ഓംചേരിക്ക് പകരം ഓംചേരി മാത്രം
വിജയ് ചൗക്ക്
സുധീര്‍നാഥ്
ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. അന്തരിച്ചതാകന്നെ 102 വയസിലേയ്ക്ക് കടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ. നൂറ്റൊന്ന് വയസ്സ് പൂര്‍ത്തിയാക്കിയെങ്കിലും ഓംചേരിയുടെ ഓര്‍മ്മകള്‍ക്ക് ഒരു മങ്ങലും ഏറ്റിരുന്നില്ല. ദിവസവും പത്രം വായിക്കും, ടിവിയില്‍ വാര്‍ത്തകള്‍ കാണും. വര്‍ത്തമാനകാല വിവരങ്ങള്‍ എല്ലാം അദ്ദേഹത്തിന് അറിയാം. വായിക്കുവാനും പറയുന്നത് കേള്‍ക്കുവാനും സാങ്കേതിക വിദ്യയുടെ സഹായം ഇല്ലാതെ സാധിക്കുന്നു എന്നുള്ളത് ഭാഗ്യം തന്നെയാണെന്ന് അദ്ദേഹം തന്നെ പറയുന്നു. ഇപ്പോഴും പുസ്തകം വായിക്കുന്ന തിരക്കിലാണ് അദ്ദേഹം. അതിന് അദ്ദേഹം പറയുന്ന മറുപടിയും രസകരം തന്നെ. മരിച്ചു മുകളിലെത്തുമ്പോള്‍ ദൈവം ചോദിക്കും ഇത്ര വയസ്സ് വരെയൊക്കെ നിന്നെ ഞാന്‍ ഭൂമിയില്‍ നിര്‍ത്തിയിട്ട് നീ ഇന്ന പുസ്തകം വായിച്ചോ എന്ന് ചോദിച്ചാല്‍... വായിച്ചില്ല എന്ന് പറഞ്ഞാല്‍ മോശമാകില്ലേ...? അതുകൊണ്ട് മരിക്കുവോളം വായിക്കും. വായിച്ച് വായിച്ച് അറിവുകള്‍ സമ്പാദിക്കുക എന്നുള്ളത് ഒരു യജ്ഞമായി തന്നെ എടുത്തിരിക്കുകയാണ്. കുഞ്ഞുന്നാളില്‍ തുടങ്ങിയ ശീലമാണ് വായന. സ്വന്തം പുസ്തകവും കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ കൃതികളും ബാസന്‍റെ നാടകങ്ങളും എന്നു വേണ്ട പഴയതും പുതിയതുമായ രചനകള്‍ ഒക്കെ അദ്ദേഹം ദിവസവും വായിക്കുന്നുണ്ട്. വായിച്ചാലും വായിച്ചാലും മതിവരില്ല എന്നാണ് ഓംചേരി പറയാറുണ്ടായിരുന്നത്.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍നിന്ന് സ്കൂളിലേക്ക് പോകും വഴി ഇടതുവശത്ത് വക്കന്‍ മാപ്പിളയുടെ വീട്ടിലുള്ള റയരം കൂടിയ ചെടി ഓചേരി ശ്രദ്ധിച്ചിരുന്നു. വീടിന്‍റെ മുന്‍വശത്തെ പറമ്പിലെ ചെടി കുലച്ചു നില്‍ക്കുന്നു. ഇത് മറ്റെവിടേയും കണ്ടിട്ടുള്ള ചെടിയല്ല. നാട്ടില്‍ കണ്ടിട്ടില്ലാത്ത ആ ചെടി തനിക്ക് അത്ഭുതമുണ്ടാക്കി എന്ന് ഓംചേരി പറഞ്ഞു. ഒരു ദിവസം സ്ക്കൂളിലേയ്ക്ക് ഓടി പോകുമ്പോള്‍ വീട്ടുമുറ്റത്ത് വക്കന്‍ മാപ്പിള നില്‍ക്കുന്നു. വക്കന്‍ മാപ്പിളയോട് തന്നെ ഓംചേരി നേരിട്ട് ചോദിച്ചു. എന്താണ് ഈ ചെടിയുടെ പേര്...? മാപ്പിള പറഞ്ഞു ഇത് ചോളമാണ്. തുടര്‍ന്ന് മാപ്പിളയോട് ഓംചേരി ഒട്ടേറെ ചോളവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചു. മറുപടിയെല്ലം സൗരവമായി കേട്ട ഓംചേരി താന്‍ കണ്ടതും ചോദിച്ചറിഞ്ഞതുമായ ചോളത്തിന്‍റെ അനുഭവം രസകരമായ കുറിപ്പായി എഴുതി. അത് ദീപിക പത്രത്തില്‍ അച്ചടിച്ചു. ഒരു ലേഖകന്‍ എന്നതിന്‍റെ ചുരുക്കപേരായ ഒലേ എന്നായിരുന്നു കുറിപ്പെഴുതിയ വ്യക്തിയെ ദീപിക വിശേഷിപ്പിച്ചത്. അന്ന് തുടങ്ങിയതാണ് മാധ്യമപ്രവര്‍ത്തനം. ആശയ വിനിമയ രംഗത്ത് ഉണ്ടായ ഒട്ടുമിക്ക മാറ്റങ്ങളുടെ മുന്നിലും പിന്നിലും ഓംചേരി ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രശസ്ത മാധ്യമ പഠന സ്ഥാപനങ്ങളുടെ സാരഥിയായി. ആയിരക്കണക്കിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജേര്‍ണലിസത്തിന്‍റെ പാഠം പകര്‍ന്ന ഗുരുവായി തീര്‍ന്നു ഓംചേരി. ദീപിക പത്രത്തിലെ ഒലേയില്‍ നിന്ന് തുടങ്ങി ഓംചേരിയില്‍ എത്തി.
കോട്ടയം ജില്ലയിലെ വൈക്കത്ത് 1924 ഫെബ്രുവരി ഒന്നിനാണ് ഈ നാരായണപിള്ള ഓംചേരിയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ഓംചേരി എന്‍. എന്‍. പിള്ളയുടെ ജനനം. ഓംചേരി എന്നത് വീട്ടുപേരാണ്. തരക്കേടില്ലാത്ത ഇടത്തരം കുടുംബം. ഓംചേരിക്ക് രണ്ട് പേര്‍ മൂത്തവരായുണ്ട്. ഒരു ജേഷ്ഠനും, ഒരു സഹോദരിയും. ജേഷ്ഠന്‍ പതിനാറ് വയസിന് മൂത്തതാണ്. സഹോദരി പതിനാല് വയസിന് മൂത്തതാണ്. അവര്‍ക്ക് അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ സ്ഥാനം തന്നെയാണ് നല്‍കിയിരുന്നത്. വൈക്കം ഇംഗ്ലീഷ് ഹൈസ്കൂള്‍, കോട്ടയം സി.എം.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം ലോ കോളേജ്, അമേരിക്കയിലെ പ്രശസ്തമായ പെനിന്‍സില്‍വേനിയ യൂണിവേഴ്സിറ്റി, യു.എസ്.എ മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ഓംചേരി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ മിടുക്കനായ ഓംചേരിക്ക് സ്ക്കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. കോളേജ് പഠന കാലത്ത് പത്രസ്ഥാപനങ്ങളില്‍ ജോലിയും ചെയ്തിരുന്നു.
