വാവിട്ട വാക്കും , ക്കൈവിട്ട കല്ലും ...

വാവിട്ട വാക്കും , ക്കൈവിട്ട കല്ലും ...

വിജയ് ചൗക്ക്
സുധീർനാഥ് 


എല്ലാ കാലത്തും തിരഞ്ഞെടുപ്പുകൾ വോട്ടർമാരെ മാത്രമല്ല നേതാക്കളെയും ജയിച്ചവരെയും തോറ്റവരെയും ഒക്കെ ചിന്തിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് എല്ലാം മറന്നുള്ള വാചകക്കസർത്തുകൾ തിരഞ്ഞെടുപ്പിന് ശേഷം വിലയിരുത്തുമ്പോൾ വേണ്ടിയിരുന്നില്ല എന്ന് പലർക്കും തോന്നും. വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചെടുക്കാൻ പറ്റില്ല എന്ന മലയാളം ചൊല്ല് പ്രചാരമുണ്ടല്ലോ. സമാനമായ ഒട്ടേറെ വിവാദങ്ങൾ ഇങ്ങനെ ആവേശത്തിൽ പറയുന്ന വാക്കുകളിൽ നിന്ന് ഉണ്ടായത് നമ്മൾ കണ്ടതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനകൾ തന്നെ എത്രയോ തവണ വിവാദമുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിലെ വിവാദങ്ങളിൽ നിന്ന് തന്നെ പരിശോധനകൾ ആരംഭിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദി താൻ ബയോളജിക്കൽ ആയി ജനിച്ചതല്ലെന്നും ദൈവം ഇന്ത്യയുടെ രക്ഷകനായി അയച്ചതാണെന്നും പറഞ്ഞത് രാജ്യം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു. ഗാന്ധി സിനിമയ്ക്ക് ശേഷമാണ് മഹാത്മാഗാന്ധിയെ പ്രശസ്തനായത് എന്ന് നരേന്ദ്രമോദി പറഞ്ഞത് മറ്റൊരു വിവാദത്തിന് കാരണമായി.

2023 മേയിൽ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച '40 ശതമാനം കമീഷൻ' ആരോപണത്തിൽ ബി.ജെ.പി എം.എൽ.സിയും കർണാടക ജനറൽ സെക്രട്ടറിയുമായ കേശവ് പ്രസാദ് നൽകിയ പരാതി ഇത്തവണ പാർലമെൻ്റ് തിരഞ്ഞടുപ്പ് കാലത്ത് ചർച്ച നടന്നതാണ്.

മുതിർന്ന കോൺഗ്രസ് നേതാവായ മണിശങ്കർ അയ്യർ ഒരു കാച്ച് കാച്ചിയത് വലിയ വിവാദമായിരുന്നു. പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തുകയാണ് വേണ്ടതെന്നും സൈനികബലം കാണിച്ച് പ്രകോപിപ്പിക്കുന്ന പക്ഷം പാകിസ്താൻ ഇന്ത്യക്കെതിരേ അണുവായുധങ്ങൾ പ്രയോഗിച്ചേക്കും എന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യത്തെ ബഹുമാനിക്കാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും, അയ്യർ പറഞ്ഞു. അയ്യരുടെ പരാമർശത്തിനെതിരേ വിമർശനവുമായി ഒട്ടേറെ പേർ രംഗത്തെത്തി.

വിവാദ പരാമർശങ്ങളിലൂടെ നിരന്തരം കോൺഗ്രസിനെ വെട്ടിലാക്കിയ സാം പിത്രോദ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവെച്ചു.  ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയിൽ നടത്തിയ സാം പിത്രോദയുടെ നിരീക്ഷങ്ങളാണ് ഏറ്റവും ഒടുവിൽ ബി.ജെ.പി. രാഷ്ട്രീയ ആയുധമാക്കിയത്. ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവർ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമർശം. 

ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ഒരു പരാമർശം ബിജെപിയുടെ വലിയ പതനത്തിന് കാരണമായി എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. 2014 ബിജെപി അധികാരത്തിൽ എത്തുന്നതിന് ആർഎസ്എസ് വഹിച്ച പങ്ക് വളരെ വലുതാണ്. സമാനമായ പ്രവർത്തനം തന്നെയാണ് 2019ലെ തെരഞ്ഞെടുപ്പിലും ആർഎസ്എസ് നൽകിയത്. എന്നാൽ 2024ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞത് ആർഎസ്എസിന്റെ പിന്തുണയുടെ ആവശ്യം ഇനി തങ്ങൾക്കില്ലെന്നും സ്വന്തമായി ജയിച്ചു വരുവാനുള്ള സാഹചര്യം ഇപ്പോൾ ബിജെപിക്ക് ഉണ്ട് എന്നതുമാണ്. ഇത് ബിജെപി പ്രവർത്തകരെ സന്തോഷിപ്പിച്ചെങ്കിലും ആർഎസ്എസ് പ്രവർത്തകരെ ചൊടിപ്പിക്കുകയാണ് ഉണ്ടായത്. ബി.ജെ.പിയുടെ ക്ഷീണത്തിൻ്റെ ഒരു കാര്യം അതാണ്.

പ്രചരണ സമയത്ത് ഹിന്ദുക്കളുടെ മാല പൊട്ടിച്ച് കുട്ടികൾ കൂടുതലുള്ള വിഭാഗങ്ങൾക്ക് നൽകി സഹായിക്കുമെന്ന് പറഞ്ഞത് വിവാദമായി മാറിയത് നമ്മൾ കണ്ടു. ക്ഷേത്രങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന ആരോപണവും വിവാദമായി. ഇന്ത്യൻ ഭരണഘടന തിരുത്തപ്പെടും എന്നുള്ളത് വലിയ ചർച്ചയും വിവാദവും ഉണ്ടാക്കി. ഹിന്ദുക്കൾ അല്ലാത്തവർ ഇനി ഇന്ത്യയിൽ ഉണ്ടാകില്ല എന്ന തെറ്റായ സന്ദേശം വലിയ ദോഷമുണ്ടാക്കി.

വയനാട്ടിൽ മത്സരിച്ച് ജനങ്ങളുടെ പിന്തുണ വാങ്ങിയ രാഹുൽഗാന്ധി പിന്നീട് ഉണ്ടായ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ റായ്ബറേനിയയിൽ നിന്ന് മത്സരിച്ചത് വലിയ ചർച്ചയായി. രാഷ്ട്രീയ ധാർമികതയ്ക്ക് എതിരാണ് രാഹുൽഗാന്ധി ചെയ്തതെന്ന് ആരോപണം രാജ്യ വ്യാപകമായി ഉണ്ടായി എന്നത് പറയാതിരിക്കുവാനും പറ്റില്ല. ഒടുവിൽ വയനാട് ഉപേക്ഷിക്കാൻ രാഹുൽ എടുത്ത തീരുമാനം കോൺഗ്രസിൻ്റെ കേരള ഘടകത്തിനേറ്റ ആഘാതമാണ്.

