വരൂ നമുക്കും ആള്‍ദൈവങ്ങളാകാം
വിജയ് ചൗക്ക്
സുധീര്‍നാഥ്
ആള്‍ദൈവങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ് ഇന്ത്യ എന്ന് എവിടെയോ വായിച്ച ഓര്‍മ്മയുണ്ട്. ചിന്തിച്ചുനോക്കുമ്പോള്‍ അത് എത്രമാത്രം ശരിയാണെന്ന് നമ്മള്‍ തന്നെ തിരിച്ചറിയുന്നു. ആള്‍ദൈവങ്ങളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ...? ആര്‍ഭാടമായ ജീവിതമല്ലേ അവര്‍ നയിക്കുന്നത്. ഏറ്റവും സുഖകരമായ, സന്തോഷകരമായ ആനന്ദം അനുഭവിക്കുന്ന ഒരു വിഭാഗമാണ് ആള്‍ദൈവങ്ങള്‍. ആള്‍ദൈവങ്ങള്‍ അതിസമ്പന്നരേക്കാള്‍ വലിയ ആര്‍ഭാടമായാണ് ജീവിക്കുന്നത് എന്ന് കാണാം. ജീവിച്ചിരിക്കുന്ന ഒരാള്‍ സ്വയം ദൈവമെന്ന് വിശേഷിപ്പിക്കുകയും മറ്റുള്ളവരെ കൊണ്ട് ദൈവമായി അംഗീകരിപ്പിക്കുകയും ചെയ്യുകയാണ് ആള്‍ദൈവങ്ങള്‍ ചെയ്യുന്നത്. ആള്‍ദൈവങ്ങള്‍ സാധാരണയായി വന്‍ തോതില്‍ പ്രസിദ്ധരാകുകയും സമൂഹത്തിലെ നാനാതുറകളിലുള്ളവരെ ആകര്‍ഷിയ്ക്കുകയും ചെയ്യാറുണ്ട്.
ആള്‍ദൈവങ്ങള്‍ക്ക് രോഗം ഭേദമാക്കുമെന്നും ഭാവികാര്യങ്ങള്‍ മുന്‍കൂട്ടിക്കാണുമെന്നും പറയാറുണ്ട്. അതേ സമയം, നിരവധി വിവാദങ്ങളും ഇവരുടെ പേരില്‍ വരാറുണ്ട്. നിങ്ങള്‍ക്ക് ഭംഗിയായി സംസാരിക്കാന്‍ അറിയുമോ...? ആശയങ്ങള്‍ നന്നായി മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കുവാന്‍ സാധിക്കുമോ...? അല്പം ഇംഗ്ലീഷും അല്പം ഹിന്ദിയും അല്പം സംസ്കൃതവും ഒക്കെ അറിയാമെങ്കില്‍ നിങ്ങള്‍ക്കും ആള്‍ദൈവമാകാം. കുറച്ചുകൂടി ജനകീയമാകണമെങ്കില്‍ നിങ്ങള്‍ കുറച്ച് മാജിക്കും ഹിപ്പ്നോട്ടിസവും പഠിച്ചാല്‍ മതിയാകും. ഇന്ന് കേരളത്തില്‍ 50 ഓളം പരക്കെ അറിയപ്പെടുന്ന ആള്‍ദൈവങ്ങള്‍ ഉണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് എല്ലാ മതങ്ങളില്‍ നിന്നുള്ളവരും ഉണ്ട്. അവര്‍ പാവങ്ങളെയും, അന്തവിശ്വാസികളേയും ലക്ഷ്യമിടുന്നു. മനസ് ചാഞ്ചാടുന്നവരെ ലക്ഷ്യമിടുന്നു.
