പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ്

സുധീര്‍ നാഥ്

2024 ജൂലൈ 15 


പ്രതിപക്ഷ നേതാവ് ഉണ്ടാകുന്നത്

ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ രണ്ട് സഭകളിലും ഔദ്യോഗിക പ്രതിപക്ഷത്തെ നയിക്കുന്ന രാഷ്ട്രീയക്കാരാണ് പ്രതിപക്ഷ നേതാവ്. 2014 മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാവ് ഉണ്ടായില്ല. പ്രതിപക്ഷത്ത് നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ നിലവിലുണ്ടെങ്കിലും, ലോക്സഭയുടെ ആകെ അംഗബലത്തിന്‍റെ പത്തിലൊന്ന് ഉറപ്പിക്കുന്ന പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുക. ഈ ചട്ടം അനുസരിച്ച്, ലോക്സഭയില്‍ 543 അംഗങ്ങളുള്ളതിനാല്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവിനെ നിയമിക്കാന്‍ 55 അംഗങ്ങള്‍ ആവശ്യമാണ്. ഇത്തവണയാണ് അതുണ്ടായത്. 2014ലും, 2019ലും ലോക്സഭയില്‍ ഒരു പാര്‍ട്ടിയും ഈ കണക്കിലെത്തിയിരുന്നില്ല. പക്ഷെ 2024ല്‍ സ്ഥിതി മാറി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രതിനിധിയായി പ്രതിപക്ഷ നേതാവായി. മുന്‍പ് രണ്ട് തവണയും പ്രതിപക്ഷ നേതൃസ്ഥാനം അനുവദിക്കാന്‍ വിസമ്മതിച്ചത് ചരിത്രത്തിലുണ്ട്. നെഹ്റു കമ്മ്യൂണിസ്റ്റ് നേതാവായ എ.കെ.ജിക്ക് പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം കൊടുത്തത് ഓര്‍ക്കേണ്ടതായിരുന്നു. എ.കെ.ജി പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ നിശ്ശബ്ദരായിരിക്കാന്‍ സ്വന്തം അണികളോട് പ്രധാനമന്ത്രി നെഹ്റു പറഞ്ഞിട്ടുണ്ടത്രെ. അത് ഏറ്റവും ഉയര്‍ന്ന ജനാധിപത്യബോധം. പ്രതിപക്ഷ നേതാവ് ഇല്ലാതെ ഏകാധിപതിയാകാന്‍ ആസ്രഹിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റില്‍ പ്രതിപക്ഷം ശക്തമായതോടെ ക്ഷീണിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഹ്രസ്വകാലത്തേക്ക് തുടക്കം കുറിച്ച പതിനെട്ടാം പാര്‍ലമെന്‍റ്  സമ്മേളനത്തിന്‍റെ ആദ്യ നാളുകളില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രധാനമന്ത്രിക്ക് നേരെ വിരല്‍ ചൂണ്ടി ചോദ്യങ്ങള്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷം നിശബ്ദമായി പ്രസംഗങ്ങള്‍ നടത്തിയിരുന്ന പ്രധാനമന്ത്രിക്ക് പ്രസംഗത്തിന്‍റെ തുടക്കം മുതല്‍ അവസാനം വരെ ശക്തമായ പ്രതിരോധം ഉണ്ടായി എന്നുള്ളത് പ്രതിപക്ഷത്തിന്‍റെ ശക്തി തെളിയിക്കപ്പെടുന്ന ഒന്നായിരുന്നു. പ്രതിപക്ഷ നേതാവ് ഇല്ലാതെ പത്തുവര്‍ഷം ഭരിച്ച നരേന്ദ്രമോദിക്ക് വരുന്ന നാളുകളില്‍ പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിരോധം ഉണ്ടാകും എന്ന് തെളിയിക്കുന്നതായിരുന്നു ആദ്യ സമ്മേളനം. പതിനെട്ടാം പാര്‍ലമെന്‍റ്തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ സമയത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിന്‍റെ മറുപടിയാണ് പാര്‍ലമെന്‍റില്‍ മുഴങ്ങി കേട്ടത്. മോദിയുടെ വിദ്വേഷ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒന്ന് പരിശോധിക്കുകാം. രാജ്യത്തെ പ്രകൃതിവിഭവങ്ങളുടെ പ്രഥമഉടമസ്ഥാവകാശം മുസ്ലീങ്ങള്‍ക്ക് ആണെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നല്‍കും. കോണ്‍ഗ്രസ് ഹിന്ദുസ്ത്രീകളുടെ മംഗള്‍സൂത്രം കവര്‍ന്നെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്കും'. 'കോണ്‍ഗ്രസ് ക്രിക്കറ്റ് ടീമിനെ മതാധിഷ്ഠിതമായി തിരഞ്ഞെടുക്കും'. 'ഇന്ത്യാമുന്നണിയുടെ നേതാക്കള്‍    ശ്രാവണമാസത്തില്‍ മാംസം കഴിക്കുന്നവരാണ്'. 'കോണ്‍ഗ്രസ് മരിക്കുമ്പോള്‍ പാകിസ്ഥാന്‍ കരയും'. 'കോണ്‍ഗ്രസിന്‍റെ രാജകുമാരനെ പ്രധാനമന്ത്രിയാക്കാന്‍ പാക്കിസ്ഥാനിലെ നേതാക്കള്‍ ആഗ്രഹിക്കുന്നു'. ഇതൊക്കെ മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ ആയിരുന്നു. ഇത്രമേല്‍ സാമുദായികമായി ജനതയെ ഭിന്നിപ്പിക്കുന്ന, ഇത്രമേല്‍ വിഷം പടര്‍ത്തുന്ന പ്രസംഗങ്ങള്‍ ഇതുവരെ ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും നടത്തിയിട്ടില്ല. അതീവ ഗുരുതരവും, വസ്തുതാവിരുദ്ധവുമായ വര്‍ഗീയപരാമര്‍ശങ്ങള്‍  അടങ്ങിയ പൊതുപ്രസംഗങ്ങള്‍ ആണ് നരേന്ദ്രമോദി  കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉടനീളം നടത്തിയിട്ടുള്ളത്. ഭൂരിപക്ഷ മതവോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള അപക്വവും വിദ്വേഷജനകവുമായ ഈ വര്‍ഗീയപ്രചാരണം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം വിഭിന്ന സമുദായങ്ങള്‍ക്കിടയില്‍ ഗുരുതരമായ വിള്ളലും, സ്പര്‍ദ്ധയും ഉണ്ടാക്കുമെന്ന കാര്യം അറിയാത്ത ഒരാള്‍ അല്ല ഇന്ത്യയുടെ പ്രധാനമന്ത്രി. എന്നിട്ടും അദ്ദേഹം അത് തുടര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങളും അതൊരു വലിയ വിഷയമാക്കിയില്ല.  പ്രതിപക്ഷ നേതാവ് ഉണ്ടായത് അതുകൊണ്ടാണ്. പ്രതിപക്ഷ നിര ശക്തമായത് അതുകൊണ്ട് തന്നെ. രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. 