" ഞാൻ  തൃശ്ശൂർ ഇങ്ങ് എടുക്കുകയാ.... " എന്നുള്ള സുരേഷ് ഗോപിയുടെ ഡയലോഗ് സിനിമ സൂപ്പർ ഹിറ്റ് പോലെ തന്നെ പ്രശസ്തമായിരുന്നു. " തൃശ്ശൂർ ദേ ഇവിടെ ഇരിക്കും .... "  എന്ന് നെഞ്ചത്ത് ക്കൈ വെച്ച് സുരേഷ് ഗോപി പറഞ്ഞതും ഡാൻസ് ചെയ്തതും മറക്കുവാൻ സാധിക്കുമോ.....? ...... ദുഃഖഭാരം ചുമക്കുന്ന ദുശകുനം  ആണ് ഞാൻ... എന്ന പാട്ടിൻ്റെ ചെറിയ ഭാഗം വെട്ടിമുറുക്കി രമ്യ ഹരിദാസിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ പടർത്തിയതും വൻ ഹിറ്റായിരുന്നു. അങ്ങിനെ പഴയ വീഞ്ഞുകൾ പലതും പുതിയ കുപ്പിയിലാക്കി തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ വ്യാപകമായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സീറ്റുകളുടെ എണ്ണം 400 കടക്കും എന്ന് പറഞ്ഞത് ബി.ജെ.പിക്ക് തിരിച്ചടി ആയിട്ടുണ്ട് എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. " തീസരാ ബാർ ചാർ സൗ ബാർ..... " എന്ന മുദ്രാവാക്യവും മോദി കി ഗ്യാരണ്ടിയും  2024ലെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നാണ്. ഇന്ത്യ മുന്നണിയിലെ പല നേതാക്കളും അവരുടെ നേതാക്കളുടെ പേരും പലതായി പറഞ്ഞതും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ചർച്ചാ വിഷയങ്ങളിൽ ഒന്നായിരുന്നു. 

ഇത്തവണ തിരഞ്ഞെടുപ്പിൽ ഒരുപാട് ചിത്രങ്ങൾ ജനങ്ങളുടെ മനസ്സിലേക്ക് ശക്തമായി പതിപ്പിക്കുകയുണ്ടായി. രാഹുൽ ഗാന്ധി ഭരണഘടന പിടിച്ചുകൊണ്ടു നിൽക്കുന്ന ഒരു ചിത്രം വലിയ പ്രചാരം കിട്ടിയ ഒന്നായിരുന്നു. ബിജെപി നേതാവായ കങ്കണാ റാവത്തിനെ സിഐഎസ്എഫ് സൈനിക മുഖത്തടിച്ചത് മറ്റൊരു ചിത്രമാണ്. അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി വന്ന ചിത്രവും വ്യാപകമായി പ്രചരിപ്പിച്ച ഒന്നായിരുന്നു. വോട്ടിംഗ് എത്തിയ സ്ത്രീകളുടെ പർദ്ദ നോക്കുന്ന സ്ഥാനാർത്ഥിയുടെ ചിത്രവും 2024ലെ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക പിൻവലിച്ച് ബിജെപി നേതാവിനോടൊപ്പം കാറിൽ യാത്ര ചെയ്യുന്ന ചിത്രവും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പങ്കുവയ്ക്കപ്പെട്ട ചിത്രമാണ്. കോൺഗ്രസ് നേതാക്കളായ കെ. കരുണാകരൻ്റേയും എ.കെ ആൻ്റണിയുടേയും മക്കൾ പാർട്ടി ഉപേക്ഷിച്ച് ബി.ജെ പി യുടെ ഭാഗമായത് കൗതുകത്തോടെയാണ് രാജ്യത്തെ ജനങ്ങൾ കണ്ടത്.

അത്തരത്തിൽ ഒട്ടേറെ ഡയലോഗുകളും ചിത്രങ്ങളും എല്ലാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും അവശേഷിപ്പിക്കാറുണ്ട്. 2024 തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും അത്തരത്തിൽ ആയിരക്കണക്കിന് ഡയലോഗുകളും ചിത്രങ്ങളും ലോകത്തിന് മുന്നിൽ സർപ്പിക്കപ്പെട്ടിരിക്കുന്നു. അതിൽ പലതും ക്കൈവിട്ട വാക്കോ കല്ലോ ആണ്.... തിരിച്ചെടുക്കാൻ പറ്റാത്തതാണ് എല്ലാം... ചിലത് ഗുണവും ചിലത് ദേഷവും ഉണ്ടാക്കുന്നു.  ഗുണദോഷ സമ്മിശ്ര പ്രതികരണങ്ങൾ ചിരിയും ചിന്തയും സമ്മാനിക്കുന്നു. അത് വലിയ രാഷ്ട്രീയ പാഠമാണ്.