പതിനെട്ടാം കേന്ദ്ര മന്ത്രിസഭയ്ക്ക് അരങ്ങൊരുങ്ങി

പതിനെട്ടാം കേന്ദ്ര മന്ത്രിസഭയ്ക്ക് അരങ്ങൊരുങ്ങി

വിജയ് ചൗക്ക്
സുധീർനാഥ് 


പതിനെട്ടാം പാർലമെൻ്റ് തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി പൂർത്തിയായിരിക്കുന്നു. ജനാധിപത്യത്തിൻ്റെ ആഘോഷവും ഉത്സവുമാണ് എല്ലാ തിരഞ്ഞെടുപ്പുകളും. . കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ അഗര്‍ത്തല വരെയുമുള്ള ഇന്ത്യയിലെ 97 കോടി വോട്ടര്‍മാര്‍ ചുട്ടു പൊള്ളുന്ന മാസങ്ങളില്‍ അടുത്ത തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനായി വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞു. 

 പുതിയ മന്ത്രിസഭയ്ക്ക് അരങ്ങും ഒരുങ്ങി. ആരായിരിക്കും പുതിയ മന്ത്രിസഭ രൂപീകരിക്കുക എന്നതാണ് ഇനി അറിയേണ്ടത്. എല്ലാവരും അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ഏറ്റവും വലിയ ഒറ്റ കക്ഷി ഭരിക്കും എന്നത് പഴങ്കതയായി മാറിയിരിക്കുന്നു. മുന്നണികളാണ് എപ്പോഴും സർക്കാർ ഉണ്ടാക്കാൻ അവകാശവാദങ്ങൾ ഉന്നയിക്കുക.

ഏപ്രിൽ 19 ആം തീയതി നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാംഘട്ടം ഏപ്രിൽ 26 നും മൂന്നാംഘട്ടം മെയ് 7 നും നാലാം ഘട്ടം 13 നും നടന്നു. 89 ഉം 94ഉം 96 ഉം മണ്ഡലങ്ങളായിരുന്നു ഈ മൂന്ന് ഘട്ടങ്ങളിലായി നടന്നത്. അഞ്ചും ആറും ഏഴും ഘട്ടങ്ങൾ യഥാക്രമം മെയ് 20, 25 ജൂൺ 1 തീയതികളിലായി പൂർത്തിയായി. 49, 57, 57 മണ്ഡലങ്ങളിലാണ് ഈ മൂന്നു ഘട്ടങ്ങളിലായി പൂർത്തീകരിച്ചത്. 

അന്റാർട്ടിക്കയിൽ ഉരുകുന്ന മഞ്ഞിന് ഇന്ത്യയിൽ മഴ പെയ്യിക്കാൻ കഴിയുമെന്ന് ശാസ്ത്രലോകം കണ്ടെത്തി കഴിഞ്ഞതാണ്. കാലങ്ങളായി തെരഞ്ഞെടുപ്പുകൾ നടക്കുന്നതിന്റെ തൊട്ടു തലേദിവസം നിശബ്ദ പ്രചാരണം നടത്തുന്ന രീതി നമ്മുടെ രാജ്യത്ത് ഉണ്ട്. പരമ്പരാഗതമായി നിശബ്ദ പ്രചാരണ സമയത്ത് മണ്ഡലങ്ങളിലെ പ്രമുഖരെയും, സമുദായ പ്രമാണിമാരേയും നേരിട്ടു കാണുകയും സ്വാധീനം ചെലുത്താൻ ശ്രമിക്കുകയുമാണ് ചെയ്യുക. സാങ്കേതിക രംഗത്തിന്റെ വളർച്ച ഈ നിശബ്ദ പ്രചാരണത്തെ ശബ്ദമയമാക്കുന്നുണ്ട് എന്നുള്ള യാഥാർത്ഥ്യം ബിജെപി തിരിച്ചറിഞ്ഞു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. 

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ പ്രധാന മത്സരം നടക്കുന്ന ബംഗാൾ വിവേകാനന്ദൻ്റെ ജൻമദേശവവും വിവേകാനന്ദൻ്റെ സ്മരണ ശക്തമായ നാടുമാണ്. ബംഗാളികളുടെ വികാരം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് രാജ്യത്തിൻ്റെ തെക്കേയറ്റത്തുള്ള കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ധ്യാനം ഇരിക്കുന്നത്. മഞ്ഞുരുകുമ്പോൾ ഇന്ത്യയിൽ മഴ പെയ്യുന്നത് പോലെ കന്യാകുമാരിയിലെ ധ്യാനം തീർച്ചയായും ബംഗാളിലെ വോട്ടിങ്ങിനെ ബാധിക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല.