വിശ്വാസം മൂലധനമാക്കുന്നവര്‍

എല്ലാ മനുഷ്യരും വിശ്വാസികളാണ്. അവര്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികളും, പ്രതിരോധങ്ങളും മറ്റും നേരിടേണ്ടി വരും. എല്ലാം മനുഷ്യരിലും ഉണ്ടാകുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ആള്‍ദൈവങ്ങള്‍ ചൂഷണം ചെയ്യുന്നത്. ഇന്ന് രാജ്യത്താകമാനം ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരു മേഖലയായി ആള്‍ദൈവങ്ങള്‍ മാറിയിരിക്കുന്നു. ഹിപ്പ്നോട്ടിസത്തിന്‍റേയും, മാജിക്കിന്‍റേയും മനശാസ്ത്രത്തിന്‍റേയും സഹായത്താലാണ് അവര്‍ ഇതൊക്കെ ചെയ്തു കൂട്ടുന്നത്. അവര്‍ ആശ്രമങ്ങള്‍ പണിയുന്നു. ആത്മീയത വ്യവസായമാക്കുന്നു. മറ്റ് വ്യവസായങ്ങള്‍ അതിന്‍റെ മറവില്‍ നടത്തുന്നു. ആശ്രമങ്ങളുടെ മറവില്‍ വ്യഭിചാരം നടത്തുന്നതായുള്ള ഒട്ടേറെ റിപ്പോട്ടുകള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ആള്‍ദൈവങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ് ഇന്ത്യ എന്ന് പറയുന്നതിലും തെറ്റില്ല. ചിന്തിച്ചുനോക്കുമ്പോള്‍ അത് എത്രമാത്രം ശരിയാണെന്ന് നമ്മള്‍ തന്നെ തിരിച്ചറിയുന്നു. ആള്‍ദൈവങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ...? ആര്‍ഭാടമായ ജീവിതമല്ലേ അവര്‍ നയിക്കുന്നത്. ഏറ്റവും സുഖകരമായ, സന്തോഷകരമായ ആനന്ദം അനുഭവിക്കുന്ന ഒരു വിഭാഗമാണ് ആള്‍ദൈവങ്ങള്‍. ആള്‍ദൈവങ്ങള്‍ അതിസമ്പന്നരേക്കാള്‍ വലിയ ആര്‍ഭാടമായാണ് ജീവിക്കുന്നത് എന്ന് കാണാം. ജീവിച്ചിരിക്കുന്ന ഒരാള്‍ സ്വയം ദൈവമെന്ന് വിശേഷിപ്പിക്കുകയും മറ്റുള്ളവരെ കൊണ്ട്  ദൈവമായി അംഗീകരിപ്പിക്കുകയും ചെയ്യുകയാണ് ആള്‍ദൈവങ്ങള്‍ ചെയ്യുന്നത്. ആള്‍ദൈവങ്ങള്‍ സാധാരണയായി വന്‍ തോതില്‍ പ്രസിദ്ധരാകുകയും സമൂഹത്തിലെ നാനാതുറകളിലുള്ളവരെ ആകര്‍ഷിയ്ക്കുകയും ചെയ്യാറുണ്ട്. ആള്‍ദൈവങ്ങള്‍ക്ക് പണ്ടത്തെപ്പോലെ താടി വളര്‍ത്തിയും മുടി നീട്ടി വളര്‍ത്തിയും കൈകളിലും കഴുത്തിലും രുദ്രാക്ഷ മാലയും മറ്റും ധരിച്ച്, എല്ലാ വിരലുകളിലും മോതിരങ്ങള്‍ ധരിച്ചും പ്രത്യേക തരം വസ്ത്രങ്ങള്‍ ധരിച്ചും ഇറങ്ങേണ്ടതില്ല. ബുള്ളറ്റില്‍ കൂളിങ്ങ് ഗ്ലാസും, ഷൂസും ധരിച്ച് ചെത്ത് സ്റ്റയിലില്‍ നടക്കുന്ന കള്ള സന്യാസിമാര്‍ മുതല്‍ കോട്ടും, സ്വൂട്ടും ടൈയ്യും കെട്ടി വിലസുന്നവര്‍ വരെ ഉണ്ട്. ഈ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന ദുരന്തത്തില്‍ 123 മരണങ്ങളാണ് ഉണ്ടായത് എന്ന് പറയുന്നു. അവിടെ പ്രാര്‍ത്ഥനാ യോഗം നടത്തിയത് വെള്ള സ്യുട്ടും ടൈയ്യും ധരിച്ച നാരായണന്‍ സാകാര്‍ ഹരി എന്ന യുപി പോലീസില്‍ മുന്‍പ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഭോലെ ബാബയാണ്. പോലീസ് ജോലി രാജിവെച്ചാണ് തൊണ്ണൂറുകളില്‍ അദ്ധ്യാത്മിക രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അനുയായികളെ സമ്പാദിച്ച ബാബ ഇപ്പോള്‍ ഒളിവിലാണ്. കോവിഡ് സമയത്ത് 50 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള പ്രാര്‍ത്ഥനാ യോഗങ്ങളില്‍ 50,000 പേരെ പങ്കെടുപ്പിച്ചതിനെതിരെ ബാബയ്ക്കെതിരെ കേസുണ്ട്. അദ്ദേഹം രാജകീയമായ കസേരകളില്‍ വെളുത്ത കോട്ടും ടൈയ്യും ഒക്കെ അണിഞ്ഞാണിരിക്കുന്നത് കാണുക. അദ്ദേഹത്തിന്‍റെ മുടി വളര്‍ന്നിട്ടില്ല. വെട്ടി ഒതുക്കിയിരിക്കുന്നു. താടിയില്ല, മീശയില്ല. നെറ്റിയില്‍ ചന്ദനക്കുറി ഇല്ല. ഭസ്മം തേച്ചിട്ടില്ല. അദ്ദേഹത്തെ ആരാധിക്കാന്‍ ഹത്രാസില്‍ എത്തിയവരുടെ എണ്ണം നാല് ലക്ഷത്തിലധികം...! എന്തിനേറെ പറയുന്നു 123 പേര്‍ കൊല ചെയ്യപ്പെട്ട ഹത്രാസില്‍ പോലീസ് തയ്യാറാക്കിയ എഫ്ഐആറില്‍ ബാബയുടെ പേരുപോലുമില്ല. 

