മാറുന്ന രാഷ്ട്രീയ കാലാവസ്ഥ

മാറുന്ന രാഷ്ട്രീയ കാലാവസ്ഥ

വിജയ് ചൗക്ക്

സുധീര്‍ നാഥ് 


കാലാവസ്ഥ വ്യതിയാനം പോലെ തന്നെ രാഷ്ട്രീയ രംഗത്തെ കാലാവസ്ഥയും മൂന്നാംഘട്ടം കഴിഞ്ഞതോടുകൂടി മാറിയിരിക്കുകയാണ്. രാജ്യത്താകമാനം അനുഭവപ്പെടുന്ന അന്തരീക്ഷചൂടും, രാഷ്ട്രീയ ചൂടും മാറി കൊണ്ടിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം  മൂലമുണ്ടാകുന്ന അന്തരീക്ഷത്തെ വ്യതിയാനം മനുഷ്യരുടെ മാത്രമല്ല മ്യഗങ്ങളുടേയും ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. കടുത്ത ചൂടും, ചൂടുകാറ്റും സഹിക്കാവുന്നതിലും അപ്പുറമെന്നാണ് റിപ്പോര്‍ട്ട്. സമാനമായി ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തും രാഷ്ട്രീയ കാലാവസ്ഥ വ്യതിയാനം സംഭവിക്കുന്നു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും രാഷ്ട്രീയ സമവാക്യങ്ങളില്‍ വ്യതിയാനം വന്നിരിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. അതിന് തുടക്കം കുറിച്ചുകൊണ്ടാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ കേവലം ഭൂരിപക്ഷത്തിലേക്ക് എത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എത്തിനില്‍ക്കുന്നത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരാണ് സര്‍ക്കാരിനുള്ള പിന്തുണ ഹരിയാനയില്‍ പിന്‍വലിച്ചിരിക്കുന്നത്. അഞ്ച് സ്വതന്ത്ര എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയാണ് ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്ന് രാഷ്ട്രീയ ചരിത്രം പറയുന്നു. സമാനമായ രീതിയില്‍ പല സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. രണ്ട് മാസം മുന്‍പാണ് മുന്‍ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്വന്ത് ചൗട്ടാല നേത്യത്തം നല്‍കുന്ന ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അവര്‍ക്ക് 90 അംഗ നിയമസഭയില്‍ 10 അംഗങ്ങളുണ്ടായിരുന്നു. ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം ഇതില്‍ നാല് അംഗങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ്. 

കൂറുമാറ്റ നിയമം ഉള്ളത് കൊണ്ട് അവര്‍ നിയമസഭാ അംഗത്ത്വം രാജിവെച്ചാല്‍ മാത്രം മതി സര്‍ക്കാരിന് മുന്നോട്ട് പോകാന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരക്കെ പറയപ്പെടുന്ന വാക്കാണ് ആയാ റാം, ഗയാ റാം എന്നത്. അതിന് കാരണമായ സംസ്ഥാനം ഹരിയാനയായിരുന്നു എന്നത് യാദര്‍ശ്ചികം മാത്രം. ഹരിയാനയിലെ ഹസ്സന്‍പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്രനായ നിയമസഭാംഗമായിരുന്നു ഗയാ ലാല്‍. 1967 ല്‍ സ്വതന്ത്രനായി വിജയിച്ച അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്ന് തവണ ഗയാറാം പാര്‍ട്ടി മാറുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് യുണൈറ്റഡ് ഫ്രണ്ടിലേക്ക് രാഷ്ട്രീയമായി അദ്ദേഹം കൂറുമാറി. ഏറെ താമസിയാതെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക്  തന്നെ തിരിച്ചു വന്നു. ഗയാലാലിനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേയ്ക്ക് മടക്കികൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച റാവു ബീരേന്ദ്ര സിംഗ്, ഗയാ ലാലിനെ ചണ്ഡീഗഡില്‍ ഒരു പത്രസമ്മേളനത്തില്‍ കൊണ്ടുവന്ന് 'ഗയാ റാം ഇപ്പോള്‍ അയാ റാം' എന്ന് പ്രഖ്യാപിച്ചു. ഇത് കാര്യമായ പ്രക്ഷുബ്ധതയ്ക്ക് കാരണമായി, ഒടുവില്‍ ഹരിയാന നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. റാവു ബീരേന്ദ്ര സിംഗ്, ഗയാ ലാലിനെ ചണ്ഡീഗഡില്‍ ഒരു പത്രസമ്മേളനത്തില്‍ കൊണ്ടുവന്ന് 'ഗയാ റാം ഇപ്പോള്‍ അയാ റാം' എന്ന് പ്രഖ്യാപിച്ചപ്പോഴാണ് ഈ പദം ഉണ്ടായത്. 

