പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 ജൂണ്‍ 30
അവരിവിടുണ്ടായിരുന്നു
ചിലര്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും ഈ ലോകത്ത് ഒരു അവശേഷിപ്പും വയ്ക്കാതെ തന്നെ യാത്ര പറയുകയും ചെയ്യുന്നു. എന്നാല്‍ കാര്യമായ ഒരു സംഭാവനകളും ചെയ്യാത്ത പലരും നമ്മുടെ സമൂഹത്തില്‍ എപ്പോഴും ഓര്‍മിപ്പിക്കുന്ന ചില അടയാളപ്പെടുത്തലുകള്‍ ബാക്കിയാക്കിയാണ് പോകുന്നത്. ഒട്ടേറെ സംഭാവനകള്‍ ചെയ്യുകയും ഒരു ഓര്‍മ്മപ്പെടുത്തലുകള്‍ സമൂഹത്തില്‍ വയ്ക്കാതെ ലോകത്തോട് വിട പറഞ്ഞ എത്രയോ പേര്‍ നമുക്കിടയില്‍ ഉണ്ട്. പ്രവാസവാസത്തിനിടെ സമൂഹത്തില്‍ ഒട്ടേറെ സംഭാവനകള്‍ ചെയ്ത മൂന്നു പ്രമുഖരാണ് അടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞത്. അവരെ ഓര്‍മക്കുക എന്നുള്ള കടമ എല്ലാവര്‍ക്കും ഉണ്ട്. ഇടതുപക്ഷത്തിന് അഭിമാനമായ എ കെ ജിയുടെ സഹായിയും അദ്ദേഹത്തിന്‍റെ പാര്‍ലമെന്‍റ് ചോദ്യങ്ങള്‍ തയ്യാറാക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. പുന്നപ്ര വയലാര്‍ സമരത്തിന്‍റെ നേര്‍സാക്ഷിയായ പ്രകാശം മെയ് മാസത്തിലാണ് ഈ ലോകത്തോട് വിട പറഞ്ഞത്. തന്‍റെ മരണം കേരളത്തില്‍ തന്നെ വേണമെന്ന് ശഠിച്ച അദ്ദേഹം അവശതകള്‍ തുടങ്ങിയപ്പോഴേ കേരളത്തിലെത്തി. എറണാകുളത്ത് കോലഞ്ചേരിക്ക് സമീപമുള്ള ഒരു വ്യദ്ധ സദനത്തില്‍ വെച്ച് ആരോരുമറിയാതെ മേയ് മൂന്നിന് വിടവാങ്ങി. അദ്ദേഹം യാത്രയായത് ആരും അറിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലും. എം എന്‍ ഗോവിന്ദന്‍ നായരുടെ പത്നി ഡല്‍ഹിയില്‍ ഒരു വര്‍ഷം മുന്‍പ് മരണപ്പെട്ടതും ആരും അറിഞ്ഞിരുന്നില്ല. ബെയര്‍ഫൂട്ട് ഹിസ്റ്റോറിയന്‍ ഓഫ് കൊല്‍ക്കത്ത എന്ന് ബിബിസി വിശേഷിപ്പിച്ച തങ്കപ്പന്‍ നായര്‍ എറണാകുളത്തെ ചേന്ദമംഗലത്തെ വീട്ടില്‍ മരിച്ചത് ജൂണ്‍ പതിനെട്ടിനായിരുന്നു. കല്‍ക്കത്തയുടെ ചരിത്രകാരനാണ് തങ്കപ്പന്‍ നായര്‍. കേവലം ഒരു കൊച്ചു വാര്‍ത്തയായി മാത്രം മാറേണ്ടതായിരുന്നില്ല എറണാകുളം ജില്ലയിലെ പറവൂരിലെ ചേന്ദമംഗലത്തെ വീട്ടിലെ തങ്കപ്പന്‍ നായരുടെ മരണം. കല്‍ക്കത്തയുടെ ചരിത്രം മറ്റാരെക്കാളും നന്നായി പി തങ്കപ്പന്‍ നായര്‍ എന്ന പി ടി നായര്‍ക്കറിയാം. ബിബിസി അദ്ദേഹത്തെ കുറിച്ച് പ്രത്യേക പരിപാടി തന്നെ അവതരിപ്പിക്കുകയുണ്ടായി. ചെരുപ്പിടാത്ത ചരിത്ര അന്വേഷണങ്ങള്‍ നടത്തിയ ഒരു വ്യക്തിയെ ലോകത്തിന് ബിബിസി പരിചയപ്പെടുത്തി. പക്ഷേ മലയാളിക്ക് തങ്കപ്പന്‍ നായര്‍ അപരിചിതനായിരിക്കും. ബംഗാളികള്‍ക്ക് എല്ലാം പക്ഷേ സുപരിചിതന്‍. 