പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 ജൂലൈ 30
കലയുടെ രാജ്യതലസ്ഥാനമാണ് ഡല്‍ഹി
കേരളത്തേക്കാള്‍ കൂടുതല്‍ നൃത്ത പഠന കേന്ദ്രങ്ങള്‍ ഉള്ള സ്ഥലമാണ് രാജ്യ തലസ്ഥാനമായ ഡല്‍ഹി. ഡല്‍ഹിയിലെ ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും കലാ രംഗത്ത് പരിശീലനം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സംസ്ഥാനങ്ങളുടെയും കലാ പഠനത്തിന് ഡല്‍ഹി അവസരം ഒരുക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളുടെ കലാരംഗം സ്വായത്തമാക്കാനുള്ള അവസരമാണ് ഡല്‍ഹി വാസികള്‍ക്ക് ലഭിക്കുന്നത്. കേരളത്തിന്‍റെ സ്വന്തം കഥകളി അഭ്യസിക്കാന്‍ ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ ഇന്‍റര്‍നാഷ്ണല്‍ കഥകളിയില്‍ മറ്റ് സംസ്ഥാനക്കാര്‍ വരുന്നത് ഉദാഹരണം. മലയാളികള്‍ ഒഡീസിയും, കുച്ചുപ്പുടിയും മറ്റും അഭ്യസിക്കുന്നത് സ്ഥിരം കാഴ്ച്ച തന്നെ. എല്ലാ ആഴ്ചകളിലും കലാസാംസ്കാരിക പരിപാടികള്‍ ഡല്‍ഹിയില്‍ നടക്കാറുണ്ട് എന്നത് ഈ സാഹചര്യത്തിന് കൂടുതല്‍ ആകര്‍ഷകമാണ്. മലയാള സാഹിത്യത്തിന്‍റെ വളര്‍ച്ചയ്ക്കും ഡല്‍ഹി നല്‍കിയ പങ്ക് വിസ്മരിക്കുവാന്‍ സാധിക്കുകയില്ല. മലയാളത്തിലെ മികച്ച കൃതികളില്‍ ഒട്ടുമിക്കതും ഡല്‍ഹി കേന്ദ്രീകൃതമായി എഴുതിയതാണെന്ന് വര്‍ത്തമാനകാല ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്‍റെ കലാസാംസ്കാരിക രംഗത്തെ വളര്‍ച്ചയ്ക്ക് ഡല്‍ഹി പ്രധാന പങ്കാണ് വഹിക്കുന്നു എന്ന് പറയുന്നതിലും തെറ്റില്ല. കലാകാരന്മാരുടെ വളര്‍ച്ചയ്ക്ക് ഡല്‍ഹി ഒരു മികച്ച കേന്ദ്രമാണ് എന്ന് സാധൂകരിക്കുന്ന കാര്യങ്ങളാണിതൊക്കെ. ദേശീയ രാഷ്ട്രീയം മാത്രമല്ല, സാംസ്കാരിക രംഗത്തും രാജ്യ തലസ്ഥാനം ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളതാണ് ഒരു യാഥാര്‍ത്ഥ്യം. രാജ്യത്തിന്‍റെ വൈവിധ്യങ്ങളായ കലാരൂപങ്ങള്‍ക്ക് വേദിയൊരുക്കിയിട്ടുള്ള പ്രദേശമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹി. കഴിഞ്ഞ 35 വര്‍ഷത്തോളമായി ഡല്‍ഹിയില്‍ നൃത്ത അധ്യാപകനാണ് ഗുരു ബാലകൃഷ്ണ മാരാര്‍. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ന്യത്ത പഠന കേന്ദ്രമായ വിഷ്ണുപ്രിയ നാട്യാലയം ആയിരക്കണക്കിന് നര്‍ത്തകീ, നര്‍ത്തകന്‍മാരെയാണ് രാജ്യത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. വിഷ്ണുപ്രിയ നാട്യാലയത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലെ കലാ ആസ്വാദകര്‍ക്ക് മുമ്പില്‍ ഒരു നൃത്ത സദസ് നടക്കുകയുണ്ടായി. നയനാ ജനേഷ്, ആല്‍വിയാ പോള്‍, രേണു ഉണ്ണികൃഷ്ണന്‍, മേഘ ഗുപ്ത, അക്ഷിത ബിഷ്ട്, നിവേദിതാ സെന്‍, ഗോപിക ഗോവിന്ദ്, ആകൃതി സക്സേന എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. കണ്ണൂര്‍ വിനോദ് പാട്ടിലും, കലാമണ്ഡലം വിഷ്ണുപ്രിയ നാട്ടുവാങ്കത്തിലും, കലാമണ്ഡലം സജിത്ത് മ്യദംഗത്തിലും, ചെമ്പയ് ആര്‍ ശ്രീനിവാസ് വയലിനിലും, എ എസ് ഹരിപ്രസാദ് ഓടക്കുഴലിലും പിന്നണിയിലുണ്ടായിരുന്നു. തിങ്ങി നിറഞ്ഞ ഡല്‍ഹിയിലെ ടെക്നിയ ആഡിറ്റോറിയം ക്ലാസിക്കല്‍ കലകള്‍ക്ക് ആരാധകരുണ്ടെന്നതിന്‍റെ തെളിവായിരുന്നു.
