ജന്‍മശതാബ്ദിയിലെ കേരളവര്‍മ്മയെ ഓര്‍ക്കുമ്പോള്‍...

 ജന്‍മശതാബ്ദിയിലെ കേരളവര്‍മ്മയെ ഓര്‍ക്കുമ്പോള്‍...

വിജയ് ചൗക്ക്

സുധീര്‍നാഥ് 


കാര്‍ട്ടൂണിസ്റ്റ് കേരള വര്‍മ്മയുടെ ജന്‍മശതാബ്ദിയാണ് ഇന്ന്. കേരളവര്‍മ്മ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ നിന്ന് ത്യപ്പൂണിത്തുറ കൊട്ടാരത്തിലേയ്ക്ക് വേളി കഴിച്ച് വന്ന് ഡല്‍ഹിയില്‍ ശങ്കറിന്‍റെ ശിക്ഷണത്തില്‍ കാര്‍ട്ടൂണ്‍ രംഗത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ്. വലിയകോയിത്തമ്പുരാന്‍റേയും, എ ആര്‍ രാജരാജ വര്‍മ്മയുടേയും പിന്‍തലമുറക്കാരന്‍ കൂടിയാണ് കേരളവര്‍മ്മ. അദ്ദേഹം പക്ഷെ കാര്‍ട്ടൂണ്‍ രംഗത്താണ് തിളങ്ങിയത്. ഹരിപ്പാട് എം വാസുദേവന്‍ നമ്പൂതിരിയുടെയും പൂയംനാള്‍ അംബാലികാ തമ്പുരാട്ടിയുടെയും മകനായി 1924 സെപ്റ്റംബര്‍ 22 ആം തീയതിയാണ് കേരളവര്‍മ്മ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തില്‍ ജനിക്കുന്നത്. 

മുംബയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച കേരളവര്‍മ്മയ്ക്ക് കാര്‍ട്ടൂണിനോടായിരുന്നു കൂടുതല്‍ താത്പര്യം. രണ്ട് വര്‍ഷം ബാങ്കില്‍ ജോലി ചെയ്തശേഷം അത് ഉപേക്ഷിച്ച് മുഴുവന്‍ സമയ കാര്‍ട്ടൂണിസ്റ്റായി. ഇടത്പക്ഷത്തോടായിരുന്നു കേരളവര്‍മ്മയ്ക്ക് കൂടുതല്‍ ആഭിമുഖ്യം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചതോടെ എല്ലാ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളും വിലക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുണ്ടായിരുന്ന കേരളവര്‍മ്മ സിപിഐ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയ ക്രോസ് റോഡില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനൗദ്യോഗിക മുഖപത്രമായി ക്രോസ് റോഡിനെ പരിഗണിച്ചിരുന്നു. പ്രശസ്തനായ റൊമേഷ് താപ്പറായിരുന്നു ക്രോസ് റോഡിന്‍റെ പത്രാധിപര്‍. മറ്റ് കമ്മ്യൂണിസ്റ്റ് ആശയമുള്ള പ്രസിദ്ധീകരണങ്ങളിലും ഒട്ടേറെ കാര്‍ട്ടൂണുകള്‍ അദ്ദേഹം വരച്ചിട്ടുണ്ട്. കൂടാതെ മറ്റ് പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണ്‍ വരച്ചു. 

ബോംബയില്‍ ബ്ലിറ്റ്സിലും മറ്റും കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന കാര്‍ട്ടൂണിസ്റ്റ് കേരളവര്‍മ്മയെ 1953ല്‍ ശങ്കര്‍ ക്ഷണിച്ചു വരുത്തി ശങ്കേഴ്സ് വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റാക്കി. മുംബയില്‍ നിന്ന് അങ്ങിനെ കേരളവര്‍മ്മ ഡല്‍ഹിയിലെത്തി. ശങ്കറിന്‍റെ കാര്‍ക്കശ്യം നിറഞ്ഞ അദ്ധ്യാപകനെ പോലെയുള്ള പെരുമാറ്റത്തില്‍ അത്യപ്തി തോന്നിയിട്ട് 1960ല്‍ ശങ്കേഴ്സ് വീക്കിലിയില്‍ നിന്ന് രാജിവെച്ചു. പക്ഷെ ശങ്കറുമായുള്ള ഹ്യദയ ബന്ധം പിന്നീടും തുടര്‍ന്നിരുന്നു.

