മലിനമാകുന്ന നമ്മുടെ നദികള്‍

മലിനമാകുന്ന നമ്മുടെ നദികള്‍

വിജയ് ചൗക്ക്

സുധീര്‍നാഥ് 


നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ

സഖികളില്‍ സുന്ദരി അനാര്‍ക്കലി -

അനാര്‍ക്കലി എന്ന ചിത്രത്തിന് വയലാര്‍ രാമവര്‍മ്മ രചിച്ചതാണ് ഇങ്ങനെ തുടങ്ങുന്ന സിനിമ ഗാനം. നായികയോളം സുന്ദരിയാണ് യമുനാ നദിയെന്നാണ് വയലാര്‍ രാമവര്‍മ്മ തന്‍റെ വരികളില്‍ എഴുതിയിരിക്കുന്നത്.  ഇന്ത്യന്‍ സംസ്ക്കാരവും വിശ്വാസവും യമുനയില്‍ മുങ്ങി നിവരുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. യമുനാ നദിയിലേക്ക് കാലെടുത്തു വയ്ക്കാന്‍ പോലും ഭയപ്പാട് ഉണ്ടാക്കുന്ന മലിനമാണ് യമുനാ നദി. പുണ്യം നേടാന്‍ യമുനയില്‍ മുങ്ങി കുളിക്കുന്ന കാര്യം ആലോചിക്കുവാന്‍ പോലും പ്രയാസമാണ്. യമുനാ തീരത്തെ ഘാട്ടുകളില്‍ ബലിദര്‍പ്പണത്തിനനായി എത്തുന്നവര്‍ യമുനാ നദിയിലെ മലിനമായ വെള്ളം കണ്ടും രൂക്ഷമായ ദുര്‍ഗന്ധം കൊണ്ടും പിന്തിരിയുന്ന സംഭവങ്ങള്‍ പതിവായിരിക്കുന്നു.

കുടിവെള്ളത്തിനും, കുളിക്കാനും, അലക്കാനും, നീന്തുവാനും പുഴയേയും, നദിയേയും ആശ്രയിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അവയെ ആശ്രയിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ലോകത്ത് പലയിടത്തും എന്ന പോലെ ഇന്ത്യയിലെ നദികളും മലിനമായിരിക്കുന്നു. ഇന്ത്യയില്‍ മലിനമായ നദികളുടെ എണ്ണത്തില്‍ കൂടുതല്‍ ഉണ്ട് എന്നത് സത്യമാണ്. ഒരു കാലത്ത് ഭാരത സംസ്കാരത്തിന്‍റെ ഭാഗമായ പുണ്യതീര്‍ത്ഥ നദികളൊക്കെ ഇന്ന് മലിനജല സ്രോതസ്സുകളായിരിക്കുന്നു. എന്നാലും നമുക്കവ ജീവിതത്തിന്‍റെ ഭാഗം തന്നെയാണ്. നാടിന്‍റെ ജീവനാഡികളായ നദികളുടെ ആരോഗ്യത്തെ ആശ്രയിച്ചാണ് രാജ്യത്തിന്‍റെ ഭാവിയും.

മനുഷ്യന് ജീവിക്കാന്‍ ആവശ്യമായി വേണ്ട പ്രധാന മൂന്ന് കാര്യങ്ങളാണ് ജലം, വായു, ഭക്ഷണം. ജലം മലിനമായിരിക്കുന്നു. രാജ്യതലസ്ഥാനത്ത് വിശേഷിച്ചും എന്ന് എടുത്ത് പറയാം. രാജ്യതലസ്ഥാനത്തെ വായു മലിനമാണ്. രാജ്യ തലസ്ഥാനത്തെ വായു നിലവാരം അതി രൂക്ഷമായിരിക്കുന്നു. അത് അപകടനിലയില്‍ എത്തിയിരിക്കുന്നു എന്നാണ് ശാസ്ത്രലോകം സമൂഹത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യ തലസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിരവധി പേരാണ് ശ്വാസതടസ്സം നേരിടുന്നു എന്ന പരാതിയുമായി ആശുപത്രികളില്‍ വൈദ്യസഹായം തേടിയെത്തുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തെ രൂക്ഷമായി ബാധിക്കുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന്‍റെ ദുരന്തഫലം ഡല്‍ഹിയിലെ ജനങ്ങള്‍ ആണ് അനുഭവിക്കേണ്ടത്. ശൈത്യകാലം അടുക്കുന്നതോടെ മലിനീകരണ ഇതിലും രൂക്ഷമാകും എന്നാണ് പറയുന്നത്.