എല്ലാം മനുഷ്യരിലും ഉണ്ടാകുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലെ ദുഃഖങ്ങളാണ് ആള്‍ദൈവങ്ങള്‍ ചൂഷണം ചെയ്യുന്നത്. മനുഷ്യര്‍ക്ക് ജീവിതത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് അവര്‍ ഒപ്പം നില്‍ക്കുന്നതായി സ്ഥാപിക്കുന്നു. അവര്‍ക്ക് ആശ്വാസം പകരുന്നതായി വിശ്വസിപ്പിക്കുന്നു. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരു മേഖലയായി ആള്‍ദൈവങ്ങള്‍ മാറിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹിപ്പ്നോട്ടിസത്തിന്‍റേയും, മാജിക്കിന്‍റേയും മനശാസ്ത്രത്തിന്‍റേയും സഹായത്താലാണ് അവര്‍ ഇതൊക്കെ ചെയ്തു കൂട്ടുന്നത്. അവര്‍ ആശ്രമങ്ങള്‍ പണിയുന്നു. ആത്മീയത വ്യവസായമാക്കുന്നു. മറ്റ് വ്യവസായങ്ങള്‍ അതിന്‍റെ മറവില്‍ നടത്തുന്നു. ആശ്രമങ്ങളുടെ മറവില്‍ വ്യഭിചാരം നടത്തുന്നതായുള്ള ഒട്ടേറെ റിപ്പോട്ടുകള്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.
മാനേജ്മെന്‍റ് ഉപദേശങ്ങളും മോട്ടിവേഷന്‍ സ്പീച്ചുകളുമായി സമാനമായ രീതിയില്‍ മറ്റു ചില തട്ടിപ്പുകളും നമ്മുടെ നാട്ടില്‍ വ്യാപകമാണ്. ആള്‍ദൈവങ്ങളുടെ തന്ത്രത്തിന്‍റെ മറ്റൊരു പതിപ്പാണ് ഇത്. ഇത്തരം തട്ടിപ്പുകള്‍ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വ്യാപകമാണ്. ബിസിനസ് രംഗത്തുള്ളവരെ അവരുടെ വളര്‍ച്ചയ്ക്ക് സഹായിക്കാം എന്ന വ്യാജേനയാണ് ഇവര്‍ അടുക്കുക. പിന്നീട് ഇത്തിക്കണ്ണികള്‍ പോലെ അവര്‍ വളരും. കേരളത്തില്‍ തന്നെ ചെറുതും വലുതുമായ ബിസിനസ് സ്ഥാപനങ്ങള്‍ തകര്‍ന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാലും ഈ ഇടപാട് തുടരുക തന്നെ ചെയ്യുന്നു.
പണ്ട് പണ്ട് രാജസദസുകളില്‍ രാജഗുരുക്കന്‍മാര്‍ ഉണ്ടായിരുന്നു. രാജസദസുകളില്‍ രാജഗുരുക്കന്‍മാര്‍ രാജ്യ സുരക്ഷയ്ക്കും നന്‍മയ്ക്കായി ഉപദേശങ്ങളാണ് നല്‍കിയിരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ഇത്തരം ഗുരുക്കന്‍മാര്‍ കയറി കൂടിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയുടെ സ്വാതന്ത്രത്തിന് അര്‍ദ്ധരാത്രി തിരഞ്ഞെടുത്തതും ഗുരുക്കന്‍മാരായ ചില സ്വമിമാരുടെ ഉപദേശം കൊണ്ടാണ്. പിന്നീട് ഇന്ദിരാ ഗാന്ധിക്ക് യോഗാ ഗുരുവായി നെഹ്റു നിയമിച്ച ധീരേന്ദ്ര ബ്രഹ്മചാരി ഇന്ദിരയുടെ ആസ്ഥാന ഗുരുവായി. വീമാനം പറപ്പിക്കുവാന്‍ വരെ കഴിയുമായിരുന്ന യോഗേന്ദ്ര ബ്രഹ്മചാരി ഇന്ദിരയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് അറിഞ്ഞിരുന്നത്. നരസിംഹറാവുവിന്‍റെ ഗുരുവായിരുന്നു ചന്ദ്രസ്വാമി.
