റായ്ബറേലിയും അമേഠിയും...

റായ്ബറേലിയും അമേഠിയും...

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശസ്തമായ രാഷ്ട്രീയ കേന്ദ്രമാണ് റായ്ബറേലിയും അമേഠിയും. കോണ്‍ഗ്രസിന്‍റെ ശക്തമായ അണികളുണ്ടായ പ്രദേശമായിരുന്നു രണ്ടിടവും. ഇവിടെ നിന്നാണ് ഗാന്ധി കുടുംബത്തില്‍ നിന്നുള്ളവര്‍ സ്ഥിരമായി പാര്‍ലമെന്‍റിലേയ്ക്ക് മത്സരിച്ച് വിജയിച്ചിരുന്നത്. രണ്ടിടത്തും ഗാന്ധി കുടുംബങ്ങളിലുള്ളവര്‍ക്ക് തോല്‍വിയും സമ്മാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ഉറച്ച പാര്‍ലമെന്‍റ് മണ്ഡലമെന്ന പേര് രണ്ട് മണ്ഡലത്തിനും ഉണ്ടായിരുന്നു. എന്നാല്‍ അതിന് പല അവസരത്തിലും പിഴവ് സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ കോട്ടകളില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് ചുരുക്കം. 

റായ്ബറേലി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് 2019ല്‍ സോണിയാ ഗാന്ധിയായിരുന്നു ജയിച്ചിരുന്നത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയാ ഗാന്ധി ഇത്തവണ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അവര്‍ ഇപ്പോള്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞിരിക്കുന്നു. 2004 മുതല്‍ 2019 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ സോണിയ ഗാന്ധിയായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രതിനിധിയായി റായ്ബറേലിയില്‍ നിന്ന് ജയിക്കുന്നത്. ഇപ്പോള്‍ ഇതാ സോണിയാ ഗാന്ധിയുടെ പുത്രന്‍ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ നിന്ന് ജനവിധി തേടുകയാണ്.

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷമാണ് പ്രധാനമന്ത്രിയായ നെഹ്റുവിന്‍റെ മകളായ ഇന്ദിരാഗാന്ധിയും ഫിറോസും തമ്മില്‍ പ്രണയവിവാഹിതരാകുന്നത്. ദാമ്പത്യത്തിന്‍റെ തുടക്കത്തില്‍ ഇരുവരും അലഹബാദില്‍ തന്നെയാണ് താമസിച്ചത്. പ്രധാനമന്ത്രിയായ പിതാവിനെ സഹായിക്കുവാന്‍ എന്ന പേരില്‍ ഇന്ദിരാ ഗാന്ധി ഡല്‍ഹിയിലേക്ക് താമസം മാറ്റി. ഇന്ദിരാ ഗാന്ധി മക്കളായ രാജീവ് ഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും ഒപ്പം കൂട്ടിയിരുന്നു. ഇതോടെ ഇന്ദിരയും ഫിറോസ് ഗാന്ധിയും തമ്മിലുള്ള ബന്ധത്തില്‍ അകല്‍ച്ച ആരംഭിച്ചു. ഫിറോസിന്‍റെ വഴിവിട്ട ബന്ധങ്ങളും ഇന്ദിരയുമായുള്ള അകല്‍ച്ചയ്ക്ക് കാരണമായിരുന്നു. ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ റായ്ബറേലില്‍ നിന്ന് ഫിറോസ് ഗാന്ധി മത്സരിച്ചത് കോണ്‍ഗ്രസിന്‍റെ ടിക്കറ്റില്‍ ആയിരുന്നു. തന്‍റെ സ്ഥാനാര്‍ത്ഥിത്ത്വത്തെ കുറിച്ച് ഫിറോസ് ഗാന്ധി ഭാര്യ ഇന്ദിരയോടോ ഭാര്യ പിതാവായ നെഹ്റുവിനോടോ സൂചിപ്പിച്ചിരുന്നില്ല. പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫിറോസ് ഡല്‍ഹിയിലെത്തി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കോണ്‍ഗ്രസ് പ്രതിനിധിയായ ഫിറോസ് ഗാന്ധി നെഹ്റുവിന്‍റെ ക്യാബിനറ്റ് മന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് ഏറെ പ്രശസ്തമാണ്.

