പാര്‍ലമെന്‍റ് സ്ട്രീറ്റ്

പാര്‍ലമെന്‍റ് സ്ട്രീറ്റ് 


സുധീര്‍ നാഥ്

2024 ഏപ്രില്‍ 30

സുല്‍ത്താന്‍പൂര്‍ കി ലീല 

രാജ്യത്തെ നാടകരംഗം വീണ്ടും ഉണരുന്നതായി തന്നെ വേണം മനസ്സിലാക്കുവാന്‍. എന്തായാലും രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നാടക രംഗം സജ്ജീവമാണ്. എല്ലാ ആഴ്ച്ചയിലും ഇവിടെ നാടകാവതരണം നടക്കുന്നു. നാടകം കാണുവാന്‍ ജനങ്ങളും എത്തുന്നുണ്ട്. മലയാള നാടകത്തില്‍ മാത്രമല്ല രാജ്യത്തെ പല ഭാഷകളിലുള്ള നാടകങ്ങള്‍ ഇപ്പോള്‍ ജനപ്രീയമായി കൊണ്ടിരിക്കുകയാണ്. നാഷ്ണല്‍ സ്ക്കൂള്‍ ഓഫ് ഡ്രാമയുടെ ഇടപെടലുകള്‍ എടുത്ത് പറയണം. ഡല്‍ഹിയില്‍ ഇപ്പോള്‍ നൂറ് കണക്കിന് ചെറുതും വലുതുമായ നാടക സംഘങ്ങളുണ്ട്. കോളേജുകളിലും സ്ക്കൂളുകളിലും നാടക സംഘങ്ങളുണ്ട്. മലയാളികളുടെ നേത്യത്ത്വത്തിലുള്ള വ്യക്ഷ് ദി തീയറ്ററും മറ്റും മികച്ച പ്രവര്‍ത്തനങ്ങളാണ് നാടക രംഗത്ത് നടത്തുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വിവിധ ഭാഷകളിലുള്ള നാടകങ്ങള്‍ മിക്കവാറും അരങ്ങിലെത്തുന്നത് വലിയ ജനപങ്കാളിത്തത്തോടുകൂടിയാണ്. വ്യക്ഷിന്‍റെ നേത്യത്ത്വത്തിലുള്ള മലയാളികളായ നാടക പ്രവര്‍ത്തകര്‍ കഴിഞ്ഞ മാസം അവസാനം അവതരിപ്പിച്ച ഒരു ഹിന്ദി നാടകം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. സുല്‍ത്താന്‍പൂര്‍ കി ലീല എന്ന ലഘു നാടകമാണ് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്. നാടകത്തിന്‍റെ രചനയും സംവിധാനവും അഭിനയിക്കുന്നതുമെല്ലാം മലയാളികളാണ് എന്നുള്ളത് ഏറെ അഭിമാനം ഉണ്ടാക്കുന്ന ഒന്നാണ്. ജോത്സ്ന ജയറാം എന്ന മലയാളിയാണ് ഈ നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ജോത്സ്ന ജയറാം ആദ്യമായാണ് സംവിധാനം ചെയ്യുന്നത് എന്ന വിശേഷണവും ഉണ്ട്. നാടക രചന നിര്‍വഹിച്ചത് പ്രവീണ്‍ പീതാംബരനാണ്. കലാകാരന്മാരുടെ ജീവിതമാണ് നാടകത്തിന് ആധാരമായി എടുത്തിരിക്കുന്നത്. വര്‍ത്തമാനകാലത്ത് കലാകാരന്മാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളുടെ ദുരന്തങ്ങളുടെയും നേര്‍ക്കാഴ്ചയാണ് സുല്‍ത്താന്‍പൂര്‍ കി ലീല എന്ന നാടകത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചൂഷണം ചെയ്യപ്പെടുന്ന കലാകാരന്‍മാരുടെ നേര്‍കാഴ്ച്ച ഹാസ്യാത്മകമായി അരങ്ങില്‍ അവതരിപ്പിച്ചത് വേറിട്ട അനുഭവമായി. ഹിന്ദി നാടകമെന്ന ഭാഷാ അതിര്‍വരമ്പില്ലാതെ എല്ലാതരം കാഴ്ച്ചക്കാര്‍ക്കും ആസ്വാദ്യമായിരുന്നു നാടകം. എല്ലാ ഭാഷക്കാരടേയും മുന്നിലാണ് നാടകം അവതരിപ്പിക്കപ്പെട്ടത് എന്നുള്ളത് അരങ്ങിലെത്തിയത് എന്നതും, അത് എല്ലാവരാലും സ്വീകരിക്കപ്പെട്ടു എന്നതും എല്ലാ നാടക പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാം. ലളിതവും ചടുലമായ സംഭാഷണങ്ങള്‍ കൊണ്ട് മാത്രം മികച്ച അഭിനയത്തിലൂടെ സുല്‍ത്താന്‍പൂര്‍ കി ലീല എന്ന നാടകത്തെ വേറിട്ട് നിര്‍ത്തുന്നു എന്ന് പറയാതിരിക്കുവാന്‍ സാധിക്കില്ല.

