പദയാത്രകളുടെ രാഷ്ട്രീയം

പദയാത്രകളുടെ രാഷ്ട്രീയം

വിജയ് ചൗക്ക്

സുധീര്‍നാഥ് 


പദയാത്രകള്‍ ഒരു പരീക്ഷണമാണ്. ജനങ്ങളെ ഒന്നിപ്പിക്കുവാന്‍ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ദീര്‍ഘദൂര യാത്രകള്‍ എത്രയോ നടത്തിയിരിക്കുന്നു. ഈ പദയാത്രകള്‍ ഒക്കെ വന്‍വിജയം കണ്ടിട്ടുണ്ട് എന്നുള്ളതാണ് ചരിത്രം പറയുന്നത്. ദീര്‍ഘദൂര പദയാത്രകള്‍ ലോക ഭൂപടത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിളെിച്ചിട്ടുണ്ടെന്നതിന് ഒട്ടേറെ തെളിവുകളുണ്ട്. ദീര്‍ഘദൂര പദയാത്ര നയിച്ചവര്‍ രാഷ്ട്രീയ പ്രതാപത്തോടെ രാജ്യം ഭരിക്കുന്ന കാഴ്ചയും നാം കണ്ടതാണ്. 1934 ഒക്ടോബര്‍ 16ന് 4000 മൈല്‍ ദൂരം താണ്ടിയ ലോങ്ങ് മാര്‍ച്ചില്‍ മാവോ സേതുങ്ങ് നേത്യ നിരയിലെ ഒരംഗം മാത്രമായിരുന്നു. 1949ല്‍ ചിയാങ്ങ്കൈഷക്ക് സ്ഥാനഭ്രഷ്ടനായതു മുതല്‍ 1976ല്‍ മരിക്കുന്നതു വരെ മാവോ ചൈനയെ നയിച്ചത് പില്‍ക്കാല ചരിത്രമാണ്.

ഇന്ത്യയില്‍ മഹാത്മാഗാന്ധി നടത്തിയ ദീര്‍ഘ പദയാത്രകള്‍ പ്രശസ്തമാണ്. 1930 മാര്‍ച്ച് 12ന് സബര്‍മതിയില്‍ നിന്ന് ദണ്ഡിയിലേക്ക് ഗാന്ധിജി നടത്തിയ 385 കിലോമീറ്റര്‍ മാര്‍ച്ച് ഇന്ത്യന്‍ സ്വാതന്ത്രസമര രംഗത്ത് വരുത്തിയ ആവേശം ചെറുതല്ല. ഗാന്ധിജി നടത്തിയ ദണ്ഡിയാത്ര രാജ്യത്തിന്‍റെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് വലിയ ഇന്ധനമായി. അതൊക്കെ കൊണ്ടാണ് ബ്രിട്ടീഷ് ഭണകൂടത്തിന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കൊടുക്കുവാന്‍ പ്രേരണ നല്‍കിയത് എന്നത് ഒരു സത്യാവസ്ഥയാണ്. 

മഹാത്മാഗാന്ധിക്ക് ശേഷം ഒട്ടേറെ പദയാത്രകള്‍ നമ്മുടെ രാജ്യത്ത് നടക്കുകയുണ്ടായി. കോണ്‍ഗ്രസിന്‍റെ പതനത്തിന് കാരണമായി ജനത മുന്നേറ്റം ഉണ്ടായത് ഒരു പദയാത്രയിലൂടെയാണ്. ഇന്ദിരാ ഗാന്ധിയുടെ ഏകാതിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം ജയപ്രകാശ് നാരായണന്‍റെ നേത്യത്ത്വത്തില്‍ കര്‍ഷകരും വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങിയത് ചരിത്രമാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ളവര്‍ ജെ.പി പ്രക്ഷോഭത്തിന്‍റെ ഭാഗമായി. യുവാക്കളെ നയിച്ച് ജെ.പി ആരംഭിച്ച പ്രക്ഷോഭത്തില്‍ തൊഴിലാളികളും, ജനങ്ങളും പങ്കാളികളായി. 352 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്‍റെ ഏകാതിപത്യ തേര്‍വാഴ്ച്ചയ്ക്കെതിരെ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം ജെപിയുടെ നേത്യത്ത്വത്തില്‍ പദയാത്രകള്‍ ഇന്ദിരാ ഭരണത്തിനെതിരെ നടന്നു. രാജ്യത്താകമാനം കത്തി കയറിയ സമരത്തെ നേരിടാന്‍ ഇന്ദിര കൊണ്ടു വന്ന അടിയന്തിരാവസ്ഥയ്ക്ക് പോലും രക്ഷിക്കാന്‍ സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കിയത് ചരിത്രമാണ്. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്. 