1962ല്‍ ഇന്ത്യ ചൈന യുദ്ധകാലത്ത് കേരളവര്‍മ്മ രണ്ട് കമ്മ്യൂണിസ്റ്റ് ആശയങ്ങളുള്ള രാജ്യങ്ങള്‍ തമ്മിലുള്ള ആശയ സംഘര്‍ഷത്തില്‍ നിരാശനായി. ഈസ്റ്റേണ്‍ എക്കണോമിക്സില്‍ കാര്‍ട്ടൂണിസ്റ്റായി പോകുന്നത് ഈ സമയത്താണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധ കാര്‍ട്ടൂണുകള്‍ വരെ അന്ന് കേരളവര്‍മ്മ വരയ്ക്കുകയുണ്ടായി. ഈസ്റ്റേണ്‍ എക്കണോമിസ്റ്റില്‍ കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നപ്പോഴാണ് കേരളവര്‍മ്മ എന്നുള്ള പേരില്‍നിന്ന് കേവി എന്ന ചുരുക്കപ്പേരിലേക്ക് അദ്ദേഹം മാറിയത്.  ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്സ്പ്രസ്സ്, ഈസ്റ്റേണ്‍ എക്കണോമിക്സ്, ശങ്കേഴ്സ് വീക്കിലി തുടങ്ങി എത്രയോ പ്രസിദ്ധീകരണങ്ങളില്‍ കേരള വര്‍മ്മയുടെ രചനകള്‍ വന്നിരിക്കുന്നു. ഡല്‍ഹിയില്‍ നടന്ന പല സമരങ്ങളിലും കേരളവര്‍മ്മ തയ്യാറാക്കിയ കാര്‍ട്ടൂണ്‍ പോസ്റ്ററുകള്‍ പതിവായിരുന്നു. 

അടിയന്തിരാവസ്ഥ കാലത്ത് ഡല്‍ഹിയിലെ ചുമരുകളില്‍ ഒരു വിവാദ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലം. പ്രൈം മിനിസ്റ്റര്‍ ഹാസ് പ്രോസ്റ്റിറ്റ്യൂട്ടഡ് ഹേര്‍ സെല്‍ഫ് ആന്‍റ് ദി നേഷന്‍ എന്നായിരുന്നു പോസ്റ്ററിലെ വരികള്‍. കാര്‍ട്ടൂണോ, ചിത്രമോ പോസ്റ്ററില്‍ ഉണ്ടായിരുന്നില്ല. ഇത് സംഭവിക്കുന്ന കാലത്ത് തന്നെയാണ് കേരളവര്‍മ്മ, ഡാങ്കേയും മറ്റും കളിയാക്കി പോസ്റ്റര്‍ തയ്യാക്കിയിരുന്നു. കാര്‍ട്ടൂണുകളോടെ വരച്ച പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപെടുകയും കേരളവര്‍മ്മ നോട്ടപ്പുള്ളിയാകുകയും ഉണ്ടായി. വിവാദ പോസ്റ്റര്‍ കേരളവര്‍മ്മയാണ്െ തയ്യാറാക്കിയത് എന്ന് തെറ്റിദ്ധരിച്ച് പോലീസ് അറസ്റ്റ് ചെയ്ത് തീഹാര്‍ ജയിലിലാക്കി. പോലീസ്, അറസ്റ്റ്, ജയില്‍ എന്നീ കാര്യങ്ങള്‍ കേരളവര്‍മ്മയെ ഭയപ്പെടുത്തുന്നതായിരുന്നു. എന്തായാലും കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരി അടക്കമുള്ള പത്രപ്രവര്‍ത്തകര്‍ കേരളവര്‍മ്മ നിരപരാധിയാണെന്ന് തെളിയിച്ച് ജയില്‍ മോചിതനാക്കി. പക്ഷെ മൂന്ന് ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. 