ഭക്ഷണത്തിന്‍റെ കാര്യത്തിലാണെങ്കില്‍ മാലിന്യം ശക്തമായി കൊണ്ടിരിക്കുന്നു എന്നുവേണം കരുത്തുവാന്‍. പച്ചക്കറിയും ഫലങ്ങളിലും വിഷാംശം ഉണ്ട് എന്നാണ് ശാസ്ത്രവശം. കൃത്രിമമായി ഉത്പാദിപ്പിക്കുന്ന പാലുകളാണ് വിപണിയില്‍ ഉള്ളത് എന്ന് പറയപ്പെടുന്നു. ഇങ്ങനെ കൃത്രിമമായി ഉപയോഗിക്കുന്ന ഉണ്ടാക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ മാലിന്യം തന്നെയാണ്. മനുഷ്യരാശിക്ക് മുന്നോട്ടു പോകുവാന്‍ ആവശ്യമായ ജലവും വായുവും ഭക്ഷണവും മലിനമായാല്‍ മനുഷ്യജീവനു തന്നെ അത് അപകടമാണ്.

യമുനാ നദിയില്‍ ഇപ്പോള്‍ വെളുത്ത നിറത്തിലെ പത കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യമുനയിലെ വെള്ളം നുരഞ്ഞ് പതഞ്ഞ് പൊന്തുകയാണ്. നദിയില്‍ രൂപപ്പെട്ട നുരയില്‍ ഉയര്‍ന്ന അളവില്‍ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ടെന്നും ഇത് ശ്വാസകോശ, ചര്‍മ്മ പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പരിസ്ഥിതി വിദഗ്ധര്‍ പറയുന്നു. മാലിന്യമാണ് പതയായി യമുനയില്‍ നിറയുന്നത്. ഇത് നദിയിലെ ജീവജാലങ്ങളെ വ്യാപകമായി കൊന്നൊടുക്കിയിട്ടുണ്ട് എന്ന് ശാസ്ത്രലോകം പറയുന്നു. യമുനാനദിയുടെ ചില മേഖലകളില്‍ ഓക്സിജന്‍ നിലവാരം വളരെ കുറഞ്ഞ അളവിലാണുള്ളത്. യമുനാ നദിയിലെ ജലത്തിലെ ഓക്സിജന്‍ നിലവാര തോത് അടയാളപ്പെടുത്തുന്ന ബയോളജിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് (ബിഒഡി) ചിലയിടങ്ങളില്‍ ലിറ്ററിന് 45 മില്ലിഗ്രാം മാത്രമാണുള്ളത്. 

യമുനയിലെ ജീവജാലങ്ങള്‍ക്ക് മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് യമുനയെ കൂടുതല്‍ മലിനമാക്കുകയാണ്. ഡല്‍ഹിയിലെയും സമീപ സംസ്ഥാനങ്ങളിലെയും വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് യമുനയിലേക്ക് ഒഴുകിയെത്തുന്നത്. ഇത് തടയുവാന്‍ ഒട്ടേറെ നിയമമുണ്ടെങ്കിലും അതൊന്നും സാധിക്കാതെ വന്നിരിക്കുകയാണ്. ഫാക്ടറികള്‍ വ്യാവസായിക മാലിന്യങ്ങള്‍ നേരിട്ട് നദിയിലേക്ക് പുറന്തള്ളുന്നതാണ് യമുനയുടെ മലിനീകരണത്തിന് പ്രധാന കാരണം. സംസ്കരിക്കാത്ത ഈ മാലിന്യത്തില്‍ രാസവസ്തുക്കളും ഘനലോഹങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ജലത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുന്നു.