രാജസ്ഥാനിലെ ബെഹ്റോര്‍ ഗ്രാമത്തില്‍ പണമിടപാടുകാരനായ പിതാവില്‍ 1948ല്‍ ജനിച്ച നിമി ചന്ദ് ജെയിന്‍ വളര്‍ന്നാണ് ചന്ദ്രസ്വാമി ആകുന്നത്. വളരെ ചെറുപ്പം മുതലേ താന്ത്രിക്ക് രംഗത്ത് താത്പര്യമായിരുന്നു. ഹൈദ്രബാദിലേയ്ക്ക് താമസം മാറ്റിയ കുടുംബത്തില്‍ നിന്നും അകന്ന് മാറി ഉപാദ്യാര്‍ അമര്‍ മുനിയുടേയും, താന്ത്രിക്ക് രംഗത്ത് പ്രശസ്തനായ ഗോപിനാഥ് കവിരാജിന്‍റേയും ശിക്ഷണം തേടി നിമി ചന്ദ് പോയി. താന്ത്രിക്ക് പഠനം കഴിഞ്ഞതോടെ സ്വന്തമായി ചന്ദ്രസ്വാമി എന്ന പേര് സ്വീകരിച്ചു. ബീഹറിലെ കാടുകളില്‍ തപസിരുന്നു. തന്‍റെ കഴിവ് തെളിയിക്കാന്‍ യാത്രകള്‍ ആരംഭിച്ച ചന്ദ്രസ്വാമിയുടെ വലയില്‍ പല പ്രമുഖരും വീണു.
രാജീവ് ഗാന്ധി മന്ത്രിസഭ മുതല്‍ നരസിംഹറാവുവിന്‍റെ ഭരണകാലം വരെ ഇന്ത്യന്‍ ഭരണത്തിന്‍റെ നിയന്ത്രണം സ്വന്തം ക്കൈകുള്ളില്‍ ഒതുക്കിയ ചന്ദ്രസ്വാമിയെയാണ് പിന്നീട് ലോകം കണ്ടത്. രാജ്യസുരക്ഷ പോലും തകിടം മറിക്കുന്ന കോടികളുടെ അഴിമതിക്ക് ചന്ദ്രസ്വാമിയുടെ ഇടപെടല്‍ ഉണ്ടായി. രാജീവ് ഗാന്ധിയുടെ മന്ത്രിസഭയില്‍ നിന്ന് ബോഫോഴ്സ് അഴിമതിയുടെ പേരില്‍ രാജിവെച്ച വിപി സിംഗിനെ കുടുക്കാന്‍ ചന്ദ്രസ്വാമി, വിശ്വവ്യാപക സ്വാധീനമുള്ള സുഹ്യത്ത് സുബ്രഹ്മണ്യം സ്വാമിയുടേയും, അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന നരസിംഹ റാവുവിന്‍റേയും സഹായത്താല്‍ കുരുക്കൊരുക്കി. വി പി സംഗിന്‍റെ മകന്‍ അജയ സിംഗിന്‍റെ പേരില്‍ കരീബിയയിലെ ഒരു ചെറിയ ദ്വീപായ സെന്‍റ് കിറ്റ്സിലെ ഫസ്റ്റ് ട്രസ്റ്റ് കോര്‍പ്പറേഷന്‍ ബാങ്കില്‍ വ്യാജ അകൗണ്‍ണ്ട് തുറക്കുകയും വലിയ ഒരു തുക നിക്ഷപിക്കുകയും ചെയ്തു. സിബിഐ എറ്റെടുത്ത കേസില്‍ ചന്ദ്രസ്വാമി കുറ്റാരോപിതനാകുകയും ജയിലിലേയ്ക്ക് പോകുകയുമുണ്ടായി എന്നത് ചരിത്രം. സെന്‍റ് കിറ്റ്സ് കേസ് കൂടാതെ, ലഗുബായ് പദക്ക് കേസ്, ഫെറാ വയലേഷന്‍ കേസ്, തുടങ്ങി തട്ടിപ്പുകളുടെ വന്‍ ലിസറ്റുകള്‍ ചന്ദ്രസ്വാമിയുടെ പേരില്‍ എഴുതപ്പെട്ടിട്ടുണ്ട്.
