ചരിത്രം വഴിമാറും... ചിലർ വരുമ്പോൾ...
സുധീർനാഥ്
ഇന്ത്യൻ ഭരണഘടന തിരുത്തപ്പെടും എന്നുള്ള ആശങ്ക ഇന്ത്യൻ ജനതയ്ക്ക് ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് 2024 പൊതു തിരഞ്ഞെടുപ്പ് ഫലത്തിൽ നിഴലിച്ച് നിൽക്കുന്നത് . ഇന്ത്യൻ ഭരണഘടന ലോകം അംഗീകരിച്ചതാണ്. ഭരണഘടന നിർവചിച്ചിരിക്കുന്ന ഒരു പാർലമെൻ്ററി സംവിധാനമാണ് ഇന്ത്യയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഒരുഉത്സവം ആഘോഷിക്കുന്നത് പോലെ തന്നെയാണ് ഇന്ത്യൻ ജനത തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക എന്നുള്ള ശക്തമായ താക്കീത് തന്നെയാണ് പുതുതായി രാജ്യം ഭരിക്കാൻ പോകുന്ന സർക്കാരിന് ജനം നൽകുന്ന മുന്നറിയിപ്പ്.
രാജ്യം അപകടത്തിൽ ആണെന്നുള്ള തിരിച്ചറിവ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടായതാണ് ഇന്ത്യാ മഹാസഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായത്. അതുകൊണ്ടുതന്നെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മ ശക്തമായ പ്രതിരോധമാണ് രാജ്യ സുരക്ഷയ്ക്ക് തീർത്തിരുന്നത്. എൻഡിഎയുടെ തേരോട്ടത്തിന് ഇന്ത്യ സഖ്യത്തിന് പ്രതിരോധം തീർക്കാൻ സാധിച്ചു എന്നുള്ളതിന് തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. ഇന്ത്യാ എന്ന പ്രതിപക്ഷ രാഷ്ട്രീയ സഖ്യത്തിൻ്റെ വരവോടുകൂടി ചരിത്രത്തിന്റെ ഒരു വഴിത്തിരിവ് സംഭവിച്ചിരിക്കുന്നു. ചിലർ നേതൃത്വം കൊടുക്കുമ്പോൾ ചരിത്രം വഴിമാറും എന്നത് പോലെ പ്രതിപക്ഷ ഐക്യം ചരിത്രത്തെ വഴിമാറ്റി. ഇതിന് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
ഒരു ഘട്ടത്തിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ തകർന്നടിയുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. എന്നാൽ പ്രതിപക്ഷത്തുള്ള പാർട്ടികളിലെ നേതാക്കന്മാരെ ജയിലിൽ അടച്ചതും പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും രാജ്യത്ത് വ്യാപക ചർച്ചയായി. പ്രതിപക്ഷ സഖ്യത്തിന്റെ പ്രാധാന്യം ഓരോ പാർട്ടികളും തിരിച്ചറിഞ്ഞു. അത് ഇന്ത്യാ സഖ്യത്തിൻ്റെ ശക്തി കൂട്ടുവാൻ കാരണമാവുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികൾ കുറച്ചുകൂടി ജാഗ്രത പുലർത്തിയിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നായി മാറുമായിരുന്നു എന്ന വിലയിരുത്തലും ഇല്ലാതില്ല.