ഓംചേരി കോളേജില്‍ പഠിക്കുന്ന അവസരത്തില്‍ നന്നായി കവിത എഴുതുമായിരുന്നു. കവിയായിട്ടാണ് അക്കാലത്ത് ഓംചേരി അറിയപ്പെട്ടത് തന്നെ. ഓംചേരിയുടെ കവിതകള്‍ താളമിട്ട് പാടിയിരുന്ന സഹപാഠിയായിരുന്നു ലീലയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രശസ്ത ഗായകന്‍ കമുകറ പുരുഷോത്തമന്‍റെ സഹോദരിയാണ് ലീലാ ഭായ്. ഡല്‍ഹി ആകാശവാണിയില്‍ ജോലി ലഭിച്ചതോടെ താമസം ഇന്ദ്രപ്രസ്ഥത്തിലായി. 2023 നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ അവര്‍ മരിക്കുമ്പോള്‍ 74 വര്‍ഷത്തെ ദാമ്പത്ത്യത്തിനാണ് വിരാമമായത്. 2024 നവംബര്‍ 22ന് ഓംചേരിയും അന്തരിച്ചു. ഡല്‍ഹിയില്‍ സ്വന്തമായി വീട് വെച്ചശേഷമാണ് ഭാര്യ ലീലയെ ഓംചേരി ഡല്‍ഹിയില്‍ സ്ഥിരതാമസത്തിന് കൊണ്ടുവരുന്നത്. ഭാര്യ ലീല മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞുള്ള ഓംചേരിയുടെ മരണവും ആകസ്മികമാകാം. ആകസ്മികം എന്നത് തന്‍റെ ജീവിതത്തില്‍ പല അവസരങ്ങളിലും സംഭവിച്ചതാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. അദ്ദേഹം ആത്മക്യയ്ക്ക് നല്‍കിയ പേരും ആകസ്മികം എന്നാണ്. അതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചു.
ഇനി ഓംചേരിയുടെ നാടക പരീക്ഷണങ്ങള്‍ നോക്കാം. 1950ല്‍ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നിയമസഭാ സമ്മേളനം വിഷയമാക്കി ആക്ഷേപ ഹാസ്യ നാടകം. നോട്ടീസ് വേണം എന്നതാണ് നാടകത്തിന്‍റെ പേര്. നാടകരചനയും, സംവിധാനവും, അഭിനയവും വിദ്യാര്‍ത്ഥികള്‍ തന്നെ. നാടകത്തില്‍ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ റോളില്‍ എത്തിയത് ഹരിപ്പാട്ടുകാരന്‍ ബാലക്യഷ്ണപിള്ളയായിരുന്നു. സ്പീക്കറായിരുന്ന എ കെ ജോണിന്‍റെ വേഷം ആനന്ദകുട്ടന്‍, മന്നത്ത് പത്മനാഭന്‍റെ വേഷം ചെയ്തത് കുമരകം ശങ്കുണ്ണി മേനോന്‍, നാടകമെഴുതിയ ഓംചേരി എന്‍ എന്‍ പിള്ളയ്ക്ക് മുസ്ലീം ലീഗ് നേതാവ് പി എസ് മുഹമദിന്‍റെ വേഷമിട്ടിരുന്നു. മുഖ്യമന്ത്രിയായ പട്ടം അടക്കം നിയമസഭാ അംഗങ്ങളായ പ്രമുഖ ജാതി മത നേതാക്കളെ നഖശിഖാന്തം കളിയാക്കിയും, വിമര്‍ശിച്ചുമുള്ള നാടകമാണ് രംഗത്ത് അവതരിപ്പിക്കാന്‍ പോകുന്നത്. ടിവിയും, ഇന്നത്തെ പോലെ സിനിമാ തീയറ്ററുകളും മറ്റും ഇല്ലാതിരുന്ന കാലത്താണ് നാടകം എന്നതു കൊണ്ടും, വിവരം പത്രങ്ങളില്‍ വാര്‍ത്തയായി വന്നതു കൊണ്ടും നല്ല ജനത്തിരക്കുണ്ട്. നാടകം തുടങ്ങും മുന്‍പ് വിജെടി ഹാളിലെ കര്‍ട്ടന്‍റെ ഇടയിലൂടെ നാടകരചയിതാവ് ഓംചേരി സദസ് ഒന്ന് നോക്കി. മുന്‍ നിരയില്‍ മന്നത്ത് പത്മനാഭനടക്കം നാടകത്തില്‍ വരുന്ന പല കഥാപാത്രങ്ങളായ നിയമ സഭാ അംഗങ്ങള്‍...