കോടതി പറഞ്ഞപ്പോള്‍ ആം ആദ്മിക്ക് ഓഫീസായി
2012 നവംബര്‍ 26നാണ് ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അരവിന്ദ് കേജരിവാള്‍ രൂപം കൊടുത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയായി രൂപം കൊണ്ടപ്പോള്‍ ആദ്യം ഡല്‍ഹിയുടെ കേന്ദ്ര പ്രദേശമായ കൊണാട്ട് പ്ലേസിന് സമീപം ഒരു സ്വകാര്യ കെട്ടിടം വാടകയ്ക്ക് എടുത്തതാണ് പാര്‍ട്ടി ആസ്ഥാനമായി അവര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2015ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചതോടുകൂടി റോസ് അവന്യൂ റോഡിലുള്ള ഒരു ചെറിയ കെട്ടിടം ഔദ്യോഗികമായി ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിനായി അനുവദിച്ചു നല്‍കി. 2023ല്‍ ആം ആദ്മി പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി വളര്‍ന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. 12 വര്‍ഷം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടി ദേശീയ പാര്‍ട്ടി ആവുക എന്നുള്ളത് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഒരു കാര്യമായി കാണുക തന്നെ വേണം. ഡല്‍ഹിയിലും പഞ്ചാബിലും ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരുകളാണ് ആം ആദ്മി പാര്‍ട്ടിക്കുള്ളത്. ഗുജറാത്തില്‍ അഞ്ച് അസംബ്ലി സീറ്റുകളും, ഗോവയില്‍ രണ്ട് അസംബ്ലി സീറ്റുകളും പാര്‍ട്ടിക്കുണ്ട്. ഇപ്പോള്‍ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായ ആംആദ്മി പാര്‍ട്ടിക്ക് 10 രാജ്യസഭാ അംഗങ്ങളും മൂന്നു ലോകസഭാംഗങ്ങളും ഉണ്ട്. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വളരെ മുന്‍പ് തന്നെ ഡല്‍ഹിയില്‍ ഔദ്യോഗികമായി പാര്‍ട്ടിക്ക് ഒരു കേന്ദ്ര ഓഫീസിനുള്ള സ്ഥലം നിയമപ്രകാരം ലഭിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല. ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ച് നിയമപരമായി ലഭിക്കേണ്ട ഓഫീസ് കെട്ടിടം ലഭ്യമാക്കാന്‍ പരാതി നല്‍കിതാണ് വഴിത്തിരിവായത്. 