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങളിലെ മൂന്ന് ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ താല്‍പര്യം കാണിക്കുന്നില്ല എന്നുള്ളത് തന്നെയാണ് മനസ്സിലാക്കുന്നത്. രാജ്യത്താകമാനം വോട്ടിംഗ് ശതമാനം കുറഞ്ഞത് ഇതിന്‍റെ ലക്ഷണമാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. വോട്ടിംഗ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് എല്ലാ മുന്നണികളും പറയുന്നുണ്ട്. പക്ഷെ, എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വോട്ടിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ള കാര്യത്തില്‍ സംശയവുമില്ല. വോട്ടിംഗ് ശതമാനം കുറയുന്നതും ജനങ്ങളില്‍ ഉണ്ടായ നിസ്സംഗതയെ സൂചിപ്പിക്കാവുന്നതാണ്. വോട്ടിങ്ങില്‍ വന്ന കറവ് തങ്ങളുടെ മുന്നണിക്ക് അനുകൂലമാണെന്ന് എല്ലാവരും പറഞ്ഞ് സ്വയം ആശ്വസിക്കുന്നുമുണ്ട്.

ജനങ്ങളില്‍ വര്‍ഗീയതയുടെ തീവ്രത തിരിച്ചറിയപ്പെട്ടിരിക്കുന്നു എന്ന് ഒരു വിഭാഗം പറയുന്നു. മതേതരത്വ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ എന്ന സ്വപ്നം മാത്രമായി മാറുമോ എന്നുള്ള ആശങ്ക ജനങ്ങളില്‍ ഉണ്ട് എന്നും അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ എന്ന മതേതര രാഷ്ട്രം നിലനിര്‍ത്താന്‍ പ്രതിപക്ഷ രാഷ്ട്രീയ മുന്നണി ഇന്ത്യയുടെ സ്ഥാനാര്‍ത്ഥികളെ വജയിപ്പിച്ച് പിന്തുണ നല്‍കണമെന്നാണ് ആവശ്യം. രാജ്യത്തെ വികസനത്തിന്‍റെ പാതയിലെത്തിച്ചെന്നും അത് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും മറുവിഭാഗം പറയുന്നു. രാജ്യത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തികളാണ് നടന്നിട്ടുള്ളത് എന്നത് യാഥാര്‍ത്ഥ്യമാണ്. വികസനത്തിനായും, അഴിമതി മുക്ത രാജ്യത്തിനായും ജയിപ്പിക്കണമെന്നാണ് ബിജെപി നേത്യത്ത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണിയുടെ ആവശ്യം.

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടം തീരുമ്പോഴും രാഷ്ട്രീയപരമായ മാറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികം. കഴിഞ്ഞുപോയ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ രാഷ്ട്രീയ തന്ത്രം മാറ്റുന്നതും സ്വാഭാവികം. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാ മുന്നണികളിലും ഒരു മാറ്റം ഉണ്ടായിട്ടുണ്ട് എന്നുള്ളത് സ്പഷ്ടമാണ്. പ്രചരണ ശൈലി തന്നെ ചിലര്‍ മാറ്റുമ്പോള്‍, മുദ്രാവാക്യങ്ങളില്‍ പോലും മാറ്റം വരുത്തുകയാണ് മറ്റുചിലര്‍. വലിയ പ്രതീക്ഷകള്‍ ഓരോ മുന്നണികളും വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയപരമായി എല്ലാ മുന്നണികളും ആശങ്കയില്‍ തന്നെയാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. പതിവിന് വിപരീതമായ രാഷ്ട്രീയ കാറ്റുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണം തുടക്കം കുറിച്ചത് മോദിയുടെ ഗ്യാരഡി എന്ന മുദ്രാവാക്യം സ്വയം വിളിച്ചും, അണികളെ കൊണ്ട് വിളിപ്പിച്ചും ആയിരുന്നു. അത് വലിയ രീതിയില്‍ തന്നെ ബിജെപിക്ക് ഉള്ളില്‍ പോലും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. നരേന്ദ്രമോദി ഗ്യാരണ്ടിക്ക് പുറമേ ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യമായിരുന്നു തീസരാ ബാര്‍, ചാര്‍ സൗ കാ ബാര്‍ എന്നത്. രണ്ട് മുദ്രാവാക്യങ്ങളും ജനങ്ങളോടുള്ള വെല്ലുവിളിയായി തന്നെയാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വം വിലയിരുത്തിയത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് അമിത പ്രാധാന്യം കൊുക്കെുന്നതിലെ അത്യപ്തിയും ആര്‍എസ്എസ് വ്യക്തമാക്കി. മുന്‍പ് ഇന്ത്യാ ഷൈനിങ് എന്ന പേരില്‍ വ്യാപക പ്രചരണം നടത്തുകയും തിരിച്ചടി നേരിട്ടതും ഇത്തവണ ആര്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അമിതമായ ആത്മവിശ്വാസവും, ഏക കേന്ദ്രീക്യതമായ രാഷ്ട്രീയ നീക്കവും അപകടമാണെന്ന വിലയിരുത്തല്‍ ആര്‍എസ്എസ് കേന്ദ്ര നേത്യത്ത്വം ബിജെപി നേത്യത്ത്വത്തെ അറിയിച്ചു എന്നാണ് അറിയുന്നത്. ഈ മുദ്രാവാക്യങ്ങള്‍ വലിയ രീതിയില്‍ തിരിച്ചടിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടാംഘട്ടം കഴിഞ്ഞപ്പോള്‍ രണ്ട് മുദ്രാവാക്യങ്ങള്‍ക്കും നിയന്ത്രണമുണ്ടായത്.