വ്യത്യസ്തമായ ഒട്ടേറെ തന്ത്രങ്ങൾ കണ്ട തിരഞ്ഞെടുപ്പായിരുന്നു ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തീർച്ചയായും തരംഗങ്ങൾ ചർച്ച ചെയ്യപ്പെടും. തന്ത്രങ്ങൾ ചർച്ച ചെയ്യപ്പെടും. 

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അവിടെയാണ് തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. രാജ്യത്തെ പതിനെട്ടാമത് തിരഞ്ഞെടുപ്പാണിത്. ഭരണഘടന പ്രകാരം നിർവചിച്ചിരിക്കുന്ന ഒരു പാർലമെൻ്ററി സംവിധാനമാണ് ഇന്ത്യയിലുള്ളത്. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും പരസ്പരം അധികാരം പങ്കുവെയ്ക്കപ്പെടുന്ന സംവിധാനമാണ് ഇന്ത്യയിൽ. 

ലോക്‌സഭയിലേക്കുള്ള ദേശീയ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെയോ രാഷ്ട്രീയ സഖ്യത്തിൻ്റെയോ നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. ഇന്ത്യാ ഗവൺമെൻ്റിൻ്റെ നിയമനിർമ്മാണ ശാഖയുടെ നേതാവാണ് പ്രധാനമന്ത്രി . ഇന്ത്യൻ രാഷ്ട്രപതിയുടെ മുഖ്യ ഉപദേഷ്ടാവും കേന്ദ്രമന്ത്രിസഭയുടെ തലവനുമാണ് പ്രധാനമന്ത്രി.

പതിനെട്ടാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്നുള്ളതിനെ കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങൾ അന്തരീക്ഷത്തിൽ ഉണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശക്തമായിരുന്നു എന്നുള്ള കാര്യത്തിൽ സംശയവുമില്ല. വോട്ടിംഗ് ശതമാനം താഴ്ന്നത് എല്ലാം മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ടെങ്കിലും അവർ അത് പുറത്തു കാണിക്കുന്നില്ല. വോട്ടിങ്ങ് ശതമാനം കുറഞ്ഞത് തന്നെയാണ് എല്ലാവരേയും മുൾമുനയിൽ നിർത്തുന്നതും.

ഇന്ത്യയിൽ കഴിഞ്ഞ കാലത്ത് നടന്ന പതിനേഴ് തിരഞ്ഞെടുപ്പുകളും ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും ഓരോ മുന്നണികളും ഏറ്റെടുത്ത് നടത്തിയ പ്രചാരണവും വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തിയായിരുന്നു. അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ പ്രചരണ രീതി തന്നെയാണ് ഇത്തവണ നടന്നത് എന്ന കാര്യത്തിൽ സംശയമില്ല. പ്രചരണ രീതിക്ക് ഒന്നാം തിരഞ്ഞെടുപ്പ് മുതൽ പതിനെട്ടാം തിരഞ്ഞെടുപ്പ് വരെ വ്യത്യസ്ത ശൈലിയായിരുന്നു എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കും. 2019 തിൽ നിന്ന് തീർത്തും വേറിട്ട പ്രചരണ ശൈലിയാണ് 2024 ൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കൈകൊണ്ടത്. എല്ലാവരും സാങ്കേതിക രംഗത്തുണ്ടായ വളർച്ച പ്രയോജനപ്പെടുത്തി.

1952 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 489 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 364 സീറ്റിൽ ജയിച്ച് ഒന്നാം സ്ഥാനത്ത് എത്തി. 44.99% വോട്ടുകളാണ് അന്ന് കോൺഗ്രസിന് ലഭിച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാകുന്നത് ഈ തിരഞ്ഞെടുപ്പിലൂടെയാണ്. രണ്ടാം പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 16 സീറ്റുകളുമായി ജയിച്ചു. മലയാളിയായ സഖാവ് എ കെ ജിയായിരുന്നു പ്രതിപക്ഷ നേതാവ്. സോഷ്യലിസ്റ്റ് 12 സീറ്റുമായി മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു. 16 സീറ്റുകൾ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിഹിതമെങ്കിലും അവർക്ക് പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനം നൽകുവാൻ നെഹ്റു നേരിട്ട് ഇടപെടുകയായിരുന്നു.

