പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 ആഗസ്റ്റ് 15
വിദ്വേഷം നുണ പറച്ചിലൂടെ
കേരളത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നു എന്ന് കേന്ദ്ര പ്രതിരോധമന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞ് കുടുക്കില്‍ ആയിരിക്കുകയാണ്. അവകാശലംഘന നോട്ടീസ് നല്‍കി കേരളത്തിലെ എംപിമാര്‍ ഒന്നടക്കം അമിത് ഷായുടെ നേരെ വിരല്‍ ചൂണ്ടിയത് നമ്മള്‍ കണ്ടതുമാണ്. ഒരു കൂസലും ഇല്ലാതെ പാര്‍ലമെന്‍റില്‍ താന്‍ പറഞ്ഞ നുണയെ ന്യായീകരിക്കുന്ന പ്രതിരോധമന്ത്രിയേയും, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കുറേ അംഗങ്ങളേയും നമ്മള്‍ കണ്ടു. കേരളത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്നുള്ള പ്രവചനം നടത്തിയതായി അവകാശപ്പെട്ട പ്രതിരോധമന്ത്രിക്ക് നേരെ ഇപ്പോള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമണം തന്നെ നടക്കുകയാണ്. അമിത് ഷായെ ന്യായീകരിക്കുന്നതില്‍ നിന്ന് കേരളത്തിലുള്ള പ്രമുഖ ബിജെപി നേതാക്കള്‍ പിന്‍വലിയുന്നതും കാണാം. വയനാട്ടില്‍ അടക്കം യെല്ലോ മാത്രമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നത്. ഇത് ഒരു ഉരുള്‍പൊട്ടലിന്‍റെ മുന്നറിയിപ്പായി കണക്കാക്കുവാനേ സാധിക്കുകയില്ല. ഗ്രീന്‍ അലര്‍ട്ട്. എന്നുള്ളത് ഭയപ്പെടാന്‍ അത്രയില്ലാത്ത ഒരു മുന്നറിയിപ്പാണ്. അടുത്തതാണ് യെല്ലോ അലര്‍ട്ട് എന്നാല്‍ നമ്മുടെ ചുറ്റുപാടുമുള്ള സംഭവങ്ങള്‍ നിരീക്ഷിക്കണമെന്നുള്ള മുന്നറിയിപ്പാണ് ജാഗരൂകരായിരിക്കണം എന്നുള്ള മുന്നറിയിപ്പാണ്. ഓറഞ്ച് എന്നാല്‍ കുറച്ചുകൂടി ശക്തമായ മഴയോ കാറ്റോ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം എന്നുള്ളതാണ് ഉദ്ദേശിക്കുന്നത്. ഇതിനുമുകളിലാണ് റെഡ് അലര്‍ട്ടുകള്‍. ഉരുള്‍പൊട്ടല്‍ പോലുള്ള വലിയ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതല്‍ ഉണ്ട് എന്നുള്ള മുന്നറിയിപ്പാണ് അത്. സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന മൂന്ന് ഏജന്‍സികളാണ് നിലവിലുള്ളത്. ഇതില്‍ ആദ്യത്തെത് ഇന്ത്യ മെറ്റീയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റാണ്. ഇവിടെ നിന്നാണ് നമുക്ക് മഴ മുന്നറിയിപ്പുകള്‍ ലഭിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിയന്ത്രണത്തിലുള്ള സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ പ്രളയത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും നല്‍കുന്നു. മൂന്നാമത്തെ ഏജന്‍സിയാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നത്. ഇവര്‍ നല്‍കുന്ന മുന്നറിയിപ്പാണ് ഉരുള്‍പൊട്ടലിന് സാധ്യതയുണ്ട് എന്നുള്ളത്. എന്നാല്‍ ഇവര്‍ ഒരു ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകളടക്കം ശക്തമായ മഴയുടെ മുന്നറിയിട്ടും പ്രക്യതി ദുരന്തമുന്നറിയിപ്പം നല്‍കും. എന്നാല്‍ അസാധാരണമായ രീതിയിലുള്ള കാലാവസ്ഥ പ്രതിഭാസങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കുകയില്ല എന്നുള്ളതാണ് ശാസ്ത്രലോകം പറയുന്നത്. കാലാവസ്ഥ പ്രവചനങ്ങള്‍ അസാധാരണമാകുമ്പോള്‍ അത് പ്രവചനാതീതമായി മാറുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അമിത് ഷാ പറയുന്നതാകട്ടെ കേരളത്തില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് മുന്‍കൂട്ടി നല്‍കി എന്ന പച്ച കള്ളവും. കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് നല്‍കി എന്നുള്ളത് മാത്രമാണ് സത്യം. നുണപറഞ്ഞ് കുരുക്കില്‍ വീണ പ്രതിരോധ മന്ത്രി രക്ഷപെടാന്‍ പറയുന്ന കാര്യങ്ങള്‍ വീണ്ടും കുരുക്കായി മാറുന്നത് കാണാം. അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍ ... എന്ന് തുടങ്ങുന്ന സിനിമാ ഗാനം പിന്നണിയിലാകാം...
