ബജറ്റുകള്‍ ഉണ്ടാകുന്നത്
വിജയ് ചൗക്ക്
സുധീര്‍നാഥ്
ബജറ്റുകളാണ് രാജ്യം ഈ ആഴ്ച്ച ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റ് ജൂലൈ 23ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയാണ്. 2024 ജൂലൈ 23ന് ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിക്കുന്നത് സമ്പൂര്‍ണ ബജറ്റാണ്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പ് 2024 ഫെബ്രുവരി ഒന്നിന് അവര്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.
കേന്ദ്ര ബജറ്റില്‍ ഓരോ വകുപ്പുകള്‍ക്കും ബജറ്റ് വിഹിതമായി ഒരു തുക അനുവദിക്കുകയാണ് പതിവ്. ഓരോ വകുപ്പുകളും ആ തുക വരവായി കണ്ടുകൊണ്ട് സ്വന്തം നിലയില്‍ ബജറ്റുകള്‍ ഉണ്ടാക്കുന്ന ഒരു രീതിയുണ്ട്. ഓരോ വകുപ്പുകളുടെ ബജറ്റും വ്യത്യസ്തമായിരിക്കും. അവര്‍ക്ക് കേന്ദ്ര ബജറ്റില്‍ നിന്ന് കിട്ടുന്ന വിഹിതത്തെ കൂടാതെ മറ്റു വരുമാനം മാര്‍ഗങ്ങളും ഉണ്ടാകും. അത് കൂടി കണക്കിലെടുത്താകും ഓരോ വകുപ്പുകളും ബജറ്റ് അവതരിപ്പിക്കുക. ഓരോ വകുപ്പുകള്‍ക്കും കേന്ദ്ര ബജറ്റ് വിഹിതം ലഭിച്ചാല്‍ അത് എങ്ങിനെ ചെലവഴിക്കും എന്നത് അതാത് വകുപ്പുകള്‍ തന്നെയാണ് തീരുമാനിക്കുക. കേന്ദ്രബജറ്റില്‍ ഒരു പ്രത്യേക പദ്ധതിക്കായി ഒരു തുക വകയിരുത്തുകയാണെങ്കില്‍, ആ പദ്ധതിക്ക് വേണ്ടി മാത്രമായിരിക്കും ആ തുക ചെലവാക്കാന്‍ സാധിക്കുക. വക മാറ്റി ചെലവാക്കുക എന്നുള്ളത് പ്രായോഗികമായി നടപ്പാക്കുന്ന കാര്യമല്ല.
ബജറ്റുകള്‍ എല്ലാ വീടുകളിലും ഉണ്ടാക്കാറുണ്ട്. ബജറ്റ് എന്ന് തന്നെ അതിനെ അവര്‍ വിളിച്ചുകൊള്ളണമെന്നില്ല. എല്ലാ വീടുകളിലും സാധാരണഗതിയില്‍ ബജറ്റുകള്‍ ഉണ്ടാക്കുക സ്വാഭാവികമാണ്. ഒരു കുടുംബ ബജറ്റ് സാധാരണഗതിയില്‍ വീട്ടമ്മയാണ് ഉണ്ടാക്കുക. വീട്ടിലെ വരവ് ചിലവ് കണക്കുകളുടെ മുന്‍കൂര്‍ കണക്ക് കൂട്ടലുകളാണ് അത്. പത്രത്തിന്, പാലിന്, വൈദ്യുതിക്ക്, ഗ്യാസിന്, ഫോണിന്, പലചരക്കിന്, പച്ചക്കറിക്ക് തുടങ്ങി ഇനം തിരിച്ച് ചലവ് കണക്കാക്കുക എന്നത് എവിടേയും ഉണ്ട്. ചിലവ് നിയന്ത്രിക്കുന്നതിന് ബജറ്റിങ്ങ് മുഖ്യ പങ്ക് വഹിക്കുന്നു. സ്ഥിര വരുമാനം ഉള്ള ഒരു വ്യക്തിയുടെ വീട്ടിലാണെങ്കില്‍ ബജറ്റ് ഉണ്ടാക്കുക എളുപ്പമായിരിക്കും. വരവും ചിലവും ഒത്തുപോകുന്ന രീതിയിലുള്ള ഒരു