വരകളില്‍ വിസ്മയം തീര്‍ത്ത കാര്‍ട്ടൂണിസ്റ്റ് പി രവീന്ദ്രന്‍റെ ജന്‍മശതാബ്ദി
സുധീര്‍നാഥ്
വെളുത്ത വസ്ത്രം ധരിച്ച് മെലിഞ്ഞ് ഉയരം കൂടിയ മനുഷ്യന്‍ ലോക നേതാക്കളുമായും ദേശീയ നേതാക്കളുമായും സൗഹ്യദമുണ്ടായിരുന്നു. ആലപ്പുഴക്കാരനായ പി രവീന്ദ്രന്‍ എന്ന കാര്‍ട്ടൂണിസ്റ്റാണ് അദ്ദേഹം. മിതഭാഷിയായ അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ അങ്ങിനെ ആയിരുന്നില്ല. 1960 മുതല്‍ 90കളില്‍ വരെ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിച്ച് കാര്‍ട്ടൂണ്‍ രംഗത്ത് നിറഞ്ഞു നിന്നിരുന്ന പി. രവീന്ദ്രന്‍റെ ജന്മശതാബ്ദി വര്‍ഷമാണ് 2024. കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗമായിരുന്ന അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി വര്‍ഷത്തില്‍ വിവിധ പരിപാടികള്‍ കാര്‍ട്ടൂണ്‍ അക്കാദമി നടത്തുന്നുണ്ട്.
ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ 1924 ഏപ്രില്‍ 17 ന് ഹരിപ്പാട് പുതിയേക്കല്‍ കെ. പരമു പിള്ളയുടെയും മുല്ലശ്ശേരിയില്‍ ഭാര്‍ഗവിയമ്മയുടെയും മകനായിട്ടായിരുന്നു രവീന്ദ്രന്‍റെ ജനനം. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ കുലപതി കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ബന്ധു കൂടിയാണ് പി രവീന്ദ്രന്‍. മുംബൈയില്‍ ഫ്രീ പ്രസ്സ് ജേര്‍ണലില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന പി രവീന്ദ്രന്‍ ബ്ലിറ്റ്സ്, ഇല്ലസ്ട്രേറ്റഡ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളിലും കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു. ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളായിരുന്നു പ്രധാന പ്രമേയം. മുംബയില്‍ നിന്ന് ഹാസ്യത്തിനും കാര്‍ട്ടൂണിനും പ്രാധാന്യം നല്‍കി പിക്ക് എന്ന ദ്വൈമാസിക സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്നു.
1980കളുടെ അവസാനം ഇന്ത്യന്‍ എക്സ്പ്രസ്സിലും മറ്റ് മലയാള പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണുകളും ലേഖനങ്ങളും പി രവീന്ദ്രന്‍റെ പ്രസിദ്ധീകരിച്ചിരുന്നു. ദി ഇന്ത്യന്‍ എക്സ്പ്രസ് വീക്കെന്‍റില്‍ അണ്‍സീന്‍ കേരള എന്ന അദ്ദേഹത്തിന്‍റെ പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മലയാള മനോരമ ആഴ്ചപ്പതിപ്പില്‍ പ്രതിച്ഛായ എന്ന പേരില്‍ അദ്ദേഹം വരച്ച കാരിക്കേച്ചര്‍ പംക്തിയും ശ്രദ്ധേയമായിരുന്നു.
ഇന്ദിരാഗാന്ധി, ഇ.എംഎസ്, എ.കെ.ജി, ഇ.കെ. നായനാര്‍, ബാല്‍ താക്കറെ, ജോര്‍ജ് ഫെര്‍ണാണ്ടസ്, വി. വി. ഗിരി, വി.കെ. കൃഷ്ണമേനോന്‍ തുടങ്ങിയവരുമായി രവീന്ദ്രന് അടുത്ത സൗഹൃദമുണ്ടായിരുന്നു.
1960ല്‍ അമേരിക്കയിലെ പീപ്പിള്‍സ് ടു പീപ്പിള്‍സ് കമ്മിറ്റി ഇന്‍റര്‍നാഷണല്‍ കാര്‍ട്ടൂണ്‍ ഫോര്‍ പീസ് അവാര്‍ഡിന് പി. രവീന്ദ്രന്‍റെ കാര്‍ട്ടൂണ്‍ തെരഞ്ഞെടുത്തിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്‍റ് ഡ്വൈറ്റ് ഐസനോവര്‍, ജോണ്‍ എഫ് കെന്നഡി, ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മിള്‍ട്ടണ്‍ കാനിഫ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയായിരുന്നു കാര്‍ട്ടൂണ്‍ തിരഞ്ഞെടുത്തത്.
മലയാള സിനിമാ രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.രവീന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്ത് 1979-ല്‍ നിര്‍മ്മിച്ച് പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് മനുഷ്യന്‍. മധു, കുതിരവട്ടം പപ്പു, അടൂര്‍ ഭാസി, തിക്കുറുശ്ശി, കവിയൂര്‍ പൊന്നമ്മ, വിധുബാല എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വി. ദക്ഷിണാമൂര്‍ത്തിയാണ് ചിത്രത്തിന് സംഗീതം നല്‍കിയത്.
എറണാകുളം ജില്ലയിലെ ആലുവയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോള്‍ 2003 ഡിസംബര്‍ 15നായിരുന്നു അദ്ദേഹത്തിന്‍റെ വിയോഗം. ലീലയാണ് ഭാര്യ. ഏകമകന്‍ ജ്ഞാനേശ്വരന്‍.
