പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2024 സെപ്തംബര്‍ 30 


വേള്‍ഡ് ഫുഡ് ഇന്ത്യ 2024

കേരളത്തില്‍  ഇപ്പോള്‍  വ്യവസായത്തിന് പറ്റിയ അന്തരീക്ഷമാണെന്ന്  നോര്‍ക്ക വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ഇന്‍റര്‍ നാഷണലിന്‍റെ ചെയര്‍മാനുമായ എം.എ. യൂസഫലി വേള്‍ഡ് ഫുഡ് ഇന്ത്യ 2024 പ്രദര്‍ശനത്തില്‍ കേരള പവിലിയന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ച് പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് സൂചികയില്‍ കേരളത്തിന്‍റെ നേട്ടം അതിന്‍റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബര്‍ 22 വരെ നടന്ന പ്രദര്‍ശനത്തില്‍ ഫോക്കസ് സ്റ്റേറ്റ് ആയിട്ടാണ് കേരളം പങ്കെടുത്തത്. കേരള ബ്യുറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍റെ  (കെബിപ്പ്) നേതൃത്വത്തില്‍ ഒരുക്കിയ കേരള പവലിയനില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ (എംഎസ്എംഇ) മേഖലയില്‍ നിന്നുമുള്ള 23 ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ് പങ്കെടുക്കുന്നത്. അതില്‍ 8 യൂണിറ്റുകള്‍ പിഎംഎഫ്എംഇ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. അരിപ്പൊടി, മസാലപ്പൊടി, തേങ്ങ അധിഷ്ഠിത ഉത്പന്നങ്ങള്‍, ചക്ക അധിഷ്ഠിത ഉത്പന്നങ്ങള്‍, വിവിധയിനം അച്ചാറുകള്‍, വെളിച്ചെണ്ണ, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, പൈനാപ്പിള്‍, വാഴപ്പഴം, പപ്പായ,നെല്ലിക്ക എന്നിവയുടെ സ്ക്വാഷുകളും അച്ചാറുകളും മറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും, ഫ്രൂട്ട് പള്‍പ്പും തേനും അടിസ്ഥാനമാക്കിയുള്ള രോഗപ്രതിരോധ ബൂസ്റ്ററുള്‍, പ്രത്യേകം സംസ്കരണം ചെയ്തെടുത്ത പഴങ്ങള്‍, പച്ചക്കറികള്‍, ചോക്ലേറ്റ് പാക്കിംഗ് കണ്ടെയ്നറുകള്‍, ഡ്രൈ ഫ്രൂട്ട്സ് പാക്കിംഗ് കണ്ടെയ്നറുകള്‍, കേക്ക് ബോക്സ്, കേക്ക് മിക്സുകള്‍, ഫില്ലിംഗുകള്‍ തുടങ്ങി വൈവിധ്യമേറിയതും കേരളത്തിന്‍റെ തനിമ വിളിച്ചോതുന്നതുമായ  ഉല്പന്നങ്ങളാണ്  പവിലിയനില്‍ ഉള്ളത്. വയനാടില്‍ നിന്നുള്ള സ്ത്രീ സംരംഭകരുടെ പവലിയനും, ഹാബിറ്റ്സ് ഇന്ത്യ എന്ന മലയാള യുവാക്കളുടെ സംരംഭത്തിന്‍റെ പവലിയനും കേരളത്തിന്‍റെ ശ്രദ്ധാ കേന്ദ്രങ്ങളായി. കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ 90 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തമുണ്ടായിരുന്നു. 