ബജറ്റ് തയ്യാറാക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. അതില്‍ മിച്ചം ഉണ്ടാക്കുക എന്നതാണ് ബജറ്റിന്‍റെ വിജയം. എന്നാല്‍ സ്ഥിര വരുമാനം ഇല്ലാത്ത ഒരു വ്യക്തിയുടെ വീട്ടിലെ ബഡ്ജറ്റ് ഉണ്ടാക്കുക എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്ര വരവ് വരും എന്ന് വ്യക്തമായ ഒരു ധാരണ ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
വരവിന് അനുസരിച്ച് ചെലവ് ചെയ്യുകയും അല്പം മിച്ചം വെക്കുകയും ചെയ്യുക എന്നുള്ളതാണ് ഓരോ ബജറ്റ് ഉണ്ടാക്കുന്നതിന്‍റെയും ലക്ഷ്യം. മിച്ചമുണ്ടാക്കാന്‍ സാധിക്കുകയാണെങ്കില്‍ ബജറ്റ് വിജയം കണ്ടു എന്ന് പറയാം. കടകെണിയിലേയ്ക്ക് പോകാതിരിക്കാന്‍ ബജറ്റ് അനിവാര്യമാണെന്ന് സാമ്പത്തിക രംഗത്തുള്ളവര്‍ പറയുന്നു. ബജറ്റുകള്‍ ഇല്ലാതെ ഒരു കുടുംബം മുന്നോട്ടു പോകുമ്പോള്‍ ആണ് സാമ്പത്തികമായ താളം തെറ്റലുകള്‍ ഉണ്ടാകുന്നത്. മനുഷ്യന്‍ കടക്കെണിയിലേക്ക് വീണുപോകുന്നതും ഇത്തരം താളം തെറ്റുകള്‍ കാരണമാണ്. അതുകൊണ്ടുതന്നെ ബജറ്റ് ഒരു കുടുംബത്തിന്‍റെ വിജയകരമായ സാമ്പത്തിക അച്ചടക്കത്തിന് അനിവാര്യമാണ്.
ബജറ്റ് എന്നത് ഒരു കണക്കുകൂട്ടല്‍ പദ്ധതിയാണ് എന്ന് പറയുന്നതാണ് ശരി. ഒരു നിശ്ചിത കാലയളവിലേക്ക് വരുമാനവും, ചെലവുകളും ഉള്‍പ്പെടെയുള്ള കണക്കുകളില്‍ രൂപം കൊടുക്കുന്ന പദ്ധതി എന്ന് പറയാം. വരവും ചിലവും കണക്ക് കൂട്ടുന്നതിനൊപ്പം പാരിസ്ഥിതിക ആഘാതങ്ങള്‍, ആസ്തികള്‍, ബാധ്യതകള്‍, തുടങ്ങിയവ ഒരു ബജറ്റില്‍ ഉണ്ടാകണം. കമ്പനികളും സര്‍ക്കാരുകളും കുടുംബങ്ങളും എന്നു വേണ്ട എല്ലാ സംഘടിത സംവിധാനങ്ങളും ബജറ്റുകള്‍ കേന്ദ്രീകരിച്ചാണ് സാമ്പത്തിക ഇടപാട് നടത്തുക. ഒരു ബജറ്റില്‍ മുന്‍ഗണനകള്‍ കണക്കാക്കുന്നത് അവരുടെ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന സമയത്ത് ചിലപ്പോള്‍ കമ്മിയോ (ചെലവുകള്‍ വരുമാനത്തേക്കാള്‍ കൂടുതലാണ്) അല്ലെങ്കില്‍, മിച്ചമോ (വരുമാനം ചെലവുകള്‍ കവിയുന്നു) ആകുവാനുള്ള സാഹചര്യമുണ്ട്. വാണിജ്യ മേഖലയില്‍, ഒരു സേവനത്തിന്‍റെ ചെലവ് വിശദീകരിക്കുന്ന ഒരു രേഖ അല്ലെങ്കില്‍ റിപ്പോര്‍ട്ട് കൂടിയാണ് ബജറ്റ്. ബഡ്ജറ്റ് നിര്‍മ്മിക്കുന്നവര്‍ അത് പാലിക്കണം എന്നത് അലിഖിത നിയമമാണ്. ഒരു ബജറ്റ് ഉപഭോക്താവിന് നല്‍കിയാല്‍ അതില്‍ നിന്ന് പിന്‍മാറുന്നത് ഉചിതമായ നടപടിയല്ല.