വളരെ രസകരമായ മറ്റൊരു സംഭവം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഡി വിജയമോഹനും കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയും പങ്കുവെച്ചത് ഓര്‍ക്കുകയാണ്. ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കില്‍ എന്‍ ബ്ലോക്കില്‍ ഒരു കെട്ടിടത്തിലായിരുന്നു കേരളവര്‍മ്മയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. അതേ കെട്ടിടത്തില്‍ തന്നെയാണ് കാര്‍ട്ടൂണിസ്റ്റ് ഒ വി വിജയനും കുടുംബവും വാടകയ്ക്ക് താമസിച്ചത്. അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ഒരു വടക്കേ ഇന്ത്യക്കാരന്‍റേതായിരുന്നു കെട്ടിടം. ഒരിക്കല്‍ അയാള്‍ അവധിക്കു വന്നപ്പോള്‍ തന്‍റെ കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്നവരെയെല്ലം വിളിച്ചുവരുത്തി പറഞ്ഞു. ഓരോരുത്തര്‍ക്കും കഴിവുനനുസരിച്ച് മാന്യമായ പണം തരുകയാണെങ്കില്‍ നിങ്ങള്‍ താമസിക്കുന്ന ഫ്ളാറ്റുകള്‍ എഴുതി നല്‍കാം. കാര്‍ട്ടൂണിസ്റ്റ് ഒ വി വിജയന്‍ ഒഴിഞ്ഞുമാറി. കേരളവര്‍മ്മയും തന്നാല്‍ കഴിയുന്ന രീതിയില്‍ ഒരു തുക ഏല്‍പ്പിച്ച് ഡല്‍ഹിയില്‍ സ്വന്തമായ ഒരു താമസസ്ഥലം സ്വന്തമാക്കി.

അടിയന്തിരാവസ്ഥ കാലത്തെ അനുഭവങ്ങളും, രാഷ്ട്രീയവും മടുത്ത അദ്ദേഹം രാഷ്ട്രീയ കാര്‍ട്ടൂണ്‍ രചന പൂര്‍ണ്ണമായി ഉപേക്ഷിച്ചു. സാമൂഹ്യ കാര്‍ട്ടൂണുകളിലേയ്ക്ക് കൂടുതല്‍ ശ്രദ്ധചെലുത്തി. ഒടുവില്‍ കാര്‍ട്ടൂണ്‍ രചന തന്നെ പൂര്‍ണ്ണമായി ഉപേക്ഷിച്ചാണ് ത്യപ്പൂണിത്തുറയില്‍ അദ്ദേഹം എത്തിയത് എന്ന് പറഞ്ഞിരുന്നു. പക്ഷെ പലപ്പോഴും അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ച് തന്നത് ഓര്‍ക്കുന്നു. പ്രൊഫസര്‍ കെ വി തോമസുമായി ചേര്‍ന്ന്  എന്‍റെ ലീഡര്‍ എന്ന പുസ്തകം തയ്യാറാക്കിയപ്പോള്‍ അദ്ദേഹം കെ കരുണാകരനെ കഥാപാത്രമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ച് അയച്ച് തന്നു. ഒപ്പം വെച്ച കുറിപ്പില്‍ ഇങ്ങനെ എഴുതി. വര നിര്‍ത്തിയിട്ട് കാലം കുറേ ആയിരിക്കുന്നു. ശരിയായോ എന്നറിയില്ല. പ്രസിദ്ധീകരിക്കാന്‍ പറ്റിയതാണെങ്കില്‍ മാത്രം ഇത് ഉപയോഗിക്കൂ... വിനയമായിരുന്നു കേരളവര്‍മ്മ സാറിന്‍റെ മുഖമുദ്ര. വാക്കിലും, പ്രവര്‍ത്തിയിലും, വരയിലും...