പന്തിയിലെ പക്ഷപാതം

കേന്ദ്രസര്‍ക്കാര്‍ സമീപകാലത്ത് കാര്യമായ പക്ഷപാതം കാണിക്കുന്നതായി വ്യാപക ആക്ഷേപമുണ്ട്. ബിജെപി ഭാഗത്തുള്ളവര്‍ക്ക് നിയമം കാറ്റില്‍ പറത്തി വഴിവിട്ട സഹായങ്ങള്‍ ചെയ്യുന്നത് ഇപ്പോള്‍ വലിയ സംസാര വിഷയമാണ്. ദേശീയ പദവി ലഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഓഫീസ് നല്‍കുക എന്നുള്ള സാമാന്യ മര്യാദ കാലങ്ങളായി ഉള്ളതാണ്. അത് നിയമപരവുമാണ്. എന്നാല്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷം ദേശീയ പദവിയുള്ള പാര്‍ട്ടികള്‍ക്ക് ഓഫീസ് നല്‍കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സുപ്രീം കോടതി ഇടപെട്ടിട്ടാണ് ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസ് അനുവദിച്ചത്. ആം ആദ്മി പാര്‍ട്ടിയുടെ ദേശിയ ണ്‍വീനര്‍ എന്ന നിലയില്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ ബംഗ്ലാവിന് അരവിന്ദ് കേജരിവാളിന് അര്‍ഹതയുണ്ട്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ബംഗ്ലാവ് വേണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. പാര്‍ലമെന്‍റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വട്ട അംഗങ്ങള്‍ക്ക് ഫ്ലാറ്റുകളാണ് അനുവദിക്കാറ്. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം ആദ്യവട്ട അംഗങ്ങള്‍ക്ക് പോലും ബംഗ്ലാവ് അനുവദിക്കുന്ന അപൂര്‍വ്വ നീക്കം ഉണ്ടായി എന്നുള്ളത് ലജ്ജാകരമാണ്. ബിജെപി അംഗമായിരിക്കണമെന്ന് മാത്രമാണ് ഇതിനുള്ള മാനദണ്ഡമായി കണക്കാക്കുന്നത്. കേരളത്തില്‍ നിന്ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ജയിച്ച ഏക പ്രതിനിധി കെ രാധാകൃഷ്ണന്‍ മുന്‍ സ്പീക്കറും മന്ത്രിയുമായിരുന്നു. അദ്ദേഹത്തിന് ഒരു ബംഗ്ലാവാണ് നിയമപ്രകാരം ലഭിക്കേണ്ടത്. എന്നാല്‍ പുതുമുഖം എന്നുള്ള നിലയില്‍ ഉള്ള ഫ്ലാറ്റാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത് എന്നുള്ളത് പ്രതിഷേധാര്‍ഹമാണ്. ബലാല്‍സംഗ കുറ്റാരോപിതനായ ബ്രിഡ്ജ് ഭൂഷന്‍റെ മകന്‍ ആദ്യമായി ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്‍റ് അംഗമായി എത്തിയപ്പോള്‍ നല്‍കിയത് ബംഗ്ലാവാണ് എന്നുള്ളതും ഞെട്ടിക്കുന്നതാണ്. സ്പീക്കറുടെ ഒരു അടുപ്പക്കാരനായ ആദ്യവട്ട അംഗത്തിന് പ്രത്യേക ശുപാര്‍ശപ്രകാരം ബംഗ്ലാവാണ് നല്‍കിയത്. കോടീശ്വരനായ ചില പ്രതിപക്ഷ പാര്‍ട്ടിയിലെ ആദ്യവട്ട അംഗങ്ങള്‍ക്ക് ബംഗ്ലാവ് അനുവധിച്ചിട്ടുണ്ട് എന്നതും പറയണമല്ലോ... കാലങ്ങളായി തുടര്‍ന്നുവരുന്ന നിയമപരമായ മാമൂലുകള്‍ പോലും കാറ്റില്‍ പറത്തിയുള്ള തേര്‍വാഴ്ചയെക്കെതിരെ ശക്തമായ പ്രതിഷേധമാണ് എല്ലാ പാര്‍ട്ടികളിലും ഉള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്‍റ് അംഗങ്ങളുടെ പേരില്‍ നല്‍കപ്പെടുന്ന മുറികളിലാണ് സാധാരണഗതിയില്‍ പാര്‍ട്ടി നേതാക്കളും ഓഫീസുകളും പ്രവര്‍ത്തിച്ചു വരുന്നത്. ഇതിന്‍റെയെല്ലാം പ്രത്യാഘാതമായി 40 വര്‍ഷത്തോളം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിന്‍റെ മുഖപത്രമായ ദേശാഭിമാനി പത്രം വിപി ഹൗസിലെ 215 റൂമിലാണ് പ്രവര്‍ത്തിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ വി.പി ഹൗസിലെ 215 ലെ ഓഫീസ് ഒഴിഞ്ഞ് സുര്‍ജിത്ത് ഭവനിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. 

ഡല്‍ഹിക്ക് പുതിയ മുഖ്യമന്ത്രി 

ഡല്‍ഹിയിലെ ജനങ്ങള്‍ ക്ലീന്‍ ചീട്ട് തരുന്നത് വരെ താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അരവിന്ദ് കേജരിവാളിന്‍റെ രാഷ്ട്രീയ തന്ത്രം പ്രതിപക്ഷത്തെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. സത്യത്തിന്‍റെ വിജയത്തിനായുള്ള തിരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളതെന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്. മദ്യനയ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷമാണ് കേജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. കേന്ദ്ര സര്‍ക്കാരും ബിജെപിയും ഇവര്‍ക്ക് കീഴിലെ എല്ലാ ഏജന്‍സികളും ഉപയോഗിച്ച് ആം ആദ്മി നേതാക്കളെ വേട്ടയാടുകയും തെറ്റുകാരനാക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നുള്ള പ്രതീതി ജനങ്ങളെ കൊണ്ട് തിരിച്ചറിയിക്കുന്ന പ്രവര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഏറെ പരിചിതയായ അതിഷിയാണ് അരവിന്ദ് കേജരിവാളിന് പകരം മുഖ്യമന്ത്രിയായി എത്തിയിരിക്കുന്നത്. ഇത് ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ രീതിയിലുള്ള തിളക്കം ഉണ്ടാക്കും എന്നാണ് രാഷ്ട്രീയപരമായ വിലയിരുത്തല്‍. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദവിയില്‍ എത്തുന്ന മൂന്നാമത്തെ വനിതയാവും 43 കാരിയായ അതിഷി. കോണ്‍ഗ്രസിന്‍റെ ഷീലാ ദീക്ഷിത്, ബിജെപിയുടെ സുഷമ്മാ സ്വരാജ് എന്നിവരാണ് മുന്‍പ് ഈ പദവിയില്‍ എത്തിയിട്ടുള്ളത്. ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും അതിഷി. കേജരിവാളിനെ തിരികെ മുഖ്യമന്ത്രി പദവിയില്‍ എത്തിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രിയായി അതിഷിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇങ്ങനെ എഴുതി: കേജരിവാള്‍ എന്നെ വിശ്വസിച്ചു. എംഎല്‍എ ആക്കി. പിന്നീട് മന്ത്രിയാക്കി. ഇപ്പോഴാ മുഖ്യമന്ത്രിയാക്കി. അതിഷി ഇങ്ങനെ പറയുമ്പോള്‍ അതില്‍ രാഷ്ട്രീയമുണ്ട്. കൃത്യമായ രാഷ്ട്രീയ നിലപാടുകളുണ്ട്. 

