പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2024 സെപ്തംബര്‍ 15 



ഈസ് ഓഫ് ഡ്യൂയിങ് ബിസിനസില്‍ കേരളത്തിന് ചരിത്ര നേട്ടം

വ്യവസായ രംഗത്ത് കേരളം ഒട്ടും പിന്നിലല്ല, മറിച്ച് വളരെ മുന്നിലാണെന്ന് തെളിയക്കപ്പെട്ടിരിക്കുന്നു. ഈസ് ഓഫ് ഡ്യൂയിങ് ബിസിനസില്‍ മികച്ച പ്രകടനം കാഴ്ചവച്ച  സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതായതായി. ഇതിന്‍റെ പുരസ്കാരം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഡല്‍ഹിയില്‍ നടന്ന സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍ വെച്ച് ഏറ്റുവാങ്ങിയത് മലയാളിക്ക് അഭിമാനവുമായി. കേരളത്തിന് ഇത് ചരിത്ര നേട്ടവും ആയി. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍(വ്യവസായ സൗഹൃദ അന്തരീക്ഷം) നാലു കാറ്റഗറിയായി തിരിച്ച് 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ച  സംസ്ഥാനങ്ങളിലാണ് കേരളം ഒന്നാമത് എത്തിയത്. സംരംഭകരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍  കൂടി പരിഗണിച്ചാണ് മാര്‍ക്ക് നല്‍കിയത്. 9 വിഭാഗങ്ങളില്‍ കേരളം ടോപ്പ് അച്ചീവര്‍ പുരസ്കാരം നേടി. രണ്ടാം സ്ഥാനത്ത് എത്തിയ ആന്ധ്രപ്രദേശ് 5 വിഭാഗങ്ങളിലും മൂന്നാമത് എത്തിയ ഗുജറാത്ത് മൂന്ന് എണ്ണത്തിലുമാണ് ടോപ്പ് ടോപ്പ് അച്ചീവര്‍ ആയത്. 2021ല്‍ കേരളത്തിന് 28-ാം റാങ്ക് ആയിരുന്നു. പിറ്റേ വര്‍ഷം അത് 14 ആയി. ഇപ്പോള്‍ ഫലത്തില്‍ കേരളം  ഒന്നാമത് ആയി. ആദ്യ പത്തില്‍ എത്തും എന്നാണ് കേരളം പ്രഖ്യാപിച്ചിരുന്നത്. എല്ലാ വകുപ്പുകളും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ കൂടി ഫലമാണ് ഈ അഭിമാനകരമായ നേട്ടമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായം നടത്തുന്നതിന് കേരളത്തില്‍ എല്ലാ വകുപ്പുകളുടെയും അനുമതി ആവശ്യമാണ്. അവിടെയെല്ലാം കൃത്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞു. ഡിജിറ്റലൈസേഷന്‍ ശക്തിപ്പെടുത്തി. വ്യവസായ വകുപ്പിലെ ടീം വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡയറക്ടര്‍ എസ് ഹരി കിഷോര്‍, ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ വിശദമായ സെക്രട്ടറിതല യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേകമായ വിലയിരുത്തലുകളും നടത്തി. മൂന്നുവര്‍ഷം വ്യവസായ മേഖലയില്‍'നടത്തിയ മാറ്റങ്ങള്‍ വലിയ രീതിയില്‍ സംരംഭങ്ങള്‍ കൊണ്ടുവരാന്‍ സഹായകരമായി. സംരംഭകരില്‍ നിന്നുള്ള മികച്ച പ്രതികരണങ്ങളും കേരളം ഒന്നാമത് എത്തുന്നതിന് സഹായകരമായി. മാധ്യമങ്ങളും വലിയ പങ്കു വഹിച്ചുവെന്ന് മന്ത്രി പറഞ്ഞു.

