മറക്കണോ മറക്കാതിരിക്കണോ.....?

മറക്കണോ മറക്കാതിരിക്കണോ.....?

വിജയ് ചൗക്ക്

സുധീര്‍നാഥ് 


നമ്മള്‍ പലതും മറക്കുകയാണ്. മറവി ഒരു മനുഷ്യന് നല്ലത് തന്നെയാണെന്ന് പറയുന്നവരുണ്ട്.  എന്നാല്‍ ചില കാര്യങ്ങള്‍ മറക്കാതിരിക്കുക തന്നെ വേണം. മറവി ഉണ്ടാകുന്നതും നല്ലതാണ്. ഇല്ലാതെ ആകുന്നതും നല്ലതാണ്. ചില കാര്യങ്ങള്‍ മറക്കുമ്പോള്‍ മനുഷ്യന്‍ മാനസികമായി ശക്തിപ്പെടുന്നു. നമ്മള്‍ ജീവിതത്തില്‍ എന്തെല്ലാമാണ് മറന്നിരിക്കുന്ന്. ഓര്‍ത്ത് ഓര്‍ത്ത് പല മറന്ന കാര്യങ്ങളും നമുക്ക് മുന്നിലെത്തും. പഴയ കാര്യങ്ങള്‍ പലതും മറക്കുക തന്നെ വേണം. ചില കാര്യങ്ങള്‍ മറക്കാതിരിക്കുന്നത് അതുപോലെതന്നെ മനുഷ്യന്‍റെ ശക്തിപ്പെടലിന് കാരണമാണെന്ന് പറയുന്നു. മനുഷ്യന്‍റെ ഏറ്റവും വലിയ കഴിവുകളിലൊന്നായി മറവിയെ കരുതുന്നവരുണ്ട്. പലതും മറക്കാനും പൊറുക്കാനും ഉള്ള കഴിവാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നാണ് ഇതിന്‍റെ വിശദീകരണം. ഇതെങ്ങിനെ എന്നുള്ള ഒരു സങ്കോചം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത്ഭുതപ്പെടുവാനും സാധിക്കില്ല. എന്തു മറക്കണം എന്തു മറക്കണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശം മനുഷ്യനു തന്നെ നല്‍കിയിട്ടുണ്ട്.

മനുഷ്യന് ഏറ്റവും അടുപ്പമുള്ള വ്യക്തിയോ സ്ഥാപനമോ എന്തുമാകട്ടെ അവരുടെ അല്ലെങ്കില്‍ അതിന്‍റെ നഷ്ടം വളരെ വലുതാണ്. കാലം അതിന്‍റെ കാലചക്രത്തില്‍ മനുഷ്യന്‍റെ മറവിലേയ്ക്ക് എത്തിക്കും. ഓര്‍ഷിക ദിനത്തില്‍ ഓര്‍മ്മകള്‍ വകഞ്ഞ് മറന്നത് പുനര്‍ജനിക്കും. മനുഷ്യന്‍റെ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ മറവി അനിവാര്യമാണ്.

പ്രകൃതിയെ നശിപ്പിക്കുന്ന വര്‍ത്തമാനകാലത്ത് അരുതേ എന്നു പറയുവാന്‍ നമുക്ക് സാധിക്കണം. കഴിഞ്ഞുപോയ പ്രകൃതിദുരന്തങ്ങള്‍ നമ്മള്‍ മറക്കാതിരിക്കണം. എങ്കില്‍ മാത്രമേ നമ്മള്‍ മാനസികമായി ശക്തരാവുകയുള്ളൂ. പക്ഷേ നമ്മള്‍ കാണുന്നത് നേരെ മറിച്ചാണ്. ഓരോ പ്രകൃതി ദുരന്തത്തിന്‍റെ സമയത്തു മാത്രമാണ് നമ്മള്‍ പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തെക്കുറിച്ച് പറയുക. മുന്‍പ് ഉണ്ടായിട്ടുള്ള പ്രകൃതിദുരന്തത്തിന്‍റെ ഓര്‍മ്മകള്‍ നമ്മള്‍ മറക്കുന്നു. വീണ്ടും ജീവിതചക്രം ഉരുണ്ട് മറ്റൊരു പ്രകൃതി ദുരന്തത്തില്‍ എത്തുമ്പോള്‍ മാത്രമാണ് മുന്‍പുണ്ടായ പ്രകൃതിദുരന്തത്തെക്കുറിച്ച് നമ്മള്‍ ഓര്‍ക്കുന്നത്. വീണ്ടുമൊരു ദുരന്തം ഉണ്ടാവാതിരിക്കാന്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പണ്ട് പറഞ്ഞത് ഓര്‍ക്കുന്നതും അപ്പോള്‍ മാത്രമാണ്. 