വിദ്വേഷം എഴുതാന്‍ കൂലി എഴുത്തുകാരെ തേടുന്നു.
വയനാട് മുണ്ടക്കല്‍ ചൂരമല മേഘലകളില്‍ ഉരുള്‍ പൊട്ടി ദുരന്തമുണ്ടായി ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. മുന്നുറിലേറെ പേര്‍ സര്‍ക്കാര്‍ കണക്ക് പ്രകാരം മരണപ്പെട്ടു. 150 ജനങ്ങളെ കാണാതായി. വയനാട് ദുരന്തം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് പകരം കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ശാസ്ത്രജ്ഞരെ സമീപിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി പഠനവും ലേഖനവും എഴുതാന്‍ കൂലി എഴുത്തുകാരെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി ഐ ബി) വഴി പരിസ്ഥിതി മന്ത്രാലയം നടത്തിയ ശ്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്ത ദി ന്യൂസ് മിനിറ്റാണ് പുറത്തു വിട്ടത്. ഇതിന്‍റെ വെളിച്ചത്തില്‍ വിഷയം രാജ്യസഭ നിര്‍ത്തിവെച്ച് റൂള്‍ 267 പ്രകാരം ചര്‍ച്ച ചെയ്യാണമെന്ന് വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടത് മാത്രം മെച്ചം. പ്രതിരോധമന്ത്രി സഭയില്‍ നുണപറഞ്ഞതിന് പിന്നാലെയാണ് ഇത്. രക്ഷാപ്രവര്‍ത്തനങ്ങളും പുനരധിവാസപ്രക്രിയയും നടന്നു കൊണ്ടിരിക്കവേ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് ശിവദാസന്‍ എംപി പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്നതിന് പകരം സംസ്ഥാനസര്‍ക്കാരിനെ ആക്രമിക്കാന്‍ കൂലിയെഴുത്തുകാരെ തേടുന്നത് അപലപനീയമാണ് സമൂഹം ഏറ്റ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങളും ഇടപെടലുകളുമാണ് വയനാട് ദുരന്തത്തിന് കാരണമെന്ന് സ്ഥാപിച്ചെടുക്കുന്ന തരത്തില്‍ ലേഖനങ്ങളെഴുതാന്‍ പി ഐ ബി ബന്ധപ്പെട്ട മേഖലയിലെ മൂന്ന് പേരുമായി സംസാരിച്ചതാണ് പുറത്തായത്. ലേഖനങ്ങളില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം തന്നെ എഴുത്തുകാരോട് നിഷ്കര്‍ഷിക്കുന്നുണ്ട്. കേരളത്തില്‍ ഉരുള്‍പൊട്ടലുണ്ടാകാനുള്ള കാരണം ക്വാറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളാണെന്ന തരത്തിലുള്ള ലേഖനങ്ങളാണ് എഴുതാന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ക്വാറികളുടെ എണ്ണവും ഉരുള്‍പൊട്ടലുകളുടെ എണ്ണവും എഴുത്ത്കാര്‍ക്ക് നല്‍കി. 2018ലെ പ്രളയത്തിനുശേഷം ക്വാറികളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന നിബന്ധന എഴുതുന്നവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ക്വാറികള്‍ കാരണമെന്ന വാദം ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതിനാല്‍ ശാസ്ത്രജ്ഞര്‍ ഇത്തരത്തില്‍ ലേഖനങ്ങളെഴുതാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് കൂലി എഴുത്തിനുള്ള നീക്കം നടന്നതെന്നാണ് അറിയുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ വീഴ്ച മറയ്ക്കാനും കേരളത്തെ കുറ്റാരോപിതനാക്കാനുമുള്ള ശ്രമമാണ് പി ഐ ബി വഴിയുളള നീക്കത്തിന് പിന്നിലുള്ളത്.