റായ്ബറേലിയില്‍ 1952ലും 1957ലും കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍റിലെ പ്രതിനിധിയായിരുന്നത് ഫിറോസ് ഗാന്ധിയായിരുന്നു. 1960ല്‍ ഫിറോസിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതിനിധി ആര്‍.പി. സിങ്ങാണ് ജയിച്ചത്. 1962 ല്‍ ബൈജ്നാഥ് കുരീലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു വേണ്ടി റായ്ബറേലിയില്‍ വിജയിച്ചിട്ടുണ്ട്. പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലമായിരുന്നു. 1966 പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രയുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് 1967 ല്‍ ഇന്ദിരാഗാന്ധി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1971 ലും ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് വിജയിച്ചു. ഇന്ദിരാഗാന്ധി വന്‍ഭൂരിപക്ഷത്തിലാണ് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടുകൂടി രാഷ്ട്രീയ കാലാവസ്ഥയില്‍ വലിയ മാറ്റം ഉണ്ടായി. ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പൊതുതിരഞ്ഞെടുപ്പു നടത്താന്‍ ഇന്ദിര നിര്‍ബന്ധിതയായി. 1977 ല്‍ അടിയന്തരാവസ്ഥ നീക്കംചെയ്ത് തിരഞ്ഞെടുപ്പിനെ നേരിട്ട ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും വന്‍ തോല്‍വിയാണ് നേരിടേണ്ടി വന്നത്. ഇന്ദിരാഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ ജനതാപര്‍ട്ടി സ്ഥാനാര്‍ത്ഥിയായ രാജ്നാരായണനോട് പരാജയപ്പെട്ടു. ജനതാപാര്‍ട്ടിയിലെ മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ തോറ്റ ഇന്ദിരാഗാന്ധിയെ വിജയിപ്പിക്കുന്നതിനായി കര്‍ണാടകയിലെ സുരക്ഷിത മണ്ഡലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ഒരുക്കേണ്ടി വന്നു എന്നുള്ളത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ എഴുതപ്പെട്ട ഒരു അധ്യായം തന്നെയാണ്. അന്ന് കര്‍ണാടകം ഒരു കോണ്‍ഗ്രസ് കോട്ടയായിരുന്നു. അടിയന്തരാവസ്ഥക്കെതിരായ രാഷ്ട്രീയ കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്തിയ സംസ്ഥാനം. ഇന്ദിരാഗാന്ധിയെ എങ്ങിനെയും പാര്‍ലമെന്‍റില്‍ എത്തിക്കണമെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച വന്നപ്പോള്‍ മുഖ്യമന്ത്രി ദേവരാജ് അര്‍സ് അവരെ കര്‍ണാടകത്തിലേക്ക് ക്ഷണിച്ചു. ചിക്കമഗളൂരുവില്‍ നിന്നുള്ള ലോക്സഭാംഗം സി.ബി. ചന്ദ്രഗൗഡയെ രാജിവെപ്പിച്ച് ഒരു ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കി. ചിക്കമഗളൂരുവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി ജയിച്ചു.

1980ലും കോണ്‍ഗ്രസിന്‍റെ സ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലിക്ക് പുറമേ ആന്ധ്രപ്രദേശിലെ മേഡക്കില്‍ നിന്നും ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ റായ്ബറേലിയില്‍ നിന്ന് ഇന്ദിര രാജിവെക്കുകയുണ്ടായി. 1980ല്‍ റായ്ബറേലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അരുണ്‍ നെഹ്റു ആയിരുന്നു. സുരക്ഷിത മണ്ഡലം തേടിയായിരുന്നു ഇന്ദിരാഗാന്ധിയുടെ ആന്ധ്രപ്രദേശിലേക്കുള്ള പോക്ക്. ഇപ്പോള്‍ ചെറുമകന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലും റായ്ബറേലിയിലും മത്സരിക്കുന്നത് ഇന്ദിരാ ഗാന്ധിയുടെ 1980ലെ തെരഞ്ഞെടുപ്പിനെ ഓര്‍മിപ്പിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.