അന്ന് പഠനത്തോടൊപ്പം, തെക്കന്‍ കേരളത്തില്‍ വലിയ പ്രചാരമുണ്ടായിരുന്ന മലയാളരാജ്യത്തിന്‍റെ സിറ്റി എഡിറ്ററാണ് നാടകരചയിതാവും ലോ കോളേജ് വിദ്യാര്‍ത്ഥിയുമായ ഓംചേരി. രാവിലെ പഠനവും വൈകീട്ട് തിരുവനന്തപുരം പുളിമൂട്ടിലുള്ള മലയാളരാജ്യത്തിലെ ജോലിയും. പിടിഐ അടിക്കുന്ന വാര്‍ത്തകള്‍ മലയാളത്തിലാക്കി പത്രം അച്ചടിക്കുന്ന കൊല്ലത്തേയ്ക്ക് വെളുക്കുവോളം ഫോണില്‍ വിളിച്ച് പറയണം. മലയാളരാജ്യം മാനേജ്മെന്‍റില്‍ വലിയ സ്വാധീനമുണ്ടായിരുന്ന വ്യക്തിയായിരുന്നു മന്നം. നാടകം കണ്ടുകഴിഞ്ഞാല്‍ മലയാളരാജ്യത്തിലെ ജോലി പോകും എന്ന് ഉറപ്പിച്ചു. രണ്ടും കല്‍പ്പിച്ച് നാടകം തുടങ്ങി. നടന്‍മാര്‍ പലരും നാടക അഭിനയത്തിനിടയില്‍ മന്നത്തേയും മറ്റും ഒളികണ്ണിട്ട് നോക്കി. സദസിനൊപ്പം മന്നവും മറ്റ് നേതാക്കളും നാടകം ആസ്വദിച്ച് ചിരിക്കുന്നു. നാടകം കഴിഞ്ഞ് എല്ലാവരും മടങ്ങി. മലയാളരാജ്യത്തിലെ ജോലിക്കായി ഓംചേരിയും പോയി.
നോട്ടീസ് വേണം എന്ന നാടകമായിരുന്നു പിറ്റേന്ന് കോളേജിലേയും, നിയമസഭയിലേയും, കവലകളിലേയും, ചായപ്പീടികയിലേയും സംസാര വിഷയം. നാടകത്തിലെ ഡയലോഗുകള്‍ പലരും ആവര്‍ത്തിച്ച് പറഞ്ഞ് ചിരിക്ക് വകകൂട്ടുന്നത് ഓംചേരിയും കണ്ടു. ലോ കോളേജില്‍ നിന്ന് മടങ്ങി മലയാളരാജ്യത്തിന്‍റെ ഓഫീസിലെത്തിയ ഓംചേരി കണ്ടത് മാനേജര്‍ അരവിന്ദാക്ഷന്‍ നായരുടെ മുറിയില്‍ ഇരിക്കുന്ന മന്നത്ത് പത്മനാഭനെയാണ്. ആരും കാണാതെ പുറകിലൂടെ മുറിയിലെത്തിയ ഓംചേരിയെ ഒരു പ്യൂണിനെ വിട്ട് മാനേജര്‍ വിളിപ്പിച്ചു. ജോലിയില്‍ നിന്ന് പിരിച്ചു വിടാനാണ് വിളി എന്ന് ഓംചേരി ഉറപ്പിച്ചു. ഭാവി അവതാളത്തിലാകുമെന്ന വ്യാവലാതിയോടെ വിറച്ചു കൊണ്ടാണ് ചെന്നത്. ڇ ഇന്നലത്തെ തന്‍റെയും കൂട്ടരുടേയും വിജെടി ഹാളിലെ നാടകം ഞാന്‍ കണ്ടു. നന്നായിരുന്നു... ഞാന്‍ ആരാണെന്ന് ആ നാടകം കണ്ടപ്പോള്‍ മനസിലായി... എന്നലെ കുറവുകള്‍ തിരിച്ചറിയാന്‍ എനിക്ക് സാധിച്ചു... നാടകമൊക്കെ കൊള്ളാം... നന്നായി പഠിക്കുകയും വേണം...