ഇപ്പോള്‍ മേളകളുടെ കാലം

ഇപ്പോള്‍ മേളകളുടെ കാലം

വിജയ് ചൗക്ക്

സുധീര്‍നാഥ് 


ഇപ്പോള്‍ മേളകളുടെ കാലമാണ്. എത്ര തരം മേളുകളാണ് നമുക്ക് ചുറ്റിനും നടക്കുന്നത് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ...? വ്യാപാരമേള മുതല്‍ സംഗീത സാന്ദ്രമായ കലാമേളകളും, പുസ്തകമേളകളും, സാഹിത്യമേളകളും, ചലച്ചിത്രമേളകളും നമ്മുടെ ചുറ്റിനും നടക്കുന്നു. എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് മേളകളുടെ തുടക്കം എന്ന് കാണുക. നവംബര്‍ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ രാജ്യത്ത് നടക്കുന്ന മേളകള്‍ ജനങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഓരോ മേഖലയിലും നിന്നുള്ള കച്ചവടവും പ്രദര്‍ശനവും മറ്റുമായി ഒരു ആഘോഷത്തിന്‍റെ നാളുകള്‍ തന്നെയാണ് ഈ മേളകള്‍ സമ്മാനിക്കുന്നത്.

ഒരു മേള (ഫെയര്‍) എന്നത് വൈവിധ്യമാര്‍ന്ന വിനോദത്തിനോ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയുള്ള ആളുകളുടെ ഒത്തുചേരലാണ്. മേളകള്‍ സാധാരണയായി താല്‍ക്കാലികമാണ്, ഏതാനും ദിവസങ്ങളും ആഴ്ച്ചകളും നീണ്ടു നില്‍ക്കുന്നതാണ് മേളകള്‍. മേളകള്‍ വൈവിധ്യമാര്‍ന്ന ചരക്കുകള്‍, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ പലപ്പോഴും മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പ്രത്യേക വ്യവസായങ്ങളിലോ താല്‍പ്പര്യങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേളകള്‍ തീമാറ്റിക് ആകാം. 

ഇന്ത്യയിലെ ഏറ്റവും വലിയതാണ് ഇപ്പോള്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാര മേള. 43 ാമത് മേളയാണ് നടക്കുന്നത്. മേളയില്‍ ഇത്തവണയും കേരളപവിലിയനുണ്ട്. വികസിത് ഭാരത്@ 2047 എന്ന ആശയത്തിലാണ് പവിലിയന്‍റെ നിര്‍മ്മാണം. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയില്‍ ഉണ്ടാക്കിയ മുന്നേറ്റവുമാണ് പവിലിയനില്‍ കാണാനാവുക. കേരളത്തിന്‍റെ സമുദ്രവാണിജ്യത്തിന്‍റെ പാരമ്പര്യവും വളര്‍ച്ചയുടെ തുടര്‍ച്ചയുമാണ് പവിലിയന്‍റെ കേന്ദ്രാശയമായ വന്‍തിരകളിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. വളര്‍ച്ച സൂചികയില്‍  കേരളം മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്ന മേഖലകളായ സാങ്കേതിക മേഖല, ആരോഗ്യരംഗം,  വിദ്യാഭ്യാസം, സുസ്ഥിര വികസനം, ഗ്രീന്‍ എനര്‍ജി, വാണിജ്യ പ്രോത്സാഹനമായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നിവയും പവിലിയന്‍ തീമിന്‍റെ ഭാഗമാണ്.

അന്താരാഷ്ട്ര വ്യാപാരമേളയിലെ  കേരള പവലിയനില്‍ സഹകരണ വകുപ്പിന്‍റെ സ്റ്റാളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും വിഭവങ്ങള്‍ ലഭ്യമാണ്. സഹകരണ സ്ഥാപനങ്ങളുടെ ബ്രാന്‍ഡിങിനും പ്രൊമോഷനുമായിട്ടുള്ള കോപ് മാര്‍ട്ട് വഴി സഹകരണ സംഘങ്ങള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച്  മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ആക്കിയാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍  അതാത് ജില്ലകളുടെ തനത് വിഭവങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും.

രാജ്യ തലസ്ഥാനം ആയ ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളകളെ പോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സമാനമായ മേളകള്‍ നടക്കാറുണ്ട്. പല മേളകളും വര്‍ത്തമാനകാലത്ത് ഓരോ വിഷയ കേന്ദ്രീകൃതമായി നടക്കുന്നു എന്നുള്ള പ്രത്യേകതയും എടുത്തുപറയണം. ചെറുകിട വ്യവസായ മേഖലകളുടെ മേളയും, വിദ്യാഭ്യാസമേളയും, ഭക്ഷണ മേളയും ഒക്കെ വ്യത്യസ്തമായി നടത്തുവാനുള്ള സംഘാടകരുടെ ശ്രമം എപ്പോഴും വിജയം കണ്ടിട്ടുണ്ട് എന്നുള്ളത് അതിന്‍റെ തുടര്‍ മേളകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന ഒന്നാണ്.

പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ അലഹബാദ്, ഹരിദ്വാര്‍, നാസിക്, ഉജ്ജയിന്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കുംഭമേള ഇന്ത്യയിലെ ഏറ്റവും വലിയ മേളകളിലൊന്നാണ്. 2001 ജനുവരിയില്‍ 60 ദശലക്ഷത്തിലധികം ആളുകള്‍ ഒത്തുകൂടി. ലോകത്തെവിടെയും ഏറ്റവും വലിയ സമ്മേളനമായി ഇത് മാറി. സംസ്കൃതത്തില്‍ കുംഭം എന്നാല്‍ കുടം, മേള എന്നാല്‍ മേളം. ഇപ്പോള്‍ കുംഭമേളയുടെ ഒരുക്കത്തിലാണ് അലഹബാദ്. ഓരോ കുംഭമേളകളും വളര്‍ന്ന്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ തിരക്ക് ഓരോ മേളയിലും കൂടികൊണ്ടിരിക്കുന്നു.

നവരാത്രി ആഘോഷ വേളയില്‍ വടക്കേ ഇന്ത്യയില്‍ വ്യാപകമായി മേളകള്‍ നടക്കാറുണ്ട്. പ്രാദേശിക ബിസിനസായി അത് മാറിക്കൊണ്ടിരിക്കുന്നു. അവിടെ പ്രാദേശിക ഭക്ഷണമേളകള്‍ ഒരുക്കുകയും വിനോദത്തിനായി ജയന്‍റ് വീലുകളും മറ്റും എത്തിക്കുന്നു. മേളകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതിനു വേണ്ടി രാമായണകഥ രാംലീല ബാലേരൂപത്തില്‍ അവതരിപ്പിക്കുക പതിവാണ്. പുരാണകഥകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നടത്തുന്ന ഇത്തരം മേളകളിലേക്ക് ആയിരങ്ങളാണ് ഓരോ പ്രദേശത്തും ഒഴുകിയെത്തുന്നത്. ഇക്കഴിഞ്ഞ നവരാത്രി നാളില്‍ രാജ്യ തലസ്ഥാനമായയ ഡല്‍ഹിയില്‍ മാത്രം നൂറോളം മേളകള്‍ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.

മധ്യകാലഘട്ടത്തില്‍, പല മേളകളും താത്കാലിക വിപണികളായി വികസിക്കുകയും ദീര്‍ഘദൂര, അന്തര്‍ദേശീയ വ്യാപാരത്തിന് പ്രത്യേകിച്ചും പ്രാധാന്യമര്‍ഹിക്കുകയും ചെയ്തു. വടക്കന്‍ ഫ്രാന്‍സിലെ ഷാംപെയ്ന്‍ മേളകളായിരുന്നു ഏറ്റവും പ്രശസ്തമായത്. യൂറോപ്പിന്‍റെ ഭൂരിഭാഗം ഭാഗങ്ങളില്‍ നിന്നും ചരക്കുകളും ഉപഭോക്താക്കളും ആകര്‍ഷിച്ചുകൊണ്ട് ആറ് പട്ടണങ്ങളിലായി ആറ് ആഴ്ച്ചകളോളം വ്യാപിച്ചുകിടന്നു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേള, ഇപ്പോഴും പ്രസിദ്ധീകരണ വ്യവസായത്തിന്‍റെ ഏറ്റവും വലിയ വ്യാപാരമേളയാണ്, കൈയെഴുത്തുപ്രതി പുസ്തകങ്ങളുടെ ഒരു മേളയായി 12-ാം നൂറ്റാണ്ടില്‍ ആരംഭിച്ചു. ഷാര്‍ജയില്‍ നടക്കുന്ന പുസ്തക മേളയിലാണ് ഏറ്റവും കൂടുതല്‍ മലയാള പുസ്തകങ്ങള്‍ വില്‍ക്കുന്നത്.

ഇന്ന് നമ്മുടെ രാജ്യത്ത് മേളകളുടെ മേളയാണ് നടക്കുന്നത്. ജോബ് മേള മുതല്‍ എല്ലാ ഉത്സവങ്ങളും മേളകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഉത്സവ ആഘോഷങ്ങള്‍ കുറച്ച് നാളുകളായി മേളകളായി മാറുന്നു. ശബരിമലയില്‍ വൃശ്ചികം ഒന്നു മുതല്‍ നടക്കുന്നത് വലിയ മേള തന്നെയാണ്. വര്‍ഷങ്ങളായി ശബരിമല മണ്ഡലകാലം നടക്കുന്നുണ്ടെങ്കിലും സമീപകാലം മുതല്‍ അതൊരു വലിയ മേളയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. പാലക്കാടുള്ള കല്‍പ്പാത്തി രഥോത്സവം ഒരു മേളയാണ്. ഇത്തരത്തില്‍ നമ്മുടെ രാജ്യത്തെ പ്രധാന ആഘോഷ സമയങ്ങളെല്ലാം മേളകളായി മാറുന്നു. ഡിസംബര്‍ മാസത്തോടെ ക്രിസ്തുമസ് പുതുവത്സരമേളകളുടെ തുടക്കമാകും. സാമ്പത്തിക രംഗത്ത് വലിയ വളര്‍ച്ചയുണ്ടാക്കുന്ന ഒന്നായി മേളകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