1957മത് രണ്ടാമത് പൊതു തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ 494 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 371 സീറ്റുകൾ ലഭിച്ചു. 47.78% വോട്ടുകളാണ് അന്ന് കോൺഗ്രസിന് ലഭിച്ചത്. 27 സീറ്റുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രണ്ടാം സ്ഥാനത്തും 19 സീറ്റുമായി പ്രജാ സോഷ്യലിസ്റ്റ് പാർട്ടി മൂന്നാമതും ഉണ്ടായി. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയും, കോൺഗ്രസും ശക്തി നേടുന്ന കാഴ്ച്ചയാണ് ഉണ്ടായത്.

1962ലാണ് മൂന്നാമത് പൊതു തിരഞ്ഞെടുപ്പ് നടന്നത്. 494 സീറ്റുകളിൽ 361 സീറ്റ് നേടി കോൺഗ്രസ് വീണ്ടും ഒന്നാം സ്ഥാനം നേടി. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തന്നെയാണ് 29 സീറ്റുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. 18 സീറ്റുമായി സ്വതന്ത്ര പാർട്ടിയായിരുന്നു മൂന്നാമത്.

1967ൽ നാലാമത് പൊതു തിരഞ്ഞെടുപ്പിൽ 520 സീറ്റുകളാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 253 സീറ്റുകൾ മാത്രമേ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ലഭിച്ചിരുന്നത്. എന്നാലും അവർ തന്നെയായിരുന്നു ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഒറ്റക്കക്ഷി. സ്വതന്ത്ര പാർട്ടിയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. അവർക്ക് 44 സീറ്റുകൾ ഉണ്ടായിരുന്നു. ഭാരതീയ ജനസംഘം 35 സീറ്റുമായി മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു.

1969 നവംബറിൽ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ എസ്. നിജലിംഗപ്പ അച്ചടക്കരാഹിത്യം ആരോപിച്ച് ഇന്ദിരാഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയുണ്ടായി ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പിളർപ്പ് ഉണ്ടായത് അവിടെ നിന്നാണ്. ഇന്ദിരാഗാന്ധി കോൺഗ്രസ് (ആർ) എന്നറിയപ്പെട്ടിരുന്ന ഐഎൻസിയുടെ സ്വന്തം വിഭാഗം ആരംഭിച്ചു, അതേസമയം യഥാർത്ഥ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഒ)  എന്നും അറിയ:പ്പെട്ടു. 

1971 ൽ ആകെ 518 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആർ 352 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ 25 സീറ്റുകളിൽ ജയിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് രണ്ടാം സ്ഥാനത്ത് എത്തി. 23 സീറ്റുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മൂന്നാം സ്ഥാനത്തും ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശക്തി പ്രാപിച്ചെങ്കിലും പാർട്ടി രണ്ടായി പിളർന്നത് ശക്തി ക്ഷയമായി വിലയിരുത്തപ്പെടുന്നു.

1977 ൽ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പ് ആയിരുന്നു. അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ  കോൺഗ്രസിൻ്റെ പ്രതിഛായ നഷ്ടപ്പെടുത്തി. പുതുതായി ഉയർന്നുവന്ന ജനതാ പാർട്ടിക്ക് അനുകൂലമായി ഇന്ത്യൻ ജനത വിധി എഴുതി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിൻ്റെ ചരിത്രത്തിൽ ആദ്യമായി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു.

1971 -ൽ ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റിലേക്ക് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് നേതാവ് രാജ് നരേൻ ശ്രീമതി ഗാന്ധിയോട് പരാജയപ്പെട്ടതോടെയാണ് അടിയന്തരാവസ്ഥയുടെ കഥ തുടങ്ങുന്നത്. തിരഞ്ഞെടുപ്പ് ക്രമക്കേടും ജനപ്രാതിനിധ്യ നിയമം 1951-ൻ്റെ ലംഘനവും ആരോപിച്ച് നരേൻ ഒരു കേസ് ഫയൽ ചെയ്തു, ശ്രീമതി ഗാന്ധി തൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ചു, തിരഞ്ഞെടുപ്പ് ഏജൻ്റ് യശ്പാൽ കപൂർ ഉൾപ്പെടെ. 1975 ജൂൺ 12-ന്, അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ദുരുപയോഗത്തിന് ശ്രീമതി ഗാന്ധിയെ ശിക്ഷിച്ചു, ആറ് വർഷത്തേക്ക് അവരെ ലോക്‌സഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അയോഗ്യയാക്കി ഉത്തരവ് ഇറക്കും മുൻപ് രാജ്യത്ത് ഇന്ദിര അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.  1977 ൽ അടിയന്തിരാവസ്ഥയുടെ പ്രതിഫലനമായാണ് കോൺഗ്രസ് തോൽക്കുന്നത്.