വി. കെ മാധവന്‍കുട്ടി സ്മാരക ലൈബ്രറി

വി. കെ മാധവന്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി ഡല്‍ഹിയില്‍ ഒരു വലിയ പുസ്തക ശേഖരം ഉണ്ട്. ഡല്‍ഹി മലയാളി അസോസിയേഷന്‍റെ സാംസ്കാരിക സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന വി. കെ. മാധവന്‍കുട്ടി സ്മാരക മലയാള ലൈബ്രറി രാജ്യ തലസ്ഥാനത്തെ പ്രവാസികളായ മലയാളികളുടെ ഒരു വായനാ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ പഴയ മലയാള പ്രസിദ്ധീകരണങ്ങള്‍ ഇവിടെ റഫറന്‍സിനായി വായിക്കാവുന്നതാണ.് 15 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ ലൈബ്രറിയില്‍ ഇപ്പോഴും മലയാളം വായിക്കുവാന്‍ ആളുകള്‍ എത്തിച്ചേരുന്നു എന്നുള്ളത് മലയാള ഭാഷയ്ക്ക് പ്രവാസികള്‍ക്കിടയില്‍ ഉള്ള താല്‍പര്യമാണ് കാണിക്കുന്നത്. മലയാള നോവലുകളും കഥകളും കവിതകളും ജീവചരിത്രവും ലേഖനവും യാത്രാ സാഹിത്യവും എന്ന് വേണ്ട വ്യത്യസ്ഥ മേഖലകളിലുള്ള അപൂര്‍വ്വ പുസ്തക ശേഖരമാണ് ഇവിടുള്ളത്. മലയാള ഭാഷയെ വളര്‍ത്തുന്നതിന് പ്രവാസ ലോകത്ത് ഈ സാംസ്കാരിക കേന്ദ്രം വലിയ പങ്കുവഹിക്കുന്നു എന്നുള്ളത് മലയാളഭാഷയെ സ്നേഹിക്കുന്നവര്‍ക്ക് അഭിമാനകരമാണ്. ഒപ്പം മലയാള ഭാഷയെ സ്നേഹിച്ച വി. കെ മാധവന്‍കുട്ടിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നു എന്നതും ചെറിയ കാര്യമല്ല. വി. കെ മാധവന്‍കുട്ടിയുടെ സ്വകാര്യ പുസ്തക ശേഷരം മാത്രമല്ല ഇവിടുള്ളത്. ഡല്‍ഹിയിലെ ഒട്ടേറെ ഭാഷാ സ്നേഹികളുടെ സംഭാവനയായി ലഭിച്ച മലയാളം പുസ്തകങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

ആംആദ്മിയുടെ ഡല്‍ഹി മേയറോ...?