നിതീഷും നായിഡുവും ഡിമാന്‍റ് തുടങ്ങി

ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജൂലൈ 23ന് ആരംഭിക്കുകയാണ്. അതിന് മുന്നോടിയായി തന്നെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും അവരുടെ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഏതാണ്ട് 48 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ഇരു സംസ്ഥാനങ്ങളുടെയും നേതാക്കള്‍ക്ക് അങ്ങനെ ആവശ്യപ്പെടുവാന്‍ അവകാശമുണ്ട്. അതിനുവേണ്ടിയാണല്ലോ അവര്‍ പിന്തുണ നല്‍കിയിരിക്കുന്നത്. അവരുടെ ആവശ്യം സാധിച്ചു കൊടുത്തില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുന്ന കാര്യത്തില്‍ സംശയം ഉണ്ട് എന്നുള്ള കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഒരു സംശയവുമില്ല. ഇരു സംസ്ഥാന പാര്‍ട്ടികളുടെയും പിന്തുണ നഷ്ടപ്പെടുത്തുവാന്‍ ബിജെപിക്ക് ആഗ്രഹവുമില്ല. ലഭിച്ച ഭരണം മുന്നോട്ടു കൊണ്ടു പോകുവാനുള്ള തീവ്ര ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ട് തന്നെ നിതീഷ് കുമാറിന്‍റെയും ചന്ദ്രബാബു നായിഡുവിന്‍റെയും ആവശ്യങ്ങള്‍ പരിഗണിക്കാതെ നിവൃത്തിയില്ല എന്നുള്ള അവസ്ഥയാണുള്ളത്. അങ്ങിനെ വരുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അടക്കം പ്രതീക്ഷിക്കുന്ന ബജറ്റ് വിഹിതത്തിന്‍റെ ഭാഗം ലഭിക്കാതെ വരും. മുന്‍കാലങ്ങളില്‍ ബിജെപി ഇതര സംസ്ഥാനങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചായിരുന്നു ബജറ്റ് വിഹിതം വിതരണം ചെയ്തത്. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും പ്രതിഷേധം ഉയര്‍ത്തും എന്ന സ്ഥിതിവിശേഷം ഉണ്ടാകും. അപ്പോള്‍ ബിജെപി ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കും. ഇപ്പോള്‍ ശക്തമായ പ്രതിപക്ഷവും പാര്‍ലമെന്‍റിലുണ്ട്. രാജ്യം രാഷ്ട്രീയ നിലനില്‍പ്പിനായി സാമ്പത്തികമായി വളരെ അപകടകരമായ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് എന്ന് ചുരുക്കി പറയാം.