ആള്‍ദൈവങ്ങള്‍ക്ക് പണ്ടത്തെപ്പോലെ താടി വളര്‍ത്തിയും മുടി നീട്ടി വളര്‍ത്തിയും കൈകളിലും കഴുത്തിലും രുദ്രാക്ഷ മാലയും മറ്റും ധരിച്ച്, എല്ലാ വിരലുകളിലും മോതിരങ്ങള്‍ ധരിച്ചും പ്രത്യേക തരം വസ്ത്രങ്ങള്‍ ധരിച്ചും ഇറങ്ങേണ്ടതില്ല. അങ്ങിനെ വേഷം കെട്ടുന്നവര്‍ ഇപ്പോഴും ഉണ്ട് എന്നത് നിഷേധിക്കുന്നില്ല. സമകാലീന സംഭവങ്ങളില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആള്‍ദൈവങ്ങളെ കണ്ടാല്‍ നമുക്ക് അത് മനസ്സിലാകും. ഈ കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നടന്ന ദുരന്തത്തില്‍ 121 മരണങ്ങളാണ് ഉണ്ടായത് എന്ന് പറയുന്നു. അവിടെ പ്രാര്‍ത്ഥനാ യോഗം നടത്തിയത് വെള്ള സ്യുട്ടും ടൈയ്യും ധരിച്ച നാരായണന്‍ സാകാര്‍ ഹരി എന്ന യുപി പോലീസില്‍ മുന്‍പ് കോണ്‍സ്റ്റബിള്‍ ആയിരുന്ന ഭോലെ ബാബയാണ്. പോലീസ് ജോലി രാജിവെച്ചാണ് തൊണ്ണൂറുകളില്‍ അദ്ധ്യാത്മിക രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അനുയായികളെ സമ്പാദിച്ച ബാബ ഇപ്പോള്‍ ഒളിവിലാണ്. കോവിഡ് സമയത്ത് 50 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള പ്രാര്‍ത്ഥനാ യോഗങ്ങളില്‍ 50,000 പേരെ പങ്കെടുപ്പിച്ചതിനെതിരെ ബാബയ്ക്കെതിരെ കേസുണ്ട്. അദ്ദേഹം രാജകീയമായ കസേരകളില്‍ വെളുത്ത കോട്ടും ടൈയ്യും ഒക്കെ അണിഞ്ഞാണിരിക്കുന്നത് കാണുക. അദ്ദേഹത്തിന്‍റെ മുടി വളര്‍ന്നിട്ടില്ല. വെട്ടി ഒതുക്കിയിരിക്കുന്നു. താടിയില്ല, മീശയില്ല. നെറ്റിയില്‍ ചന്ദനക്കുറി ഇല്ല. ഭസ്മം തേച്ചിട്ടില്ല. അദ്ദേഹത്തെ ആരാധിക്കാന്‍ ഹത്രാസില്‍ എത്തിയവരുടെ എണ്ണം നാല് ലക്ഷത്തിലധികം...!
ആത്മീയ വ്യാപാരത്തിന്‍റെ നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. ആസാറാം ബാപ്പു എന്ന വൃദ്ധനായ ആള്‍ദൈവം ഇപ്പോള്‍ ജയിലില്‍ കഴിയുന്നത് അയാളുടെ അടുത്ത് ആശ്വാസം തേടി എത്തിയ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിനാണ്. ഗുര്‍മീത് റാം റഹീം എന്ന ക്രിമിനല്‍ ആള്‍ദൈവത്തെക്കുറിച്ച് മാധ്യമങ്ങളില്‍ സമീപകാലത്ത് ഏറെ വായിക്കപ്പെട്ടതാണ്. ഹിന്ദു മുസ്ലിം സിഖ് പേരുകള്‍ ഒരുമിച്ചാക്കി ഹരിയാനയില്‍ അദ്ദേഹം കോടികളുടെ ആസ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഗുര്‍മീത് റഹീം റാം ജയില്‍ അഴിക്കുള്ളില്‍ പോയതും ബലാല്‍സംഗം കുറ്റം ചുമത്തപ്പെട്ട് തന്നെയാണ്.
ഹരിയാനയില്‍ റാംപാല്‍ മഹാരാജ് എന്ന മറ്റൊരു ആള്‍ദൈവമുണ്ട്. അദ്ദേഹം ജയിലില്‍ കിടക്കുന്നത് കൊലപാതക കുറ്റം ചുമത്തപ്പെട്ടാണ്. ഹരിയാനയിലെ വൈദ്യുതിവകുപ്പിലെ ജോലി ഉപേക്ഷിച്ചാണ് റാംപാല്‍ മഹാരാജ് എന്ന വ്യക്തി ആത്മീയതയിലേക്ക് കുടിയേറിയത്. സ്വാമി നിത്യാനന്ദ ഏറെ വിവാദങ്ങളില്‍ നിറഞ്ഞ മറ്റൊരു ആള്‍ദൈവമാണ്. തെന്നിന്ത്യന്‍ നടിയുമായിട്ടുള്ള ലൈംഗിക ദൃശ്യങ്ങള്‍ വന്നതോടെയാണ് 2010 ല്‍ ഈ ആള്‍ദൈവം അഴിക്കുള്ളില്‍ ആയത്.