മൃഗീയ ഭൂരിപക്ഷം എൻഡിഐക്ക് നൽകിയില്ല എന്നുള്ളതാണ് ഇന്ത്യൻ ജനത തിരഞ്ഞെടുപ്പിൽ കാണിച്ചിരിക്കുന്ന ഷോക്ക് ട്രീറ്റ്മെന്റ്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ച് സർക്കാർ രൂപീകരിക്കുന്ന ശക്തി മുൻപ് ബിജെപിക്ക് ഉണ്ടായിരുന്നു. ഇന്ന് ഘടക കക്ഷികളുടെ പിന്തുണയോടെ മാത്രമേ ബിജെപിക്ക് നില നിൽപ്പുള്ളൂ. ബി.ജെ.പി നേതൃത്ത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് 294 സീറ്റുകളാണ് ഉള്ളത്. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കും എന്ന വിശ്വാസമായിരുന്നു ബി.ജെ.പി. വെച്ചുപുലർത്തിയത്. 272 സീറ്റുകൾ ലഭിച്ചാൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമായി. ബി.ജെപിക്ക് ഇത്തവണ 240 സീറ്റുകൾ മാത്രമാണ് സ്വന്തമായി നേടുവാൻ കഴിഞ്ഞത്. 32 സീറ്റുകൾ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കുന്നതിന് വേണം. രാജ്യം ഭരിക്കുവാനുള്ള ഭൂരിപക്ഷത്തിന് ഘടകകക്ഷികൾ പിന്തുണയ്ക്കണം. പക്ഷെ ബി.ജെ പി യുടെ പ്രധാന ഘടകകക്ഷികൾ ആരൊക്കെ എന്നത് കാണേണ്ടതാണ്. ഏത് സമയവും എതിർ ചേരിയിൽ ഓടി പോകുന്ന ചരിത്രമുള്ള 12 സീറ്റുകളുമായി നിൽക്കുന്ന നിതീഷ് കുമാറാണ് ഒരു ഘടകകക്ഷി. 16 സീറ്റുകളുമായി ചന്ദ്രബാബു നായിഡുവും ഉണ്ട്. ഇവർ ഇരുവരും കേവലഭൂരിപക്ഷത്തിൽ കൂടുതലുള്ള ബിജെപിയുടെ കഴിഞ്ഞകാല ഭരണസമയത്ത് ഏറെ പീഡനങ്ങൾ നേരിട്ടവരാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഇവരോട് സഹായം ചോദിക്കുന്ന ബിജെപിക്ക് തിരിച്ചടി നൽകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ആശങ്കപ്പെടുന്നത്. ഇവർ വലിയ വില വേഷം നടത്തും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഇന്ത്യൻ ദേശീയതയുടെ വൈവിധ്യമാർന്ന രാഷ്ട്രീയ സാംസ്കാരിക നിലപാടുകൾ വ്യക്തമാക്കുന്നതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുവാൻ നിയുക്ത സർക്കാരിനെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്ന് നമുക്ക് പറയാം. ശക്തമായ പ്രതിപക്ഷം പാർലമെൻ്റിൽ ഉണ്ട് എന്നത് മുൻകാലങ്ങളിലെ പോലെ ജനാധിപത്യ മതേതര സ്വഭാവം തകർക്കുവാൻ സാധിക്കില്ല എന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ ഐക്യത്തിന് ഒരു പ്രധാനമന്ത്രി സ്ഥാനാർഥി ഉണ്ടായിരുന്നെങ്കിൽ എന്ന് പലരും ആഗ്രഹിച്ചിരുന്നു. ഒരുപക്ഷേ ഭരണം പോലും ലഭിക്കുമായിരുന്നു. എന്നാൽ പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ ഭരിക്കുവാനുള്ള സാഹചര്യമായിട്ടില്ല എന്ന് ജനങ്ങൾ വിലയിരുത്തിയിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം കണക്കാക്കുന്നത്. നരേന്ദ്രമോദി ഭരിക്കുവാൻ മികച്ചതാണ് എന്ന് തിരിച്ചറിയുന്ന ജനങ്ങൾ മോദിയുടെ വർഗീയ വിഷം ചീറ്റലും ഹിന്ദു രാഷ്ട്രമാക്കുവാനുള്ള നീക്കവും എതിർക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം നമ്മളെ കാണിച്ചുതരുന്നത്.
മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ ഭരണഘടന തിരുത്തി എഴുതാം എന്ന് പരസ്യമായി പ്രഖ്യാപിച്ച പാർട്ടിയാണ് ബി.ജെ.പി. രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റി, ഭരണഘടന തിരുത്തുമെന്ന് പരസ്യമായി പറഞ്ഞാണ് തിരഞ്ഞെടുപ്പിനെത്തിയത്. 400 ലേറെ സീറ്റുകൾ കിട്ടുമെന്നും, അങ്ങിനെ മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുമെന്നും ഇത്തവണ പരസ്യമായി അവകാശവാദം പറഞ്ഞ ബിജെപിക്ക് കേവല ഭൂരിപക്ഷം പോലും ലഭിച്ചില്ല.
ഇന്ത്യാ രാജ്യത്ത് സമീപകാലത്ത് ഉയർന്നുവന്ന വർഗീയതയുടെ വിഷം രാജ്യത്തിന്റെ നിലനിൽപ്പിന് അപകടം ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷ ഐക്യ മുന്നണിയായ ഇന്ത്യയുടെ പല നേതാക്കളും ജയിച്ചു കയറിയത്. രാമജന്മഭൂമിയിൽ പോലും വിജയിക്കുവാൻ ഇന്ത്യാ സഖ്യത്തിന് സാഹചര്യം ഒരുക്കിയത് അതുകൊണ്ട് തന്നെ. ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിന്റെ ഫലം പരിശോധിച്ചാൽ ഇത് വളരെ വ്യക്തമാകും. ബിജെപിയുടെ ശക്തിപ്രദേശമായ ഉത്തർപ്രദേശിൽ ഇന്ത്യാ മുന്നണി വൻ ഭൂരിപക്ഷം നേടിയതും നമുക്ക് കാണാവുന്നതാണ്. രാജ്യത്ത് വർഗീയത വിളമ്പിയ പല നേതാക്കളും കാലിടറി വീഴുന്ന കാഴ്ചയും ഈ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നാം കണ്ടു.
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. കോൺഗ്രസിൻ്റെ ഉയർത്തെഴുന്നേൽപ്പിൻ്റെ ശക്തമായ ലക്ഷണം ഈ തിരഞ്ഞെടുപ്പ് ഫലം വന്നുതോടുകൂടി കാണുവാനും സാധിക്കും. പ്രതിപക്ഷ നേതൃത്വത്തിന് കോൺഗ്രസിന് അവകാശം ഉന്നയിക്കാവുന്ന പ്രകടനം തന്നെയാണ് അവർ കാഴ്ചവച്ചിരിക്കുന്നത്. വരുന്ന നാളിൽ കോൺഗ്രസ് തന്നെ രാജ്യം ഭരിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നുള്ള സൂചനകൾ തന്നെയാണ് ഈത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
400 സീറ്റിലേറെ ലഭിക്കുമെന്ന് ആത്മവിശ്വാസത്തിൽ ഗ്യാരണ്ടി പറഞ്ഞ പ്രധാനമന്ത്രി പോലും കിതച്ചു കൊണ്ടാണ് ഒന്നര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വാരണാസിയിൽ ജയിച്ചത്. 2019 ൽ അഞ്ചര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിച്ച വാരണസിയിലാണ് പ്രധാനമന്ത്രി കൂടിയായ നരേന്ദ്രമോദിക്ക് ഭൂരിപക്ഷം കുറഞ്ഞത്. സാങ്കേതികമായി വാരണാസിയിൽ ജയിച്ചെങ്കിലും രാഷ്ട്രീയപരമായി നോക്കിയാൽ അതൊരു പരാജയമായി തന്നെ കണക്കാക്കണം. വാരണസിയിലെ ജനങ്ങൾ പോലും മോദിയെ പിന്തള്ളി എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. നരേന്ദ്രമോദിക്ക് വ്യക്തിപരമായ രാഷ്ട്രീയ ആഘാതമാണ് വാരണാസിയിലെ ഭൂരിപക്ഷം.
