പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ് 


നാടകങ്ങളുടെ നാടാണ് ഡല്‍ഹി

നാടക ചരിത്രത്തില്‍ ഡല്‍ഹിക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട് എന്നതിന് എതിരഭിപ്രായം ഉണ്ടാകില്ല. ഇന്ന് രാജ്യത്തെ പ്രധാന അഭിനേതാക്കളില്‍ മിക്കവരും അവരുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് ഡല്‍ഹിയില്‍ നിന്നാണ് എന്ന് കാണാം. ഡല്‍ഹിയുടെ സാംസ്കാരിക കാലാവസ്ഥ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച പലരെയും രാജ്യത്തെ പ്രശസ്തരായ അഭിനേതാക്കളാക്കി മാറ്റിയിട്ടുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ ഡല്‍ഹിയിലെ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സവിശേഷത തന്നെയുണ്ട്. ഡല്‍ഹി എല്ലാ ഭാഷകളിലെ നാടകങ്ങള്‍ക്കും എപ്പോഴും സ്വാഗതം ഓതിയിട്ടുണ്ട്. മലയാള നാടകവേദിക്ക് ഡല്‍ഹി വലിയ സംഭാവന നല്‍കിയിട്ടുണ്ട് എന്നുള്ളത് എതിര്‍ക്കപ്പെടേണ്ട ഒന്നല്ല. അതിന്‍റെ ലക്ഷണമൊത്ത പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനസംസ്കൃതിയുടെ സഫ്ദര്‍ നാടകോത്സവം, വൃക്ഷ് ദി തീയറ്ററിന്‍റെ മൈക്രോ ഡ്രാമ ഫെസ്റ്റിവല്‍ തുടങ്ങിയവ ഡല്‍ഹിയിലാണ് നടക്കുന്നത് എന്നതില്‍ മലയാളിക്ക് അഭിമാനിക്കാം. തെരുവ് നാടകത്തിലൂടെ സാധാരണക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടിയ ധീര രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയുടെ ദീപ്ത സ്മരണയില്‍  ജനസംസ്കൃതി സംഘടിപ്പിക്കുന്ന സഫ്ദര്‍ ഹാഷ്മി നാടകോത്സവം 33 വര്‍ഷത്തിന്‍റെ നിറവില്‍ എത്തി നില്‍ക്കയാണ്. ആഗസ്ത് 11 ന് ഗ്രേറ്റര്‍ കൈലാഷിലുള്ള ആര്യ  ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ രാത്രി വരെ നീണ്ട നാടകോത്സവത്തില്‍ പത്ത് നാടകങ്ങള്‍ ഉണ്ടായിരുന്നു. ജനസംസ്കൃതി ദ്വാരക ബ്രാഞ്ച് അവതരിപ്പിച്ച ഉണ്ണിമായ കരയുന്നു എന്ന നാടകത്തോടെയാണ് നാടകോത്സവം തുടങ്ങിയത്.   കുമാരി (നോര്‍ത്ത് അവന്യു ഗോള്‍ മാര്‍ക്കറ്റ് ), പൂതപ്പാനി (ഷാലിമാര്‍ ഗാര്‍ഡന്‍), നഖബ (മയൂര്‍ വിഹാര്‍ ഫെയസ് 3), ബോല്‍ ഇന്ത്യ (രോഹിണി), സബര്‍മതി ദൂരെയാണ് (എ.വി നഗര്‍  & ഗൗതം നഗര്‍), ഞങ്ങള്‍ക്ക് ഒരു അടുക്കള ഉണ്ടായിരുന്നു (ബദര്‍പൂര്‍), ഒരു ദേശം നുണ പറയുന്നു (ജനസംസ്കൃതി മെഹ്റോളി), അനശ്വരനായ എസ്തപ്പാന്‍ (വൈശാലി ഇന്ദിരാപുരം ), മിസ്സൈല്‍ (ആര്‍. കെ പുരം) എന്നീ പത്ത് നാടകങ്ങളാണ് അവതരിക്കപ്പെട്ടത്. ഇതില്‍ വൈശാലി ഇന്ദിരാപുരം അവതരിപ്പിച്ച അനശ്വരനായ എസ്തപ്പാന്‍ മികച്ച നാടകമായി തിരഞ്ഞെടുത്തു. നാടക ലോകത്ത് ആധുനികതയുടെ വിരലടയാളം പതിപ്പിച്ച 10 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകങ്ങളുടെ നാടകോത്സവത്തിന്  മലയാളികളാണ് നേത്യത്ത്വം നല്‍കുന്നത്. തെപ്സിസ് എന്ന കുഞ്ഞ് നാടകങ്ങളുടെ നാടകോത്സവം യു പി എസ് സി പരീക്ഷയുടെ ചോദ്യപേപ്പറില്‍ ഇടം നേടി എന്നുള്ളത് തന്നെ ഈ നാടകോത്സവത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു. വൃക്ഷ് ദി തിയേറ്റര്‍ എന്ന മലയാളി നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ മലയാളികളല്ലാത്ത ഒട്ടേറെ പേര്‍ ഉണ്ട്. തെപ്സിസിന്‍റെ മൂന്നാമത് പതിപ്പാണ് ഒരുങ്ങുന്നത്. രാജ്യത്തിന്‍റെ അകത്തും പുറത്തും നിന്നുള്ള നാടക സംഘങ്ങള്‍ ഈ 10 മിനിറ്റ് നാടകത്തിന്‍റെ മത്സരത്തില്‍ എത്തുന്നുണ്ട്. അങ്ങനെ ഡല്‍ഹിയിലെ നാടക രംഗത്ത് മലയാളികള്‍ക്ക് വിശേഷമായ പങ്കുണ്ട് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. 