ഉയരം തീരെ കുറഞ്ഞ അദ്ദേഹം ഡല്‍ഹിയിലെ കാര്‍ട്ടൂണ്‍ രംഗം വിട്ട് കേരളത്തില്‍ ത്യപ്പൂണിത്തുറയില്‍ വിശ്രമ ജീവിതം നയിക്കുന്ന സമയത്താണ് 1989തില്‍ ആദ്യമായി ലേഖകന്‍ കാണുന്നത്. കാര്‍ട്ടൂണ്‍ വിട്ട് കഥകളി സംഗീത പഠനം തുടങ്ങിയ അദ്ദേഹം പകര്‍ന്നു തന്ന കാര്‍ട്ടൂണ്‍ അനുഭവങ്ങള്‍ ഈ രംഗത്തെ പാഠങ്ങളായിരുന്നു. കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട എത്രയോ കാര്യങ്ങള്‍ അദ്ദേഹം പകര്‍ന്നു തന്നു. പഴയ തന്‍റെ കാര്‍ട്ടൂണ്‍ അനുഭവങ്ങള്‍ എത്രയോ പങ്കുവെച്ചിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ കാര്‍ട്ടൂണ്‍ രംഗത്ത് നെഹ്റുവിന്‍റെയും, ഇന്ദിര ഗാന്ധിയുടെയും കാലഘട്ടത്തില്‍ കാര്‍ട്ടൂണ്‍ രംഗത്ത് തിളങ്ങി നിന്ന മലയാളി കാര്‍ട്ടൂണിസ്റ്റായിരുന്നു കേരളവര്‍മ്മ. അവരോടൊക്കെ വ്യക്തി ബന്ധം പോലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ശക്തമായ കാര്‍ട്ടൂണുകളിലൂടെ ഒട്ടേറെ വിവാദങ്ങള്‍ക്കും അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ കാരണമായിട്ടുണ്ട്. 


കലാമണ്ഡലം ഗോപാലകൃഷ്ണന്‍റെ കീഴിലായിരുന്നു കേരളവര്‍മ്മ കഥകളി സംഗീതം അഭ്യസിച്ചിരുന്നത്. എഴുപതാം വയസില്‍ കല്യാണസൗഗന്ധികം കഥകളിക്ക് വേണ്ടി പദം പാടി അരങ്ങേറ്റവും നടത്തി. അന്ന് വനിതാ കഥകളി സംഘത്തിലെ ഗീതാ വര്‍മ്മ ആയിരുന്നു ഭീമനായി രംഗത്തുണ്ടായിരുന്നത്. ഫാക്ട് പത്മനാഭന്‍ ഹനുമാനുമായും വേഷമിട്ടിരുന്നു. സാധാരണഗതിയില്‍ തുടക്കക്കാര്‍ക്ക് ആലപിക്കാന്‍ ബുദ്ധിമുട്ടുള്ള കല്യാണസൗഗന്ധികത്തിലെ വരികള്‍ അതിമനോഹരമായി കേരളവര്‍മ്മ അവതരിപ്പിച്ചത് അത്ഭുതത്തോടെ കൂടിയാണ് അന്ന് ഭീമന്‍റെ വേഷം കിട്ടിയ ഗീത വര്‍മ്മ ഓര്‍ക്കുന്നത്. 

ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്നെങ്കിലും, കാര്‍ട്ടൂണ്‍ കൂട്ടായ്മയില്‍ അദ്ദേഹം സ്ഥിരമായി എത്തുമായിരുന്നു. ത്യപ്പൂണിത്തുറയില്‍ നിന്ന് ടാക്സി പിടിച്ച് കേരള കാര്‍ട്ടൂണ്‍ അക്കാദമി വേദിയില്‍ എത്തുന്ന കേരളവര്‍മ്മയുമായി എത്രയോ നേരം സംസാരിച്ചിരുന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനൗദ്യോഗിക മുഖപത്രമായ ക്രോസ് റോഡ്, ഇന്ത്യന്‍ ലിസണര്‍, ശങ്കേഴ്സ് വീക്കിലി, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്സ്പ്രസ്, ഈസ്റ്റേണ്‍ ഇക്കോണമിസ്റ്റ്, തോട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ച അദ്ദേഹം പ്രായമായപ്പോള്‍ വര നിര്‍ത്തി. തൃപ്പൂണിത്തുറ പത്മാലയത്തില്‍ ഭാര്യ പത്മാവതി തമ്പുരാന്‍റെ കൂടെ വിശ്രമ ജീവിതം നയിക്കവെ 2010 ജൂലൈ 23ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ അന്തരിച്ചു.