വർഗീയത പരസ്യമായി പറഞ്ഞ് ഇന്നുവരെയുള്ള ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രസ്താവനകൾ നടത്തിയ പ്രധാനമന്ത്രി എന്നുള്ള ഖ്യാതി നരേന്ദ്രമോദി സ്വന്തമാക്കി. സ്വന്തം പേര് നാടുനീളെ വിളിച്ചു പറഞ്ഞു. മോദി ഗ്യാരണ്ടിയും മോദി മാത്രമേ ഇന്ത്യയുടെ രക്ഷകനാകൂ എന്നുള്ള പരസ്യപ്രസ്താവനയും വലിയ തിരിച്ചടിയായി. ജീവിതത്തിൽ ഭാര്യയെ ഉപേക്ഷിച്ച നരേന്ദ്രമോദി അമ്മയുടെ മരണശേഷം അമ്മയെ ഉപേക്ഷിക്കുന്ന കാഴ്ചയും രാജ്യം കണ്ടു. താൻ ബയോളജിക്കൽ ആയി ജനിച്ചതല്ലെന്നും ദൈവം തന്നെ ഇന്ത്യയുടെ രക്ഷകനായി ഭൂമിയിലേക്ക് ഇറക്കി വിട്ടതാണെന്നും പരസ്യമായി ഒരു മടിയും കൂടാതെ പറഞ്ഞ നരേന്ദ്രമോദിയെയാണ് ജനം പുറംതള്ളിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷം നരേന്ദ്രമോഡി ഉണ്ടാക്കിയ പ്രഭാവം ഈ തിരഞ്ഞെടുപ്പോടുകൂടി ഇല്ലാതായിരിക്കുന്നു എന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 75 വയസ്സ് പൂർത്തിയാക്കിയ എൽകെ അഡ്വാനി, മുരളി മനോഹർ ജോഷി, യശ്വന്ത് സിംഹ, ജസ്വന്ത് സിംഗ് തുടങ്ങി മുതിർന്ന ബിജെപി നേതാക്കളെ അധികാരത്തിൽ നിന്ന് പുറത്താക്കിയ നരേന്ദ്രമോദിക്ക് അടുത്തവർഷം സ്വന്തം അധികാരം വിടേണ്ടി വരും എന്നുതന്നെയാണ് മറ്റൊരു വിലയിരുത്തൽ. 75 വയസ്സ് എന്ന മോദിയുടെ തന്നെ തീരുമാനം മോദിക്ക് തന്നെ വിനയായി വരുന്നു എന്നത് തീർച്ചയാണ്. നിലവിൽ മുൻകാല ശക്തി ഒന്നും നരേന്ദ്രമോദിക്കില്ല എന്നുള്ളതാണ് വിലയിരുത്തപ്പെടുന്നത്. ഘടകകക്ഷികളും സ്വന്തം പാർട്ടിയിലെ നേതാക്കളും മോദിയുടെ റിട്ടയർമെന്റ് ആവശ്യപ്പെടും എന്നുള്ളത് ഉറപ്പാണ്.
2014 മോദി അധികാരത്തിൽ വന്നത് ആർഎസ്എസിന്റെ ശക്തമായ അടിത്തറ പ്രവർത്തനങ്ങൾ കൊണ്ട് മാത്രമാണ്. 2019ലും ആർഎസ്എസിന്റെ പിന്തുണ മോദിക്ക് ലഭിച്ചിരുന്നു. 2024 ആയപ്പോൾ മോദി ആർഎസ്എസിനെ കാര്യമായി ഗൗനിച്ചില്ല. അതിന്റെ പ്രത്യാഘാതം ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമായി പ്രതിഫലിച്ചിട്ടുമുണ്ട്.
ഇന്ത്യയുടെ രാഷ്ട്രപതി രാജ്യത്തിൻ്റെ രാഷ്ട്രത്തലവനും ഇന്ത്യയിലെ എല്ലാ പ്രതിരോധ സേനകളുടെയും പരമോന്നത കമാൻഡർ-ഇൻ-ചീഫുമാണ്. എന്നിരുന്നാലും, ലോക്‌സഭയിലേക്കുള്ള ദേശീയ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെയോ രാഷ്ട്രീയ സഖ്യത്തിൻ്റെയോ നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. ഇത്തവണ ആര് മന്ത്രിസഭ ഉണ്ടാക്കിയാലും ഇന്ത്യൻ ഭരണഘടന പ്രകാരം മാത്രമാകും ഭരിക്കാൻ സാധിക്കുക. ജനങ്ങൾ പ്രതീക്ഷിക്കുന്നതും അത് തന്നെയാണ്.