യമുനാ നദി ഡല്‍ഹിയോട് അടുക്കുമ്പോഴാണ് മാലിന്യത്തോത് കൂടുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തി എത്തുമ്പോഴേക്കും യമുന പൂര്‍ണമായും മലിനമായി കഴിഞ്ഞിരിക്കും. പിന്നീട് ഡല്‍ഹിയിലൂടെയുള്ള യാത്ര മാലിന്യത്തോത് കൂട്ടുകയാണ് ചെയ്യുന്നത്. നഗരങ്ങളില്‍ നിന്നുള്ള മലിനജലം യമുനയുടെ മലിനീകരണത്തിന് പ്രധാന സംഭാവനയാണ് ചെയ്യുന്നത്. വര്‍ദ്ധിച്ചുവരുന്ന നഗര ജനസംഖ്യ മലിനജലത്തിന്‍റെ വര്‍ദ്ധനവിന് കാരണമാകുന്നു, ഇത് നദിയുടെ സ്വാഭാവിക ശുദ്ധീകരണ ശേഷിയെ തടസ്സപ്പെടുത്തുന്നു. ഡല്‍ഹി കഴിയുമ്പോഴേക്കും യമുനയുടെ വെള്ളത്തിന്‍റെ നിറം പോലും കഠിന മാലിന്യം നിറഞ്ഞ കറുത്ത നിറമായി മാറിയിട്ടുണ്ടാകും. ഈ മാലിന്യം തുടര്‍ന്ന് അങ്ങോട്ടുള്ള യമുനയുടെ യാത്രയെ കാഠിന്യമുള്ളതാക്കുന്നു.

വ്യവസായ മാലിന്യങ്ങള്‍ ഏറ്റവും കൂടുതല്‍ യമുനയിലേക്ക് നിക്ഷേപിക്കുന്നത് ഹരിയാന സംസ്ഥാനത്ത് നിന്നാണ്. യമുനാ നദിയെ മലിനമാക്കുന്നത് തടയുന്നതിന് വേണ്ടി ശക്തമായ നടപടി ഹരിയാന സര്‍ക്കാര്‍ എടുക്കുന്നില്ല എന്നാണ് ഡല്‍ഹി ജല്‍ ബോര്‍ഡ് കോടതിയില്‍ പരാതിപ്പെട്ടിരിക്കുന്നത്. യമുന മലിനമാകുന്നത് മൂലം ഏറ്റവും വലിയ ദുരന്തം അനുഭവിക്കുന്നത് ഡല്‍ഹി നിവാസികളാണ് എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. രൂക്ഷമായ രീതിയില്‍ മലിനമാക്കപ്പെട്ട യമുനയിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി വിതരണം ചെയ്യുവാന്‍ പറ്റാത്ത സാഹചര്യത്തിലേക്ക് ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ഡല്‍ഹിയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍. ഇത് രാജ്യ തലസ്ഥാനത്തെ ജനജീവിതത്തെ മോശമായി ബാധിക്കും. 

യമുനയിലെ മാലിന്യ തോത് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഇരട്ടിച്ചു എന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് വന്നിരിക്കുകയാണ്. യമുനയിലെ വെള്ളം ഉപയോഗിച്ച് കൃഷി നടത്തുന്ന നദീ തീരത്തെ കര്‍ഷകര്‍ ആശങ്കയിലാണ്. രാസപദാര്‍ത്ഥങ്ങള്‍ നിറഞ്ഞ യമുനയിലെ ജലം കൃഷിക്ക് ഉപയോഗിക്കുവാന്‍ സാധിക്കുന്നില്ല എന്നുള്ള ദയനീയ അവസ്ഥ അവരെ വേട്ടയാടുന്നുണ്ട്. വ്യാപകമായ ക്യഷി നാശവും യമുനാ തീരത്ത് ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

കോവിഡ് കാലത്താണ് യമുന സമീപകാലത്ത് വൃത്തിയായി ഒഴുകിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വ്യവസായ ശാലകള്‍ പൂട്ടിയിട്ടിരുന്നു. പഴയ സൗന്ദര്യത്തിലേക്ക് യമുന മടങ്ങി വരുന്നു എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കോവിഡ് കാഠിന്യം കുറഞ്ഞപ്പോള്‍ വീണ്ടും വ്യവസായശാലകള്‍ തുറന്നു. മാലിന്യങ്ങള്‍ വീണ്ടും ഒഴുകി. യമുന വീണ്ടും മലിനമായി. മുന്‍പത്തേക്കാള്‍ കൂടുതലാണ് ഇപ്പോഴത്തെ മാലിന്യത്തോട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