മേളകള്‍ എന്ന് അറിയപ്പെടുന്ന പ്രദര്‍ശനങ്ങള്‍ 19-ആം നൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ പതിവായി നടക്കുന്ന ഒന്നാണ്. അതാത് കാലത്തെ ഏറ്റവും പുതിയ സാങ്കേതികവും സാംസ്കാരികവും ശാസ്ത്രീയവുമായ സംഭവവികാസങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മേളകള്‍. മേളകള്‍ എല്ലായ്പ്പോഴും അവ സൃഷ്ടിക്കപ്പെട്ട ചുറ്റുപാടുകളുടെ ഉല്‍പ്പന്നങ്ങളാണ്. വിക്ടോറിയന്‍ കാലഘട്ടത്തില്‍, കൊളോണിയല്‍ മനോഭാവം പ്രദര്‍ശനങ്ങളില്‍ വ്യാപിച്ചു. ഈഫല്‍ ടവറിന്‍റെ അനാച്ഛാദനം മുതല്‍ ആദ്യത്തെ തത്സമയ ടിവി സംപ്രേക്ഷണം വരെ. ആഗോള മേളകള്‍ ലോക ചരിത്രത്തിലെ ചില വലിയ നിമിഷങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ലോകത്തെ മാറ്റി മറിച്ച ഏറ്റവും പ്രധാനപ്പെട്ട മേളകള്‍ ഏതാണെന്ന് പരിശോധിക്കാം. ആദ്യത്തെ ലോക പ്രദര്‍ശനമായി പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടത്, 1851-ലെ ബ്രിട്ടന്‍റെ ഗ്രേറ്റ് എക്സിബിഷനാണ്. ലോകത്തിലെ സാങ്കേതിക വിജയങ്ങളുടെയും വ്യാവസായിക വികാസങ്ങളുടെയും വിപുലമായ പ്രദര്‍ശനമായിരുന്നു അത്. കാര്‍ഷിക, വ്യാപാര മേളകളുടെ മധ്യകാല പാരമ്പര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്ന, ഈ മേള എല്ലാ രാജ്യങ്ങളുടെയും വ്യവസായ സൃഷ്ടികളുടെ മഹത്തായ പ്രദര്‍ശനമായിരുന്നു. അത് കൊണ്ടാണ് ആദ്യത്തെ ലോക മേളയായി ഇത് മാറിയത്.

ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ലോക മേള 1889-ല്‍ ഫ്രാന്‍സിലെ പാരീസില്‍ നടന്ന യൂണിവേഴ്സെല്‍ മേളയാണ്. അന്നത്തെ ഏറ്റവും വലിയ ആകര്‍ഷണം ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന ഈഫല്‍ ടവര്‍ ആയിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്‍റെ വാര്‍ഷികത്തില്‍ നടന്ന മേളയില്‍ ഫ്രാന്‍സിന്‍റെയും അതിന്‍റെ കോളനികളുടെയും നേട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 32 ദശലക്ഷം സന്ദര്‍ശകരെയാണ് പാരീസിലെ മേള ആകര്‍ഷിച്ചത്. ചരിത്രത്തിലെ ഏറ്റവും ലാഭകരമായ മേളകളില്‍ ആദ്യ സ്ഥാനത്ത് ഈ മേളയാണ്.

ഫ്രാന്‍സിന്‍റെ മേളയെ മറികടക്കാന്‍ പ്രത്യേകം സംഘടിപ്പിച്ച 1893ലെ ചിക്കാഗോയിലെ വേള്‍ഡ്സ് കൊളംബിയന്‍ മേള അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ലോക മേളകളിലൊന്നാണ്. ഈഫല്‍ ടവറിനെ മറികടക്കുന്ന ഒന്നും അവര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിച്ചില്ല. പക്ഷെ ലോകത്തിലെ ആദ്യത്തെ ഫെറിസ് വീല്‍ ആയ ജോര്‍ജ്ജ് ഫെറിസിന്‍റെ ബിഗ് വീല്‍സ് അഥവാ ജയന്‍റ് വീല്‍ ഉണ്ടായിരുന്നു. ഇതിലെ റൈഡുകളും മറ്റും മേളയുടെ പ്രധാന ആവശമായി. ഇത് പിന്നീട് എല്ലാ മേളകളുടേയും ഒഴിവാക്കാന്‍ പറ്റാത്ത വിഭവമായി മാറി.