രാജ്യത്തിന്‍റെ പഴയകാല രാഷ്ട്രീയ ചരിത്രം ഒന്ന് നോക്കുന്നത് തിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തില്‍ പ്രസക്തമാണ്. ഇന്ദിരാ ഗാന്ധിയുടെ ഏകാതിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം ജയപ്രകാശ് നാരായണന്‍റെ നേത്യത്ത്വത്തില്‍ കര്‍ഷകരും വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങിയത് ചരിത്രമാണ്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലുള്ളവര്‍ ജെ.പി പ്രക്ഷോഭത്തിന്‍റെ ഭാഗമായി. യുവാക്കളെ നയിച്ച് ജെ.പി ആരംഭിച്ച പ്രക്ഷോഭത്തില്‍ തൊഴിലാളികളും, ജനങ്ങളും പങ്കാളികളായി. 352 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്‍റെ ഏകാതിപത്യ തേര്‍വാഴ്ച്ചയ്ക്കെതിരെ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം കത്തി കയറിയ സമരത്തെ നേരിടാന്‍ ഇന്ദിരാ ഗാന്ധി കൊണ്ടു വന്ന അടിയന്തിരാവസ്ഥയ്ക്ക് പോലും രക്ഷിക്കാന്‍ സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കിയത് ചരിത്രമാണ്. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്. 

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്ടോബര്‍ മാസം മഹേന്ദ്ര സിംഗ് ടിക്കായത്തിന്‍റെ (കര്‍ഷക സമരം നയിച്ച രാജേഷ് ടിക്കായത്തിന്‍റെ പിതാവ്) നേത്യത്ത്വത്തില്‍ കര്‍ഷകര്‍ ട്രാക്ടറും, കാളവണ്ടിയും, സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തി. അന്ന് മ്യഗീയ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി പ്രധാനമന്ത്രി കസേരയിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ സിരാ കേന്ദ്രമായ ബോട്ട് ക്ലബില്‍ എത്തി. കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. 

ഭൂപ്രഭുക്കന്‍മാരായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷെ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റുകയായിരുന്നു. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. ടി.ഡി.പി 30 സീറ്റുമായി രണ്ടാംസ്ഥാനത്തായിരുന്നു. സിപിഎം 23 സീറ്റുകളില്‍ അന്ന് പാര്‍ലമെന്‍റിലെ ലോക്സഭയില്‍ ഉണ്ടായിരുന്നു. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും രാഷ്ട്രീയ തിരിച്ചടിയേറ്റു. 1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് നേട്ടം 195 ആയി കുറഞ്ഞു.

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു വലിയ സമരം ആയിരുന്നു കര്‍ഷക സമരം. അതിന്‍റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നുള്ളത് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചു കഴിഞ്ഞാല്‍ വലിയ തിരിച്ചടികള്‍ എല്ലാ വമ്പന്മാര്‍ക്കും ഉണ്ടായിട്ടുണ്ട് എന്ന് കാണുവാന്‍ സാധിക്കും. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും പരാജയപ്പെട്ട രാഷ്ട്രീയ ചരിത്രം നമുക്ക് മുന്നിലുണ്ട് എന്നുള്ളത് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്...