1984 ലും അരുണ്‍ നെഹ്റു തന്നെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി റായ്ബറേലി പാര്‍ലമെന്‍റ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചത്. തുടര്‍ന്ന് 1989, 1991 കാലയളവില്‍ ഷീല കൗള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നു. എന്നാല്‍ 1996 98 ലും ഭാരതീയ ജനതാ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ കോട്ടയായ റായ്ബറേലി പിടിച്ചടക്കി. അശോക് സിംഗ് അവിടെനിന്ന് ബിജെപിയുടെ പ്രതിനിധിയായി പാര്‍ലമെന്‍റില്‍ പോവുകയും ചെയ്തു. 1999ലാണ് സതീഷ് ശര്‍മയെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തിരിച്ച് പിടിക്കുന്നത്. പിന്നീട് സോണിയാ ഗാന്ധി തുടര്‍ച്ചയായി ജയിച്ചിടത്താണ് മകന്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ എത്തിയിരിക്കുന്നത്.

റായ്ബറേലി പോലെ കോണ്‍ഗ്രസിന്‍റെ കോട്ടയായി ചിത്രീകരിക്കപ്പെട്ട ഒരു മണ്ഡലം തന്നെയാണ് അമേഠി പാര്‍ലമെന്‍റ് മണ്ഡലം. റായ്ബറേലിയിലെ പോലെ കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഇവിടേയും ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ രണ്ട് തവണത്തെ വിജയമാണ്. 1998ലും 2019ലും ബിജെപി അമേഠിയില്‍ കാവിക്കൊടി പാറിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാണ് ഭാരതീയ ജനതാ പാര്‍ട്ടി 2019ല്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ തോല്‍പ്പിച്ചത്. ജനതാ പാര്‍ട്ടിയാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇന്ദിരാ ഗാന്ധിയുടെ മകനായ സഞ്ജയ് ഗാന്ധിയാണ് അന്ന് അവിടെ തോറ്റത്.

അമേഠിയില്‍ സഞ്ജയ് ഗാന്ധി 1980 വീണ്ടും മത്സരിക്കുകയും അമേഠിയില്‍ വിജയിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി അമേഠിയുടെ പ്രതിനിധിയായി പാര്‍ലമെന്‍റില്‍ എത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം രാജീവ് ഗാന്ധി അമേഠി തന്‍റെ സ്വന്തം പാര്‍ലമെന്‍റ്മണ്ഡലമായി കണക്കാക്കി. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം സതീഷ് ശര്‍മയായിരുന്നു അവിടെ മത്സരിച്ച് ജയിച്ചത്. 91ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും 96 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലും വിജയിച്ച സതീഷ് ശര്‍മയെ 1998ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രതിനിധി സഞ്ജയ് സിംഗ് തോല്‍പ്പിക്കുകയായിരുന്നു. 1999ല്‍ നടന്ന പാര്‍ലമെന്‍റ്തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി അമേഠി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി മൂന്ന് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് ജയിക്കുകയും ചെയ്തു. 2019 നടന്ന തെരഞ്ഞെടുപ്പില്‍ 55,120 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ബിജെപിയുടെ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചു. ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി അവിടെ മത്സരിക്കുന്നത് ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്ഥനായ കിഷോരി ലാല്‍ ശര്‍മ്മയാണ്.

2024ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റു നോക്കുന്ന മണ്ഡലങ്ങളില്‍ റായ്ബറേലിയും, അമേഠിയും ഉണ്ട്. രണ്ടിടത്ത് മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് രണ്ടിടത്തും വിജയിക്കാന്‍ സാധിച്ചാല്‍ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന മണ്ഡലങ്ങളിലെ പ്രചാരണവും കടുത്തതായിരിക്കും. രണ്ടിടത്തെ വിജയവും തോല്‍വിയും രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാകുകയും ചെയ്യും.