പ്രവാസ ലോകത്തിനി കേരളതനിമ

ഇനിയുള്ള കാലം കേരളത്തിന്‍റെ തനി പകര്‍പ്പായിരിക്കും പ്രവാസ ലോകത്ത്. ഓണം വന്നു. പിന്നാലെ വ്യശ്ചികവും, ക്രിസ്തുമസും മറ്റ് ആഘോഷങ്ങളും വരവായി. പ്രവാസ ലോകം എന്നുകൊണ്ടുദ്ദേശിക്കുന്നത് ഇന്ത്യയ്ക്കുള്ളിലെ കേരളത്തിന് പുറത്തുള്ള മലയാളി സമൂഹത്തെ കൂടി പ്രവാസിയായി പരിഗണിച്ചു കൊണ്ടാണ്. പലപ്പോഴും പ്രവാസി എന്ന പ്രയോഗം കൊണ്ട് രാജ്യത്തിന് പുറത്തുള്ളവര്‍ എന്ന് ചിത്രീകരിക്കാറുണ്ട്. കേരളത്തില്‍ 10 ദിവസം മാത്രമാണ് ഓണം ആഘോഷിക്കുന്നതെങ്കില്‍ പ്രവാസികള്‍ അത് മാസങ്ങളോളം ആഘോഷിക്കും. പണ്ട് 28 ദിവസം ഓണാഘോഷം ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു എന്ന് പഴമക്കാര്‍ പറയാറുണ്ട്. പ്രവാസികളുടെ ഓണാഘോഷം അതിലും മുകളിലാണെന്ന് പറയണം. ഓണാഘോഷത്തിന് അറുതി വന്നു കഴിഞ്ഞാല്‍ ഉടനെ ശബരിമലയുടെ കാലമായി. വൃദ്ധശുദ്ധിയില്‍ കേരളീയര്‍ കേരളത്തിന് പുറത്ത് ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. കേരളത്തിലുള്ള മലയാളികളുടെ ഭക്തിയേക്കാള്‍ പതിന്‍മടങ്ങ് കൂടുതലാണ് പ്രവാസ ലോകത്തെ മലയാളിയുടെ ഭക്തി. ഓരോ വര്‍ഷവും ഈ ഭക്തരുടെ എണ്ണം കൂടിവരുന്നതായിട്ടാണ് നിരീക്ഷിക്കപ്പെടുന്നത്. അതുപോലെതന്നെ ഓണത്തിന് സദ്യ ഒരുക്കുന്ന പ്രവാസി മലയാളികള്‍ സദ്യയുടെ ഇലകള്‍ വ്യശ്ചിക മാസത്തില്‍ എല്ലാ ദിവസവും മുടക്കം കൂടാതെ നിരത്തുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. കേരളത്തിന് പുറത്തുള്ള മലയാളികള്‍ ആവേശത്തില്‍ തന്നെയാണ് ആര്‍പ്പോ വിളിക്കുന്നത്. മഹാബലി തമ്പുരാന്‍റെ വേഷം കെട്ടി ഘോഷയാത്രകള്‍ നടത്തുന്നത്. അമേരിക്കയിലെ ടൈംസ്സ്ക്വയറില്‍ പോലും മലയാളികള്‍ മാവേലി വേഷം കെട്ടിയും തനി മലയാളിയായും ഓണം ആഘോഷിക്കുന്നത് നാം കണ്ടുകഴിഞ്ഞു. പരിചിതമല്ലാത്ത മുണ്ടുടുത്തും കേരള സാരിയണിഞ്ഞും നെറ്റിയില്‍ ചന്ദനം ചാര്‍ത്തിയും മലയാളി ലോകത്തിന്‍റെ ഏതൊരു കോണിലിരുന്നും സ്വത്ത്വം അനാവരണം ചെയ്യുന്നു. ഇലയില്‍ ഭക്ഷണം കഴിക്കുവാന്‍ അവര്‍ ആവേശം കാണിക്കുന്നതിലെ കൗതുകം കാണേണ്ടത് തന്നെയാണ്. ഇത്തരത്തില്‍ പ്രവാസികള്‍ ഓണമാഘോഷിക്കുന്നതുപോലെ മലയാളികളായ കേരളത്തിലുള്ളവര്‍ ആഘോഷിക്കുന്നുണ്ടോ എന്നുള്ളത് സംശയമാണ് എന്ന് ഒരു പ്രവാസി മലയാളി വിലയിരുത്തുന്നത് വളരെ ഗൗരവത്തില്‍ എടുക്കേണ്ടത് തന്നെയാണ്. മലയാളിത്തം നിറഞ്ഞ ഒരു അന്തരീക്ഷമായിരിക്കും പ്രവാസ ലോകത്ത് ഇനിയുള്ള നാളുകള്‍ എന്ന് തീര്‍ത്തു പറയുവാന്‍ ഇതുവഴി സാധിക്കുന്നു എന്നുള്ളത് ഒരു വിശേഷണം തന്നെയാണ്. 

വിദ്യാഭ്യാസ വിപ്ലവം അഴിമതിയുടെ രൂപമെന്ന് ബി.ജെ.പി

ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി നടപ്പിലാക്കിയ വിദ്യാഭ്യാസ വിപ്ലവം അഴിമതിയുടെ മറ്റൊരു രൂപമാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസമാണ് ഡല്‍ഹിയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മികച്ച നിലവാരമുള്ള കെട്ടിടങ്ങളാക്കിയും ആധുനിക സൗകര്യങ്ങളാക്കിയും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റുവാന്‍ സാധിച്ചിട്ടുണ്ട്. ഇത് ചെറുതായിട്ടൊന്നുമല്ല ബിജെപിയെ അലട്ടുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് അഴിമതിയുടെ ഒരു ഭാഗമാണ് വിദ്യാഭ്യാസ വിപ്ലവം എന്ന ആരോപണവുമായി ബിജെപി വന്നിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം പ്രമുഖരായ ആം ആദ്മി പാര്‍ട്ടി നേതാക്കളെ ജയിലില്‍ അടച്ചുകൊണ്ട് അരാജകത്വം ഡല്‍ഹിയില്‍ കൊണ്ടുവരുവാനുള്ള വലിയ ഒരു ശ്രമം കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നുള്ളത് പകല്‍പോലെ വ്യക്തമായത്. അത് വലിയ തിരിച്ചടിക്കും ഇപ്പോള്‍ കാരണമായിട്ടുണ്ട്.