ഇന്ത്യാ ഗവൺമെൻ്റിൻ്റെ നിയമനിർമ്മാണ ശാഖയുടെ നേതാവാണ് പ്രധാനമന്ത്രി. ഇന്ത്യൻ രാഷ്ട്രപതിയുടെ മുഖ്യ ഉപദേഷ്ടാവും കേന്ദ്രമന്ത്രിസഭയുടെ തലവനുമാണ് പ്രധാനമന്ത്രി. ഇന്ത്യൻ രാഷ്ട്രപതി ഓരോ സംസ്ഥാനത്തും നിയമിക്കപ്പെട്ട ഗവർണർമാർ മുഖേന നിയമവാഴ്ച നിരീക്ഷിക്കുന്നു, സംസ്ഥാന സർക്കാരിൻ്റെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുമ്പോൾ അവരുടെ ശുപാർശ പ്രകാരം സംസ്ഥാന മുഖ്യമന്ത്രിയിൽ നിന്ന് എക്സിക്യൂട്ടീവ് അധികാരങ്ങൾ താൽക്കാലികമായി ഏറ്റെടുക്കാം.ആവശ്യമെങ്കിൽ ഇന്ത്യൻ രാഷ്ട്രപതി നിലവിലുള്ള സംസ്ഥാന സർക്കാരിനെ പിരിച്ചുവിടുകയും പുതിയ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നു. ഈ അധികാരം ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലും ഗവർണർമാർ ബിജെപി അജഡകൾ നടപ്പിലാക്കുന്നത് നമ്മൾ കാണുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഗവർണർമാർ അത്തരത്തിലുള്ള നീക്കങ്ങൾ നടക്കുകയാണെങ്കിൽ ഭരണഘടന കയ്യിൽ പിടിച്ചുകൊണ്ട് തീർച്ചയായും ഭരണപക്ഷത്തുള്ള ഘടകകക്ഷികളും പ്രതിപക്ഷത്തുള്ളവരും അതിനൊക്കെ തടയിടും.
ബിജെപിയുടെ ഘടകകക്ഷികൾക്ക് പോലും ബിജെപി കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പല നടപടികളും അംഗീകരിക്കുവാൻ കഴിയുന്നതല്ല എന്നുള്ളത് അവർ തന്നെ രഹസ്യമായി വെളിപ്പെടുത്തിയിട്ടുള്ളതാണ്. ബിജെപിക്ക് അകത്തും മോദിയുടെയും അമിത്ഷായുടെയും പല നിലപാടുകൾക്കും എതിരെ ശബ്ദമുയർന്നുണ്ട് എന്നുള്ളതാണ് റിപ്പോർട്ടുകൾ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് അകത്തുനിന്ന് തന്നെ മോദിക്കും അമിത്ഷായിക്കും എതിരെ ശക്തമായ ശബ്ദങ്ങൾ ഉണ്ടാകുമെന്ന് തീർച്ചയുമാണ്. രാഷ്ട്രീയ നിലനിൽപ്പിനെ ഭയന്നാണ് ഇക്കാലമത്രയും ഘടക കക്ഷികളും, ബി.ജെ.പി നേതാക്കളും നിശബ്ദരായിരുന്നതും. ഒരു ഘടകകക്ഷിക്കും എൻഡിഎ മുന്നണിയിൽ യാതൊരുവിധ അംഗീകാരവും ലഭിച്ചിരുന്നില്ല. ബിജെപി നേതാക്കൾക്ക് പലർക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ പോലും പാർട്ടിക്കുള്ളിൽ ലഭിച്ചിരുന്നില്ല. എന്നാൽ നിലവിലെ തിരഞ്ഞെടുപ്പ് ഫലം അവർക്ക് കൂടുതൽ ശക്തി നൽകിയിരിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. വരുംദിവസങ്ങളിൽ മോദിക്ക് നേരെ വിരൽചൂണ്ടുന്ന ഒട്ടേറെ സാഹചര്യങ്ങൾ ഉണ്ടാകും എന്ന് വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകർ ഉള്ളത്.