എയ്മയ്ക്ക് പുതിയ ഭാരവാഹികളായി

ഇന്ത്യയിലെ പ്രവാസി മലയാളികളുടെ സംഘടനകളുടെ സംഘടനയായ എയ്മയുടെ പതിനേഴാം വാര്‍ഷികം തെലുങ്കാനയില്‍ നടന്നു. 29 സംസ്ഥാനങ്ങളിലേയും യൂണിയന്‍ ടെറിട്ടോറിയലിലും നിന്നുള്ള 200ല്‍ പരം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ മാത്രം ഒട്ടേറെ മലയാളി സംഘടനകളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ഥ ബാനറിന് കീഴിലാണ് ഓരോ സംഘടനയും പ്രവര്‍ത്തിക്കുന്നത്. ഈ സംഘടനകളെയെല്ലാം ഒരു അപ്പക്സ് ബോഡി എന്നുള്ള നിലയിലാണ് കഴിഞ്ഞ 17 വര്‍ഷമായി  എയ്മ പ്രവര്‍ത്തിക്കുന്നത്. ഒരു കുടക്കീഴില്‍ മലയാളി സംഘടനകളെ കൊണ്ടുവരുക എന്നുള്ള ലക്ഷ്യമാണ് മുന്നൂറോളം ഇന്ത്യയിലെ മലയാളി സംഘടനകള്‍ അംഗമായ എയ്മയ്ക്ക് ഉള്ളത്.  രാജ്യത്തിന്‍റെ എല്ലാ സംസ്ഥാനങ്ങളിലെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എയ്മയാണ് ഏകീകരിക്കുന്നത്. എയ്മയുടെ ക്യൂക്ക് റെസ്പേണ്‍സ് ടീം രാജ്യത്ത് വളരെ സജീവമാണ്. ഏത് സംസ്ഥാനങ്ങളില്‍ മലയാളിക്ക് പ്രശ്നങ്ങളുണ്ടെങ്കിലും ക്യൂക്ക് റെസ്പേണ്‍സ് ടീം സഹായവുമായി എത്തുന്നത് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്. കോവിഡ് കാലത്ത് കേരളത്തിലേക്ക് പാലായനം ചെയ്യപ്പെട്ട മലയാളികള്‍ക്ക് അവര്‍ കടന്നുപോയ സംസ്ഥാനങ്ങളില്‍ സഹായഹസ്തം നീട്ടിയ പ്രവര്‍ത്തിയിലൂടെ എയ്മ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോര്‍ എംഎസ്എംഇ ക്യാമ്പസില്‍ നടന്ന സമ്മേളനത്തില്‍ 2024 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഗോകുലം ഗോപാലന്‍ പ്രസിഡന്‍റും, ബാബു പണിക്കര്‍ ചെയര്‍മാനും, കെ ആര്‍ മനോജ് ജനറല്‍ സെക്രട്ടറിയുമായ പുതിയ  ഭാരവാഹികള്‍ ചുമതല ഏറ്റു. ട്രഷററായി ഛത്തീസ്ഗഡില്‍ നിന്നുള്ള സജിമോന്‍ ജോസഫ്, ട്രഷററായും ദേശീയ അഡീഷണല്‍ ജനറല്‍ സെക്രട്ടറിയായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ജയരാജ് നായരും തിരഞ്ഞെടുക്കപ്പെട്ടു. ക്യൂക്ക് റെസ്പേണ്‍സ് ടീം സെക്രട്ടറിയായി അലക്സ് പി സുനില്‍. സീനിയര്‍ വൈസ് പ്രസിഡന്‍റായി ബിനു ദിവാകരന്‍ (കര്‍ണാടക), വൈസ് പ്രസിഡന്‍റുമാരായി വടക്ക്: ജെയ്സണ്‍ ജോസഫ് (ഹരിയാന), തെക്ക്: എം കെ നന്ദകുമാര്‍ (ആന്ധ്രാ പ്രദേശ്), കിഴക്ക്: കെ നന്ദകുമാര്‍ (പശ്ചിമബംഗാള്‍), പടിഞ്ഞാറ്: ഉപേന്ദ്രമേനോന്‍ (മഹാരാഷ്ട്ര) എന്നിവരെ തിരഞ്ഞെടുത്തു. 