വൃക്ഷങ്ങള്‍ മുറിക്കുന്നതും മലകള്‍ ഇടിച്ചു നിരത്തുന്നതും വലിയ അപരാധമായി നമ്മള്‍ പറയുന്നു. പ്രകൃതി ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രമാണ് നമ്മള്‍ ഇതേക്കുറിച്ച് ഇങ്ങനെ ചര്‍ച്ച ചെയ്യുന്നതും പറയുന്നതും. വ്യാപകമായ മരങ്ങള്‍ മുറിക്കുന്നതാണ് ഇത്തരം പ്രകൃതിദുരന്തങ്ങളുടെ കാരണമെന്ന് പറയുന്നവര്‍ വ്യാപകമായ വൃക്ഷത്തൈ നടല്‍ മഹാമഹം നടത്തുന്നു. എന്നാല്‍ വൃക്ഷങ്ങള്‍ നടുന്ന കാര്യത്തില്‍ മാത്രമാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്. വൃക്ഷ തൈകള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു സജീകരണങ്ങളും അവര്‍ ചെയ്യുന്നില്ല. തങ്ങള്‍ നട്ട ചെടി വളര്‍ന്നോ എന്ന് നോക്കുന്നില്ല. ചെടികളായാലും, മരങ്ങളായാലും അവയ്ക്കൊക്കെ സംരക്ഷണം വേണം.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഉരുള്‍പൊട്ടലിന്‍റെ കാരണക്കാര്‍ മനുഷ്യരായ നമ്മള്‍ തന്നെയാണെന്ന് പറയേണ്ടിയിരിക്കുന്നു. വയനാടിന്‍റെ അല്ല സഹ്യന്‍റെ എല്ലാ പ്രദേശങ്ങളിലേയും സ്ഥിതി ഇതുതന്നെയാണ്. എത്ര എത്ര റിസോട്ടുകളാണ് മലമുകളില്‍ ഉള്ളത്. ഇപ്പോള്‍ ഉരുള്‍ പൊട്ടിയ ഇടത് അന്‍പതിലേറെ റിസോട്ടുകള്‍ ഉണ്ട്. അതിന് ചുറ്റും എത്ര എത്ര നിര്‍മ്മിതികള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യര്‍ മുറിച്ച വലിയ വലിയ മരങ്ങളുടെ അടിവേരുകളാണ് ഇപ്പോള്‍ എല്ലാ ദൃശ്യമാധ്യമങ്ങളിലും കണ്ടുകൊണ്ടിരിക്കുന്ന ഉരുള്‍പൊട്ടലിന്‍റെ ദൃശ്യം. മരങ്ങളുടെ വേരുകള്‍ ചെളിയില്‍ പുതഞ്ഞ് കിടക്കുന്നത് കാണുക. അതെങ്ങനെ സംഭവിച്ചു എന്നുള്ളതാണ് ശാസ്ത്രമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. വെട്ടിയ മരങ്ങളുടെ പേരുകള്‍ കാടുകളില്‍ അവശേഷിച്ചു. മരങ്ങള്‍ വെട്ടിയത് ആരെന്നുള്ള കാര്യത്തില്‍ വലിയ സംശയങ്ങള്‍ നിലനില്‍ക്കുന്നു. തേയില തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ വ്യാപകമായി മരം വെട്ടിയത് ഒരു വശത്ത് സംശയത്തിന്‍റെ നിഴലിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് ചെയ്തത് കുടിയേറ്റക്കാരോ ബ്രിട്ടീഷുകാരോ എന്നുള്ള തര്‍ക്കം ഇപ്പോള്‍ ചര്‍ച്ചയിലുണ്ട്.

മലമുകളിലെ കാടുകളിലെ വെട്ടിയ മരങ്ങളുടെ വേരുകളില്‍ മഴവെള്ളം ഇറങ്ങിച്ചെന്നു. പാതി ദ്രവിച്ച പേരുകളില്‍ അങ്ങനെ മഴവെള്ളങ്ങള്‍ ഒലിച്ചിറങ്ങി. സ്പോഞ്ച് പോലെ ഈ ദ്രവിച്ച വേരുകള്‍ മഴവെള്ളം വലിച്ചെടുത്തു. ഭൂമിയിലെ ആയിരക്കണക്കിന് മുറിച്ച് മാറ്റപ്പെട്ട മരങ്ങളുടെ വേരുകളില്‍ മഴവെള്ളം നിറഞ്ഞു. സംഭരണശേഷിയിലും കൂടുതല്‍ മഴവെള്ളം എത്തിയപ്പോള്‍ അത് പൊട്ടിച്ചിതറി. അതിശക്തമായ ആ പൊട്ടിത്തെറിയില്‍ ഉരുളുകളുണ്ടായി. മലമുകളില്‍ നിന്ന് കുത്തി ഇറങ്ങിവന്ന വെള്ളം മരം മുറിച്ചത് കൊണ്ട് ദുര്‍ബലമായ മണ്ണും കല്ലുമായി യാത്രയായി. ഈ യാത്രയില്‍ എത്രയോ കുടുംബങ്ങളുടെ മുകളിലൂടെ എല്ലാമില്ലായ്മ ചെയ്ത് രൗദ്ര ഭാവത്തില്‍ ഒഴുകി പോയി. അങ്ങനെയൊരുക്കിയ കൂട്ടത്തില്‍ എത്രയോ മനുഷ്യജീവനകള്‍ നഷ്ടമായി. എത്രയോ പക്ഷിമൃഗാദികള്‍ ഇല്ലാതായി. എത്രയോ വീടുകള്‍ ഇല്ലാതായി. എത്രയോ ഗ്രാമങ്ങള്‍ ഇല്ലാതായി. 