ഓഷോ ഒരേസമയം വില്ലനും നായകനും ആയിരുന്ന ആള്‍ദൈവമാണ്. അദ്ദേഹം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ഭഗവാന്‍ ശ്രീ രജനീഷ്, ചന്ദ്രമോഹന്‍ ജയിന്‍, ആചാര്യ രജനീഷ് തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്‍റെ പേരുകള്‍. ലൈംഗികതയെ കുറിച്ചുള്ള ഓഷോയുടെ തത്വങ്ങള്‍ ഇന്ത്യന്‍ യാഥാസ്ഥിക സമൂഹത്തിന് അംഗീകരിക്കുവാന്‍ പ്രയാസമാണ്. ഓഷോയ്ക്ക് സെക്സ് ഗുരു എന്ന വിളിപ്പേരുണ്ട് എന്നുള്ളത് പരസ്യമാണ്. ആള്‍ദൈവങ്ങളായി സമൂഹത്തില്‍ വിലസുന്നവരുടെ പൂര്‍വ്വാശ്രമ ചരിത്രങ്ങള്‍ ആരെയും ഞെട്ടിക്കും. എന്നാലും ജനങ്ങള്‍ക്കിടയിള്‍ ആള്‍ദൈവങ്ങള്‍ വിലസുന്നു.
2023 ഡിസംബര്‍ 6ന് എടത്വാ പള്ളിയില്‍ മാര്‍ത്തോമ്മസഭയില്‍ മൂന്നു പുതിയ എപ്പിസ്കോപ്പമാരെ വാഴിക്കുന്നതിന്‍റെ ഭാഗമായി നടന്ന അനുമോദന സമ്മേളനത്തില്‍ മെത്രാന്‍മാരുടെ ആഡംബരഭ്രമത്തെ കേരളത്തിന്‍റെ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ വിമര്‍ശിച്ചത് ചരിത്രത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. ജിജി തോംസണ്‍ ഐഎഎസ് അഞ്ചു സഭകളിലെ ബിഷപ്പുമാരെ വേദിയിലിരുത്തി എടത്വായില്‍ നടത്തിയ പ്രസംഗം വൈറലായിരുന്നു. ക്രിസ്തീയ പുരോഹിതന്‍മാരെ വേദിയിലിരുത്തിക്കൊണ്ട് പറഞ്ഞത് ഏതെങ്കിലും ഒരുസഭയെ ഉദ്ദേശിച്ചല്ല, എല്ലാവരെയും ഉദ്ദേശിച്ചാണെന്ന് പിന്നീട് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കൂട്ടിചേര്‍ത്തിരുന്നു. മാര്‍ത്തോമ്മസഭാ അംഗവും, വിശ്വാസിയുമാണ് ജിജി തോംസണ്‍. ഒരിക്കല്‍ വിദേശത്ത് പോയപ്പോള്‍ ഒരു മെത്രാന്‍റെ ഓഫീസില്‍ പോയെന്നും അവിടത്തെ ആഡംബര സൗകര്യങ്ങള്‍ കണ്ടപ്പോള്‍ കോര്‍പ്പറേറ്റ് കമ്പനിയുടെ സി.ഇ.ഒ.യുടെ ഓഫീസ് പോലെ തോന്നിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അന്ന് അവിടുത്തെ തിരുമേനി പറഞ്ഞത് താന്‍ എല്ലാം പ്രൊഫഷണലൈസ് ചെയ്തുവെന്നാണ്. കോവിഡ് ബാധയെക്കാള്‍ അപകടകാരിയാണ് ഈ പ്രൊഫഷണലിസം എന്നാണ് ജിജി തോംസണ്‍ എടത്വായില്‍ പ്രസംഗിച്ചത്.