ഡല്‍ഹി മുനിസിപ്പാലിറ്റിയുടെ ഭരണം ആംആദ്മി പാര്‍ട്ടിക്കാണ്. അവിടെ സംവരണ വിഭാഗത്തിലുള്ളവര്‍ക്ക് ഇത്തവണ മേയറാകാം. അതിനായി തിരഞ്ഞെടുപ്പ് നടക്കണം. ഡല്‍ഹിയില്‍ പുതിയ ദളിത് മേയറെ തിരഞ്ഞെടുക്കണം. അതിന് തിരഞ്ഞെടുപ്പ് നടക്കണം. തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ വരണാധികാരി വേണം. വരണാധികാരിയെ തിരഞ്ഞെടുക്കാന്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ വേണം. മുഖ്യമന്ത്രിയുടെ ശുപാര്‍ശ വേണമെങ്കില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ശുപാര്‍ശ വേണം. മുഖ്യമന്ത്രിയെ കൊടും കുറ്റവാളിയെ പോലെ തടങ്കലിലാക്കിയിരിക്കയാണ്. ഒരു ഫയലുകളും കൊടുക്കില്ല. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്ലാതെ വരണാധികാരിയെ നിയമിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ഒരു കടുംപിടുത്തം പിടിച്ചു. അതോടെ ഡല്‍ഹി മേയര്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്നു. ബിജെപിക്ക് അല്ല ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മേല്‍ക്ക എന്നുള്ളതാണ് തടസ്സങ്ങള്‍ക്കെല്ലാം കാരണം. 250 വാര്‍ഡുകള്‍ ഉള്ള ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 134 എണ്ണത്തില്‍ വിജയിച്ച ആംആദ്മിയാണ് ഭൂരിപക്ഷം നേടിയത്. 9 കൗണ്‍സിലര്‍മാരുള്ള കോണ്‍ഗ്രസ് പിന്തുണ നല്‍കിയിരിക്കുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ മൃഗീയ ഭൂരിപക്ഷത്തിന് ആംആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി മഹേഷ് മേയറായും, രവീന്ദ്രന്‍ ഭരദ്വാജ് ഡെപ്യൂട്ടി മേറായും തിരഞ്ഞെടുക്കപ്പെട്ടും. ഇത്തവണ സംവരണ വിഭാഗക്കാര്‍ക്കാണ് മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ക്ക് അവസരം. ഹിന്ദു മേല്‍ജാതിക്കാരെ പ്രീണിപ്പിക്കുന്ന ബിജെപിക്ക് ഇത് സഹിക്കുവാന്‍ ബുദ്ധിമുട്ടാണ്. മേയര്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് ലെഫ്റ്റ് ഗവര്‍ണര്‍ വി.കെ സക്സേനയാണെന്ന് നിലവിലെ മേയര്‍ ഷെല്ലി ഒബ്രായി ആരോപിച്ചു. ആംആദ്മി പ്രതിനിധിയായ ഷെല്ലി ഒബ്രായി മേയറായി തുടരുകയാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി മറയാക്കി ഗവര്‍ണര്‍ ഭരണഘടനയെ കശാപ്പുചെയ്തെന്നും മേയര്‍ കുറ്റപ്പെടുത്തി. ചണ്ഡീഗഡിലെ മേയര്‍ തിരഞ്ഞെടുപ്പ് ജനങ്ങളുടെ മനസിലേയ്ക്ക് ഓടി എത്തുന്നത് ആകസ്മികം മാത്രം.

ജയ് ശ്രീറാം എന്നെഴുതി പരീക്ഷ പാസാകാം

ജയ് ശ്രീറാം എന്ന് നിങ്ങള്‍ക്ക് എഴുതുവാന്‍ അറിയാമെങ്കില്‍ ഉത്തര്‍ പ്രദേശില്‍ പരീക്ഷയില്‍ പാസാകാം. ഇത് തെളിയിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ആണ്. വടക്കേ ഇന്ത്യയില്‍ വ്യാപകമായി സമാനമായ റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. കുറച്ച് ഏറെക്കാലമായി ഉത്തര്‍പ്രദേശ് പരീക്ഷ വിവാദങ്ങളുടെ കേന്ദ്രമാണ്. സര്‍വ്വകലാശാല പരീക്ഷ ആണെങ്കിലും നിയമന പരീക്ഷയാണെങ്കിലും തട്ടിപ്പ് നടക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വ്യാപകം. ജയ് ശ്രീറാം എന്ന് എഴുതാന്‍ സാധിക്കുമെങ്കില്‍ അയാള്‍ക്ക് ജോലി കിട്ടും എന്നുള്ള നില ഉത്തര്‍പ്രദേശില്‍ വ്യാപകമാണ്. സര്‍ക്കാര്‍ നിയമനങ്ങളില്‍ ഹിന്ദുക്കളെ കൂടുതലായി ഉള്‍പ്പെടുത്തുന്ന ഒരു രീതി വ്യാപകമായി ഉണ്ട് എന്നുള്ള പരാതി ഉയരുന്നുണ്ട്. ജയ് ശ്രീറാം എന്നത് താന്‍ ഒരു ഹിന്ദുവും, ബിജെപി അനുഭാവിയാണ് എന്നതിന്‍റെ ചുരുക്കെഴുത്തായി പരിഗണിക്കപ്പെടുന്നു എന്ന് കരുതണം.  കഴിഞ്ഞ മാര്‍ച്ചില്‍ പ്ലസ് ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സപ്പ് വഴി പ്രചരിപ്പിച്ചതും ഉത്തര്‍പ്രദേശില്‍ വലിയ വാര്‍ത്തയായതാണ്. ഉത്തര്‍പ്രദേശ് പോലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്‍റ് പരീക്ഷയുടെ ചോദ്യങ്ങള്‍ ആയിരുന്നു മറ്റൊരു ചോര്‍ച്ച. ഇപ്പോള്‍ വിവാദമായിരിക്കുന്നത് വീര്‍ബഹദൂര്‍ സിംഗ് പൂര്‍വാഞ്ചല്‍ സര്‍വകലാശാലയിലെ ഫാര്‍മസി കോഴ്സ് പരീക്ഷയാണ്. പരീക്ഷയില്‍ ഉത്തരം എഴുതിയ വിദ്യാര്‍ത്ഥി ഉത്തര കടലാസില്‍ ജയ് ശ്രീറാമും ക്രിക്കറ്റ് കളിക്കാരുടെ പേരും എഴുതിയിരിക്കുന്നു എന്നുള്ളതാണ് കൗതുകകരം. ഈ വിദ്യാര്‍ത്ഥികളെ 50 ശതമാനം മാര്‍ക്ക് നല്‍കി വിജയിപ്പിച്ച രണ്ട് പ്രൊസര്‍മാരെ കണ്ടെത്തുകയും അവരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുകയും ആണ്. ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥി നേതാവായ ദിവ്യാന്‍ഷൂ സിംഗ് വിവരാകാശ നിയമപ്രകാരം നേടിയ മറുപടിയിലാണ് ഇത്തരം ഒരു സംഭവമുണ്ടായതായി പുറംലോകം അറിയുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ദിവ്യാന്‍ഷൂ പരാതി നല്‍കിയിട്ടുണ്ട്. രണ്ടു പ്രൊഫസര്‍മാരെ സസ്പെന്‍ഡ് ചെയ്ത നടപടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ വന്ദന സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മതപരമായ മുദ്രാവാക്യം ഇത്തരക്കടലാസില്‍ കണ്ടില്ല, വായിക്കാന്‍ പറ്റാത്ത രീതിയിലുള്ള എഴുത്തായിരുന്നു എന്നുമാണ് അവര്‍ പ്രതികരിച്ചിരിക്കുന്നത്. വൈസ് ചാന്‍സിലര്‍ സ്വന്തം ഭാവി കൂടി നോക്കണമല്ലോ...!