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ നേത്യത്ത്വത്തില്‍ കര്‍ഷകര്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തി. അന്ന് മ്യഗീയ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ എത്തി. കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. 

ഭൂപ്രഭുക്കന്‍മാരായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷെ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റുകയായിരുന്നു. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. വി.പി. സിംഗ് അധികാരത്തില്‍ എത്തുന്നത് ഇവിടെ നിന്നാണ്.

സ്വതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പദയാത്രയായിരുന്നു ഭാരതയാത്ര. 4260 കിലോമീറ്റര്‍ തണ്ടിയ ഭാരത യാത്രയ്ക്ക് എസ് ചന്ദ്രശേഖര്‍ തുടക്കമിട്ടത് ചരിത്രത്തിലെ പ്രധാന ഏടുകളില്‍ ഒന്നാണ്. 1983 ജനുവരി ആറിന് തുടക്കമിട്ട യാത്രയില്‍ അദ്ദേഹം ഗ്രാമങ്ങളില്‍ താമസിച്ചും, ജനങ്ങളുമായി ആശയങ്ങള്‍ കൈമാറിയുമാണ് മുന്നേറിയത്. അദ്ദേഹത്തിന്‍റെ ജനപ്രീതിക്കും പിന്തുണ വര്‍ദ്ധിപ്പിക്കാനും പദയാത്ര കാരണമായി. അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയാകുവാന്‍ വരെ അത് കാരണമായി എന്നുള്ളതും ചരിത്ര സത്യമാണ്. 1991 നവംബര്‍ 10ന് എസ്. ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

രാജ്യത്തിനകത്തും പുറത്തും ദീര്‍ഘ ദൂരപഥയാത്രകള്‍ തീര്‍ത്ത ഇത്തരം രാഷ്ട്രീയ വിജയങ്ങള്‍ ചരിത്രങ്ങളിലുണ്ട്. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് അതുകൊണ്ടാണ്. തകര്‍ന്നു തരിപ്പണമായ കോണ്‍ഗ്രസിനെ ഉണര്‍ത്തുവാന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് സാധിച്ചു. ബിജെപി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ എല്‍ കെ അഡ്വാനി അയോദ്ധ്യയിലേയ്ക്ക് നടത്തിയ രഥയാത്രയായിരുന്നു മുഖ്യ കാരണം. 

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പിടിച്ചടക്കുന്നതിന് അരവിന്ദ് കെജ്രിവാള്‍ എടുത്ത തന്ത്രവും പദയാത്ര തന്നെയായിരുന്നു. നമ്മുടെ നാട്ടിലെ ഓരോ ഗ്രാമവും പട്ടണവും പോലെയാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ അപ്പാര്‍ട്ട്മെന്‍റുകള്‍. ഡല്‍ഹിയിലെ ഒട്ടുമിക്ക അപ്പാര്‍ട്ട്മെന്‍റുകളിലൂടെയും അരവിന്ദ് കേജരിവാള്‍ പദയാത്ര നടത്തിയിട്ടുണ്ട്. ആ പദയാത്രകളുടെ ഫലമായിട്ടാണ് കേജരിവാളിന് രാജ്യതലസ്ഥാനത്ത് മൃഗീയ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കി വിജയിപ്പിച്ചത്. 