ജെവാര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2025 ഏപ്രിലില്‍ മാത്രം

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്തര്‍ദേശീയ വിമാനത്താവളം തിരക്കേറിയ ഒരിടമായി മാറിയിരിക്കുന്നു. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണം കൂടുന്നു. വിമാനങ്ങളുടെ എണ്ണം കൂടുന്നു. തിരക്കേറിയ ഈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തൊട്ടടുത്തുതന്നെയുള്ള ഉത്തര്‍പ്രദേശിലെ ജെവാര്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് രൂപകല്‍പ്പന ചെയ്യാന്‍ തീരുമാനിച്ചത്. അന്തര്‍ദേശിയ വ്യാമഗതാഗത അസോസിയഷനായ ഐ.എ.ടി.എ ജെവാര്‍ അന്തര്‍ദേശിയ വിമാനതാവളത്തിന് ഡി.എക്സ്.എന്‍ എന്ന മൂന്നക്ക കോഡി് അനുവധിക്കുകയും ചെയ്തിട്ടുണ്ട്. 2021 നവംബര്‍ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അതിവേഗം നിര്‍മ്മാണം തുടങ്ങുകയും 2024 സെപ്റ്റംബര്‍ 30ന് പുതിയ വിമാനത്താവളം കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ വിമാനത്താവളത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ അതിന്‍റെ ചുമതല ഏറ്റെടുത്ത കരാര്‍ കമ്പനിക്ക് സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് 2025 ഏപ്രില്‍ മാസം മാത്രമാണ് വിമാനത്താവളത്തിന്‍റെ പണി പൂര്‍ത്തിയാവുകയുള്ളൂ. സെപ്റ്റംബര്‍ 30 മുതല്‍ 91 ദിവസം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിക്ക് ഗ്രേസ് പിരീഡ് നല്‍കിയിരിക്കുക എന്നത് കരാര്‍ വ്യവസ്ഥയാണ്. ഈ കാലയളവില്‍ പണി പൂര്‍ത്തിയാക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഓരോ ഗ്രേസ് പീരിയഡ് ദിവസത്തിനും 10 ലക്ഷം രൂപ വീതം പിഴ നല്‍കേണ്ടിവരും എന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. ഇങ്ങനെ നോക്കുകയാണെങ്കില്‍ ഏതാണ്ട് 21 കോടി രൂപയോളം പിഴയിനത്തില്‍ മാത്രം നിര്‍മ്മാണ കമ്പനി നല്‍കേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത് കരാര്‍ പ്രകാരമുള്ള പിഴ കുറയ്ക്കുന്നതിനു വേണ്ടി സര്‍ക്കാര്‍തലത്തില്‍ ഇടപെടലുകള്‍ നടത്തിയാല്‍ സാധിക്കും എന്ന വ്യവസ്ഥ കൂടി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 29,650 കോടി രൂപ ആദ്യഘട്ട വിമാനതാവള നിര്‍മ്മാണത്തിന് ചിലവാകും എന്നാണ് കണ?ാക്കിയിരിക്കുന്നത്. 1334 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ജെവാര്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നാല് ടെര്‍മിനലുകള്‍, ആറ് റണ്‍വേകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലയ വിമാനതാവളമായി  ജെവാര്‍ ഇന്‍റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് മാറും എന്നാണ് കണക്കാക്കുന്നത്. ജെവാര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കുന്നതിലേക്ക് പുരോഗമിക്കുമ്പോള്‍, അത് രാജ്യത്തിന്‍റെ പുരോഗതിയുടെയും ഗതാഗത വിപ്ലവത്തിന്‍റേയും സാമ്പത്തിക അഭിവൃദ്ധിയുടെയും പ്രതീകമായി മാറാന്‍ ഒരുങ്ങുകയാണ്. തന്ത്രപരമായ ആസൂത്രണം, തുടര്‍ച്ചയായ വിപുലീകരണ സംരംഭങ്ങള്‍, അത്യാധുനിക സൗകര്യങ്ങളോടുള്ള പ്രതിബദ്ധത എന്നിവ ജെവാര്‍ വിമാനത്താവളത്തെ ആഗോള വ്യോമയാന ഘട്ടത്തിലെ ഒരു പ്രധാന കേന്ദ്രമാക്കും. എന്തായാലും കാലങ്ങളായി ജനങ്ങള്‍ കാത്തിരിക്കുന്ന എയര്‍പോര്‍ട്ട് 2025 ഏപ്രില്‍ മാസം പൂര്‍ത്തീകരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇത് പ്രദേശത്തിന് ഒരു പുതിയ യുഗത്തിന് തുടക്കമിടും.