പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 നവംബര്‍ 15
څആള്‍ക്കൂട്ടچത്തിന്‍റെ കഥാകാരന് കൊച്ചി വാട്ടര്‍ മെട്രോയോട് കൗതുകം
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ബോട്ട് യാത്രകള്‍ ഉള്‍പ്പെടെ നിരവധി യാത്രകള്‍ നടത്തിയിട്ടുള്ള څആള്‍ക്കൂട്ടچത്തിന്‍റെ കഥാകാരന്‍ ആനന്ദിന് കൊച്ചി വാട്ടര്‍ മെട്രോയുടെ സൗകര്യങ്ങളെ കുറിച്ച് അറിഞ്ഞപ്പോള്‍ അനുഭവിച്ചറിയാന്‍ കൗതുകം. പ്രായാധിക്യത്തിന്‍റെ അവശതകള്‍ ഉണ്ടെങ്കിലും കേരളത്തില്‍ വരുകയാണെങ്കില്‍ ആരോഗ്യം അനുവദിച്ചാല്‍ വാട്ടര്‍ മെട്രോയില്‍ കൊച്ചിയിലെ കായല്‍ കാഴ്ചകളും ദ്വീപുകളും കാണണമെന്നുണ്ട്. ഭാര്യ രമണി സച്ചിദാനന്ദനും പൂര്‍ണ്ണ സമ്മതം. യു.സി കോളേജിലെ ഇന്‍റര്‍ മീഡിയറ്റ് പഠനകാലത്ത് ആലുവ പുഴയില്‍ നീന്തി കുളിച്ചതും കേരളത്തിലെ ബോട്ട് യാത്രകളും സംസാരിക്കവേയാണ് പുതിയ കാലത്തിന്‍റെ വാട്ടര്‍ മെട്രോയും ചര്‍ച്ചയായത്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ നിന്നും എറണാകുളത്ത് എത്തി അവിടെ നിന്നും ബസില്‍ യാത്ര ചെയ്തതും അദ്ദേഹം ഓര്‍ത്തെടുത്തു. അന്ന് കൊല്ലം വരെ മാത്രമാണ് ട്രെയിന്‍ ഉണ്ടായിരുന്നത്. പിന്നീടാണ് എറണാകുളത്തേക്ക് പാത വരുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് പഠനകാലത്ത് ഒന്നാം വര്‍ഷക്കാരെ സീനിയേഴ്സ് സ്നേഹത്തോടെ സ്വീകരിച്ചിരുന്ന രീതിയെക്കുറിച്ച് അദ്ദേഹം വാചാലനായി. ഇന്നത്തെ കാലത്ത് കാമ്പസുകളില്‍ സീനിയര്‍ - ജൂനിയര്‍ ബന്ധം ഇല്ലാതാകുന്നതും ക്യാംപസില്‍ കുട്ടികള്‍ സംഘട്ടനത്തില്‍ ഏര്‍പ്പെടുന്നതും വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചതിനെക്കുറിച്ചും രാജ്യത്താകെ നടത്തിയ യാത്രകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഉള്‍നാടന്‍ ജലഗതാഗതം ഇന്നത്തേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷ - ഭരണഭാഷാ വാരാഘോഷത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തി ആദരിച്ചപ്പോഴാണ് യാത്രകളും ചര്‍ച്ചയായത്. എണ്‍പത്തിയെട്ട് പിന്നിട്ട ആനന്ദ് കോവിഡിനു ശേഷം څആള്‍ക്കൂട്ടچത്തില്‍ നിന്ന് ഒഴിഞ്ഞ് ഡല്‍ഹിയിലെ വസതിയില്‍ വിശ്രമ ജീവിതത്തിലാണ്. കോവിഡിന് ശേഷം ചുവടുകള്‍ വയ്ക്കുന്നതിന് കുറച്ചു പ്രയാസമുള്ളതുകൊണ്ട് പുറത്ത് പോകാറില്ല. ചവിട്ടുപടികള്‍ ഇറങ്ങണമെങ്കില്‍ ആരുടെയെങ്കിലും സഹായം ആവശ്യമാണ്. അതുകൊണ്ട് പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ല.യാത്രകളും ചെയ്യാറില്ല.