സൂര്യ ക്യഷ്ണമൂര്‍ത്തിക്ക് അക്ഷരമുദ്ര പുരസ്ക്കാരം

സൂര്യ കൃഷ്ണമൂര്‍ത്തിയെ മലയാളികള്‍ക്കിടയില്‍ ഒരു പരിചയപ്പെടുത്തലുകളുടേയും ആവശ്യമില്ല. മലയാളിയും കലാകാരനും മനുഷ്യസ്നേഹിയും ശാസ്ത്രജ്ഞനുമാണ് അദ്ദേഹം. അദ്ദേഹം സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകനാണ്. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍മാനായിരുന്ന അദ്ദേഹം നേത്യത്ത്വം നല്‍കുന്ന സൂര്യ ഫെസ്റ്റിവെല്‍  രാജ്യത്തെ കലാകാരന്‍മാരുടെ സ്വപ്ന വേദിയാണ്. 1996ല്‍, സ്റ്റേജ് ക്രാഫ്റ്റിന് സംവിധാനത്തിന് ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ ദേശീയ അവാര്‍ഡ്. പത്മശ്രീ അവാര്‍ഡ് എന്നിവ കൃഷ്ണമൂര്‍ത്തിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ കേരളം, തമിഴ്നാട്, പുതുച്ചേരി സര്‍ക്കാരുകളുടെ പരമോന്നത ബഹുമതികളും ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ നല്‍കുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ കേരള പ്രഭ പുരസ്ക്കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇത്തരം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയത് കലാ രംഗത്തെ സംഭാവനകള്‍ മാനിച്ചായിരുന്നു. സാഹിത്യ രംഗത്തും സൂര്യ കൃഷ്ണമൂര്‍ത്തി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹം എഴുതിയ നാടകങ്ങളും ലേഖനങ്ങളും സിനിമാ നിരൂപണങ്ങളും ഏറെ ശ്രദ്ധ നേടിയതായിരുന്നു. മലയാളഭാഷ സാഹിത്യത്തിന് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് അക്ഷരമുദ്ര പുരസ്കാരം എയ്മ ഇത്തവണ സമ്മാനിച്ചത്. സൂര്യ കൃഷ്ണമൂര്‍ത്തിക്ക് 250ലേറെ അവാര്‍ഡുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെങ്കിലും സാഹിത്യ സംഭാവനയ്ക്ക് കിട്ടുന്ന ആദ്യ പുരസ്കാരമായിരുന്നു അക്ഷരമുദ്ര എന്നുള്ളത്. ജൂലൈ 7ന് ഹൈദ്രബാദില്‍ നടന്ന ചടങ്ങില്‍ എയ്മ പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍ അവാര്‍ഡ് സമ്മാനിച്ചു. 


 ഫോട്ടോ...ബി) സൂര്യ ക്യഷ്ണമൂര്‍ത്തിക്ക് എയ്മ ദേശിയ പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍ അക്ഷരമുദ്ര പുരസ്ക്കാരം സമ്മാനിക്കുന്നു. ജെയ്സണ്‍ ജോസഫ്, രക്ഷാധികാരി സി. ചന്ദ്രന്‍, എം. കെ. നന്ദകുമാര്‍, ആര്‍ കെ ശ്രീധരന്‍, മോഹനന്‍ ബി നായര്‍, പി എന്‍ ശ്രീകുമാര്‍, ബാബു പണിക്കര്‍, സുനില്‍ പി അലക്സ് എന്നിവര്‍ ചിത്രത്തില്‍.