വിമര്‍ശനങ്ങള്‍ക്ക് വിലക്ക്, ബോഡ്കാസ്റ്റിങ്ങ് ബില്ലായി
ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ഓണ്‍ലൈന്‍ മീഡിയകളാണ് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റ് ചാനലുകളെല്ലാം തന്നെ ബിജെപിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ അതിനിശിതമായ വിമര്‍ശനവും രാഷ്ട്രീയവുമായി ജനങ്ങള്‍ക്കിടയില്‍ എത്തിയത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്. ഇതില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതുമാണ്. പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളെ വിലയ്ക്കെടുത്ത ബിജെപിക്കെതിരെ ജനാധിപത്യ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് പോരാടിയത് ഓണ്‍ലൈന്‍ മാധ്യമങ്ങളും സമൂഹ്യ മാധ്യമങ്ങളും ആയിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച ഓണ്‍ലൈന്‍ വാര്‍ത്താചാനലുകളും വീഡിയോ നിര്‍മാതാക്കളെയും ധ്രുവ് റാഠി, രതീഷ് കുമാര്‍ തുടങ്ങിയ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ ഭരണപക്ഷത്തിന്‍റെ കണ്ണിലെ കരടാണ്. ഇങ്ങനെ ഭരണവിഭാഗത്തിന് ഭീഷണിയായ സ്വതന്ത്ര മാധ്യമങ്ങളിലൂടെയുള്ള മാധ്യമപ്രവര്‍ത്തനം കൂച്ചുവിലങ്ങിടാനാണ് പുതിയ ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും ഓണ്‍ലൈന്‍ വീഡിയോ സൃഷ്ടാക്കളെയും പുതിയ ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ് (റെഗുലേഷന്‍) ബില്ലില്‍, 2024 ഉള്‍പ്പെടുത്തുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നു. ഓരോ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും നിര്‍മ്മിക്കുന്ന വീഡിയോകളും വാര്‍ത്തകളും കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാന്‍ ആകില്ല എന്നുള്ളതാണ് പുതുതായി വന്നിട്ടുള്ള ബ്രോഡ്കാസ്റ്റിംഗ് ബില്ലിലുള്ളത്. ഓരോ ചാനലും പിന്തുടരുന്ന ആളുകളുടെ എണ്ണം ഒരു പ്രത്യേക എണ്ണത്തില്‍ കവിഞ്ഞാല്‍ അതിന്‍റെ നിര്‍മ്മാതാക്കള്‍ ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും.
കൂച്ച് വിലങ്ങ് വഖഫ് ബോഡിനും
രാജ്യത്തെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല മുസ്ലീം വിഭാഗത്തിനെതിരേയും ശക്തമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. വഖഫ് ബോര്‍ഡ് ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ നിയമമന്ത്രി നടത്തിയ ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്‍റെ ശക്തമയ നീക്കത്തില്‍ പാളയിട്ടുണ്ട്. ബില്ല് സംയുക്ത പാര്‍ലമെന്‍ററി പാര്‍ട്ടിക്ക് വിട്ടതോടുകൂടി ഇന്ത്യ സഖ്യം എന്ന പ്രതിപക്ഷത്തിന്‍റെ ശക്തി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ വ്യക്തമായി. ഭരണമുന്നണിക്ക് ഉള്ളില്‍ നിന്നുപോലും വഖഫ് ഭേദഗതി ബില്ലില്‍ പിന്തുണ കുറയുന്നു എന്ന തിരിച്ചറിവ് തന്നെയാണ് പാര്‍ലമെന്‍ററി കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറായത് എന്നാണ് രാഷ്ട്രീയ നിരീക്ഷണം. രാജ്യത്തെ മുസ്ലിം സമുദായത്തിന്‍റെ അധികാരങ്ങളുടെ മേലുള്ള കയ്യേറ്റം ആണ് പുതിയ ബില്ല് വഴി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചത്. വഖഫ് ബോര്‍ഡിന്‍റേയും, കൗണ്‍സിലിന്‍റെയും അധികാരങ്ങളെ തകര്‍ക്കുന്നതാണ് ബില്ലെന്ന് പൊതുവേ സംസാരം ഉണ്ടായിട്ടുണ്ട്. വഖഫ് ബോര്‍ഡുകളില്‍ രണ്ടു മുസ്ലീം ഇതര വിഭാഗങ്ങളെയും രണ്ടു വനിതകളെയും ഉറപ്പാക്കണം എന്ന നിര്‍ദ്ദേശമാണ് ഏറ്റവും പ്രധാനം. എന്നാല്‍ രാജ്യത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ട പല കമ്മിറ്റികളിലും, ബോര്‍ഡുകളിലും ഹിന്ദുക്കള്‍ മാത്രമേ പാടുള്ളൂ എന്ന നിയമവും നിലനില്‍ക്കുന്നു എന്നുള്ളത് വൈരുദ്ധ്യമാണ്. ഈ ഒരു സാഹചര്യത്തില്‍ എതിരെയുള്ള സര്‍ക്കാര്‍ നീക്കം സംശയത്തിന്‍റെ നിഴലാണ്.