ഡല്‍ഹിയില്‍ തണുപ്പ് കൂടുമ്പോള്‍ നാട്ടിലേക്ക് പോകണമെന്നാണ് ആഗ്രഹമെന്ന് രമണി സച്ചിദാനന്ദന്‍ പറഞ്ഞു. ആനന്ദിന്‍റെ ആഗ്രഹമറിഞ്ഞ സംസ്ഥാന വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിച്ച് കൊച്ചിയിലേയ്ക്ക് സ്വാഗതം ചെയ്തു. മരുഭൂമികള്‍ ഉണ്ടാകുന്നതും അഭയാര്‍ത്ഥികളും ഗോവര്‍ദ്ധന്‍റെ യാത്രകളും പങ്കു വെച്ച ആശയപരിസരവും രാഷ്ട്രീയവും ഇപ്പോഴും പുതിയ അര്‍ത്ഥതലങ്ങള്‍ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.യോജിപ്പിന്‍റെയും വിയോജിപ്പിന്‍റെയും സംവാദാത്മകതയുടെ ആശയപരിസരമാണ് എല്ലാ കൃതികളിലും രൂപപ്പെടുത്തിയത്. ശ്രുതിയും സ്മൃതിയും മാത്രമായി ചിന്തകള്‍ പ്രാചീന ഇന്ത്യയില്‍ പരിമിതപ്പെട്ടിരുന്നുവെന്നും അത് ഗ്രീസിലേതുപോലെ കൃതിയായി മാറിയില്ലെന്നും മന്ത്രിയോട് ആനന്ദ് സൂചിപ്പിച്ചു. ശ്രുതിയും സ്മൃതിയും കൃതിയായി മാറാത്തതുകൊണ്ട് അവ വിസ്മൃതിയിലേക്കും മൃതിയിലേക്കും വീഴുമെന്നും ആനന്ദ് പറഞ്ഞു. നോവലുകളില്‍ പരിചിതമായ ഫോസിലുകളുടെ ശേഖരം മന്ത്രിയെ കാണിച്ചു. പുസ്തകങ്ങളോട് ചേര്‍ന്ന് മറ്റൊരു ഷെല്‍ഫില്‍ സൂക്ഷിച്ചിരിക്കുന്ന പട്ടാളകാലത്തെ ഷെല്ലുകളും കാണിച്ചു കൊടുത്തു. അടിയന്തരാവസ്ഥ കാലത്തെ പ്രതിരോധം പരസ്യമായും പരോക്ഷ വരകളും വാക്കുകളുമായും അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതിന്‍റെ കൊളാഷ് ഫ്രെയിം ചെയ്തതും ഒ.വി വിജയന്‍റെ കാര്‍ട്ടൂണും പ്രത്യേക താല്‍പര്യത്തോടെ മന്ത്രിയെ കാണിച്ചു വിശദീകരിച്ചു. ധൈഷണിക സര്‍ഗാത്മകതയുമായി സംസാരം മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
കേരളത്തിന്‍റെ അംബാസിഡര്‍മാരാണ് പ്രവാസി മലയാളികള്‍
കേരളത്തിന്‍റെ അംബാസിഡര്‍മാരാണ് പ്രവാസികളായ ഓരോ മലയാളിയുമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി. ടി രവികുമാര്‍ പറഞ്ഞു. കേരളീയനാണെന്നറിഞ്ഞപ്പോള്‍ തനിക്ക് ലഭിച്ച സ്നേഹം എവിടെ ചെന്നാലും മലയാളികളുടെ സാഹോദര്യ സ്നേഹത്തിന്‍റെ തെളിവാണ്. 68 വര്‍ഷം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ സാക്ഷരതയ്ക്ക് നമ്മള്‍ നല്‍കുന്ന പ്രാമുഖ്യത്തിലൂടെ കൈവന്നതാണ് . അറിവ് നേടുന്നതിന് മലയാളി നല്‍കുന്ന പ്രാധാന്യമാണ് മലയാളത്തിന്‍റെയും മലയാളിയുടെയും ശക്തിയെന്ന് ജസ്റ്റിസ് കെ.ടി രവികുമാര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള ഹൗസും സംയുക്തമായി കേരള ഹൗസില്‍ സംഘടിപ്പിച്ച കേരളപ്പിറവിയുടെ 68-ാം വാര്‍ഷികാഘോഷവും മലയാള ദിന- ഭരണഭാഷാ വാരാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ വിവിധ കോളേജുകളിലെ മലയാളി വിദ്യാര്‍ത്ഥി കൂട്ടായ്മകളും ഡല്‍ഹിയിലെ മലയാളി സംഘടനകളും അവതരിപ്പിച്ച കലാസന്ധ്യയും ഉണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ആണോ തെരഞ്ഞെടുപ്പ് ആണോ ശരി...?