വിശ്വാസത്തിന്‍റെ പേരിലാണ് ഡല്‍ഹിയിലെ യമുനാ നദിയിലേക്ക് ഭക്തര്‍ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത്. സാംസ്കാരിക പ്രാധാന്യമുണ്ടെങ്കിലും, വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുക, ആചാരപരമായ വസ്തുക്കള്‍ നദിയിലേയ്ക്ക് നിക്ഷേപിക്കുക തുടങ്ങിയ ആചാരങ്ങള്‍ യമുനയുടെ മലിനീകരണത്തിന് കാരണമാകുന്നു. ഇത്തരത്തിലുള്ള നദിയെ കൊല്ലുന്ന മലിനീകരണം തടയുവാന്‍ മതപണ്ഡിതര്‍ തന്നെ മുന്നോട്ടു വരേണ്ടതുണ്ട്. മതപരമായ പരിപാടികളില്‍ പരിസ്ഥിതി സൗഹൃദ ബദലുകള്‍ പ്രോത്സാഹിപ്പിക്കുന്നത് അത്യന്താപേക്ഷിതമാണ്.

യമുനാ നദിയില്‍ മാത്രം ഒതുങ്ങുന്നതല്ല മലിനീകരണത്തിന്‍റെ കഥനകഥകള്‍. സമാനമായ മലിനീകരണമാണ് രാജ്യത്തെ എല്ലാ നദികളിലും ഉള്ളത്. ഗംഗയിലൂടെ ചത്ത മൃഗങ്ങളും മനുഷ്യ ശരീരങ്ങളും ഒഴുകി നടക്കുന്നത് നിത്യ കാഴ്ചയാണ്. ഗംഗ എത്രമാത്രം മലിനമാണെന്ന് അറിയണമെങ്കില്‍ ഗംഗ നദീതടത്തില്‍ തന്നെ പോകണം. ഹരിദ്വാരലും ഋഷികേശലും ഗംഗാനദിയുടെ മാലിന്യം വ്യക്തമായി നമുക്ക് മനസിലാക്കാം. അതിന് ശാസ്ത്രീയ പരിശോധനയുടെ കാര്യമില്ല. ഗംഗാനദിയുടെ മലിനീകരണ തോത് പിന്നീടുള്ള യാത്രയില്‍ കൂടിമായികൊണ്ടുതന്നെ ഇരിക്കുകയാണ്. എന്തിനേറെ പറയുന്നു നമ്മുടെ പെരിയാര്‍ നദി എത്രയോ മലിനമായിട്ടാണ് ഒഴുകുന്നത്. സമീപകാലത്താണല്ലോ ഏലൂരിലെ വ്യവസായ ശാലയില്‍ നിന്നുള്ള വ്യവസായ മലിന്യം പെരിയാറില്‍ ഒഴുകി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. രാജ്യത്തെ എല്ലാ നദികളിലെയും കഥകള്‍ ഇപ്രകാരം തന്നെയാണ്. 

യമുനയുടെ മലിനീകരണം മാത്രമല്ല, ഇന്ത്യയിലെ എല്ലാ നദികളുടേയും മാലിന്യ പ്രശ്നം പരിഹരിക്കാന്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്. വ്യാവസായിക മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക, മലിനജല സംസ്കരണം മെച്ചപ്പെടുത്തുക, ഉത്തരവാദിത്തമുള്ള മാലിന്യ നിര്‍മാര്‍ജനത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നിവ അനിവാര്യമായതാണ്. നമ്മുടെ നദികളുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പരിസ്ഥിതി സംഘടനകള്‍, പൊതുജന പങ്കാളിത്തം എന്നിവയില്‍ നിന്നുള്ള കൂട്ടായ ശ്രമങ്ങള്‍ നിര്‍ണായകമാണ്. സാംസ്കാരികവും പാരിസ്ഥിതികവുമായ നദികളെ പുനരുജ്ജീവിപ്പിക്കാന്‍ നമുക്ക് ഒന്നിക്കാം. രാജ്യത്തിന്‍റെ പുരോഗതിക്ക് നദികളുടെ ആരോഗ്യവും പ്രധാനമാണ് എന്ന് നമുക്ക് തിരിച്ചറിയാം. അത് വീണ്ടെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലപിക്കുന്നത് നിസ്സാരമായി കാണരുത്. നമുക്ക് നമ്മുടെ നദികളെ വീണ്ടെടുക്കാന്‍ ഒരുമിച്ച് നില്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.