62 പുസ്തകങ്ങളാണ് 63 വര്‍ഷത്തെ കല്‍ക്കത്ത വാസത്തിനിടയില്‍ ഈ പട്ടണത്തെ കുറിച്ച് മാത്രം തങ്കപ്പന്‍ നായര്‍ എഴുതിയിരിക്കുന്നത്. കൈപുസ്തകങ്ങളല്ല അതൊന്നും. സമഗ്രമായ പഠനമാണ് ഓരോ പുസ്തകവും. ഒരു പട്ടണത്തെ കുറിച്ച് മാത്രം ഇത്രയേറെ പുസ്തകങ്ങള്‍ ഒരാള്‍ എഴുതുക എന്നത് ലോക ചരിത്രത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല എന്നാണ് വിദേശ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത് തന്നെയാണ് തങ്കപ്പന്‍ നായരെ വ്യത്യസ്തനാക്കുന്നതും. കേരള സാഹിത്യ അക്കാദമിയെങ്കിലും അദ്ദേഹത്തിന്‍റെ സംഭാവനകള്‍ വിലയിരുത്തണമായിരുന്നു. അംഗീകരിക്കണമായിരുന്നു. അദ്ദേഹവും ഈ ലോകത്തോട് വിടപറഞ്ഞു. എസ്.വി. നായര്‍ ജൂണ്‍ 22നാണ് അന്തരിച്ചത്. ഡല്‍ഹിയിലെ റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററിലെ ഉദ്യോഗസ്ഥനായിരുന്നു. ഒരുകാലത്ത് മലയാളികളുടെ സാംസ്കാരിക കേന്ദ്രമായി ഫിറോഷാ റോഡിലെ റഷ്യന്‍ സാംസ്കാരിക കേന്ദ്രം മാറിയിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ എസ് വി നായരാണ്. കേരള ഹൗസില്‍ നടക്കുന്നതിനേക്കാള്‍ കൂടുതല്‍ പരിപാടികള്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററില്‍ നടന്നിരുന്ന കാലമുണ്ടായിരുന്നു. ഡല്‍ഹി മലയാളികളുടെ ഓണാഘോഷവും, മലയാള സിനിമാ പ്രദര്‍ശനവും, മറ്റും മറ്റും... ന്യൂ ഡല്‍ഹി എന്ന സൂപ്പര്‍ ഹിറ്റ് മുതല്‍ പല സിനിമകളിലും ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. 2022 മുതല്‍ കേരളത്തിലായിരുന്നു വിശ്രമ ജീവിതം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ജൂണ്‍ 22ന് മരണപ്പെട്ടു. ഈ മൂന്ന് പേരും കേരളത്തിന് പുറത്ത് സേവനം അനുഷ്ടിക്കുകയും കേരളത്തില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടയില്‍ മരണപ്പെടുകയുമായിരുന്നു. പ്രവാസികാര്യ വകുപ്പും മന്ത്രിയുമൊക്കെ നമുക്കുണ്ട്. ലോക പ്രവാസി സമ്മേളനവും ഉണ്ട്. പക്ഷെ ഇവരൊക്കെ ഇവിടുണ്ടെന്നത് ആരും അറിയുന്നില്ല.
