പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2024 ഒക്ടോബമ്ല 15 


വിശ്വപൗരനായ വി.കെ. കൃഷ്ണമേനോനെ മറന്നു.

മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കിയ ആദ്യ മലയാളിയാണ് വി.കെ. കൃഷ്ണമേനോന്‍. നയതന്ത്രരംഗത്ത് നെഹ്റുവിന് ചാണക്യ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന കൃഷ്ണമേനോനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ റാസ്പുട്ടിന്‍ എന്നായിരുന്നു. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പിലൂടെ 2 പ്രാവശ്യം ആദരിക്കപ്പെട്ട ആദ്യ മലയാളി എന്ന വിശേഷണവും വി കെ കൃഷ്ണമേനോന് ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ലൂട്ടിയന്‍സ് തെരുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒട്ടേറെ പ്രതിമകളുണ്ട്. എന്നാല്‍ മലയാളിയായ ഒരാളുടെ പ്രതിമ മാത്രമേ നമ്മള്‍ക്ക് കാണുവാന്‍ സാധിക്കൂ. അത് മറ്റാരുടേയുമല്ല, വി കെ കൃഷ്ണമേനോന്‍റെ പ്രതിമയാണ്. അദ്ദേഹത്തിന്‍റെ പേരില്‍ ലൂട്ടിയന്‍സ് തെരുവിന് പേരുണ്ട്. വി.കെ. കൃഷ്ണമേനോന്‍ മാര്‍ഗ്. അത്രമാത്രം പ്രാധാന്യം അദ്ദേഹത്തിന് ഇന്ത്യന്‍ രാഷ്ട്രീയം നല്‍കിയിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും വി കെ കൃഷ്ണമേനോനിലൂടെ ആയിരുന്നു. രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷന്‍ നല്‍കി ആദരിക്കുകയുണ്ടായി. പത്മവിഭൂഷന്‍ ലഭിച്ച ആദ്യ മലയാളിയും കൃഷ്ണമേനോന്‍ തന്നെ. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതെന്നാണ് പറയുന്നതെങ്കിലും, അത് യഥാര്‍ത്ഥ്യത്തല്‍ തയ്യാറാക്കിയത് വി കെ കൃഷ്ണമേനോനായിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി വരെ ആകുമെന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തന്‍റെ ഒരു കാര്‍ട്ടൂണില്‍ പറഞ്ഞ് വെച്ചിരുന്നു എന്നുള്ളത് ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയേറെ ശക്തനായ ഒരു മലയാളി വേറെ ഉണ്ടായിട്ടില്ല എന്നുള്ളത് നമുക്ക് സ്മരിക്കാം. 1971 ഇഎംഎസിന്‍റെ പിന്തുണയോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലെത്തി. 1974 ല്‍ മരണമടയുന്നത് വരെ പാര്‍ലമെന്‍റ്അംഗമായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്നാണ് 1971-ല്‍ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രനായി ഇടതുപക്ഷ രാഷ്ട്രീയ പിന്തുണയോടെ പാര്‍ലമെന്‍റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പിന്തുണ ലഭിക്കാന്‍ കാരണമായത് വി കെ കൃഷ്ണമേനോന്‍റെ കമ്മ്യൂണിസ്റ്റ് അനുഭാവവും, മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് വേണ്ടി 1967  നവംബര്‍ 9ന്  തിരുവനന്തപുരത്ത് നടത്തിയ  പത്രസമ്മേളനത്തിന്‍റെ പേരിലുള്ള കോടതിയലക്ഷ്യ കേസ് ഹൈകോടതിയിലും സുപ്രീം കോടതിയിലും വാദിച്ചതാണ്. അവിവാഹിതനായിരുന്ന കൃഷ്ണമേനോന്‍ 78ആം വയസ്സില്‍ 1974 ഒക്ടോബര്‍ 6നു ദില്ലിയില്‍ വെച്ചു മരണമടഞ്ഞു. വി കെ ക്യഷ്ണമേനോന്‍റെ അന്‍പതാം ചരമ വാര്‍ഷിക ദിനമായിരുന്നു 2024 ഒക്ടോബര്‍ 6. പക്ഷെ അത് എല്ലാവരും മറന്നു. കമ്മ്യൂണിസ്റ്റ് ആശയ വാഹകനായി, ഇടത് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്‍റിലെത്തിയ വി കെ കൃഷ്ണമേനോനെ ഇടത് പക്ഷം ഭരിക്കുന്ന കേരള സര്‍ക്കാര്‍ പോലും മറന്നത് ക്രൂരതയാണ്.