81-ആം വയസ്സിൽ ജനതാ പാർട്ടിയുടെ മൊറാർജി ദേശായി ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി.
ഭാരതീയ ലോക്ദൾ (ബിഎൽഡി) ഏറ്റവും കൂടുതൽ സീറ്റുകൾ (295) നേടി, തൊട്ടുപിന്നാലെ ഐഎൻസി (154), സിപിഎമ്മും (22).

1980ല്‍ 529 സീറ്റുകളാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ 353 സീറ്റുകളും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേടി. 41 സീറ്റ് ജനത പാർട്ടിയും, 37 സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും നേടി. അടിയന്തിരാവസ്ഥയുടെ ക്ഷീണം അകറ്റി കോൺഗ്രസ് ഫിനിക്സ് പക്ഷിയെ പോലെ വരുന്നതാണ് രാജ്യം കണ്ടത്.

എട്ടാം പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന 1984 ൽ ഇന്ത്യയിൽ 541 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നു. ഇതിൽ 414 സീറ്റുകൾ നേടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നാംസ്ഥാനത്ത് എത്തിയപ്പോൾ പ്രാദേശിക പാർട്ടിയായ തെലുങ്ക് ദേശം പാർട്ടി 30 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തി 22 സീറ്റുമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് മൂന്നാം സ്ഥാനത്ത് നിലകൊണ്ടു.

ഒമ്പതാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന 1989 ൽ 529 സീറ്റുകൾ ആണ് ഉണ്ടായിരുന്നത് 197 സീറ്റ് ലഭിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 143 സീറ്റുകൾ നേടി ജനതാദൾ രണ്ടാം സ്ഥാനത്തും 85 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി മൂന്നാം സ്ഥാനത്തും എത്തുകയുണ്ടായി. ബിജെപി രാജ്യത്ത് വളർച്ച തുടങ്ങിയതിൻ്റെ ആദ്യ ലക്ഷണം പരസ്യമായത് ഈ തിരഞ്ഞെടുപ്പിലാണ്.

1991 ലാണ് പത്താമത് പാർലമെൻ്റ് തിരഞ്ഞെടുപ്പ് ' 534 സീറ്റുകളിലാണ് അന്ന് തിരഞ്ഞെടുപ്പ് നടന്നത് 244 സീറ്റുകൾ നേടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ 120 സീറ്റുകളുമായി ഭാരതീയ ജനതാ പാർട്ടി രണ്ടാം സ്ഥാനത്ത് എത്തി അൻമ്പത്തൊമ്പത് സീറ്റുകൾ നേടിയ ജനതാദൾ ആയിരുന്നു മൂന്നാം സ്ഥാനത്ത്.

പതിനൊന്നാം പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന 1996 ൻ 161 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ 543 മണ്ഡലങ്ങളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. 140 സീറ്റ് നേടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് രണ്ടാം സ്ഥാനം മാത്രമാണ് ലഭിച്ചത്. ജനതാദളിനാകട്ടെ 46 സീറ്റും. 

ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തൂക്കുപാർലമെൻ്റിലേക്കാണ് 1996 ലെ തിരഞ്ഞെടുപ്പ് കലാശിച്ചത്. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഭാരതീയ ജനതാ പാർട്ടി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ ഹ്രസ്വകാല സർക്കാർ രൂപീകരിച്ചു . പതിമൂന്ന് ദിവസത്തെ ഭരണം മാത്രമേ വാജ്പേയ്ക്ക് സാധിച്ചുള്ളൂ. യുണൈറ്റഡ് ഫ്രണ്ട് സഖ്യത്തിന് പാർലമെൻ്ററി ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിഞ്ഞു, ജനതാദളിലെ എച്ച് ഡി ദേവഗൗഡ പ്രധാനമന്ത്രിയായി. 1997-ൽ ഗൗഡയുടെ പിൻഗാമിയായി യുണൈറ്റഡ് ഫ്രണ്ടിൽ നിന്നുള്ള ഇന്ദർ കുമാർ ഗുജ്‌റാൾ പ്രധാനമന്ത്രിയായി. അസ്ഥിരത കാരണം, 1998-ൽ നേരത്തെയുള്ള തിരഞ്ഞെടുപ്പുകൾ നടന്നു.