2024 ജൂണ്‍ അഞ്ചിന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുപ്രകാരമാണ് ഇപ്പോള്‍ രവിശങ്കര്‍ ശുക്ല ലൈന്‍ ഒന്നാം നമ്പര്‍ ബംഗ്ലാവ് ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിനായി വിട്ടു നല്‍കിയത്. ദേശീയ പാര്‍ട്ടിയായി ഉയര്‍ന്ന ആം ആദ്മി പാര്‍ട്ടിക്ക് ഓഫീസിനായി ഒരു ബംഗ്ലാവിന് കൂടി അവകാശമുണ്ട് എന്നുള്ള കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനായി ഔദ്യോഗികമായി തന്നെ അപേക്ഷ നല്‍കുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുവരെയായി ഒരു തീരുമാനവും ഉണ്ടായിട്ടില്ല. വീണ്ടും കോടതിയിലേക്ക് പോകേണ്ടി വരുമോ എന്ന ചിന്തയിലാണ് ആം ആദ്മി പാര്‍ട്ടി. കോടതി ഉത്തരവ് ഇല്ലാതെ ലഭിക്കേണ്ട ഓഫീസ് കെട്ടിടം അനുവദിച്ചു തരും എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
കാര്‍ട്ടൂണിസ്റ്റ് ശങ്കറും കഥകളിയിലെ പരിഷ്ക്കാരങ്ങളും
കേരളത്തിന്‍റെ സ്വന്തം കലാരൂപമാണ് കഥകളി. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് കഥകളിയില്‍ വലിയ താത്പര്യമായിരുന്നു. അദ്ദേഹത്തിന്‍റെ ജന്‍മദിനമാണ് ജൂലൈ 31. അതുകൊണ്ട് തന്നെ കഥകളി രംഗത്ത് അദ്ദേഹം ഡല്‍ഹിയിലിരുന്ന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുന്നത് നന്നാകും. ആദ്യ കാലങ്ങളില്‍ കേരളത്തിലെ ക്ഷേത്ര മുറ്റത്തും, പരിസരത്തും, നമ്പൂതിരി ജന്‍മി ഗ്രഹങ്ങളിലുമാണ് കഥകളി മുഖ്യമായും അവതരിപ്പിച്ചിരുന്നത്. കാണികള്‍ നിലത്തിരുന്ന് കഥകളി വീക്ഷിക്കുകയായിരുന്നു പതിവ്. സമനിരപ്പിലാണ് കഥകളി നടക്കുക. വൈകുന്നേരം മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു ആദ്യ കാലങ്ങളില്‍ കഥകളി. ഡല്‍ഹിയില്‍ കഥകളി സ്റ്റേജിലാണ് അവതരിപ്പിച്ചത്. കഥകളി കാണുന്നവര്‍ താഴെ കസേരയിലായിരുന്നു ഇരുന്നിരുന്നത്. അക്കാലത്ത് ജനങ്ങള്‍ കോണകമായിരുന്നു ധരിച്ചിരുന്നത്. കഥകളി നടന്‍മാര്‍ കോണകത്തിന് മീതെയാണ് കഥകളിയിലെ ഉടുത്തുകെട്ടും, അതിന് മുകളില്‍ ഞൊറിയും അണിഞ്ഞിരുന്നത്. ഡല്‍ഹിയിലെ സ്റ്റേജുകളില്‍ കഥകളി കലാകാരന്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ സ്റ്റേജിന് താഴെ ഇരുന്ന, വിശേഷിച്ച് ഒന്നാം നിരയില്‍ ഇരുന്നിരുന്ന പ്രധാനികള്‍ക്ക് കഥകളി നടന്‍മാരുടെ കോണകം വരെ കാണുമായിരുന്നു. ഇത് അരോചകമായി അനുഭവപ്പെട്ട ശങ്കര്‍ കഥകളി കലാകാരന്‍മാരോട് കാലുകള്‍ മുട്ടുവരെയെങ്കിലും മറയ്ക്കണമെന്ന് പറഞ്ഞു. അങ്ങനെ കഥകളി കലാകാരന്‍മാര്‍ പൈജാമ ധരിക്കാന്‍ തുടങ്ങി. ഇന്ന് അത് കഥകളി