ڈ മന്നത്ത് പത്മനാഭന്‍ ഓംചേരിയെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു. ڇ അരവിന്ദാക്ഷന്‍ പറഞ്ഞു താന്‍ ഇവിടെ ജോലിചെയ്ത് ഇവിടെ തന്നെയാണ് താമസമെന്ന്. ഒച്ചപ്പാടും ബഹളത്തിലും തനിക്ക് പഠിക്കുവാന്‍ പറ്റുമോ...? എനിക്ക് കേശവദാസപുരത്ത് ഒരു വലിയ വീടുണ്ട്. ഒറ്റയ്ക്കാണ് താമസം. അരിവെപ്പുകാരനും അവിടുണ്ട്. താന്‍ ഇനി അവിടെ വന്ന് താമസിച്ചാല്‍ മതി. ڈ
രണ്ടാഴ്ച്ച പതിവ് പോലെ കോളേജും മലയാളരാജ്യം ജോലിയും അവിടെ തന്നെയുള്ള താമസവുമായി തുടര്‍ന്നു. എന്‍എസ്എസ് കോളേജ് സെക്രട്ടറിയും അസാമാന്യ നര്‍മ്മബോധമുള്ള (ഇ വി ക്യഷ്ണപിള്ള രേഖപ്പെടുത്തിയത്) അഡ്വ കൊച്ചിക്കല്‍ ബാലക്യഷ്ണ തമ്പി മലയാളരാജ്യം ഓഫീസിലെത്തി. ڇ ഒരിക്കല്‍ നാടകത്തിലൂടെ കാരണവരെ (മന്നത്തെ) അപമാനിച്ചു, ദേ ഇപ്പോള്‍ ഒപ്പം താമസിക്കാനുള്ള ക്ഷണം നിസിച്ചും അപമാനിച്ചിരിക്കുന്നു. കൂടെ വരിക...ڈ. കൊച്ചിക്കല്‍ തമ്പി ഓംചേരിയേയും കൂട്ടി മന്നത്തിന്‍റെ കേശവദാസപുരത്തെ വീട്ടിലെത്തി. അരിവെപ്പുകാരന്‍ നാരായണന്‍ നായരോട് പറഞ്ഞു. ڇതാന്‍ തുടലാറ്റുപുറം ആനയെ കേട്ടിട്ടുണ്ടാ...?ڈ. ڇ ഉം...!ڈ.ڇഅകവൂര്‍ ആനയെ...?ڈ. ڇഉം...!ڈ. ڇആനത്താഴം ആനയെ...?ڈ. ڇഉം...!ڈ. ڇഓംചേരി ആനയെ...?ڈ. ڇഉം...!ڈ. ڇഎന്നാല്‍ ആ ഓംചേരിയാ ഇത്... ഒരാള് താമസിക്കാന്‍ വരുമെന്ന് കാരണവര് പറഞ്ഞിട്ടില്ലേ... അയാളാ ഇത്... വേണ്ടത് ചെയ്യാ...ڈ. ഓംചേരിയെ വലിയ ആളായി ചിത്രീകരിക്കാന്‍ കൊച്ചിക്കല്‍ തമ്പി കാണിച്ച അടവ് എറ്റു. അരിവെപ്പുകാരന്‍ ആദരവോടെ മുറി കാട്ടി കൊടുത്തു... ഭക്ഷണം നല്‍കി... മന്നത്തിന്‍റെ കൂടെ ഒന്നര വര്‍ഷം ഓംചേരി കേശവദാസപുരത്തെ വീട്ടില്‍ താമസിച്ചു. മന്നത്തിലെത്താന്‍ ഓംചേരിയുടെ ആദ്യ നാടകമായ നോട്ടീസ് വേണം എന്ന നാടകം അതിന് നിമിത്തമായി...