പന്ത്രണ്ടാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് 1998 ലാണ്. 543 സീറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 182 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി ഒന്നാം സ്ഥാനത്ത് എത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 141 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് 32 സീറ്റുകളുമായി മൂന്നാം സ്ഥാനത്തും എത്തി. വാജ്പേയ് വീണ്ടും പ്രധാനമന്ത്രിയായി. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ‌. ഐ. എ‌. ഡി. എം. കെ പിന്തുണ പിൻ‌വലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട്‌ അതിജീവിക്കാൻ വാജ്പേയ്ക്ക് കഴിഞ്ഞില്ല.

പതിമൂന്നാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് 1999 ലാണ്. 543 സീറ്റുകൾ ഉള്ള പാർലമെൻറിൽ 182 സീറ്റുകളുമായി ഭാരതീയ ജനതാ പാർട്ടി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രണ്ടാംസ്ഥാനത്തും 33 സീറ്റുകൾ നേടി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് മൂന്നാം സ്ഥാനത്ത് എത്തി. ഇത്തവണ മികച്ച പിന്തുണയിൽ പ്രധാനമന്ത്രിയായ വാജ്പേയ് അഞ്ച് വർഷം ഭരിച്ചു.

പതിനാലാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്ന 2004 ൽ 145 സീറ്റുകൾ നേടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തി. സി പി ഐ എം ജനറൽ സെക്രട്ടറിയായ ഹർകിഷൻ സിംഗ് സുർജിത്തായിരുന്നു മന്ത്രിസഭ രൂപീകരിക്കാൻ പ്രധാന നീക്കങ്ങൾ നടത്തിയത്. അന്ന് രണ്ടാം സ്ഥാനത്തുണ്ടായിരുന്നത് 138 സീറ്റുകളുമായി ഭാരതീയ ജനതാ  പാർട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് 43 സീറ്റുകൾ നേടിയിരുന്നു. ആർക്കും ഭൂരിപക്ഷം ഇല്ലെങ്കിലും പുറകിൽ നിന്ന് പിന്നിൽ നിന്ന് പിന്തുണ നൽകി കോൺഗ്രസിനെ ഭരിപ്പിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി' 

പതിനഞ്ചാമത് പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് 2009 ലാണ്. അന്ന് കോൺഗ്രസ് നില മെച്ചപ്പെടുത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 226 സീറ്റുകൾ നേടിയപ്പോൾ ഭാരതീയ ജനതാ പാർട്ടി 116 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. അന്ന് സമാജ് വാദി പാർട്ടി 23 സീറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. ഡോ: മൻമോഹൻ സിംഗ് തന്നെ പ്രധാനമന്ത്രിയായി.

2014ൽ നടന്ന പതിനാറാം പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി 252 സീറ്റുകൾ നേടി അധികാരത്തിൽ എത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കേവലം 44 സീറ്റുകൾ മാത്രമാണ് നേടുവാൻ സാധിച്ചത്. പ്രാദേശിക രാഷ്ട്രീയ പാർട്ടിയായ അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം 37 സീറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്തി. നരേന്ദ്ര മോദിയുടെ 

പതിനേഴാമത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് 2019 ലാണ് .  33 സീറ്റുകളുമായി ഭാരതീയ ജനതാ പാർട്ടിയാണ് അധികാരത്തിൽ എത്തിയത്. കോൺഗ്രസിന് അല്പം നില മെച്ചപ്പെടുത്താൻ ആയത് 52 സീറ്റുകൾ നേടി മാത്രമാണ് ' ദ്രാവിഡ മുന്നേറ്റ കഴകം 24 സീറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്തുകയുമായിരുന്നു ഉണ്ടായത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി.

ഇപ്പോൾ പതിനെട്ടാമത് പാർലമെൻ്റ് തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ആര് ആരാകുമെന്ന് കണ്ടറിയാം.