വേഷത്തിന്‍റെ ഭാഗമായി. കഥയറിഞ്ഞ് ആട്ടം കാണണമെന്ന് ഒരു ചൊല്ല് തന്നെയുണ്ട്. കഥകളിയില്‍ അവതരിപ്പിക്കുന്ന കഥ പലപ്പോഴും പലരും അറിഞ്ഞല്ല കഥകളി കാണുന്നത്. അത് ഒഴിവാക്കാന്‍ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ കഥ വേദിയുടെ ഒരു വശത്ത് എഴുതി കാണിക്കുന്ന രീതി ശങ്കര്‍ ആദ്യമായി ഡല്‍ഹിയില്‍ അവതരിപ്പിച്ചിരുന്നു. എല്‍ഇഡി സ്ക്രീനില്‍ കാണിക്കുന്ന രീതി ഇന്ന് പിന്തുടരുന്നു. കഥകളി രാത്രിയില്‍ മഞ്ഞ വെളിച്ചത്തില്‍ (വിളക്കിന്‍റെ വെട്ടത്തില്‍) കാണിക്കുന്ന രീതി പിന്തുടര്‍ന്നിരുന്നു. ആദ്യകാലത്ത് വൈദ്യുതി ഇല്ലാതിരുന്ന കാലത്തായിരുന്നു കഥകളി പ്രചാരത്തിലെത്തിയത്. പക്ഷെ കഥകളി പകല്‍ വെട്ടത്തില്‍ കൊണ്ടു വന്നത് കാര്‍ട്ടൂണിസ്റ്റ് ശങ്കറാണെന്ന് ആക്ഷേപമുണ്ട്. 1952ല്‍ റിപ്പബ്ലിക്ക് പരേഡ് ശങ്കര്‍ അണിയിച്ചാരുക്കിയപ്പോള്‍ ഫ്ളോട്ടില്‍ കഥകളി അവതരിപ്പിച്ചതാണ് വിവാദമായത്. ഡല്‍ഹിയിലെ രാജ്പത്തില്‍ കേരളത്തിന്‍റെ ഫ്ളോട്ടില്‍ പകല്‍ വെട്ടത്തില്‍ കഥകളിയും ഉണ്ടായിരുന്നു. ഇപ്പോള്‍ കഥകളി അവതരിപ്പിക്കുന്നതിന് പ്രത്യേക സമയ നിബന്ധനകളില്ലെന്ന് കാണാം. ഏതാനും മണിക്കൂറില്‍ കഥകളി അവതരിപ്പിക്കുക എന്നത് ശങ്കര്‍ നടപ്പിലാക്കിയ മറ്റൊരു പരിഷ്ക്കാരമാണ്. അതിന്‍റെ ശരിതെറ്റുകളെ കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. എന്നാല്‍ കഥകളി ഇഷ്ടപ്പെടുകയും, കുറച്ച് മണിക്കൂറുകള്‍ മാത്രം അതിനായി ചിലവിടുന്നതിനും തയ്യാറാകുന്നവരെ ഉദ്ദേശിച്ചാണ് ശങ്കര്‍ അങ്ങിനെ ഒരു പരിഷ്ക്കാരം വരുത്തിയത്. എന്തായാലും കേരളത്തിന് പുറത്ത് രാജ്യ തലസ്ഥാനത്തിരുന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നടപ്പിലാക്കിയ കഥകളിയിലെ പരിഷ്ക്കാരങ്ങള്‍, കേരളത്തില്‍ വ്യാപകമായി അംഗീകരം നേടി കഴിഞ്ഞിരിക്കുന്നു. ശങ്കറിന്‍റെ കഥകളിയോടുള്ള താത്പര്യം കാണുന്നതിന് അദ്ദേഹം സ്ഥാപിച്ച ഡല്‍ഹിയിലെ ഡോള്‍ മ്യൂസിയത്തില്‍ ചെന്നാല്‍ മതി. അവിടെ പാവകള്‍ക്കിടയില്‍ കഥകളിയുടെ പാവകള്‍ കാണാം. പ്രധാന കഥകളി വേഷങ്ങളുടെ ചെറിയ പാവകള്‍ ഉണ്ട്. പ്രധാനപ്പെട്ട കഥകളി കഥാപാത്രങ്ങള്‍ അവിടെ കാണാം. ശങ്കറിന്‍റെ കൂടി താത്പര്യത്തിലാണ് 1960ല്‍ ഡല്‍ഹിയില്‍ അന്തര്‍ ദേശിയ കഥകളി കേന്ദ്രം ആരംഭിക്കുന്നത്.