വിനോദം എല്ലാവര്‍ക്കും താല്പര്യമുള്ള വിഷയമാണ്. വിനോദ കേന്ദ്രങ്ങളില്‍ സാഹസിക സെല്‍ഫികള്‍ എടുക്കുന്ന യുവതലമുറയെ നമ്മള്‍ കണ്ടിരിക്കുന്നു. അത് അപകടം ആണെന്ന് എത്രയോ തവണ മാധ്യമങ്ങളിലൂടെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. തീവണ്ടി യാത്രയ്ക്കിടയിലുള്ള സെല്‍ഫികളും മലയിടുക്കുകളില്‍ ഉള്ള സെല്‍ഫികളും പുഴകളുടെയും കായലുകളുടെയും തീരങ്ങളിലുള്ള സെല്‍ഫികളും എത്രയോ അപകടങ്ങള്‍ വിളിച്ചു വരുത്തിയിരിക്കുന്നു. വലിയ വലിയ കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നുകൊണ്ട് സെല്‍ഫിയെടുത്ത അപകടങ്ങളും നമ്മള്‍ വായിച്ചിരിക്കുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ കണ്ടിട്ടും യുവതലമുറയില്‍ ഉള്ളവര്‍ ഇത് തുടരുന്നു. മുന്‍പ് നടന്നിട്ടുള്ള അപകടങ്ങളെ അവര്‍ മറക്കുന്നു. മറവി അവരെ വീണ്ടും അപകടങ്ങളിലേക്ക് എത്തിക്കുന്നു. ഇവിടെ മറവി ചെകുത്താന്‍റെ പ്രവര്‍ത്തിയാണ് ചെയ്യുന്നത്.

കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്ന് തോന്നയിട്ടുണ്ടോ..? എങ്കില്‍ നിങ്ങള്‍ക്ക് അല്‍ഷിമേഴ്സ് രോഗത്തിലേക്ക് പോകാനുള്ള സാധ്യതയുണ്ട് എന്നാണ് വൈദ്യ ലോകം പറയുന്നത്. എന്നാല്‍, മറവിയുടെ കാരണം അത് മാത്രമായിരിക്കണം എന്നില്ല. ജനസമൂഹത്തിന് പ്രായമേറുമ്പോള്‍ അവരില്‍ വാര്‍ധക്യരോഗങ്ങളും വര്‍ധിക്കുന്നു. വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് അല്‍ഷിമേഴ്സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം. മറവിരോഗം എന്നാണ് ഇതിനെ സാധാരണക്കാര്‍ വിളിക്കുന്നത്. 

മറക്കുക എന്നുള്ള രീതി പൂര്‍ണമായും മാറ്റിയെടുക്കേണ്ടതുണ്ട്. എന്ന് കരുതി അതൊരു അല്‍ഷിമേഴ്സ് തലത്തിലേക്ക് മാറാതിരിക്കണം. മറക്കേണ്ട പല കാര്യങ്ങളും മറക്കാന്‍ പഠിക്കണം. മറക്കാതിരിക്കേണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാന്‍ പഠിക്കണം. എങ്കില്‍ മാത്രമേ ഇത്തരം പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കുകയുള്ളൂ. സഹ്യന്‍റെ സഹന ശക്തി അവസാനിച്ചു. എല്ലാ വര്‍ഷവും മഴയുണ്ടാകും. സഹ്യന്‍റെ നെറുകയില്‍ ഉയര്‍ന്നു നില്‍ക്കുന്ന റിസോര്‍ട്ടുകള്‍, ബ്രിട്ടീഷ് കാലം മുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മരം മുറി. മുറിച്ച മരങ്ങളുടെ വേരുകള്‍ സഹ്യന്‍റെ ഉള്ളിലുണ്ട്. ഇനിയും ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകും. കരുതല്‍ വേണം. മറക്കാതിരിക്കണം.