മരങ്ങള്‍ക്കുമുണ്ട് ആംബുലന്‍സ്


മൃഗങ്ങള്‍ക്ക് ആംബുലന്‍സ് ഉണ്ട് എന്ന് നമുക്കൊക്കെ അറിയാം. എന്നാല്‍ മരങ്ങള്‍ക്കും ആംബുലന്‍സ് ഉണ്ട് എന്നുള്ളത് പുതിയ അറിവാണോ...? 2010 മുതല്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മരങ്ങള്‍ക്കായി ഒരു ആംബുലന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ ഈ ആംബുലന്‍സ് സേവനം അത്ര പ്രചാരം ലഭിക്കാതെ ഇരിക്കുകയായിരുന്നു. ഇപ്പോള്‍ അതാ വീണ്ടും പുതിയ ആംബുലന്‍സുകള്‍ നിരത്തിലെത്തിയിരിക്കുന്നു. ഡല്‍ഹിയില്‍ മാത്രമല്ല, പല നഗരങ്ങളാലേയ്ക്കും മരങ്ങളുടെ ആംബുലന്‍സ് സേവനം ഇപ്പോള്‍ വ്യാപകമാക്കിയിരിക്കുകയാണ്. മൃഗങ്ങള്‍ക്കെന്നപോലെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ മരങ്ങളെ സംരക്ഷിക്കുന്നതിനായി നിരത്തിലിറക്കിയിരിക്കുന്ന ഈ ആംബുലന്‍സുകള്‍ കൗതുകത്തോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. നഗരത്തിലെ മരങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ട്രീ ആംബുലന്‍സുകള്‍ ഇപ്പോള്‍ വ്യാപകമായി വിവിധ സര്‍ക്കാരുകള്‍ നിരത്തിലിറങ്ങിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം നമ്മുടെ അന്തരീക്ഷത്തിന്‍റെ ചൂട് കൂട്ടുകയും ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അത് മരങ്ങളുടെ ആവശ്യകത വിളിച്ചോതുന്നുണ്ട്. ട്രീ ആംബുലന്‍സുകള്‍ വഴി നമ്മുടെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും മരങ്ങളെ സംരക്ഷിക്കുക എന്നുള്ളതാണ് സര്‍ക്കാരുകള്‍ ലക്ഷ്യമിടുന്നത്. കേടുവന്ന മരങ്ങളുടെ ശസ്ത്രക്രിയയിലേക്കുള്ള സംവിധാനങ്ങളും ട്രീ ആംബുലന്‍സില്‍ ഉണ്ട്. മനുഷ്യനും മൃഗങ്ങള്‍ക്കും ഓപ്പറേഷന്‍ ചെയ്യുന്നതുപോലെ വൃക്ഷങ്ങള്‍ക്കും ഓപ്പറേഷന്‍ ചെയ്യുന്ന സംവിധാനം ഉണ്ട് എന്ന് തിരിച്ചറിയണം. വ്യക്ഷങ്ങളില്‍ ഉണ്ടാകുന്ന പലവിധത്തിലുള്ള തളര്‍ച്ചകളെ മാറ്റാന്‍ ഓപ്പറേഷനുകള്‍ വഴി സാധിക്കുന്നു. മരങ്ങളില്‍ പല കാരണങ്ങളാല്‍ ഉണ്ടാകുന്ന പോടുകള്‍ അടയ്ക്കാനും മറ്റും ശസ്ത്രക്രിയ അനിവാര്യമാണ്. മരങ്ങളില്‍ ചിതലുകളുടേയും, കീടങ്ങളുടേയും, ഇത്തിക്കണ്ണികളുടേയും ആക്രമണം ഇല്ലായ്മ ചെയ്യേണ്ടത് മരങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കും. പരിസ്ഥിതി പ്രവര്‍ത്തകര്‍ സന്തോഷത്തോടെയാണ് ട്രീ ആംബുലന്‍സിന്‍റെ വ്യാപകമായ ഇടപെടലുകളെ സ്വാഗതം ചെയ്യുന്നത്. 