ആനകള്‍ ഇല്ലാതെ, അമ്പാരി ഇല്ലാതെ...

ആനകള്‍ ഇല്ലാതെ

അമ്പാരി ഇല്ലാതെ

ആറാട്ട് നടക്കാറുണ്ടിവിടെ ...

പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി യേശുദാസ് പാടിയ പാട്ടിലെ വരികളാണ്... പക്ഷെ... ഇപ്പോള്‍ കേരളത്തിലും ക്ഷേത്ര ആറാട്ടിന് ആനകള്‍ ഉണ്ടാകില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. ആന ഇല്ലാതെ ആറാട്ടും നടക്കും എന്നാണ് കേള്‍ക്കുന്നത്. കേരളത്തില്‍ ചില ക്ഷേത്രങ്ങള്‍ ചക്രം പിടിപ്പിച്ച വലിയ ആനരൂപങ്ങള്‍ സ്വന്തമാക്കിയത് വാര്‍ത്തകളിലുണ്ടായിരുന്നു. എത്രയോ നാള്‍ മുന്‍പ് വടക്കേ ഇന്ത്യയില്‍ വ്യാപകമായി ക്ഷേത്രങ്ങളിലെ ആറാട്ടുകള്‍ക്ക് ആനകള്‍ ഉണ്ടാകാറില്ല. പകരം കുതിരയും, കുതിര വണ്ടിയുമാണ് ഉള്ളത്. ഡല്‍ഹിയിലെ മലയാളികളുടെ ക്ഷേത്രത്തില്‍ പള്ളിവേട്ടയിലും, ആറാട്ടിലും കുതിര വണ്ടിയാണ് ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്നത്. ആനകളെ കിട്ടാനുള്ള പ്രയാസം. സര്‍ക്കാരിന്‍റെ അനുമതി എന്ന കടമ കടക്കുവാനുള്ള പ്രയാസം. എല്ലാം കണക്കിലെടുത്താണ് പള്ളി വേട്ടെയ്ക്കും, ആറാട്ടിനും കുതിര വണ്ടി തയ്യാറാക്കിയതെന്നാണ് ഭാരവാഹികള്‍ പറയുന്നത്. പുതിയ വന്യ മ്യഗ സംരക്ഷണ നിയമ പ്രകാരം ആനകളെ പരിപാലിക്കുന്നതിനും വളര്‍ത്തുന്നതിനും, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിലും കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെുത്തിയിരിക്കുന്നത്. ആറാട്ടിന് ആനകള്‍ ഇല്ലാതെ നടക്കില്ല എന്ന് വിശ്വസിച്ചിരുന്ന കാലത്ത് ബിച്ചു തിരുമല എഴുതിയ വരികള്‍ ഇപ്പോള്‍ പ്രാവര്‍ത്തികമായി. വടക്കേ ഇന്ത്യയില്‍ മാത്രമല്ല, കേരളത്തിലും...