മലയാള ഭാഷ-ഭരണഭാഷ വാരാഘോഷത്തിന്‍റെ ഭാഗമായി ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും കേരള ഹൗസിന്‍റെയും സംയുക്ത അഭിമുഖ്യത്തില്‍ കേരള ഹൗസിലെ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കേട്ടെഴുത്ത് മത്സരത്തില്‍ ജീവനക്കാര്‍ക്ക് സംശയം. തിരഞ്ഞെടുപ്പ് പ്രചാരണം എന്നതില്‍ 'തിരഞ്ഞെടുപ്പ് ആണോ തെരഞ്ഞെടുപ്പ് ആണോ ശരി... തിരഞ്ഞെടുപ്പ് ചൂട് അങ്ങ് കേരളത്തിലാണെങ്കിലും 'സംശയം ഇങ്ങ് ഡല്‍ഹി കേരള ഹൗസില്‍ ജീവനക്കാര്‍ക്കിടയിലാണ്. ജീവനക്കാര്‍ ആവേശത്തോടെ മത്സരിച്ച കേട്ടെഴുത്തില്‍ 'വിദഗ്ധന്‍, ആതിഥേയന്‍, ഋഷ്യശൃംഗന്‍ എന്നിവയിലും സംശയം പ്രകടിപ്പിച്ചവരുണ്ട്. കേട്ടെഴുത്തിന് പുറമെ പ്രശ്നോത്തരി, കയ്യെഴുത്ത്, ഉപന്യാസം എന്നീ വിഭാഗങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഫാസിസ്റ്റ് വിരുദ്ധത്തിന് കേന്ദ്ര വിലക്ക്
വെനിന്‍സുലയിയില്‍ നവംബര്‍ 4 5 തീയതികളില്‍ നടന്ന ഫാസിസത്തിനെതിരെയുള്ള ആഗോള പാര്‍ലമെന്‍ററി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള സിപിഎം രാജ്യസഭാ എംപി ഡോക്ടര്‍ വി ശിവദാസന് യാത്രയ്ക്കായുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിഷേധിച്ചതാണ് ഇപ്പോള്‍ ദേശീയ തലസ്ഥാനത്തെ മുഖ്യ ചര്‍ച്ചകളില്‍ ഒന്ന്. ഫാസിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുത്ത് ഇന്ത്യയില്‍ നിന്നുള്ള ഒരു പ്രതിനിധി സംസാരിക്കുന്നത് ലോക നേതാക്കള്‍ക്ക് ഇന്ത്യയിലെ രാഷ്ട്രീയ വസ്തുത അറിയും എന്ന ഭയം കേന്ദ്ര സര്‍ക്കാരിനുണ്ട് എന്നാണ് വിമര്‍ശന പക്ഷം പറയുന്നത്. വെനിന്‍സുല നാഷണല്‍ അസംബ്ലി ആണ് ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം വിളിച്ചുകൂട്ടിയിരുന്നത്. ജനാധിപത്യ രാജ്യത്ത് ഇത്തരം തീരുമാനം പാടില്ലാത്തതാണെന്ന് ശിവദാസന്‍ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് വെനിന്‍സുല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ.് ഈ രാജ്യത്തേക്ക് യാത്രാ അനുമതി നിഷേധിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന് ഡോക്ടര്‍ ശിവദാസന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ജനപ്രതിനിധികള്‍ക്ക് മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ആവശ്യമാണ്. വസ്തുതകള്‍ വിളിച്ച് പറയാന്‍ ആരെയും അനുവദിക്കില്ല എന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ശിവദാസന് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത് എന്നുള്ളതും ചര്‍ച്ചയിലെ പ്രധാന വിഷയമാണ്.