കേരളത്തില്‍ ആലപ്പുഴയില്‍ സമരം ചെയ്യുന്ന കയര്‍ തൊഴിലാളികള്‍ പട്ടിണിയിലാണെന്ന് മനസിലാക്കി അവരെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവായിരുന്ന സഖാവ് എകെജി പരിപാടിയിട്ടു. അന്ന് ഡല്‍ഹി മലയാളി അസോസിയഷന്‍റെ പേട്രണായിരുന്ന അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഓംചേരി ഒരു നാടകമെഴുതി. വെളിച്ചത്തിലേയ്ക്ക് എന്നായിരുന്നു നാടത്തിന്‍റെ പേര്. ഡല്‍ഹി മലയാളി അസോസിയഷന്‍ നാടകം ഡല്‍ഹി വൈഎംസിഎ ഹാളില്‍ അവതരിപ്പിച്ചു. ഇബിച്ചി ബാവ, കെ സി ജോര്‍ജ്ജ്, ടി ടി പുന്നൂസ്, റോസ്ക്കോട്ട് ക്യഷ്ണപിള്ള, എകെജിയുടെ സെക്രട്ടറിയായിരുന്ന എം ബി ശ്രീനിവാസന്‍ (പില്‍ക്കാലത്ത് പ്രശസ്ത സംഗീത സംവിധായകനയി മാറി) തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. നാടകം കാണുവാന്‍ എകെജിയുടെ ക്ഷണപ്രകാരം കക്ഷി രാഷ്ട്രീയം നോക്കാതെ പ്രമുഖ നേതാക്കളും പാര്‍ലമെന്‍റ് അംഗങ്ങളും വൈഎംസിഐ ഹാളില്‍ എത്തിയിരുന്നു. നാടക രചയിതാവ് ഓംചേരി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായതിനാലും, നാടകം കമ്മ്യൂണിസ്റ്റ് സമരത്തിന് പിന്തുണ നല്‍കാനായിരുന്നതിനാലും തൂലികാ നാമത്തിലാണ് പുറം ലോകം നാടകക്യത്തിനെ അറിഞ്ഞത്. വിലാസ ലതിക ബി എ ഓണേഴ്സ് എന്നതായിരുന്നു ഓംചേരിയുടെ തൂലികാ നാമം. പിന്നീട് പല ലേഖനങ്ങളും മറ്റും ഇതേ വിലാസ ലതിക ബി എ ഓണേഴ്സ് എന്ന പേരില്‍ എഴുതി. ഒട്ടേറെ പ്രേമലേഖനങ്ങള്‍ ഓംചേരിക്ക് പ്രതിഫലമായി ലഭിക്കുകയും ചെയ്തു. അതില്‍ പ്രമുഖ എഴുത്തുകാരും ഉണ്ടായിരുന്നു. സാഹിത്യപരിഷത്തിന്‍റെ അവാര്‍ഡും വിലാസലതികയെ തേടി എത്തി. ഈ നാടകം പുസ്തക രൂപത്തില്‍ ഇറക്കിയപ്പോള്‍ മാത്രമാണ് സ്വന്തം പേര് നാടകത്തിന്‍റെ കൂടെ ചേര്‍ത്തത്. ഒപ്പം നാടകത്തിന്‍റെ പേരിലും ഓംചേരി മാറ്റം വരുത്തി. ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു എന്നാണ് മാറ്റിയത്. തന്നെ ഒരു നാടക ക്യത്താക്കിയത് എകെജിയാണെന്ന് വിനയത്തോടെ ഓര്‍ക്കുന്ന ഓംചേരി മുടങ്ങാതെ ആരോഗ്യം അനുവദിച്ചിരുന്ന കോവിഡ് കാലം മുന്‍പ് വരെ എകെജി മെമ്മോറിയല്‍ പ്രഭാഷണം കേള്‍ക്കാന്‍ എത്താറുണ്ടായിരുന്നു.
തൊണ്ണൂറ്റി നാല് വയസ് വരെ ഔദ്യോഗിക ജീവിതം തുടര്‍ന്ന അപൂര്‍വ്വം മനുഷ്യരിലൊരാളാണ് ഓംചേരി. കൂട്ടുകാരനായും, സഹോദരനായും, ഗുരുവായും, കാരണവരായും പ്രവാസി മലയാളികള്‍ കണ്ട ഓംചേരിക്ക് പകരം ഓംചേരി മാത്രം...