ആനകള്‍ ഇല്ലാതെ

അമ്പാരി ഇല്ലാതെ

ആറാട്ട് നടക്കാറുണ്ടിവിടെ... 

അബ് കാശി മഥുര ബാക്കി ഹേ...!!!

ഭഗവാന്‍ ശ്രീക്യഷ്ണന്‍റെ ജന്‍മസ്ഥലം മഥുരയാണെന്ന് വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഈദ്ഖാ പള്ളിയുടെ ചുമരിനോട് ചേര്‍ന്നാണ് ക്യഷ്ണന്‍റെ ജന്‍മമെന്ന വിശ്വാസത്തില്‍ അവിടെ ഒരു അമ്പലവും പണിതിട്ടുണ്ട്. 1992 ഡിസംബര്‍ 6ന് അയോധ്യയില്‍ കര്‍സേവ നടന്നപ്പോള്‍ ഉയര്‍ന്ന ഒരു മുദ്രാവാക്യം ഉണ്ട്. ڇയേ തോ സിര്‍ഫ് ജാന്‍കി ഹേ, അബ് കാശി മഥുര ബാക്കി ഹേ ڇ അതായത് ഇപ്പോള്‍ അയോധ്യയില്‍ നടന്നത് ഒരു സൂചന മാത്രമാണെന്നും, കാശിയിലും മഥുരയിലും ബാക്കി ഉണ്ടെന്നാണ് മുദ്രാവാക്യം. ഈ മുദ്രാവാക്യം ബജ്രഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ വിളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മധുരയില്‍ ശ്രീക്യഷ്ണ ജന്‍മസ്ഥലം എന്ന് വിശ്വസിക്കിക്കുന്നതിന് ചേര്‍ന്നുള്ള ഈദ്ഖാ പള്ളിയും സംഘര്‍ഷ ഭൂമിയാണ്. അതും പൊളിക്കുമെന്നാണ് ഭീഷണി. രണ്ടിടങ്ങളിലായ കാശിയിലും, മഥുരയിലും ശക്തമായ പോലീസ് വിന്ന്യാസം ഇപ്പോഴുണ്ട്. അയോധ്യയിലും പോലീസ് വിന്ന്യാസം ഉണ്ടായപ്പോഴാണ് ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടത്. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ചുരുക്കി പറയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിലെ ഗ്യാന്‍വാപി മുസ്ലീം പള്ളി തകര്‍ക്കപെടുവാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട് എന്ന് വേണം മനസിലാക്കാന്‍. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്യാന്‍വാപി പള്ളി പൊളിക്കണമെന്ന് ഹിന്ദു സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. അങ്ങനെ സംഭവിച്ചാല്‍ ബിജെപിക്ക് രാജ്യത്തെ ഹിന്ദുക്കളുടെ വോട്ട് വന്‍ തോതില്‍ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. അയോധ്യ പോലെ തന്നെയാണ് കാശിയും, മഥുരയും. മൂന്നിടത്തും ക്ഷേത്രവും പള്ളിയും ചേര്‍ന്നാണ് നിലനില്‍ക്കുന്നത്. അയോധ്യയില്‍ പള്ളി പൊളിച്ച് ക്ഷേത്രം പണിത് കഴിഞ്ഞപ്പോള്‍ അവിടെ ബിജെപി തോറ്റതാണ് നമ്മള്‍ കണ്ടത്. ജനാധിപത്യമതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജനം ഹിന്ദുക്കള്‍ പോലും അനുകൂലിക്കുന്നില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അയോധ്യയിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലം. പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷത്തിനാണ് സര്‍ക്കാരുള്ളത് എന്നത് പോലും നോകാതെ പഴയ മുദ്രാവാക്യം അടുത്തിടെ പൊടി തട്ടി എടുത്തിട്ടുണ്ട്. ڇയേ തോ സിര്‍ഫ് ജാന്‍കി ഹേ, അബ് കാശി മഥുര ബാക്കി ഹേ ڇ  ഇത് ഇന്ത്യന്‍ മതേതര വിശ്വാസികളുടെ മനസിലെ കനലായി വര്‍ഷങ്ങളായി എരിയുകയാണ്. വര്‍ഷങ്ങളായി ഉയരുന്ന മുദ്രാവാക്യം ഞെട്ടലോടെ കാതുകളില്‍ മുഴങ്ങുന്നു. 