ബുള്‍ഡോസര്‍ രാജിന് ബ്രേക്കിട്ടു

മുസ്ലീം വിഭാഗത്തില്‍പെട്ട വ്യക്തികളെ ഉന്നം വെച്ച് ക്രിമിനല്‍ കേസുകളില്‍ പെടുത്തുകയും, അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിര്‍ത്തുകയും ചെയ്യുന്ന ഭരണഘടന വിരുദ്ധമായ നടപടികള്‍ ഉത്തര്‍പ്രദേശിലും മറ്റു പല സംസ്ഥാനങ്ങളിലുമായി തുടര്‍ച്ചയായി നടന്നുവരികയായിരുന്നു. നീതി നടപ്പാക്കാന്‍ എന്ന പേരിലുള്ള ബുള്‍ഡോസര്‍ പ്രയോഗം രാജ്യത്തെങ്ങും നടപ്പാക്കുന്നത് മരവിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത് ഏറെ ശ്രദ്ധേയമായി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ജസ്റ്റിസ്മാരായ ബി. ആര്‍. ഗവായി, കെ വി വീശാനാഥന്‍ എന്നിവരുടെ ബെഞ്ചിന്‍റെ ഉത്തരവ് ഉണ്ടായത്. രണ്ടാഴ്ച പൊളിക്കല്‍ നിര്‍ത്തിവച്ചാല്‍ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് ജസ്റ്റിസ് ഗവായി പറഞ്ഞു. വ്യാപകമായി പുളിക്കല്‍ നിര്‍ത്തിവയ്ക്കണം ആവശ്യപ്പെടാന്‍ ആവില്ലെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്‍റെ സോളിസിറ്റര്‍ ജനറല്‍ തടസവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സവിശേഷ അധികാരമുപയോഗിച്ചാണ് ഉത്തരവ് ഇറക്കുന്നത് എന്ന് ജസ്റ്റിസ് ഗവായി വ്യക്തമാക്കുകയും ഉണ്ടായി. പൊതുസ്ഥലങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കല്‍, അനധിക്യത കെട്ടിട നിര്‍മ്മാണം ഒഴികെയുള്ള എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെയാണ് ഉത്തരവ്. ബുള്‍ഡോസര്‍ നടപടി തുടരും എന്നും അതൊക്കെ സ്റ്റിയറിംഗ് ആരുടെ കയ്യിലാണെന്ന് ആശ്രയിച്ചിരിക്കുമെന്നന്നും ഉത്തര്‍പ്രദേശ് മന്ത്രി എ കെ ശര്‍മ്മ പറഞ്ഞത് വിവാദമായി. സുപ്രീംകോടതി ഉത്തരവിനെതിരെ മന്ത്രി പറഞ്ഞ അഭിപ്രായം ഞെട്ടിച്ചിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവനയില്‍ സുപ്രീംകോടതി അതൃപ്തിയും അറിയിച്ചിട്ടുണ്ട്.  നിയമവിരുദ്ധമായി ഇടിച്ചു നിരത്തല്‍ ഒറ്റത്തവണ മാത്രമാണ് സംഭവിക്കുന്നതെങ്കില്‍ പോലും അത് ഭരണഘടനയുടെ ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്നാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്. മുസ്ലിം സമുദായത്തെ ലക്ഷ്യംവെട്ട് വീടുകള്‍ പൊളിക്കുന്നതിനെതിരെ ജാമിയത്ത് ഉലമ, ഐഹിന്ദ് എന്നീ സംഘടനകളും വീടുകള്‍ തകര്‍ക്കപ്പെട്ട രാജസ്ഥാനിലെ റാഷിദ് ഖാനും, മധ്യപ്രദേശിലെ മുഹമ്മദ് ഹുസൈനും നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ഒരുമിച്ചാണ് പരിഗണിച്ചത്.