ജിജി തോംസണ്‍ എടത്വയില്‍ നടത്തിയ പ്രസംഗത്തിന്‍റെ ചില ഭാഗങ്ങള്‍ ഇവിടെ കുറിക്കുന്നു. ഇത് മറ്റ് മതങ്ങള്‍ക്കും ബാധകമാണ്. എല്ലാ മതത്തിലും സമാനമായ അവസ്ഥകള്‍ ഉണ്ട്. വൈദികന്‍ ഒരു പ്രൊഫഷണല്‍ അല്ല. ഇതു മനസ്സിലാക്കാത്ത വൈദികര്‍ അപ്രസക്തരാകുമെന്നതില്‍ ഒരു സംശയവുമില്ല. തിരുമേനിമാരെ വഷളാക്കുന്നത് വിശ്വാസികളാണ്. അവരോടു നമ്മള്‍ സങ്കടം ഉണര്‍ത്തിക്കാറേയുള്ളൂ. പറയാറില്ല. സഭയുടെ പരമാധ്യക്ഷന്‍ എന്നേ പറയൂ. പരം എന്നുവെച്ചാല്‍ അന്തിമം എന്നാണ്. പരമശിവന്‍, പരമാത്മാവ്, പരമസത്യം, പരബ്രഹ്മം. പരത്തിന് അപ്പുറം ഒന്നുമില്ല. അപ്പോള്‍ കര്‍ത്താവ് എവിടെ പോകും എന്നാണ് ജിജി തോംസണ്‍ ചോദിക്കുന്നത്. തിരുമേനി റോള്‍സ് റോയ്സില്‍ പോകണമെന്നു വിശ്വാസി നിര്‍ബന്ധം പിടിക്കും. തിരുമേനിമാരെ ആഡംബര ജീവിതത്തിന് പ്രോത്സാഹിപ്പിക്കുന്ന വിശ്വാസികളും കുറ്റക്കാരാണ്. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി കാര്‍ ഒരാള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊടുത്തു. അതില്‍ കൈയൊപ്പിട്ട് മാര്‍പ്പാപ്പ ലേലം ചെയ്യുകയും, അതില്‍ നിന്ന് ലഭിച്ച പണം ജീവകാരുണ്യത്തിന് ഉപയോഗിക്കുകയാണ് ചെയ്തത്. നമ്മള്‍ അത് പിന്തുടരില്ല. തിരുമേനിമാര്‍ സംസാരിക്കില്ല, കല്പിക്കുകയേയുള്ളൂ. നടന്നുവരില്ല, എഴുന്നള്ളുകയേയുള്ളൂ. ഇരിക്കില്ല, ആരൂഢരാകുകയേയുള്ളൂ. ഇതൊന്നും തനിക്ക് അംഗീകരിക്കാനാകില്ലെന്ന് ജിജി തോംസണ്‍ പരസ്യമായി പറഞ്ഞതിനെയാണ് കേരള സമൂഹം വൈറലാക്കിയത്.
ആള്‍ദൈവങ്ങളുടെ വിക്രിയകളെ കുറിച്ച് പറഞ്ഞാല്‍ ഇനിയും എത്രയോ എഴുതാന്‍ ഇരിക്കുന്നു. ജിജി ജോണ്‍സണ്‍ മെത്രാന്മാര്‍ക്ക് മുന്നില്‍ പറഞ്ഞത് എല്ലാ സഭകളെക്കുറിച്ച് ആണെന്ന് പറയഞ്ഞിരുന്നു. പക്ഷെ, അത് എല്ലാ മതത്തിലുള്ള ആള്‍ദൈവങ്ങള്‍ക്ക് നേരെയുള്ള ചൂണ്ടുപലകയായി തന്നെ നമുക്ക് കാണാം. ആര്‍ഭാടത്തിന്‍റെയും തട്ടിപ്പുകളുടെയും പര്യായമായി ആള്‍ദൈവങ്ങള്‍ മാറുന്ന കാഴ്ച നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഇത്തരം ആള്‍ദൈവങ്ങളുടെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി ജാഗ്രത ഉണ്ടായിരിക്കേണ്ടതാണ്.