ജമ്മു കാശ്മീരിലെ അഞ്ച് എംഎല്‍എമാര്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ജമ്മുകശ്മീരില്‍ 5 എംഎല്‍എമാരെ ലെഫ്റ്റ് ഗവര്‍ണര്‍ നിയമിക്കും അതാണ് നിയമം. അഞ്ച് എംഎല്‍എമാര്‍ക്കും തിരഞ്ഞെടുത്തു വരുന്ന എംഎല്‍എമാരുടെ എല്ലാ അവകാശവും നോമിനേറ്റ് ചെയ്ത് വരുന്ന എംഎല്‍എമാര്‍ക്കും ഉണ്ടായിരിക്കും. നിയമസഭയില്‍ വോട്ടവകാശം പോലും അവര്‍ക്കുണ്ട് എന്നുള്ളതാണ് പ്രത്യേകത. ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതാണോ ഈ പുതിയ നിയമം എന്നുള്ള കാര്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലെഫ്റ്റണ്‍ ഗവര്‍ണര്‍ ആയ മനോജ് സിംഹ ശക്തനായ ബിജെപി വ്യക്തമായതുകൊണ്ട് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന അഞ്ചുപേരും ബിജെപി അനുകൂല പ്രതിനിധികള്‍ ആകും എന്നുള്ള കാര്യം ഉറപ്പാണ്. ജമ്മു കാശ്മീരിലെ ഈ നിയമ പ്രകാരം ഭൂരിപക്ഷമുള്ള പാര്‍ട്ടിയെ ന്യൂനപക്ഷ പാര്‍ട്ടിയാക്കി മാറ്റുവാനും ന്യൂനപക്ഷമായ പാര്‍ട്ടിയെ ഭൂരിപക്ഷമായ പാര്‍ട്ടിയാക്കി മാറ്റുവാനും സാധിക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാക്കിയിട്ടും ബിജെപിക്ക് ജമ്മു കാശ്മീരില്‍ അടി തെറ്റിയിരിക്കുന്നു എന്ന് തിരഞെടുപ്പ് ഫലം തെളിയിച്ചു.  തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാരോടൊപ്പം ഇരിക്കുന്ന ഈ അഞ്ചുപേരില്‍ രണ്ട് സ്ത്രീകളും രണ്ട് കാശ്മീരി പണ്ഡിറ്റും പാക്ക് അധിനിവേശ കാശ്മീരില്‍ നിന്നുള്ള ഒരു പ്രതിനിധിയും ഉണ്ടാകും എന്നാണ് നിയമം. ജമ്മു കാശ്മീര്‍ നിയമസഭയില്‍ നിലവിലുള്ള 90 അംഗങ്ങള്‍ക്ക് പകരം ഇനിമുതല്‍ 95 അംഗങ്ങള്‍ ഉണ്ടാകും എന്നാണ് മനസ്സിലാക്കേണ്ടത്. മുന്‍പുണ്ടായിരുന്ന തിനേക്കാള്‍ ഏഴ് സീറ്റുകള്‍ ആണ് 2022 മെയ് മാസം കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നത് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഇതില്‍ 6 മണ്ഡലങ്ങള്‍ ജമ്മു പ്രദേശത്തും ഒരു മണ്ഡലം കാശ്മീര്‍ പ്രദേശത്തുമാണ് രൂപം കൊണ്ടിരിക്കുന്നത്. എന്തായാലും എല്ലാ തന്ത്രങ്ങളും പാളിയിരിക്കുന്നു. ജമ്മു കാശ്മീരില്‍ ഇന്ത്യാ സഖ്യം വന്‍ വിജയം നേടിയിരിക്കുന്നു. ബിജെപിക്ക് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയ കാലാവസ്ഥ മാറിയിരിക്കുന്നു. 

ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വീടിനെ ചൊല്ലി തര്‍ക്കം

ഡല്‍ഹിയിലെ മുഖ്യമന്ത്രിയുടെ 6 ഫ്ളാഗ് ഹൗസ് റോഡിലെ ഔദ്യോഗിക വസതിയെ ചൊല്ലി തര്‍ക്കം നടക്കുന്നതാണ് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ ചര്‍ച്ചാവിഷയം. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാള്‍ ഔദ്യോഗിക വസതി ഒഴിയുകയും, ലൂട്ടിയന്‍സ് ബംഗ്ലാവായ അഞ്ചാം നമ്പര്‍ ഫിറോഷാ റോഡിലേക്ക് താമസം മാറുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി അശോക് മിത്തലിന്‍റെ പേരിലുള്ള ബംഗ്ലാവിലേക്കാണ് അരവിന്ദ് കേജരിവാള്‍ താമസം മാറ്റിയിരിക്കുന്നത്. അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി മാറുന്നതിനു മുന്‍പ് തന്നെ വിദ്യുച്ഛക്തി, വെള്ളം, ഫോണ്‍ തുടങ്ങിയ എല്ലാ ബില്ലുകളും അടയ്ക്കുകയും ഒരു കുടിശിക പോലുമില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് പിഡബ്ല്യുഡി ഉദ്യോഗസ്ഥരില്‍ നിന്ന് കൈപ്പറ്റുകയും ഉണ്ടായി എന്നുള്ളതാണ് വസ്തുത. പുതിയ മുഖ്യമന്ത്രി അതിഷി ഡല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറുകയും ഉണ്ടായി. അരവിന്ദ് കേജരിവാള്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അതിഷിക്ക് മധുര റോഡിലെ എബി 17 എന്ന വീട് ഔദ്യോഗികമായി നല്‍കിയിരുന്നു. അവിടെ നിന്ന് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് അതിഷി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് മാറിയത്. പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് പറയുന്നത് പ്രകാരം ഒക്ടോബര്‍ മാസം ആറാം തീയതി ഡല്‍ഹി പിഡബ്ല്യുഡി വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി അതിഷിയുടെ ഓഫീസിന് ഔദ്യോഗിക വസതിയുടെ താക്കോല്‍ നല്‍കുകയും, താമസം മാറുന്നതിനു വേണ്ടി അനുമതി നല്‍കുകയും ചെയ്തു എന്നാണ്. എന്നാല്‍ ബിജെപി ഡല്‍ഹി ഘടകം പറയുന്നത് ഔദ്യോഗിക വസതി ഇനിയും പുതിയ മുഖ്യമന്ത്രി അതിഷിക്ക് നല്‍കിയിട്ടില്ല എന്നാണ്. മുഖ്യമന്ത്രി നിയമപ്രകാരം അല്ല ഔദ്യോഗിക വസതിയില്‍ താമസം തുടങ്ങിയത് എന്നാണ് ബിജെപി പക്ഷം. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഡല്‍ഹി മുഖ്യമന്ത്രിക്കായി ഔദ്യോഗിക സ്ഥിരം വസതി ഇല്ല എന്നാണ് ബിജെപി പറയുന്നത്.

സോനം വാങ്ചൂക്കിന്‍റെ ലഡാക്ക് ഭവനിലെ സമരം

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചൂക്കിനെ ഡല്‍ഹിയിലെ സമര കേന്ദ്രമായ ജന്‍ദര്‍മന്ദിറില്‍ സമരം ചെയ്യാനുള്ള അനുമതി ഡല്‍ഹി പോലീസ് നിഷേധിച്ചിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹം ലഡാക്ക് ഭവനില്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. രാജ്യ തലസ്ഥാനത്ത് രാഷ്ട്രീയ ചര്‍ച്ചയാണ് സോനം വാങ്ചൂക്കിന്‍റെ ലഡാക്ക് ഭവന് മുന്നിലെ നിരാഹാര സമരം. സോനം വാങ്ചൂക്ക് കാല്‍നട ജാഥയായാണ് സമരത്തിനായി ഡല്‍ഹിയിലേയ്ക്ക് ലെയില്‍ നിന്ന് പുറപ്പെടാന്‍ തീരുമാനിച്ചത്. അദ്ദേഹത്തെയും അനുയായികളെയും സെപ്റ്റംബര്‍ ഒന്നാം തീയതി പോലീസ് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് വിട്ടയച്ചു. സെപ്റ്റംബര്‍ 30 ന് സമരം ചെയ്യാന്‍ വന്ന സോനം വാങ്ചൂക്കിനെയും സംഘത്തേയും ഡല്‍ഹി അതിര്‍ത്തിയില്‍ വച്ച് വീണ്ടും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഒക്ടോബര്‍ മൂന്നാം തീയതി വിട്ടയച്ച അദ്ദേഹം ഒപ്പമുള്ള അനുയായികളോടൊപ്പം ഇപ്പോള്‍ ഡല്‍ഹിയിലെ ലഡാക്ക് ഭവന് മുന്നില്‍ നിരാഹാര സമരം ഇരിക്കുകയാണ്. അദ്ദേഹത്തിന്‍റെ നിരാഹാര സമരം ഇപ്പോള്‍ ദേശീയ ശ്രദ്ധ തന്നെ നേടിയിരിക്കുന്നു. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ഡില്‍ ഉള്‍പ്പെടുത്തണം എന്നുള്ള ആവശ്യം ഉന്നയിച്ചാണ് സോനം വാങ്ചൂക്കും സംഘവും നിരാഹാര സമരം നടത്തുന്നത്. ദേശീയപതാകയുമേന്തി ലഡാക്ക് ഭവനിലെ ഗേറ്റിനു മുന്നില്‍ ഇരിക്കുന്ന പ്രവര്‍ത്തകരുമായി ഇരിക്കുന്ന അവരുടെ ആവശ്യങ്ങളില്‍ ലേയ്ക്കും, ലഡാക്കിനും പ്രത്യേക ലോക്സഭാ സീറ്റ് വേണം എന്നാവശ്യവും ഉണ്ട്.