കേരളത്തില്‍ മഞ്ചേശ്വരം തൊട്ട് തിരുവനന്തപുരം വരെ എല്ലാ പാര്‍ട്ടികളും മുന്നണിയും കേരളപര്യടനം നടത്തുന്നത് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ്. ആന്ധ്രയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പദയാത്രകളോ വാഹനജാഥകളോ പതിവാണ്. ആന്ധ്രാപ്രദേശില്‍ അധികാരം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡി (വൈ.എസ്.ആര്‍.) 2003ല്‍ രണ്ടരമാസക്കാലമാണ് ഗ്രാമങ്ങളിലൂടെ പദയാത്ര നടത്തിയത്. 1500 കിലോമീറ്റര്‍ താണ്ടിയ ജാഥ വൈ.എസ്.ആറിനെ ജനപ്രിയനേതാവാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ അദ്ദേഹം അധികാരത്തില്‍വന്നു. ചരിത്രംസൃഷ്ടിച്ച ആ യാത്രയുടെ കഥയാണ് മമ്മൂട്ടി നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം യാത്ര.

ഫെബ്രുവരി മാസം നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായുള്ള പദയാത്രകളുടെ കാലമാണ് ഇപ്പോള്‍. രാജ്യ തലസ്ഥാനത്തെ അന്തരീക്ഷം ഒരു പദയാത്രയ്ക്ക് ചേര്‍ന്നത് തന്നെയാണ് എന്നുള്ളത് മറ്റൊരു വസ്തുത. അരവിന്ദ് കേജരിവാള്‍ മുന്‍പ് പദയാത്ര നടത്തി വന്‍വിജയം നേടിയ പ്രദേശമാണ് ഡല്‍ഹി. ഇപ്പോള്‍ വീണ്ടും  അരവിന്ദ് കേജരിവാള്‍ പദയാത്രയ്ക്ക് യാത്രയില്‍ തുടക്കം കുറിച്ചിരിക്കുന്നു. ഒന്നാംഘട്ടം പൂര്‍ത്തിയായി. അരവിന്ദ് കേജരിവാളിന്‍റെ ഒന്നാംഘട്ട പദയാത്രയില്‍ വന്‍ജനക്കൂട്ടം ഉണ്ടായി എന്നതാണ് കോണ്‍ഗ്രസിനെയും ബിജെപിയെയും ഇപ്പോള്‍ ശങ്കപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസും ബിജെപിയും പദയാത്രയ്ക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത് തന്നെ.

അരവിന്ദ് കേജരിവാളിന്‍റെ നേത്യത്ത്വത്തില്‍ ഡല്‍ഹിയില്‍ പദയാത്ര നടക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷവും ആംആദ്മി പാര്‍ട്ടി ഡല്‍ഹി ഭരിച്ചത് പദയാത്രില്‍ നിന്ന് ലഭിച്ച വിജയം കൊണ്ടാണ്. ഡിസംബര്‍ അവസാനം വരെ പദയാത്ര തുടരും. ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളോട് വിശദീകരിക്കുന്നതോടൊപ്പം ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ തുരങ്കം വയ്ക്കുന്നതെങ്ങനെയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക കൂടിയാണ് പദയാത്രയിലൂടെ ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്. നവംബര്‍ എട്ടാം തീയതി ഡല്‍ഹി ന്യായ് യാത്ര എന്ന പേരില്‍ കോണ്‍ഗ്രസ് പദയാത്രയ്ക്ക് തുടക്കമിടുകയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതിന്‍റെ പരിഹാരങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയും സര്‍ക്കാര്‍ പരാജയമാണെന്നതും ജനങ്ങളെ ബോധ്യപ്പെടുത്തി 70 നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്രയാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്തിരിക്കുന്നത്. നവംബര്‍ പകുതിയോടെ ബിജെപി പരിവര്‍ത്തന്‍ യാത്ര ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഏഴ് ലോക്സഭ നിയോജക മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യുന്ന അവസരത്തില്‍ അതാത് മണ്ഡലങ്ങളിലെ പാര്‍ലമെന്‍റ് അംഗങ്ങള്‍ ആയിരിക്കും പദയാത്രയ്ക്ക് നേതൃത്വം കൊടുക്കുക. ഡല്‍ഹിയിലെ ഏഴ് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും ബിജെപിയുടെ അംഗങ്ങളാണ് ജയിച്ചിരിക്കുന്നത് എന്നത് എടുത്തുപറയണം. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ട്ടാണ് ഈ പദയാത്രകള്‍ ഒക്കെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടിപ്പിക്കുന്നത്.