള്‍ അനുവദിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യം എല്ലാ വര്‍ഷവും തുടരുന്നുണ്ട്. അത് പ്രായോഗികമാണോ എന്ന് ചോദിച്ചാല്‍ ഏറെ ബുദ്ധിമുട്ടുള്ള ഒന്നായി നമുക്കതിനെ കാണേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ സംസ്ഥാനക്കാരും ഈ കാലയളവില്‍ സമാനമായ ആവശ്യങ്ങള്‍ ഉന്നയിക്കാറുണ്ട് എന്നുള്ളത് നമ്മള്‍ തിരിച്ചറിയണം. പതിവുപോലെ ഓടുന്ന ഒട്ടേറെ തീവണ്ടികള്‍ ക്രമം തെറ്റാതെ ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യവും മനസ്സിലാക്കേണ്ടതുണ്ട്. ഇതിനിടയിലൂടെയാണ് സ്പെഷ്യല്‍ തീവണ്ടികള്‍ നമ്മള്‍ ആവശ്യപ്പെടുന്നത്. എല്ലാവര്‍ഷവും പതിവുപോലെ ഒരു തീവണ്ടി അല്ലെങ്കില്‍ രണ്ട് തീവണ്ടി അനുവദിക്കുക പതിവ് കാഴ്ച തന്നെയാണ്. അതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം നേടിയെടുക്കുവാന്‍ സാധിക്കുകയുമില്ല.
അവധിക്കാലത്ത് വിമാന നിരക്കുകള്‍ പതിവില്‍ നിന്ന് വിപരീതമായി വര്‍ദ്ധിപ്പിക്കുന്നത് നിയന്ത്രിക്കുക എന്നത് കേന്ദ്രസര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ്. ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ പാടില്ല എന്നുള്ള ഒരു നിയമം അടിയന്തിരമായി നടപ്പിലാക്കേണ്ടതുണ്ട് എന്നുള്ളത് വര്‍ത്തമാന കാലത്തിന്‍റെ ആവശ്യമാണ്. സാധാരണ നിരക്കുകളുടെ പലമടങ്ങ് ഇരട്ടിയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത് എന്നുള്ളത് ഞെട്ടിക്കുന്ന ഒരു സത്യമാണ്. എല്ലാ വിഭാഗം ആളുകള്‍ക്കും പ്രയോജനപ്പെടുത്തുന്ന രീതിയിലേക്ക് വ്യാമയാന ഗതാഗത സംവിധാനം നിയന്ത്രിക്കേണ്ട ആവശ്യം അത്യാവശ്യമാണ്.
കോവിഡ് കാലം കഴിഞ്ഞതോടുകൂടി പ്രവാസി മലയാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ത്യയ്ക്ക് അകത്തുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ജോലി തേടുന്നതിന് പകരം മറ്റു രാജ്യങ്ങള്‍ സുരക്ഷിത മേഖലയായി പുതിയ തലമുറ കാണുന്നുണ്ട്. നമ്മുടെ രാജ്യത്തിനേക്കാള്‍ കൂടുതല്‍ വരുമാനവും ജീവിത സുരക്ഷയും അവിടെ ലഭിക്കുന്നു എന്നുള്ളതാണ് അതിനു കാരണം. ഇന്ത്യക്ക് അകത്തുള്ള പ്രവാസികളുടെ കണക്ക് കുറയുന്നുണ്ട് എന്ന് പറയുന്ന അതേ സമയത്തു തന്നെയാണ് ഇന്ത്യക്ക് പുറത്തുള്ള പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിക്കുന്നത്.
പ്രവാസികള്‍ എന്നാല്‍ കേരളത്തിന് പുറത്തുള്ളവര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. അത് ഇന്ത്യയ്ക്ക് പുറത്ത് മറ്റ് രാജ്യങ്ങളിലുള്ളവരും ഉണ്ട്. ഇന്ത്യയ്ക്കകത്തുള്ള പ്രവാസികളെക്കാള്‍ കൂടുതല്‍ വ്യാമയാന ഗതാഗതം കൂടുതലായി ആശ്രയിക്കുന്നത് വിദേശ പ്രവാസികളാണ്. വിദേശങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ മലയാളികള്‍ ഉണ്ട് എന്നുള്ളതാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ നാട് അണയാന്‍ ശ്രമിക്കുന്ന സമയം കൂടിയായ ഡിസംബര്‍ ജനുവരി മാസം വ്യോമയാന രംഗത്ത് കൊള്ള നടക്കുന്നു എന്നുള്ളത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ആരാണ് പൂച്ചയ്ക്ക് മണി കെട്ടുക എന്നുള്ള ചോദ്യം വര്‍ഷങ്ങളായി ഉയരുന്നുണ്ട് എന്നുള്ളത് നമുക്കൊക്കെ അറിയാം. പക്ഷേ പൂച്ചയ്ക്കാരും മണി കിട്ടുന്നില്ല എന്നുള്ളത് ഒരു സത്യം മാത്രം.
