പാര്‍ലമെന്‍റ് സ്ട്രീറ്റ്
സുധീര്‍ നാഥ്
2024 ജൂണ്‍ 01
ഹാബിറ്റ് ഒരു ശീലമായി
തൊഴില്‍ എന്തുചെയ്യുമെന്ന് ആലോചിച്ചിരിക്കുന്ന യുവാക്കള്‍ക്ക് മാതൃകയാണ് ഡല്‍ഹിയിലും പരിസര സംസ്ഥാനങ്ങളിലും ബിസിനസ് രംഗത്ത് ചുവടെ വെച്ച് വിജയകൊടി പാറിച്ച മലയാളികളായ ഈ യുവാക്കള്‍. പോള്‍ മാത്യു, രാഹുല്‍ ജോണ്‍, കുര്യന്‍ നോബി, കോശി മാത്യു, അലോക് ബായ്, മനാസ് കുമാര്‍ തുടങ്ങിയവരാണ് സംരംഭത്തിന് പിന്നില്‍. ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് മികച്ച ഒരു തൊഴില്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള ശ്രമം പരാജയപ്പെട്ടതോടുകൂടിയാണ് സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്തുവാന്‍ ഇവര്‍ തീരുമാനിച്ചത്. ഏഴുവര്‍ഷം മുമ്പ് ഈ ആറ് പേരുടെ കൂട്ടായ്മ ഒരു തീരുമാനമെടുത്തു. സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുക. ഹാബിറ്റ്സ് എന്ന പേരില്‍ മലയാളികളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങളായ കായ വറുത്തതും, ചക്ക വറുത്തതും, മുറുക്കും മറ്റും കോര്‍പ്പറേറ്റ് ഓഫീസുകളിലും ഹോട്ടലുകളിലും, ആശുപത്രികളിലും, മാളുകളിലും, മറ്റ് കേന്ദ്രങ്ങളിലും വില്‍പ്പന നടത്തിയാണ് ഇവര്‍ തുടക്കം കുറിച്ചത്. കോര്‍പ്പറേറ്റ് ലുക്കിലാണ് എല്ലാ ഉത്പന്നങ്ങളും പായ്ക്ക് ചെയ്യുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലത്തുള്ള ചെമ്മന്‍കുത്ത് വില്ലേജിലെ ഇവരുടെ ഫാക്ടറിയില്‍ 90 ശതമാനവും സ്ത്രീകളാണ് ജോലി ചെയ്യുന്നത്. സ്ത്രീശാക്തീകരണം ശക്തമായ രീതിയില്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ് ഈ യുവാക്കളുടെ സംരംഭം. കോതമംഗലത്ത് ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളായ ഭക്ഷ്യവസ്തുക്കള്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ അവര്‍ സ്ഥാപിച്ച ഫാക്ടറിയില്‍ എത്തിക്കുന്നു. മനോഹരമായ മികച്ച പാക്കിങ്ങില്‍ 100 ഗ്രാം മുതലുള്ള കൊച്ചുകൊച്ചു പാക്കറ്റുകളിലായി അവര്‍ കോര്‍പ്പറേറ്റ് ഓഫീസുകളിലും ഹോട്ടലുകളിലും കച്ചവടം നടത്തുന്നു. കോവിഡ് വന്നതോടുകൂടി അവരുടെ സ്ഥാപനം അടച്ചുപൂട്ടേണ്ട നിലയിലേക്ക് എത്തി. അപ്പോഴാണ് വടക്കേ ഇന്ത്യയിലെ ഇഷ്ട വിഭവമായ ഹാഫ് ബോയില്‍ഡ് ചപ്പാത്തി കവറുകളിലാക്കി വീടുകളില്‍ എത്തിക്കാമെന്ന് അവര്‍ തീരുമാനിച്ചത്. അവര്‍ തുടങ്ങിയ ചപ്പാത്തി വില്‍പ്പന വന്‍ ഹിറ്റായി. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ലാഭം അതില്‍നിന്ന് അവര്‍ക്ക് ലഭിക്കുകയുണ്ടായി. കോവിഡ് മാറിയതോടുകൂടി അവരുടെ ചപ്പാത്തി ബിസിനസ്സില്‍ ഇടിവ് വന്നു. തുടക്കം കുറിച്ച പഴയ ബിസിനസിലേക്ക് തന്നെ അവര്‍ മടങ്ങിയെത്തി. ഇപ്പോള്‍ പഴയതിനേക്കാള്‍ മികച്ച രീതിയില്‍ വന്‍വിജയം നേടിയിരിക്കുകയാണ് ഹാബിറ്റ്സ് എന്ന ബ്രാന്‍ഡ്. ഇപ്പോള്‍ ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹാബിറ്റ്സ് എന്ന ഇവരുടെ ബ്രാന്‍ഡ് പ്രചാരവും സ്വീകാര്യതയും നേടിയിരിക്കുന്നു. വടക്കേ ഇന്ത്യയിലെ മലയാളികള്‍ക്കായി കേരളാ സ്റ്റോറുകളിലും ഇവരുടെ ഉത്പന്നങ്ങള്‍ എത്തുന്നു. വില്‍പ്പനയുടെ കാര്യത്തിലും വലിയ കുതിപ്പാണ് ഇവര്‍ക്ക് ലഭിച്ചത് അതോടൊപ്പം വരുമാനത്തിലും ഇവര്‍ക്ക് മാന്യമായ തുക ലഭിക്കുന്നു എന്നുള്ളത് സന്തോഷകരമാണ്. ഈ ബ്രാന്‍ഡിന് പിന്നില്‍ ആറ് മലയാളി യുവാക്കള്‍ ആണ് എന്നുള്ളത് മലയാളികളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനമുണ്ടാകുന്ന ഒന്നാണ്. ഇന്ന് വടക്കേ ഇന്ത്യയില്‍ ചിലര്‍ക്ക് ഹാബിറ്റ് ഒരു ശീലമായിരിക്കുകയാണ്.
നൂറ് കഴിഞ്ഞ വോട്ടര്‍മാര്‍
നൂറ് വയസ് വരെ ജീവിക്കുക എന്നത് ഒരു ഭാഗ്യമാണ്. രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രമായ ഡല്‍ഹിയില്‍ ഇത്തവണ നൂറു വയസ്സിനു മുകളിലുള്ള വോട്ടര്‍മാരുടെ എണ്ണം 132 ആണ്. ഇതില്‍ 68 പുരുഷന്മാരും 64 വനിതകളും ഉണ്ട് എന്നാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുന്ന വിവരങ്ങള്‍. ഇതില്‍ നൂറോളം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സെഞ്ച്വറി കടന്ന വോട്ടര്‍മാര്‍ ഉള്ളത്. 110 വയസ്സുള്ള കലിത്താരാ മണ്ഡല്‍ ആണ് സെഞ്ചുറി കടന്ന വോട്ടര്‍മാരില്‍ ഏറ്റവും പ്രായമേറിയ വ്യക്തി. മലയാളികളുടെ പ്രിയപ്പെട്ട ഓംചേരി എന്‍ എന്‍ പിള്ളയും ഈ കൂട്ടത്തില്‍ പെടും. അദ്ദേഹത്തിന് നൂറ്റൊന്നു വയസ്സായി. വോട്ടിങ്ങ് ദിനമായ മെയ് 25ന് പനിയായതിനാല്‍ ഇക്കുറി വോട്ട് ചെയ്തില്ല. പ്രായമായവരുടെ വോട്ട് വീട്ടില്‍ വന്ന് സ്വീകരിക്കാറുണ്ടെങ്കിലും ഓംചേരി ബൂത്തില്‍ പോയി വോട്ട് ചെയ്യാമെന്നാണ് തീരുമാനിച്ചത്. വീടിനോട് ചേര്‍ന്ന സര്‍ക്കാര്‍ സ്ക്കൂളായിരുന്നു ബൂത്ത്. പക്ഷെ പനി വില്ലനായി. അതുകൊണ്ട് സ്വയം പിന്‍മാറി.