വില്‍പ്പന ബജറ്റ്, ഉത്പാദന ബജറ്റ്, തുടങ്ങിയ ഒട്ടേറെ ബജറ്റുകളില്‍ കുടുംബ ബജറ്റാണ് ഓരോരുത്തരും അടുത്തറിയുന്നത്. കുടുംബ ബജറ്റ് പോലെ തന്നെയാണ് കോര്‍പ്പറേറ്റ് ബജറ്റും. ബിസിനസ് ലോകത്തുള്ളവര്‍ ലാഭമാണ് പ്രതീക്ഷിക്കുന്നത്. അതിന് അവര്‍ കര്‍ശനമായ ബജറ്റിങ്ങ് നടത്തേണ്ടതുണ്ട്. രാജ്യത്തിന്‍റെ സാമ്പത്തിക അച്ചടക്കത്തിന് ബജറ്റ് അവതരിപ്പിക്കും. ഒരു ഗവണ്‍മെന്‍റിന്‍റെ ബജറ്റ് എന്നത് പ്രതീക്ഷിക്കുന്ന വിഭവങ്ങളുടെയും ആ ഗവണ്‍മെന്‍റിന്‍റെ ചെലവുകളുടെയും സംഗ്രഹമോ പദ്ധതിയോ ആണ്. ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക കാര്യ വകുപ്പിന്‍റെ ബജറ്റ് ഡിവിഷന്‍ എല്ലാ വര്‍ഷം ബജറ്റ് തയ്യാറാക്കുന്നു. ബജറ്റ് രൂപീകരണ സമിതിയുടെ തലവന്‍ ധനമന്ത്രിയാണ്. ധനമന്ത്രിയാണ് രാജ്യത്തിന്‍റെ ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത്. സമാനമായി രാജ്യത്തെ ഓരോ സംസ്ഥാനങ്ങളും ബജറ്റ് അവതരിപ്പിക്കും. ഓരോ സംസ്ഥാനത്തേയും തദ്ദേശഭരണ സ്ഥാപനങ്ങളും ബജറ്റ് അവതരിപ്പിക്കും.
പ്രശാന്ത ചന്ദ്ര മഹലനോബിസ് എന്ന ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഇന്ത്യന്‍ ബജറ്റിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ആസൂത്രണ കമ്മീഷനിലെ അംഗമായിരുന്നു അദ്ദേഹം. അദ്ദേഹം ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും വലിയ തോതിലുള്ള സാമ്പിള്‍ സര്‍വേകളുടെ രൂപകല്പനയ്ക്ക് സംഭാവന നല്‍കുകയും ചെയ്തു. സര്‍ ജെയിംസ് വില്‍സണ്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് 1860 ഫെബ്രുവരി 18ന് അവതരിപ്പിച്ചു എന്നാണ് രേഖകളില്‍ കാണുന്നത്. അദ്ദേഹം തന്‍റെ കരിയറിന്‍റെ ഭൂരിഭാഗവും പഞ്ചാബിലാണ് ചെലവഴിച്ചത്. ഇന്ത്യയിലും സ്കോട്ട്ലന്‍ഡിലും ഭാഷാഭേദങ്ങളെയും നാടോടിക്കഥകളെയും കുറിച്ചുള്ള പുസ്തകങ്ങളുടെ രചയിതാവ് കൂടിയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് 77 പൂര്‍ണ ബജറ്റുകളും 14 ഇടക്കാല ബജറ്റുകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ബജറ്റുകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ രാജ്യത്തിന്‍റെ ആദ്യ ബജറ്റും ഒരു ഇടക്കാല ബജറ്റായിരുന്നുവെന്ന പ്രത്യേകതയുണ്ട്. 1947 നവംബര്‍ 26ന് ആര്‍. കെ. ഷന്‍മുഖം ചെട്ടിയായിരുന്നു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രിയാവുന്നതിന് മുമ്പ് കൊച്ചി രാജ്യത്തിലെ ദിവാന്‍ കൂടിയായിരുന്നു ഷണ്‍മുഖം ചെട്ടി. ബജറ്റ് അവതരണത്തില്‍ റെക്കോര്‍ഡ് മൊറാര്‍ജി ദേശായിക്കാണ്. അദ്ദേഹം പത്ത് ബജറ്റുകള്‍ അവതരിപ്പിച്ചു. പി. ചിദംബരത്തിന്‍റെ 9, പ്രണബ് മുഖര്‍ജിയുടെ 8, യശ്വന്ത് സിന്‍ഹ, യശ്വന്ത്റാവു ചവാന്‍, സി.ഡി. ദേശ്മുഖ് എന്നിവര്‍ 7 വീതം ബജറ്റുകള്‍ അവതരിപ്പിച്ചപ്പോള്‍ മന്‍മോഹന്‍ സിംഗ്, ടി.ടി. കൃഷ്ണമാചാരി, നിര്‍മല സീതാരാമന്‍ എന്നിവര്‍ 6 ബജറ്റുകള്‍ അവതരിപ്പിച്ചു. ഇത്തവണത്തെ ബജറ്റോടെ നിര്‍മ്മല സീതാരാമന്‍ 7 ബജറ്റ് അവതരിപ്പിച്ചവരോടൊപ്പമാകും. രാജ്യത്തെ പൂര്‍ണ്ണ ബജറ്റുകള്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയുടെ അവസാന പ്രവര്‍ത്തി ദിവസമായിരുന്നു അവതരിപ്പിച്ചിരുന്നത്. 2017 മുതല്‍ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന രീതിക്ക് മാറ്റം വരുത്തി ഫെബ്രുവരിയിലെ ആദ്യ പ്രവര്‍ത്തി ദിനമാക്കി മാറ്റി.
ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള, ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ വാര്‍ഷിക ധനകാര്യ ഇടപെടലിനായി റയില്‍ ബജറ്റ് അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. ബ്രിട്ടിഷ് ഇന്ത്യയില്‍ 1860 ഫിബ്രുവരി 18 നാണ് ആദ്യത്തെ റെയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. തുടക്കത്തില്‍ പൊതുബജറ്റിന്‍റെ ഭാഗമായിരിന്നു റയില്‍ ബജറ്റ്. 1920-21 ല്‍ രൂപികൃതമായ, ബ്രിട്ടിഷ് റയില്‍വേ സാമ്പത്തിക വിദഗ്ദ്ധനായിരുന്ന വില്ല്യം അക്വര്‍ത്തിന്‍റെ നേതൃത്ത്വത്തിലുള്ള പത്തംഗ അക്വര്‍ത്ത് കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ച് 1924 ല്‍ റയില്‍ ബജറ്റ് പൊതുബജറ്റില്‍ നിന്നും വേര്‍പെടുത്തി. എല്ലാ വര്‍ഷവും ഇന്ത്യയുടെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ റെയില്‍വേ മന്ത്രിയാണ് പാര്‍ലമെന്‍റില്‍ റയില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ റയില്‍ ബജറ്റ് അവതരിപ്പിച്ചത് ഇന്ത്യയുടെ ആദ്യ റയില്‍വേ മന്ത്രിയും രണ്ടാമത്തെ ധനകാര്യമന്തിയുമായിരിന്ന ജോണ്‍ മത്തായിയാണ്. റയില്‍ ബജറ്റ് അവതരിപ്പിച്ച ഏക വനിത മമത ബാനര്‍ജിയാണ്. ഏറ്റവും കൂടുതല്‍ തവണ റയില്‍ ബജറ്റ് അവതരിപ്പിച്ചത് ജഗജീവന്‍ റാം ആണ് (ഏഴ് തവണ). 2017 മുതല്‍ റെയില്‍ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിച്ചതോടെ 92 വര്‍ഷത്തെ ചരിത്രമുള്ള റയില്‍ ബജറ്റാണ് ഇല്ലാതായത്.
രസകരമായ ഒട്ടേറെ സംഭവങ്ങള്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഹല്‍വ ചടങ്ങാണ്. ബജറ്റ് രേഖകളുടെ പ്രിന്‍റിംഗ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പ് څ ഹല്‍വ ചടങ്ങ് څ നടക്കും. ഹല്‍വ ധനമന്ത്രിയാണ് ബജറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സഹായികള്‍ക്കും നല്‍കുന്നത്. ബജറ്റ് അവതരിപ്പിക്കുന്നത് വരെ അവര്‍ ഒറ്റപ്പെട്ട് നോര്‍ത്ത് ബ്ലോക്ക് ഓഫീസില്‍ തന്നെ കഴിയേണ്ടതുണ്ട്. ലോക്ക്-ഇന്‍ കാലയളവ് എന്നാണ് ഈ കാലാവധിയെ വിശേഷിപ്പിക്കാറ്. ഒരു പ്രധാന ജോലി ആരംഭിക്കുന്നതിന് മുമ്പ് മധുരമുള്ള എന്തെങ്കിലും കഴിക്കുന്ന ഇന്ത്യന്‍ പാരമ്പര്യത്തിന്‍റെ ഭാഗമായാണ് ഈ ചടങ്ങ് നടത്തുന്നത്. ബജറ്റ് അച്ചടി തുടങ്ങുന്ന ദിവസം മുതല്‍ ധനമന്ത്രി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കും വരെ അവര്‍ക്ക് പുറത്ത് വരാനോ ആരുമായി ബന്ധപ്പെടുവാനോ കഴിയില്ല. നോര്‍ത്ത് ബ്ലോക്കിന്‍റെ ഭൂമിക്കടിയിലെ നിലയില്‍ 1980 മുതല്‍ 2020 വരെയുള്ള 40 വര്‍ഷക്കാലം ബജറ്റ് അച്ചടിക്കാന്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ഒരു പ്രിന്‍റിംഗ് പ്രസ് ഉണ്ട്. ഇപ്പോള്‍ ബജറ്റ് ഡിജിറ്റലായി മാറിയതോടെ, മൊബൈല്‍ ആപ്പ് വഴിയോ വെബ് സൈറ്റിലോ വിതരണം നടക്കുന്നു. ലോക്ക്-ഇന്‍ കാലയളവ് രണ്ടാഴ്ച വരെ നീണ്ടുനിന്ന മുമ്പത്തേതില്‍ നിന്ന് വെറും അഞ്ച് ദിവസമായി കുറഞ്ഞു എന്നതാണ് ഡിജിറ്റലായതോടെ വന്ന മാറ്റം.