ജലമാണ് ജലമാണ് ജലമാണ് പ്രശ്നം
രാജ്യതലസ്ഥാനം ആയ ഡല്‍ഹി കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്. ഡല്‍ഹി ഭരിക്കുന്നത് ആം ആദ്മി പാര്‍ട്ടിയും കേന്ദ്രം ഭരിക്കുന്നത് ബിജെപിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുമാണ്. ഡല്‍ഹിക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയുടെ നിയന്ത്രണത്തിലാണ്. ഡല്‍ഹിക്ക് പുറത്തുനിന്നുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വേണം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തുവാന്‍. കാലങ്ങളായുള്ള നടപടി ക്രമമാണ് അത്. സ്വാഭാവികമായും ജനങ്ങള്‍ കൂടുതലുള്ള ഡല്‍ഹിക്ക് വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം ആവശ്യമാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കുടിവെള്ളം ഈ വേനല്‍ക്കാലത്ത് എത്തുന്നില്ല എന്നുള്ളത് ഏറെ പ്രതിഷേധം അര്‍ഹിക്കുന്ന ഒന്ന്. വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി സംസ്ഥാന സര്‍ക്കാരിനെ വികലമാക്കുന്നതിനായിട്ടുള്ള രാഷ്ട്രീയ നടപടി ലക്ഷക്കണക്കിന് വരുന്ന ഡല്‍ഹി നിവാസികളെയാണ് ബാധിക്കുന്നത് എന്നുള്ളത് തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഡല്‍ഹിയിലേക്ക് വെള്ളമെത്തുന്ന ബാരേജിന്‍റെ എല്ലാ ഷട്ടറുകളും ഹരിയാന സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയിലൂടെ ഒഴുകുന്ന യമുനാ നദിയുടെ ബാരേജിന്‍റെ ഷട്ടറുകള്‍ അടച്ചതോടെ ജലക്ഷാമം കൂടുതല്‍ രൂക്ഷമാകും എന്നാണ് പറയുന്നത്. ഹരിയാന സര്‍ക്കാരിനോട് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വെള്ളം തരുവാന്‍ ഡല്‍ഹി സര്‍ക്കാരിന് വേണ്ടി പല മന്ത്രിമാരും കൈകൂപ്പി അപേക്ഷിക്കുന്നുണ്ട്. ബിജെപിക്ക് ഡല്‍ഹിയില്‍ നിന്ന് ഏഴ് പാര്‍ലമെന്‍റ് അംഗങ്ങളുണ്ട്. ഡല്‍ഹി കോണ്‍ഗ്രസ് ഡല്‍ഹിയിലെ പാര്‍ലമെന്‍റ് അംഗങ്ങളോട് ആവശ്യപ്പെടുന്നത് ഹരിയാനയോട് വെള്ളം നല്‍കാന്‍ ആവശ്യപ്പെടണം എന്നാണ്. അത് നേടിയെടുത്ത് ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കണമെന്നും അവര്‍ ഡല്‍ഹിയിലെ പാര്‍ലമെന്‍റ് അംഗങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായ രാഷ്ട്രീയമാണ് നടക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ആര് ജയിക്കണം എന്നല്ല, ജലമാണ് ജലമാണ് ജലമാണ് പ്രശ്നം.
മാംസം തിന്നുന്ന വൈറസ് വരുന്നു
ഇന്ന് മനുഷ്യന്‍ മറ്റാരേക്കാള്‍ ഭയക്കുന്നത് വൈറസുകളെയാണ്. നീപ്പാ വൈറസുകളാണ് കേരളത്തെ ആദ്യം ഭയപ്പെടുത്തിയത്. കേരളത്തില്‍ നീപ്പ വൈറസിന്‍റെ വ്യാപനം തടഞ്ഞ് ശ്വാസം നേരെ വീണപ്പോഴാണ് ചൈനയില്‍ നിന്ന് കൊറോണ വൈറസ് വരുന്നത്. കൊറോണ വൈറസോട് കൂടിയാണ് ലോകം വൈറസിനെ കൂടുതല്‍ ഭയക്കുവാന്‍ തുടങ്ങിയത്. ഇപ്പോഴിതാ മാംസം ഭക്ഷിക്കുന്ന വൈറസുകള്‍ ജപ്പാനില്‍ മനുഷ്യരില്‍ പടര്‍ന്ന് പിടിക്കുന്നു എന്ന വാര്‍ത്ത വരുന്നു. കൊറോണ വൈറസിനേക്കാള്‍ ഭീകരമായ വൈറസ് ജപ്പാനില്‍ പടര്‍ന്ന് പിടിക്കുന്നു എന്ന വാര്‍ത്തയാണ് ജനങ്ങളെ ഇപ്പോള്‍ കൂടുതല്‍ ആശങ്കപ്പെടുത്തുന്നത്. കൊറോണ വൈറസിന്‍റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ മായും മുന്‍പാണ് ജപ്പാനില്‍ നിന്നും ഭീതിയിലാഴ്ത്തുന്ന വാര്‍ത്ത വരുന്നത്. സ്ട്രെപ്റ്റോകോക്കല്‍ ടോക്സിക് ഷോക്ക് സിന്‍ഡ്രോം എന്ന പുതിയ വൈറസ് 48 മണിക്കൂറിനുള്ളില്‍ ആളുകളെ കൊലപ്പെടുത്താന്‍ സാധിക്കുന്ന ഒന്നാണെന്നാണ് കണ്ടെത്തല്‍. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളാണ് ഇത്. ജൂണ്‍ 2 വരെ 977 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എങ്കിലും 1999 മുതല്‍ ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിസര മലിനീകരണവും ജീവിതരീതിയും വൈറസുകളുടെ വ്യാപനം വേഗതയില്‍ ആക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് മനുഷ്യന്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കോവിഡ് കാലത്ത് എല്ലാ മനുഷ്യരിലും ഇതിന്‍റെ ആവശ്യകത ശക്തമായി ഉടലെടുത്തെങ്കിലും വൈറസ് വ്യാപനത്തിന്‍റെ ശക്തികുറഞ്ഞതോടുകൂടി തിരിച്ചറിവുകള്‍ മറന്നു കൊണ്ടിരിക്കുന്ന കാഴ്ചയും നാം കാണുന്നു. ഇതിനിടയിലാണ് കോവിഡ് വൈറസിനെക്കാള്‍ ശക്തമായ വൈറസുകളുടെ സാന്നിധ്യം ലോകത്ത് ചില ഭാഗങ്ങളില്‍ ഉണ്ടാകുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ അലോസരപ്പെടുത്തുന്നത്.
ജയ് ശ്രീറാമിന് വിട, ഇനി ജയ് ജഗനാഥ്
ശ്രീരാമനോടുള്ള പ്രണയം ബിജെപി പ്രവര്‍ത്തകര്‍ക്ക് മതിയായി എന്നാണ് തോന്നുന്നത്. സമീപകാലത്ത് ജയ് ശ്രീറാം വിളി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ പോലും ബിജെപിക്ക് തോല്‍വി നേരിട്ടതാണോ അതിന് കാരണം എന്ന് അറിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ താഴെക്കിടയില്‍ ഉള്ള പ്രവര്‍ത്തകര്‍ വരെ ഇപ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് ജയ് ജഗന്നാഥ് എന്ന് പറഞ്ഞു കൊണ്ടാണ്. ശ്രീരാമന്‍റെ പേരില്‍ ഒരു ക്ഷേത്രം പണിതതോടുകൂടി രാജ്യം സ്വന്തം കൈപ്പിടിയില്‍ ഒതുക്കാം എന്ന് കരുതിയത് തെറ്റായിപ്പോയി എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബിജെപിയുടെ കഴിഞ്ഞ കാലത്തെ വിജയങ്ങളെല്ലാം ശ്രീരമനെ മുന്നില്‍ നിര്‍ത്തിയായിരുന്നു എന്നതില്‍ സംശയമില്ല. ഇത് പരസ്യമായി പ്രകടിപ്പിക്കുക കൂടി ചെയ്തതാണല്ലോ. രാമക്ഷേത്ര നിര്‍മ്മാണവും അതിന്‍റെ ഭാഗം തന്നെ. എന്തായാലും വരും നാളുകള്‍ ജഗന്നാഥന്‍റെ നാളുകളാണ് എന്ന് തന്നെ പറയാം. ഇതിന്‍റെ മുന്നോടിയായി കുട്ടികളുടെ കാര്‍ട്ടൂണ്‍ ചാനലുകളില്‍ ജഗന്നാഥ കഥകളുടെ അനിമേഷന്‍ പ്രക്ഷേപണം വ്യാപകമായി തുടങ്ങിയിട്ടുണ്ട്. കുട്ടികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വലിയ രീതിയിലുള്ള പരസ്യങ്ങളും നല്‍കുന്നുണ്ട്. കുട്ടികളുടെ മനസ്സിലേക്ക് ജഗനാഥനെ കുറിച്ചുള്ള അറിവുകള്‍ പകരുക എന്നുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗം ആണല്ലോ അനിമേഷന്‍ ചിത്രങ്ങള്‍. കാര്‍ട്ടൂണ്‍ ചാനലുകള്‍ ജഗന്നാഥന്‍റെ കഥകള്‍ പറയുമ്പോള്‍ അതിന്‍റെ പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.