ഡല്‍ഹിയില്‍ പദയാത്രകള്‍ തുടങ്ങി
പദയാത്രകള്‍ ജനങ്ങളെ ഒന്നിപ്പിക്കുവാന്‍ വേണ്ടിയുള്ള നേതാക്കന്മാരുടെ ഒരു തന്ത്രമായി തന്നെ കണക്കാക്കാം. അതൊരു പരീക്ഷണമാണ്. ഈ പരീക്ഷണങ്ങള്‍ കാലങ്ങളായി വിജയിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി നടത്തിയിട്ടുള്ള പദയാത്രയുടെ കാരണമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സമാനമായ ഒട്ടേറെ പദയാത്രകള്‍ പില്‍ക്കാലത്ത് നമ്മള്‍ കാണുകയുണ്ടായി. സമീപകാലത്ത് അരവിന്ദ് കേജ്രിവാള്‍ നടത്തിയ പദയാത്രയിലൂടെ അവര്‍ ഡല്‍ഹി സംസ്ഥാനം പിടിച്ചെടുത്ത് ഭരിക്കുകയാണ്. തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിനെ ഉണര്‍ത്തുവാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് സാധിച്ചു. ഫെബ്രുവരി മാസം നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായുള്ള പദയാത്രകളുടെ കാലമാണ് ഇപ്പോള്‍. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷം ഒരു പദയാത്രയ്ക്ക് ചേര്‍ന്നത് തന്നെയാണ് എന്നുള്ളത് മറ്റൊരു വസ്തുത. അരവിന്ദ് കേജരിവാള്‍ മുന്‍പ് പദയാത്ര നടത്തി വന്‍വിജയം നേടിയ പ്രദേശമാണ് ഡല്‍ഹി. ഇപ്പോള്‍ വീണ്ടും അരവിന്ദ് കേജരിവാള്‍ പദയാത്ര തുടങ്ങുകയും അതില്‍ വന്‍ജനക്കൂട്ടം ഉണ്ടാവുകയും ചെയ്തതാണ് കോണ്‍ഗ്രസിനെയും ബിജെപിയെയും ഇപ്പോള്‍ ആശങ്കപ്പെടുത്തിയിരിക്കുന്നത്. അരവിന്ദ് കേജരിവാള്‍ തന്‍റെ പദയാത്ര ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോഴാണ് കോണ്‍ഗ്രസും ബിജെപിയും പദയാത്രയെക്കുറിച്ച് ആലോചിക്കുന്നത്. പദയാത്രയുടെ ശക്തി അവര്‍ മുന്‍പ് ഡല്‍ഹിയില്‍ തിരിച്ചറിഞ്ഞതാണ്. കോണ്‍ഗ്രസിന്‍റെ ഡല്‍ഹി ന്യായ യാത്ര നവംബര്‍ ന് ആരംഭിച്ചുകഴിഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും, സര്‍ക്കാരിന്‍റെ ഭരണപരാജയവും ഉയര്‍ത്തിക്കാട്ടി 70 നിയോജക മണ്ഡലങ്ങളിലൂടെ അത് കടന്നുപോകും. ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര നവംബര്‍ പകുതിയോടെ ആരംഭിക്കും എന്നാണ് പറയുന്നത്. ഡല്‍ഹിയിലെ ഏഴ് ലോകസഭ എംപിമാരും അതാത് മണ്ഡലങ്ങളില്‍ ബിജെപിയുടെ പരിവര്‍ത്തകന്‍ യാത്രയെ നയിക്കും.