വടക്കേ ഇന്ത്യയെ തളര്‍ത്തുന്ന ചൂട്
രാജ്യത്തുള്ള ഉയര്‍ന്നുവരുന്ന ചൂട് മനുഷ്യജീവനെ തന്നെ അപകടാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. സാധാരണയില്‍ കവിഞ്ഞ ചൂടാണ് വടക്കേ ഇന്ത്യയില്‍ വ്യാപകമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 53 ഡിഗ്രി ചൂടു വരെ വടക്കേ ഇന്ത്യയില്‍ രേഖപ്പെടുത്തിയതായി റിപ്പോട്ടുകളുണ്ട്. ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കിഴക്കന്‍ മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. ഭൗമ ശാസ്ത്ര ലോകം വ്യക്തമാക്കുന്നത് രാജ്യത്ത് വ്യാപകമായ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നു എന്നാണ്. ചൂട് ഒരുപാട് മനുഷ്യജീവന്‍ അപഹരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സ്വന്തമായി വീടില്ലാത്ത വഴിയോരങ്ങളില്‍ താമസിക്കുന്ന പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. മ്യഗങ്ങളും, പക്ഷികളും ചൂടേറ്റ് തളര്‍ന്ന് വീണ് മരണമടയുന്നു. ചൂടുകാറ്റേറ്റ് അവശനിലയില്‍ ആയ ആയിരക്കണക്കിന് ആളുകള്‍ രാജ്യതലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ അഭയം തേടിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഡല്‍ഹിയില്‍ ശുദ്ധജല ലഭ്യതയുടെ കുറവ് കാര്യമായി അനുഭവപ്പെടുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വലിയൊരു ശതമാനം കുടിവെള്ളം ലഭിക്കുന്നത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരു സംസ്ഥാനങ്ങളും കുടിവെള്ളത്തിന്‍റെ വിതരണത്തില്‍ തടസമുണ്ടാക്കുന്നു. ചൂട് കൂടുന്നതോടുകൂടി വരള്‍ച്ചയും ശക്തമാവുകയാണ്. വടക്കേ ഇന്ത്യയില്‍ വരള്‍ച്ച ഒരു വലിയ വെല്ലുവിളി തന്നെയാണ്. ജനങ്ങള്‍ കുടിവെള്ളത്തിനായി ടാങ്കറുകളെ ആശ്രയിക്കുന്നു. ചൂടിന്‍റെ അളവ് കൂടിയതോടുകൂടി രാജ്യതലസ്ഥാനത്ത് വ്യാപകമായ തീപിടുത്തങ്ങളാണ് ഉണ്ടാകുന്നത്. ചെറുതും വലുതുമായ ഒട്ടേറെ തീപിടുത്തങ്ങളുടെ വാര്‍ത്തകള്‍ ദിവസവും എത്തിക്കൊണ്ടിരിക്കുന്നു. 10000ത്തിലേറെ വലിയ തീപിടുത്തങ്ങളാണ് ഇത്തവണ ഡല്‍ഹി ഫയര്‍ സര്‍വീസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശീതീകരണ യന്ത്രങ്ങളില്‍ നിന്നുള്ള തീപിടുത്തം ആണ് കാര്യമായി ഉണ്ടാകുന്നത്. രാജ്യതലസ്ഥാനത്തെ കത്തുന്ന ചൂട് കണക്കിലെടുത്ത്, നഗരത്തിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു താഴെയാകുന്നതുവരെ തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ മൂന്ന് മണിക്കൂര്‍ ശമ്പളത്തോടുകൂടിയ വിശ്രമം നല്‍കാന്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വികെ സക്സേന ഡല്‍ഹി വികസന അതോറിറ്റിയോട് ആവശ്യപ്പെട്ടു. സ്ക്കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്.