രാജ്യത്തെ മാധ്യമങ്ങളിൽ ബിജെപിയെയും മോദിയെയും വിമർശിക്കുന്ന മാധ്യമങ്ങൾക്ക് എതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത് വലിയ തിരിച്ചടിയായി എന്നുവേണം അനുമാനിക്കാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നവരെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തിയ നാളുകളാണ് കഴിഞ്ഞുപോയത്. മോദിയെ വിമർശിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ അന്വേഷണ ഏജൻസികളെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയും പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തത് തിരിച്ചടിക്ക് മറ്റൊരു കാരണമായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുതൽ ഒട്ടേറെ പ്രതിപക്ഷ നേതാക്കൾ ജയിലിൽ ആയത് ഇന്ത്യൻ ജനത അംഗീകരിക്കുന്നില്ല എന്നുള്ളതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം.
ബിജെപി സർക്കാർ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടുതന്നെ ദേശീയ മാധ്യമങ്ങൾ അടക്കം പ്രാദേശിക മാധ്യമങ്ങൾക്ക് ബിജെപിയെ തകർക്കുന്നതിന് വേണ്ടി ഫണ്ടുകൾ ലഭിച്ചിരുന്നു എന്നുള്ള ആരോപണം ഉന്നയിക്കപ്പെടുകയുണ്ടായി. ഇന്ത്യയിൽ അട്ടിമറി നടത്താൻ ആസൂത്രണം ചെയ്യാൻ എട്ട് മലയാളം ഓൺലൈനുകളുണ്ടെന്നാണ് ബി ജെ പി യുടെ കേരളത്തിലെ മുഖപത്രത്തിൻ്റെ കണ്ടെത്തൽ. അഴിമുഖം ഡോട്ട് കോം,, സൗത്ത് ലൈവ്, ഡൂൾ ന്യൂസ്,ദ് ക്യൂ, ട്രൂ കോപ്പി, മലബാർ ന്യൂസ്, അന്വേഷണം, ടൈംസ് കേരള ഓൺലൈൻ എന്നീ ഓൺലൈനുകളുടെ പേരുകളാണ് ജന്മഭൂമി പത്രം രാജ്യത്തെ അട്ടിമറിക്കാൻ നേതൃത്ത്വം നൽകുന്നതെന്ന് ആരോപിച്ചത്. രാജ്യാന്തര തലത്തിൽ സർക്കാരുകളെ അട്ടിമറിക്കുന്ന അമേരിക്കൻ ബില്യണർ ജോർജ് സോറസിന്റെ കേരളത്തിലെ വേരുകൾ എന്നാണ് ജന്മഭൂമി ഈ എട്ട് ഓൺലൈൻ മീഡിയകളേ വിശേഷിപ്പിച്ചത്.
ഇത്തരം ഒട്ടേറെ വ്യാജ ആരോപണങ്ങൾ ബിജെപിയുടെ വിമർശകർക്ക് നേരെ ഉന്നയിച്ചു എന്നുള്ളത് സമൂഹം അംഗീകരിക്കുകയില്ല. കേട്ടാൽ അറക്കുന്ന വർഗീയത വിളമ്പുന്നത് ജനാധിപത്യ മതേതരത്വ ഇന്ത്യയിൽ പുറന്തള്ളപ്പെട്ടു എന്നുള്ളതാണ് ഈ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ആര് ഭരിച്ചാലും മികച്ച ഒരു പ്രതിപക്ഷം ഉള്ളത് കേന്ദ്ര സർക്കാർ ഭരണം വരുന്ന അഞ്ച് വർഷം നെഞ്ചിടിപ്പില്ലാത്തതാകാൻ സാധ്യത ഏറെയാണ്.