ഇഡ്ഡലിക്ക് അംഗീകാരം കിട്ടി 

ഇഡ്ഡലി ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പ്രഭാത ഭക്ഷണമായി മലയാളികള്‍ കരുതുന്ന ഇഡ്ഡലിയല്ല ഇവിടുത്തെ ചര്‍ച്ചാ വിഷയം. ഭൂമാഫിയയ്ക്കും അഴിമതിക്കാര്‍ക്കും ഇഷ്ടമല്ലാത്ത ഒരു വിഭവമാണ് ഡല്‍ഹിയിലെ ഇഡ്ഡലി എന്ന സോഫ്റ്റ്വെയര്‍. അതാണ് ഇവിടുത്തെ വിഷയം.  ഇന്‍ഡറാക്ടീവ് ഡിസ്പോസല്‍ ഓഫ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ എന്നതാണ് ഇഡലിയുടെ പൂര്‍ണ്ണരൂപം. ഇത് ഉണ്ടാക്കിയത് മലയാളിയാണ് എന്നതില്‍ നമുക്ക് അഭിമാനിക്കാം. ഈ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചതിന് കേന്ദ്രസര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് കൂടിയായ വര്‍ക്കല സ്വദേശി സുബു റഹ്മാന്. മുന്‍പ് ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റി ഭൂമിനിയോഗ കമ്മിഷ്ണര്‍ ആയിരുന്നപ്പോഴാണ് ഈ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ഇപ്പോള്‍ അദ്ദേഹം കസ്റ്റംസില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറാണ്.  പ്രധാനമന്ത്രിയുടെ മന്ത്രാലയത്തില്‍ കീഴിലുള്ള കപ്പാസിറ്റി ബില്‍ഡിംഗ് കമ്മീഷണറിന്‍റെ അംഗീകാരമാണ് ഇപ്പോള്‍ ലഭിച്ചത്. സുബു റഹ്മാന് ഈ അംഗീകാരം ലഭിച്ചു എന്നുള്ളത് മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒന്നാണ്. വര്‍ക്കല പുനമൂട് നെടുംപുറത്ത് പരേതനായ അബ്ദുള്‍ റഹ്മാന്‍റെയും ആബിദ ബീവിയുടെയും മകനാണ് സുബു റഹ്മാന്‍. സിഐജി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടായ ടുജി സ്പെക്ട്രം റിപ്പോര്‍ട്ട് തയ്യാറാക്കിയത് സുബുവാണ് എന്നത് മറ്റൊരു ചരിത്രം.