സുനിതാ കേജരിവാളിന്‍റെ പടപ്പുറപ്പാട്...


മദ്യനയ കേസില്‍ അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കേജരിവാളിന്‍റെ അഭാവത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യ സുനിതാ കേജരിവാള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. സുനിതാ കേജരിവാളിന്‍റെ റോഡ്ഷോയിലൂടെ ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണമാണ് ഇന്ത്യാ സഖ്യം ഡല്‍ഹിയില്‍ തുടക്കം ഇട്ടിരിക്കുകയാണ്. അരവിന്ദ് കേജരിവാളിനേയും മറ്റ് നിരപരാധികളേയും തെളിവില്ലാതെ രാഷ്ട്രീയ വൈര്യം തീര്‍ക്കാന്‍ ജയിലിലിട്ടതിന് പകരം വോട്ടിലൂടെ നല്‍കാനാണ് ഡല്‍ഹിയിലെ ജനങ്ങള്‍ ഒരുങ്ങുന്നതെന്ന് ആംആദ്മി നേതാക്കള്‍ പറഞ്ഞു. മെയ് 25നാണ് ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ്. അരവിന്ദ് കെജ്രിവാളിന്‍റെ ഭാര്യ ഡല്‍ഹിയില്‍ ആരംഭിച്ച റോഡ് ഷോകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ പണിതതിനും സൗജന്യ വൈദ്യുതി നല്‍കിയതിനും മോഹല്ലാ ക്ലിനിക്കുകള്‍ തുറന്നതിനുമാണ് അരവിന്ദ് കേജരിവാളിനെ ജയിലിലടച്ചിരിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്. ഏകാധിപത്യം ഇല്ലാതാക്കാനും ജനാധിപത്യം സംരക്ഷിക്കുവാനും ആം ആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും വിജയിപ്പിക്കുവാനായി അവര്‍ നടത്തിയ ആഹ്വാനം ജനങ്ങള്‍ ഏറ്റെടുക്കുന്നതായി മനസിലാക്കാം. ബിജെപി ഡല്‍ഹിയിലെ ഏഴ് സീറ്റിലും കഴിഞ്ഞ തവണ വിജയിച്ചതാണ്. എന്നാല്‍ ഇക്കുറി വിജയം ആവര്‍ത്തിക്കാനുള്ള സാഹചര്യമല്ല നിലവിലുള്ളത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡല്‍ഹി മുഖ്യമന്ത്രി,  ഉപമുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരെ തെളിവുകളില്ലാതെ ജയില്‍ അടച്ചത് ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്ന് തന്നെ വിലയിരുത്തുന്നു. 2019 തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും രണ്ടായിട്ടാണ് മത്സരിച്ചതെങ്കില്‍ ഇത്തവണ രണ്ടുപേരും ഒരുമിച്ചാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ബിജെപിക്ക് ശക്തമായ ഒരു എതിരാളികളാണ് ഇന്ത്യാസഖ്യം എന്ന കാര്യത്തില്‍ സംശയമില്ല.