ബസ്സ് സര്‍വ്വീസ് ഒരു സാമൂഹ്യ സേവനം
ബസ്സില്‍ കയറാത്ത മലയാളി ഉണ്ടാകില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ മതവും, ജാതിയും നോക്കാതെ സമൂഹത്തെ ഗതാഗത രംഗത്ത് സേവിക്കുന്നവരാണ് ബസ് തൊഴിലാളികള്‍. ബസ്സുകള്‍ സമൂഹത്തില്‍ നല്‍കുന്ന പ്രധാന സേവനമാണ് കൂട്ടായ്മകള്‍ ഉണ്ടാക്കുക എന്നത്. ഓരോ യാത്രയിലും മനുഷ്യര്‍ പരസ്പരം കാണുകയും സ്നേഹവും പരിഭവവും വിശേഷണങ്ങളും എല്ലാം പങ്കുവെക്കുകയും ചെയ്യുന്നു. ഇത്തരം സന്ദര്‍ഭം യാത്രകളില്‍ മാത്രം ഉണ്ടാകുന്നു. ദീര്‍ഘ യാത്രയില്‍ ഒരിക്കല്‍ ഒപ്പമുണ്ടായിരുന്നവര്‍ പിന്നീട് ജീവിതയാത്രയില്‍ തന്നെ ദീര്‍ഘ സൗഹൃദത്തിന്‍റെ വാഹകരാകുന്ന എത്രയോ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കും. സമൂഹത്തെ ദുഷിച്ച നടപ്പില്‍ നിന്ന് ശുദ്ധീകരിക്കുന്നതില്‍ യാത്രകള്‍ക്കും, അതുവഴി ഉണ്ടാകുന്ന സൗഹ്യദങ്ങള്‍ക്കും സാധിക്കുന്നു. 15 ലക്ഷത്തോളം സ്വകാര്യ ബസ്സുകള്‍ ആണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളാണ് ദൈനംദിനം ബസ്സുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്. ഒട്ടേറെ പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ ബസ്സുകളില്‍ സാധ്യമാകുന്നു. 1662 കാലഘട്ടം മുതല്‍ ബസ്സുകളുടെ സേവനം ഉണ്ടെന്നാണ് ചരിത്രം പറയുന്നത്. 1820 കാലഘട്ടം വരെ ബസ്സുകള്‍ വ്യാപകമായിരുന്നില്ല എന്നും പറയുന്നു. ആദ്യകാലങ്ങളില്‍ കുതിരവണ്ടിയുടെ മാതൃകയിലുള്ള ബസുകളായിരുന്നു നിരത്തുകളില്‍ ഉണ്ടായിരുന്നത്. മുന്‍ ചക്രങ്ങള്‍ ചെറുതും, പിന്‍ ചക്രങ്ങള്‍ വലിയതുമായവ. 1830 മുതല്‍ ആവിയില്‍ ഓടുന്ന ബസുകള്‍ നിലവില്‍ വന്നു. തീവണ്ടി പാളങ്ങളിലൂടെ പോകുന്നത് പോലെ റോഡുകള്‍ക്ക് മുകളിലൂടെ നിര്‍മ്മിച്ച വൈദ്യുത കമ്പികളുടെ അടിയില്‍ക്കുടെ മാത്രം നീങ്ങുന്ന വൈദ്യുതി ബസ്സുകളം നമുക്കുണ്ടായിരുന്നു. ആദ്യത്തെ യന്ത്രവല്‍കൃത ബസ്സുകളുടെ ആവിര്‍ഭാവത്തോടുകൂടിച്ചേര്‍ന്ന് 1895 കാലഘട്ടത്തില്‍ ഓടിക്കൊണ്ടിരുന്ന യന്ത്രവല്‍കൃത ബസുകളുടെ രൂപം 1900 ത്തില്‍ വിപുലമാക്കിയത്. 1950 കളോടുകൂടി പൂര്‍ണ്ണരീതിയിലുള്ള ബസുകള്‍ വ്യാപകമായി. വളരെ വൈകി മാത്രമാണ് ബസ്സുകള്‍ ഇന്ത്യയില്‍ എത്തുന്നത്. ബസ്സുകള്‍ എപ്പോഴും സാധാരണക്കാരന്‍റെ വാഹനമായി തന്നെ പരിഗണിക്കപ്പെടുന്നു. അതിന് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല.
